''അത് വെറും ഒരു നിര്‍ദേശമായിരുന്നില്ല. അതു ഞങ്ങളുടെ ഉത്തരവായിരുന്നു. നിങ്ങള്‍ ചെന്ന് നിങ്ങളുടെ മന്ത്രിയോടിതു പറയണം. അദ്ദേഹത്തിന് ഞങ്ങളുടെ ഉത്തരവിനെക്കുറിച്ചു തെറ്റിദ്ധാരണകളൊന്നും വേണ്ട'' സുപ്രിംകോടതിയിലെ ജസ്റ്റിസ് വര്‍മ, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരനോട് ഓഗസ്റ്റ് 31-ാം തീയതി പറഞ്ഞതാണിത്. അമ്പതിനായിരം ടണ്‍ അരിയും ഗോതമ്പും ഗോഡൗണ്‍ സൗകര്യമില്ലാത്തതുകൊണ്ട് തുറന്ന സ്ഥലങ്ങളില്‍ വെറും ടാര്‍പ്പോളിന്‍ കൊണ്ടുമൂടി മാസങ്ങളോളം വച്ചതുമൂലം നശിച്ചുവെണ്ണീറായിപ്പോയി എന്നും ഈ വിധിയും കാത്ത് ഇതേ വിധത്തില്‍ത്തന്നെ വച്ചിരിക്കുന്ന ലക്ഷക്കണക്കിനു ടണ്‍ ഭക്ഷ്യധാന്യങ്ങളും നശിച്ചുപോകാനിടയുണ്ടെന്നും ചൂണ്ടിക്കാണിച്ച് സുപ്രിംകോടതിയുടെ മുന്നില്‍ പരാതിയുമായെത്തിയത് പീപ്പിള്‍സ് യൂണിയന്‍ ഓഫ് സിവില്‍ ലിബര്‍ട്ടീസ് എന്ന സംഘടനയാണ്. ഈ കേസു പരിഗണിച്ചതിനുശേഷം ഓഗസ്റ്റ് 12 ന് സുപ്രിംകോടതി വിധിച്ചു: ഈ ഭക്ഷ്യധാന്യങ്ങള്‍ ഭക്ഷ്യക്ഷാമമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സൗജന്യമായോ വളരെ തുച്ഛമായ വിലയ്‌ക്കോ ഉടനടി വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണം.
ഈ പ്രശ്‌നം സംബന്ധിച്ച് പാര്‍ലമെന്റില്‍ ഒരു പ്രസ്താവന നടത്തിയ കേന്ദ്ര ഭക്ഷ്യമന്ത്രി ശരദ്പവാര്‍ പറഞ്ഞു; സുപ്രിംകോടതിയുടെ ഈ നിര്‍ദേശം നടപ്പിലാക്കാന്‍ സര്‍ക്കാരിനു സാധിക്കില്ല. സര്‍ക്കാര്‍ ഭക്ഷ്യ വിതരണം നടത്തുന്നത് സബ്‌സിഡി നല്‍കിക്കൊണ്ടാണെന്നും അദ്ദേഹം വിശദീകരിച്ചു. 50000 ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ നശിച്ചുവെന്ന് സുപ്രിംകോടതിയോടു പരാതിപ്പെട്ടവര്‍ അതിശയോക്തിപരമായി വസ്തുതകള്‍ ഊതിപ്പെരുപ്പിച്ചു കാണിക്കുകയാണെന്നും മന്ത്രി പറയുകയുണ്ടായി.
ഈ പ്രസ്താവനയില്‍ അസംതൃപ്തരായ സുപ്രിംകോടതി ഒരു കമ്മിഷനെ നിയോഗിച്ചു; ഭക്ഷ്യധാന്യശേഖരം നശിച്ചുവെന്ന പരാതി സംബന്ധിച്ചന്വേഷിച്ചു കോടതിയെ അറിയിക്കുവാന്‍. ആ കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ രണ്ടു കാര്യങ്ങളാണ് ചൂണ്ടിക്കാട്ടിയത്. ഒന്ന് 50000 ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ നശിച്ചുവെന്ന് പറയുന്നതില്‍ ഒരതിശയോക്തിയുമില്ല. അതു വസ്തുനിഷ്ഠമാണ്. രണ്ട്, ലക്ഷക്കണക്കിനു ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ശേഖരിച്ചത് ഇപ്പോള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. വേണ്ടത്ര സംരക്ഷണമില്ലാതെ തുറന്നയിടങ്ങളില്‍ ടാര്‍പോളിനിട്ടുമൂടി ഇട്ടിരിക്കുന്നതുകൊണ്ട്.
ഈ കമ്മിഷന്‍ റിപ്പോര്‍ട്ട് പരിഗണിക്കുന്ന സന്ദര്‍ഭത്തിലാണ് ക്ഷുഭിതരായ ന്യായാധിപന്മാര്‍ മേല്‍ സൂചിപ്പിച്ച പ്രസ്താവന നടത്തിയത്. ഇതു പാര്‍ലമെന്റില്‍ ബഹളത്തിനു വീണ്ടും വഴിവെച്ചു. ഈ ചര്‍ച്ചയിലിടപെട്ട കേന്ദ്രമന്ത്രി ശരത്പവാര്‍ പറഞ്ഞത് താന്‍ സുപ്രിംകോടതി ഉത്തരവ് കണ്ടിട്ടില്ല. കോടതിയുടെ ഓര്‍ഡര്‍ മാനിക്കുക തന്നെ ചെയ്യും എന്നാണ്.
കോടതി ഉത്തരവു കയ്യടി നേടി. കാരണം ആ വിധി ജനവികാരങ്ങള്‍ക്കനുരോധമായിരുന്നു. ഈ പ്രശ്‌നത്തില്‍ പ്രധാനമന്ത്രി ഇടപെട്ട് കാര്യങ്ങള്‍ വേഗം മുന്നോട്ട് നീക്കണമെന്നു പലരും നിര്‍ദേശിച്ചു. ബി ജെ പി നേതാവ് നിതിന്‍ ഖഡ്കാരി ആവശ്യപ്പെട്ടത് ശരത്പവാര്‍ ഉടന്‍ രാജിവെക്കണം എന്നായിരുന്നു.
കേന്ദ്രമന്ത്രിസഭ കൂടി ഈ പ്രശ്‌നം ഉടനടി പരിശോധിക്കാന്‍ ഒരു ഗ്രൂപ്പ് ഓഫ് മിനിസ്‌റ്റേഴ്‌സിനെ നിയോഗിച്ചു. അവര്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇരുപത്തി അഞ്ചു ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉടനടി വിതരണം ചെയ്യുവാന്‍ തീരുമാനമായി. സൗജന്യമായിട്ടല്ല ദാരിദ്രരേഖയ്ക്കു താഴെയുള്ളവരില്‍ നിന്നീടാക്കുന്ന വില വാങ്ങിക്കൊണ്ട് ഇതു വിതരണം ചെയ്യുവാനാണ് തീരുമാനം. തുടര്‍ന്ന് എന്തു ചെയ്യണമെന്നതിനെക്കുറിച്ച് പിന്നീട് പരിഗണിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
ഇതുകൊണ്ടെന്നും ഈ പ്രശ്‌നം അവസാനിക്കുന്നില്ല. ഇത് ഗൗരവമേറിയ വലിയൊരു പ്രതിസന്ധിയുടെ ഭാഗമാണ്. നമ്മുടെ രാജ്യം ഇന്നു നേരിടുന്ന ആഴമേറിയ കാര്‍ഷിക പ്രതിസന്ധിയുടെ ഭാഗമാണിത്. ഇതു ഭക്ഷ്യസുരക്ഷയുടെ പ്രശ്‌നമാണ്. ഇതു ഭക്ഷ്യരംഗത്തെ സ്വയംപര്യാപ്തതയുടെ പ്രശ്‌നമാണ്. ഈ പ്രതിസന്ധി സൃഷ്ടിക്കപ്പെട്ടത് സാര്‍വത്രികമായ പൊതുവിതരണ സമ്പ്രദായം എന്ന ആശയം തകര്‍ക്കപ്പെട്ടതുമൂലമാണ്. ഭക്ഷ്യധാന്യങ്ങള്‍ നാട്ടിലുണ്ടായാല്‍ മതി, അതിന്റെ വിതരണം ''മാര്‍ക്കറ്റ്'' നോക്കിക്കൊള്ളും എന്ന മാര്‍ക്കറ്റ് ഇക്കണോമിയുടെ പണ്ഡിതന്മാരുടെ സൂക്തങ്ങള്‍ക്ക് സര്‍ക്കാര്‍ ചെവികൊടുത്തതുകൊണ്ട് സൃഷ്ടിക്കപ്പെട്ട പ്രശ്‌നമാണ്. ഇറക്കുമതി ചെയ്തുകൊണ്ട് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാമെന്ന വ്യാമോഹത്തിന്റെ പരാജയമാണിതു വിളിച്ചറിയിക്കുന്നത്.
ലോകത്ത് ഏറ്റവും കൂടുതല്‍ കൃഷിഭൂമിയുള്ള രണ്ടാമത്തെ രാജ്യമാണിന്ത്യ. എന്നാല്‍ സ്വാതന്ത്ര്യം നേടി 64 വര്‍ഷം കഴിഞ്ഞിട്ടും നമുക്ക് മൂന്നിലൊന്നു കൃഷിഭൂമിക്കു മാത്രമേ ജലസേചനം ഏര്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടുള്ളു. വെള്ളം ഉണ്ടെങ്കില്‍ അതു അടിക്കാന്‍ ഇലക്ട്രിസിറ്റിയില്ല. ഗുണമേന്മയുള്ള നല്ല വിത്തിനങ്ങള്‍ മതിയാവോളം ലഭ്യമല്ല. ആ ചുമതല ബഹുരാഷ്ട്ര കുത്തകകളെ ഏല്‍പ്പിക്കുവാനാണ് ശ്രമം. ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കുവാന്‍ മതിയായ ഗോഡൗണ്‍ സൗകര്യങ്ങളില്ല. ലോകത്തേറ്റവും കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ഉല്‍പ്പാദിപ്പിക്കുന്നത് ഇന്ത്യയാണ്. അതില്‍ പകുതിയിലേറെ ചീഞ്ഞു നശിക്കുന്നു. കാരണം കോള്‍ഡ് സ്റ്റോറേജ് സൗകര്യങ്ങളില്ല. എത്രകാലമായി നാം കേള്‍ക്കുന്നു രാഷ്ട്രത്തെ ആകെ കോര്‍ത്തിണക്കുന്ന ഒരു കോള്‍ഡ് സ്റ്റോറേജ് ചെയിന്‍ നെറ്റ്‌വര്‍ക്ക് സൃഷ്ടിക്കാന്‍ പോകുന്നുവെന്ന്. ആശയം നല്ലത്. നടപ്പാകുന്നില്ല. ചോദിക്കുന്ന വിലകൊടുത്ത് വിദേശങ്ങളില്‍ നിന്ന് ഭക്ഷ്യധാന്യങ്ങളും പഴവും പച്ചക്കറിയും വരെ ഇറക്കുമതി ചെയ്യുന്ന ഇന്ത്യാരാജ്യം ഈ വഴിക്കു മുന്നോട്ടുപോയാല്‍ സാര്‍വത്രികമായ നാശത്തിലേ എത്തിച്ചേരൂ. സംശയം വേണ്ട.
ഈ പ്രശ്‌നങ്ങളെ ഗൗരവപൂര്‍വം സമീപിച്ചാല്‍ പരിഹാരമുണ്ട്. അഖിലേന്ത്യാ കിസാന്‍സഭ ഈ പ്രശ്‌നം സംബന്ധിച്ച് ശ്രദ്ധേയമായ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്.
കൃഷിമേഖലയിലെ അടിസ്ഥാനസൗകര്യങ്ങള്‍ സുശക്തമായി ഒരുക്കുന്നതിന് നിശ്ചിതമായ ഒരു പരിപാടി സമയബന്ധിതമായി നടപ്പിലാക്കാന്‍ ഒരു ലക്ഷം കോടി രൂപ മാറ്റിവെയ്ക്കണം. അതുപയോഗിച്ച് കൃഷിക്കാവശ്യമായ ഗോഡൗണുകള്‍, വെയര്‍ഹൗസിംഗ് ഏര്‍പ്പാടുകള്‍, ഇറിഗേഷന്‍, വൈദ്യുതി ഉല്‍പ്പാദനം, കോള്‍ഡ് ചെയിന്‍ നെറ്റ്‌വര്‍ക്ക് സൃഷ്ടിക്കല്‍, കാര്‍ഷികഗവേഷണങ്ങള്‍, മൂല്യവര്‍ധനവ്, ഉല്‍പ്പാദന വൈവിധ്യവല്‍ക്കരണം തുടങ്ങിയവയ്ക്കുള്ള ശക്തമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുറപ്പുണ്ടാകണം. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ആദായകരമായ വില ഉറപ്പാക്കുകയും വേണം.
ഇവ ലക്ഷ്യബോധത്തോടെ നിര്‍വഹിക്കുവാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയുള്ള ഭരണനേതൃത്വവും ആ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിന് അര്‍പ്പണബോധത്തോടെ പ്രവൃത്തിക്കുന്ന മന്ത്രിമാരും ഉണ്ടാവണം.
ശരത്പവാര്‍ ക്രിക്കറ്റു പ്രേമിയാണ്. ക്രിക്കറ്റു സംഘാടകനാണ്. കാര്‍ഷികമേഖല ഊര്‍ധശ്വാസം വലിക്കുമ്പോഴും അദ്ദേഹം ക്രിക്കറ്റു കമ്പത്തിലാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ചെയര്‍മാനായിരുന്ന അദ്ദേഹമിപ്പോള്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റിന്റെ തലവനാണ്. ആ സ്ഥാനം ഏറ്റതിനുശേഷം പ്രധാനമന്ത്രിയെക്കണ്ട് പവാര്‍ ആവശ്യപ്പെട്ടത് തന്റെ ഭരണഭാരം കുറച്ചൊന്നു കുറയ്ക്കാന്‍ സഹായിക്കണം എന്നാണ്-തനിക്കതിനു നേരമില്ല.
ഇങ്ങിനെ ഒരു പാര്‍ട്ട്‌ടൈം മന്ത്രിക്ക് ഈ വലിയ ഉത്തരവാദിത്വം നിറവേറ്റാന്‍ കഴിയുമോ?
ഭക്ഷ്യം, പൊതുവിതരണം, കന്നുകാലി സംരക്ഷണം, മത്സ്യബന്ധനം, കൃഷി എന്നീ സുപ്രധാനമായ വകുപ്പുകളൊക്കെ കൈകാര്യം ചെയ്യുന്ന ഈ മന്ത്രാലയത്തിന്റെ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ ഫലപ്രദമായി പരിഗണിക്കാനും കൈകാര്യം ചെയ്യുവാനും കഴിയണമെങ്കില്‍ ഭക്ഷ്യ-കൃഷി മന്ത്രാലയത്തിന് ഒരു പ്രത്യേക ബജറ്റുണ്ടാകണം. റയില്‍വേയ്ക്ക് സ്വന്തമായ ബജറ്റുള്ളതുപോലെ. അത് നിശ്ചിതമായ വിധത്തില്‍ സമയമെടുത്തു പാര്‍ലമെന്റു പരിഗണിക്കുകയും വേണം.
ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ സ്വയം പര്യാപ്തത അനിവാര്യമാണ്. ആ ലക്ഷ്യത്തിലേയ്ക്ക് രാജ്യത്തെ നയിക്കുന്നതിനുള്ള നയപരിപാടികള്‍ ഈ രംഗത്ത് ആസൂത്രണം ചെയ്തു നടപ്പാക്കണം. അതിന് അര്‍പ്പണബോധമുള്ള, ലക്ഷ്യബോധമുള്ള മന്ത്രിമാര്‍ ഭരണത്തിന്റെ തലപ്പത്തുണ്ടാവണം. അവര്‍ക്ക് മറ്റു പണികള്‍ക്കു സമയം കാണില്ല.
നമ്മുടെ കാര്‍ഷികമേഖലയ്ക്ക് 4 ശതമാനം വളര്‍ച്ചാനിരക്കുറപ്പിച്ചാല്‍ മാത്രമേ ഇന്ത്യയുടെ ജി ഡി പി 9 ശതമാനം എന്നതില്‍ സുസ്ഥിരതയുണ്ടാകൂ എന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു പറയുന്നു. അതു ശരിയാണ്. നമ്മുടേതുപോലുള്ള കാര്‍ഷിക പ്രധാനമായ ഒരു സമ്പദ്ഘടനയുടെ ജീവനാഡിയാണ് കാര്‍ഷികമേഖല. എന്നാല്‍ ഈ ബോധ്യം ഭരണാധികാരികളുടെ പ്രവൃത്തികളില്‍ കാണുന്നില്ല എന്നതാണ് ദൗര്‍ഭാഗ്യകരമായ വസ്തുത.
ഈ പ്രശ്‌നങ്ങള്‍ കോടതിവിധികളിലൂടെ പരിഹാരം കാണാവുന്നവയാണോ? ആലോചിക്കണം. സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളില്‍ ഇടപെടുകില്ല എന്നത് സുപ്രിംകോടതിയുടെ നിരവധി വിധികളില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള കാര്യമാണ്. നയരൂപീകരണം ജനാധിപത്യത്തില്‍ ജനങ്ങളുടെ ചുമതലയാണ്, അവരതു ജനപ്രതിനിധികളിലൂടെ നിര്‍വഹിക്കുന്നു. ജുഡീഷ്യറിയും ലെജിസ്ലേച്ചറം എക്‌സിക്യുട്ടീവും സന്തുലിതമാംവിധം പ്രവൃത്തിക്കുന്നതിലാണ് ജനാധിപത്യത്തിന്റെ വിജയം. കോടതി ഉത്തരവുകള്‍ വഴി ഭരണം നടത്തുന്ന സ്ഥിതിയുണ്ടായാല്‍ ജനാധിപത്യം തകരും. ഒരുത്തരവു കയ്യടി ലഭിക്കുന്നതായിരിക്കാം. എന്നാലിനി അങ്ങിനെയാകട്ടെ എന്നു കരുതിയാല്‍ കോടതി അതിനുകടന്ന പ്രവൃത്തികള്‍ ചെയ്‌തെന്നുവരും. അതു ജനാധിപത്യത്തിന്റെ അവസാനമായിരിക്കും. ഈ വസ്തുത മറന്നുകൂടാ.
ജനങ്ങളുടെ ജാഗ്രതയും അവരുടെ സജീവമായ ഇടപെടലീലൂടെ നടക്കുന്ന നയരൂപീകരണ പ്രക്രിയകളും അതോടൊക്കെ ക്രിയാത്മകമായി പ്രതികരിക്കുന്ന പാര്‍ലമെന്റും സര്‍ക്കാരും ഇവയൊക്കെയാണ് നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുക.
ഈ വസ്തുതകള്‍ ഒരിക്കല്‍കൂടി ഓര്‍മിപ്പിക്കപ്പെടേണ്ട ഒരു സന്ദര്‍ഭമാണിത്.
സി കെ ചന്ദ്രപ്പന്‍ ജനയുഗം 07092010
നമ്മുടെ കാര്‍ഷികമേഖലയ്ക്ക് 4 ശതമാനം വളര്‍ച്ചാനിരക്കുറപ്പിച്ചാല്‍ മാത്രമേ ഇന്ത്യയുടെ ജി ഡി പി 9 ശതമാനം എന്നതില്‍ സുസ്ഥിരതയുണ്ടാകൂ എന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു പറയുന്നു. അതു ശരിയാണ്. നമ്മുടേതുപോലുള്ള കാര്‍ഷിക പ്രധാനമായ ഒരു സമ്പദ്ഘടനയുടെ ജീവനാഡിയാണ് കാര്‍ഷികമേഖല. എന്നാല്‍ ഈ ബോധ്യം ഭരണാധികാരികളുടെ പ്രവൃത്തികളില്‍ കാണുന്നില്ല എന്നതാണ് ദൗര്‍ഭാഗ്യകരമായ വസ്തുത.
ReplyDeleteഈ പ്രശ്‌നങ്ങള്‍ കോടതിവിധികളിലൂടെ പരിഹാരം കാണാവുന്നവയാണോ? ആലോചിക്കണം. സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളില്‍ ഇടപെടുകില്ല എന്നത് സുപ്രിംകോടതിയുടെ നിരവധി വിധികളില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള കാര്യമാണ്. നയരൂപീകരണം ജനാധിപത്യത്തില്‍ ജനങ്ങളുടെ ചുമതലയാണ്, അവരതു ജനപ്രതിനിധികളിലൂടെ നിര്‍വഹിക്കുന്നു. ജുഡീഷ്യറിയും ലെജിസ്ലേച്ചറം എക്‌സിക്യുട്ടീവും സന്തുലിതമാംവിധം പ്രവൃത്തിക്കുന്നതിലാണ് ജനാധിപത്യത്തിന്റെ വിജയം. കോടതി ഉത്തരവുകള്‍ വഴി ഭരണം നടത്തുന്ന സ്ഥിതിയുണ്ടായാല്‍ ജനാധിപത്യം തകരും. ഒരുത്തരവു കയ്യടി ലഭിക്കുന്നതായിരിക്കാം. എന്നാലിനി അങ്ങിനെയാകട്ടെ എന്നു കരുതിയാല്‍ കോടതി അതിനുകടന്ന പ്രവൃത്തികള്‍ ചെയ്‌തെന്നുവരും. അതു ജനാധിപത്യത്തിന്റെ അവസാനമായിരിക്കും. ഈ വസ്തുത മറന്നുകൂടാ.