കുട്ടനാട് പാക്കേജ്: കോണ്‍ഗ്രസ് വിലാസം മുഖപ്രസംഗ 'പദ്ധതി'
'സര്‍ക്കാര്‍ വിലാസം കുട്ടനാടന്‍ പദ്ധതി' എന്ന തലക്കെട്ടില്‍ കുട്ടനാടന്‍ കര്‍ഷകര്‍ക്കുവേണ്ടി എന്ന വ്യാജേന മലയാള മനോരമ വ്യാഴാഴ്ച എഴുതിയ മുഖപ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുത്താണ് കുട്ടനാട് പാക്കേജിനു രൂപം നല്‍കിയതെന്ന പ്രഖ്യാപനം വിടുവായത്തം. കേന്ദ്രഭരണത്തിനു നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിനെയും അതുവഴി കേരളത്തിലെ യുഡിഎഫിനെയും സംരക്ഷിക്കുന്നതിനാണ് ഈ മുഖപ്രസംഗമെന്ന് വ്യക്തം.
2006 ആഗസ്തില്‍ മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷക ആത്മഹത്യാപ്രവണതയുള്ള 31 ജില്ലകള്‍ക്കായി സംയോജിത കാര്‍ഷിക വികസനപാക്കേജ് കേന്ദ്രം പ്രഖ്യാപിച്ചു. ഇതില്‍ കുട്ടനാട് ഉള്‍ക്കൊള്ളുന്ന ആലപ്പുഴ ജില്ലയും ഇടുക്കി ജില്ലയും ഉള്‍പ്പെട്ടില്ല. ഇതിനെതിരെ സംസ്ഥാന സര്‍ക്കാരിന്റെ സമയോചിതമായ ഇടപെടലും അന്നത്തെ കേരളത്തില്‍നിന്നുള്ള ഇടതുപക്ഷ എംപിമാരുടെ സമ്മര്‍ദവും കാരണമാണ് കേന്ദ്രം കുട്ടനാട് പാക്കേജ് തയ്യാറാക്കാന്‍ ഡോ. എം എസ് സ്വാമിനാഥനെ നിയോഗിച്ചത്. ഇതു മറച്ചുവച്ച് ഒരു സുപ്രഭാതത്തില്‍ കേന്ദ്രം പാക്കേജ് പ്രഖ്യാപിക്കുകയായിരുന്നു എന്നുതോന്നും മനോരമ വായിച്ചാല്‍. വസ്തുത മനസ്സിലാക്കാതെയും കോണ്‍ഗ്രസിനെ രക്ഷിക്കാനുമായി പടച്ചുവിട്ട മുഖപ്രസംഗം ഞാണിന്മേല്‍ കളിയായി.
ഡോ. സ്വാമിനാഥന്‍ പാക്കേജിന്റെ അന്തഃസത്ത ചോര്‍ന്നു; ഉത്തരവാദി സംസ്ഥാന സര്‍ക്കാര്‍ എന്നതാണ് മനോരമ ഉന്നയിക്കുന്ന പ്രധാന ആരോപണം. വസ്തുതകളുമായി പുലബന്ധമില്ലാത്ത കാര്യമാണിത്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ വ്യാപിച്ചുകിടക്കുന്ന അഖിലകുട്ടനാട് കാര്‍ഷികമേഖലയുടെ സമഗ്രവികസനത്തിനു വേണ്ടിയാണ് 1,840 കോടിരൂപയുടെ പാക്കേജ് ഡോ. സ്വാമിനാഥന്‍ സമര്‍പ്പിച്ചത്. പാക്കേജിന് ആദ്യ യുപിഎ സര്‍ക്കാര്‍ അംഗീകാരം നല്‍കിയത് മൊത്തം അടങ്കലിലെ 85 ശതമാനം തുകയും കണ്ടെത്തേണ്ടത് സംസ്ഥാനസര്‍ക്കാര്‍ എന്നനിലയിലായിരുന്നു. ഇതിനെതിരെ സംസ്ഥാനം സമ്മര്‍ദം ചെലുത്തിയപ്പോള്‍ പുനരാലോചനയ്ക്കു കേന്ദ്രം തയ്യാറായി. ഒടുവില്‍ 2653 കോടിരൂപയുടെ പാക്കേജാണ് കേന്ദ്രം അംഗീകരിച്ചത്. ഇതില്‍ 643 കോടി രൂപമാത്രമാണു അനുവദിച്ചത്. നേരത്തെ കേന്ദ്രം പദ്ധതി അംഗീകരിച്ചു പണം വകയിരുത്തുന്നതിനു കാത്തുനില്‍ക്കാതെ സംസ്ഥാനം സ്വന്തംനിലയില്‍ തുക അനുവദിച്ചു. 50 ലക്ഷംരൂപയ്ക്കു താഴെവരുന്ന 20 പദ്ധതികള്‍ക്കു എട്ടുകോടിയുടെ ഭരണാനുമതി സംസ്ഥാനം നല്‍കി.
ജലസേചന പദ്ധതികള്‍ക്കു സംസ്ഥാനം 2111 കോടിയുടെ പദ്ധതി തയ്യാറാക്കിയപ്പോള്‍ സ്വാമിനാഥന്‍ 836 കോടിരൂപയാണ് വകയിരുത്തിയതെന്നാണ് മനോരമയുടെ മറ്റൊരു ആരോപണം. 836 കോടിയുടെ ജലസേചന അടങ്കല്‍ 2111 കോടിരൂപയാക്കി കുത്തനെ ഉയര്‍ത്താന്‍ കടുത്ത സമ്മര്‍ദം ചെലുത്തിയ സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിക്കാനായിരുന്നു മനോരമ മുതിരേണ്ടിയിരുന്നത്. പദ്ധതി നടത്തിപ്പു സുതാര്യമല്ലെന്ന് കുട്ടനാട്ടിലെ കര്‍ഷകര്‍ ആരോപിക്കുന്നുവെന്നും മനോരമ തട്ടിവിടുന്നു. ഇക്കാര്യം തെളിയിക്കുന്ന റിപ്പോര്‍ട്ടുകള്‍ തങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടില്ല എന്നതും മനോരമ മറന്നു.
(എം സുരേന്ദ്രന്‍)
ദേശാഭിമാനി 10092010
'സര്‍ക്കാര്‍ വിലാസം കുട്ടനാടന്‍ പദ്ധതി' എന്ന തലക്കെട്ടില്‍ കുട്ടനാടന്‍ കര്‍ഷകര്‍ക്കുവേണ്ടി എന്ന വ്യാജേന മലയാള മനോരമ വ്യാഴാഴ്ച എഴുതിയ മുഖപ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുത്താണ് കുട്ടനാട് പാക്കേജിനു രൂപം നല്‍കിയതെന്ന പ്രഖ്യാപനം വിടുവായത്തം. കേന്ദ്രഭരണത്തിനു നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിനെയും അതുവഴി കേരളത്തിലെ യുഡിഎഫിനെയും സംരക്ഷിക്കുന്നതിനാണ് ഈ മുഖപ്രസംഗമെന്ന് വ്യക്തം.
ReplyDelete