Friday, September 10, 2010

പ്രയത്നങ്ങള്‍ പടവുകളാക്കി ...

ചേളന്നൂര്‍: ആള്‍ക്കൂട്ടം കണ്ടാല്‍ ഒന്നും പറയാനാവാതെ പകച്ചുനിന്ന ഒരു സാധാരണ വീട്ടമ്മ. പതിനഞ്ച് വര്‍ഷം മുമ്പുവരെ അതായിരുന്നു ജമീല. അപ്രതീക്ഷിതമായി സ്ഥാനാര്‍ഥിയായപ്പോള്‍ അവര്‍ ആദ്യമൊന്നു പകച്ചു. പ്രസംഗവേദികളില്‍ പലപ്പോഴും വാക്കുകള്‍ ഇടറി. തെരഞ്ഞെടുപ്പിന്റെ ചൂടില്‍ നാടും നഗരവും മുഴുകുമ്പോള്‍ സ്ഥാനാര്‍ഥിയായ ജമീല ഏറെ വലഞ്ഞു. പിന്നെ അവര്‍ക്കതൊരു വെല്ലുവിളിയായി.

ഇത് പഴങ്കഥ. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി മൂന്നുതവണ അവര്‍ വിജയക്കൊടി പാറിച്ചു. ഇച്ഛാശക്തിയും കഠിനാധ്വാനവും കൈമുതലാക്കിയ മികച്ച ഭരണസാരഥിയെന്നു ജമീല പേരെടുത്തു. ലാളിത്യം മുഖമുദ്രമാക്കിയ ഈ ജനപ്രതിനിധിയെ അറിയാത്ത കോഴിക്കോട്ടുകാര്‍ ചുരുക്കം.

വീട്ടമ്മയില്‍നിന്ന് ചേളന്നൂര്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ജമീലയിലേക്കുള്ള ദൂരം 15 വര്‍ഷമാണ്. ആദ്യം തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, പിന്നെ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, ഇപ്പോള്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്... കഠിനാധ്വാനത്തിലൂടെ പരന്ന വായനയും പ്രസംഗപാടവും കൈമുതലാക്കി ഈ ജനപ്രതിനിധി നേട്ടത്തിന്റെ പടവുകള്‍ കയറുകയാണ്.

1995ലാണ് ജമീല ആദ്യമായി മത്സരരംഗത്തിറങ്ങിയത്. തലക്കുളത്തൂര്‍ പഞ്ചായത്തില്‍ കന്നിയങ്കത്തിന് സിപിഐ എം സമീപിച്ചപ്പോള്‍ അവര്‍ ആദ്യമൊന്നു പതറി. പാര്‍ടി അനുഭാവികളായ ഭര്‍ത്താവിന്റെയും കുടുംബാംഗങ്ങളുടെയും പ്രോത്സാഹനവും കൂടിയായപ്പോള്‍ ജനമധ്യത്തിലേക്കിറങ്ങി. പ്രസംഗിച്ചു പരിചയമില്ലാത്ത അവര്‍ അതിനുവേണ്ടിയും കഠിനാധ്വാനം ചെയ്തു. വീടിനുള്ളില്‍ മൈക്കും പിടിച്ചായിരുന്നു പരിശീലനം. അത് ടേപ്പ് ചെയത് വീണ്ടും കേള്‍ക്കും. അപാകതകള്‍ പരിഹരിച്ച് വീണ്ടും പരിശീലിക്കും. ഭര്‍ത്താവ് അബ്ദുള്‍ റഹ്മാനും ഏറെ പ്രോത്സാഹിപ്പിച്ചു. രാഷ്ട്രീയപ്രശ്നങ്ങളൊന്നും ആദ്യം കൂടുതല്‍ അറിയില്ലായിരുന്നു. പിന്നെ ജമീല നല്ലൊരു വായനക്കാരിയായി. ഇന്നവര്‍ ഏതു വിഷയത്തെക്കുറിച്ചും ആധികാരികമായി സംസാരിക്കും.

തന്റെ പ്രവൃത്തികള്‍ക്ക് പ്രതിഫലമായി നാട്ടുകാര്‍ ഒരുപാട് സ്നേഹം തിരിച്ചു നല്‍കുന്നുണ്ടെന്ന് ജമീല പറയുന്നു. സിപിഐ എമ്മാണ് തന്നെ ഈ നിലയിലെത്തിച്ചതെന്ന് അവര്‍ക്കുറപ്പുണ്ട്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ 50 ശതമാനം വനിതാസംവരണം ഏര്‍പ്പെടുത്തിയതുവഴി തന്നെപ്പോലെ സാധാരണക്കാരായ നിരവധി പേര്‍ക്ക് മികവുതെളിയിക്കാന്‍ കഴിയുമെന്ന് ജമീല പറഞ്ഞു. സിപിഐ എം തലക്കുളത്തൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ എക്സിക്യൂട്ടീവ് അംഗവുമാണ് ജമീല. അതിനിടയില്‍ ജീവിതം മുന്നോട്ടുകൊണ്ടുപോവാന്‍ എല്‍ഐസി ഏജന്റായും പ്രവര്‍ത്തിക്കുന്നു. പുണെയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ ഐറജ് റഹ്മാനും വിവാഹിതയായ അനൂജ റഹ്മാനുമാണ് മക്കള്‍.
(എ പി സജിഷ)

ദേശാഭിമാനി 10092010

2 comments:

  1. ആള്‍ക്കൂട്ടം കണ്ടാല്‍ ഒന്നും പറയാനാവാതെ പകച്ചുനിന്ന ഒരു സാധാരണ വീട്ടമ്മ. പതിനഞ്ച് വര്‍ഷം മുമ്പുവരെ അതായിരുന്നു ജമീല. അപ്രതീക്ഷിതമായി സ്ഥാനാര്‍ഥിയായപ്പോള്‍ അവര്‍ ആദ്യമൊന്നു പകച്ചു. പ്രസംഗവേദികളില്‍ പലപ്പോഴും വാക്കുകള്‍ ഇടറി. തെരഞ്ഞെടുപ്പിന്റെ ചൂടില്‍ നാടും നഗരവും മുഴുകുമ്പോള്‍ സ്ഥാനാര്‍ഥിയായ ജമീല ഏറെ വലഞ്ഞു. പിന്നെ അവര്‍ക്കതൊരു വെല്ലുവിളിയായി.

    ഇത് പഴങ്കഥ. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി മൂന്നുതവണ അവര്‍ വിജയക്കൊടി പാറിച്ചു. ഇച്ഛാശക്തിയും കഠിനാധ്വാനവും കൈമുതലാക്കിയ മികച്ച ഭരണസാരഥിയെന്നു ജമീല പേരെടുത്തു. ലാളിത്യം മുഖമുദ്രമാക്കിയ ഈ ജനപ്രതിനിധിയെ അറിയാത്ത കോഴിക്കോട്ടുകാര്‍ ചുരുക്കം.

    ReplyDelete