Monday, September 6, 2010

വികസനപാതയില്‍ വിശാലകൊച്ചി

വലുപ്പത്തില്‍ ഇന്ത്യയിലെ നാലാമത്തെ അന്താരാഷ്ട്ര സ്റ്റേഡിയവും മൂന്നാമത്തെ വലിയ ക്രിക്കറ്റ് സ്റ്റേഡിയവുമായ ജവാഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിന് ഒരാഴ്ചയ്ക്കകം പുതിയ മുഖം. സ്റ്റേഡിയത്തിന്റെ നവീകരണവും മുഖംമിനുക്കലും ഇപ്പോള്‍ ജിസിഡിഎയുടെ മേല്‍നോട്ടത്തില്‍ അവസാന ഘട്ടത്തിലാണ്.

മുപ്പതുകോടിയോളം രൂപയുടെ നവീകരണപ്രവൃത്തികളാണ് ഇപ്പോള്‍ നടക്കുന്നത്. അന്താരാഷ്ട്രമത്സരങ്ങള്‍ നടത്താവുന്നതരത്തില്‍ പുതിയ പുല്ല് വച്ചുപിടിപ്പിക്കല്‍, സ്പെയ്സ്ഫ്രെയിം മേല്‍ക്കൂര പണിയല്‍, പുതിയ കസേര സ്ഥാപിക്കല്‍, പെയിന്റിങ്, റിങ് റോഡ് അറ്റകുറ്റപ്പണി, ഗ്രില്ലുകളിടല്‍, കെട്ടിടത്തിന്റെയും മറ്റ് അനുബന്ധ സാമഗ്രികളുടെയും അറ്റകുറ്റപ്പണി, പ്ളംബിങ്, കവാടം പുതുക്കിപ്പണിയല്‍, പ്രധാനറോഡില്‍നിന്ന് സ്റ്റേഡിയത്തിലേക്കുള്ള റോഡിന്റെ അറ്റകുറ്റപ്പണി, പുല്ല് നനയ്ക്കാന്‍ സ്പ്രിങ്ക്ളര്‍ സ്ഥാപിക്കല്‍ എന്നീ ജോലികളാണ് നടക്കുന്നത്. അത്യാധുനിക മേല്‍ക്കൂര സ്ഥാപിക്കാന്‍മാത്രം 10 കോടിയിലധികം ചെലവായി. പുല്ലുവയ്ക്കാന്‍ 1.65 കോടിയും പെയിന്റിങ്ങിന് ഒരുകോടി ഏഴുലക്ഷവും കസേരകള്‍ സ്ഥാപിക്കാന്‍ അഞ്ചുകോടിയും ചെലവാക്കി. പുതിയ 21,450 കസേരകളാണ് സ്ഥാപിച്ചത്. കാലാവസ്ഥ മോശമായത് പണിയെ ബാധിച്ചു. ഇപ്പോള്‍ ജോലി അവസാനഘട്ടത്തിലാണ്. രണ്ടുകോടി ചെലവഴിച്ച് മഴവെള്ള സംഭരണികൂടി സജ്ജീകരിക്കാനുള്ള നീക്കത്തിലാണ്. ഒരുലക്ഷത്തോളംപേര്‍ക്ക് കളി കാണാവുന്നതരത്തില്‍ 14 വര്‍ഷംമുമ്പ് സംസ്ഥാനസര്‍ക്കാരും ജിസിഡിഎയും ചേര്‍ന്നു നിര്‍മിച്ച സ്റ്റേഡിയമാണിത്. അന്താരാഷ്ട്രമത്സരങ്ങളുടെ ഭൂപടത്തില്‍ സ്ഥിരം സ്ഥാനം നേടിയെടുക്കുകയെന്നതാണ് ലക്ഷ്യമെന്ന് ജിസിഡിഎ അധികൃതര്‍ പറഞ്ഞു.

യശസ്സുയര്‍ത്തി കലൂര്‍-കടവന്ത്ര റോഡ് പുനര്‍നിര്‍മാണം

വിശാലകൊച്ചി വികസന അതോറിറ്റിയുടെ ചരിത്രത്തില്‍നാഴികക്കല്ലായി മാറിയ ഒന്നാണ് കലൂര്‍-കടവന്ത്ര റോഡ് പുനര്‍നിര്‍മാണം. അഞ്ചുവര്‍ഷത്തെ പെര്‍ഫോമന്‍സ് ഗ്യാരന്റിയോടെ ജില്ലയില്‍ നിര്‍മിച്ച ആദ്യറോഡ് എന്ന വിശേഷണം കലൂര്‍-കടവന്ത്ര റോഡിനു സ്വന്തം. വീതികൂട്ടി, പ്രത്യേകം നടപ്പാതകള്‍ നിര്‍മിച്ച്, മരങ്ങള്‍ വച്ചുപിടിപ്പിക്കാനുള്ള സൌകര്യങ്ങള്‍കൂടി ഉണ്ടാക്കിയാണ് ശോച്യാവസ്ഥയിലായിരുന്ന കലൂര്‍-കടവന്ത്ര റോഡിന് എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷം ശാപമോക്ഷം കിട്ടിയത്. 3.34 കോടി രൂപയാണ് അറ്റകുറ്റപ്പണിക്ക് ചെലവാക്കിയത്. തീര്‍ത്തും അവഗണിക്കപ്പെട്ട നിലയില്‍ കുണ്ടുംകുഴിയുമായി വെട്ടിപ്പൊളിച്ചിട്ടിരുന്ന റോഡ് പുതുക്കിപ്പണിയാനുള്ള നടപടിയായത് പുതിയ ചെയര്‍പേഴ്സ വന്നശേഷമാണ്. വാട്ടര്‍ അതോറിറ്റിയുമായുള്ള തര്‍ക്കം പരിഹരിച്ചു. 75 ലക്ഷം രൂപ റോഡ് പുനര്‍നിര്‍മാണത്തിന് അവര്‍ നല്‍കി. ബാക്കി ജിസിഡിഎ ചെലവാക്കി. ഘട്ടംഘട്ടമായാണ് പണി നടത്തിയത്.

തല്‍പരകക്ഷികള്‍ കൊടുത്ത വാര്‍ത്തകളെയും കള്ളപ്പരാതികളെയും തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം നടന്നതിനാല്‍ പണി കുറച്ചുകാലത്തേക്കു തടസ്സപ്പെട്ടു. വിധി ജിസിഡിഎയ്ക്ക് അനുകൂലമായി. പിന്നെ ദ്രുതഗതിയിലാണ് പണി പൂര്‍ത്തീകരിച്ചത്. മൂന്നുകിലോമീറ്റര്‍ ദൂരംകൊണ്ട് രണ്ട് പ്രധാന നഗരകേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന, സുഗമമായ യാത്ര സാധ്യമാക്കുന്ന റോഡെന്ന ബഹുമതി ഇപ്പോഴും കലൂര്‍-കടവന്ത്ര റോഡിനാണ്.

ജിസിഡിഎയുടെ മറ്റൊരു പ്രധാന കാല്‍വയ്പാണ് ആനാന്തുരുത്തി റോഡ് നിര്‍മാണം. കൊച്ചിയിലെ ആകാശപ്പാലമെന്നു പേരുവീണ പനമ്പിള്ളിനഗര്‍-കൊച്ചുകടവന്ത്ര കനാല്‍പ്പാലത്തിലൂടെ തേവരയിലേക്കുള്ള ഈ റോഡ് അപ്രോച്ച്റോഡ് ഉള്‍പ്പെടെ പണിത് ടാറിട്ട് സഞ്ചാരയോഗ്യമാക്കി. 22 മീറ്റര്‍ വീതിയില്‍ പണിത റോഡിന് ഇരുവശവും മരങ്ങള്‍ വച്ചുപിടിപ്പിക്കാനുള്ള പദ്ധതി പരിഗണനയിലാണിപ്പോള്‍. ഭവനപദ്ധതികളില്‍ ജിസിഡിഎയുടെ യശസ്സുയര്‍ത്തിയ ഒന്നാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കിയ കടവന്ത്ര ബ്ളൂഡോട്ട് പദ്ധതി. തോട്ടയ്ക്കാട്ടുകരയില്‍ പെരിയാറിന്റെ തീരത്തുള്ള പദ്ധതി, എടത്തല വനപദ്ധതി, മുണ്ടംവേലി ഫ്ളാറ്റ് സമുച്ചയം എന്നിവയും എടുത്തുപറയേണ്ടവതന്നെ. ചേരി പുനരധിവാസപദ്ധതിയുടെ ഭാഗമായി മുണ്ടംവേലിയില്‍ രണ്ടര ഏക്കര്‍ സ്ഥലത്താണ് പദ്ധതി. തമ്മനത്ത് 46 വര്‍ഷമായി ചേരിയില്‍ താമസിക്കുന്ന 197 കുടുംബങ്ങള്‍ക്ക് പട്ടയം കൊടുക്കാന്‍ കഴിഞ്ഞത് വലിയൊരു നേട്ടമായാണ് കരുതുന്നതെന്ന് ജിസിഡിഎ ചെയര്‍പേഴ്സ എം സി ജോസഫൈന്‍പറഞ്ഞു.

deshabhimani 06092010

1 comment:

  1. വലുപ്പത്തില്‍ ഇന്ത്യയിലെ നാലാമത്തെ അന്താരാഷ്ട്ര സ്റ്റേഡിയവും മൂന്നാമത്തെ വലിയ ക്രിക്കറ്റ് സ്റ്റേഡിയവുമായ ജവാഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിന് ഒരാഴ്ചയ്ക്കകം പുതിയ മുഖം. സ്റ്റേഡിയത്തിന്റെ നവീകരണവും മുഖംമിനുക്കലും ഇപ്പോള്‍ ജിസിഡിഎയുടെ മേല്‍നോട്ടത്തില്‍ അവസാന ഘട്ടത്തിലാണ്.

    ReplyDelete