Tuesday, October 5, 2010

ഒഞ്ചിയത്തെ വര്‍ഗവഞ്ചകര്‍

ഒഞ്ചിയത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാന്‍ വലതുപക്ഷ ശക്തികളും പാര്‍ടിയില്‍നിന്ന് പുറത്തുപോയ കപടവിപ്ളവകാരികളും നടത്തിയ ഗൂഢാലോചന മറനീക്കി പുറത്തുവന്നിരിക്കുന്നു. ഏറാമല പഞ്ചായത്തിലെ പ്രസിഡന്റ് പദവി രണ്ടുവര്‍ഷത്തേക്ക് ജനതാദളിന് നല്‍കിയതില്‍ പ്രതിഷേധിച്ച് പാര്‍ടി വിട്ടവര്‍ ഇപ്പോള്‍ ജനതാദള്‍ (വീരന്‍വിഭാഗം) ഉള്‍പ്പെട്ട സിപിഐ എം വിരുദ്ധ മുന്നണിയിലാണ്. ഒഞ്ചിയം ഏരിയയിലെ നാല് പഞ്ചായത്തിലും ഇവര്‍ യുഡിഎഫുമായി തെരഞ്ഞെടുപ്പുധാരണ ഉണ്ടാക്കി. കമ്യൂണിസ്റ്റ് വിപ്ളവബോധത്തിന്റെ ഇതിഹാസം രചിച്ച രക്തസാക്ഷികളുടെ മണ്ണില്‍ സിപിഐ എമ്മിനെ തകര്‍ക്കാന്‍ പാര്‍ടിവിരുദ്ധര്‍ മത്സരിക്കുന്ന 11 സീറ്റിലും യുഡിഎഫ് പരസ്യപിന്തുണ പ്രഖ്യാപിച്ചു. രാഷ്ട്രീയ പാപ്പരത്തം എന്നല്ലാതെ എന്തുപറയാന്‍!

കപട സോഷ്യലിസ്റ്റുകാരായ ജനതാദള്‍കാരുടെ മാടമ്പിത്തരത്തിനും താന്‍പ്രമാണിത്തത്തിനുമെതിരെ സന്ധിയില്ലാസമരമാണ് തങ്ങളുടെ പരിപാടി എന്നാണ് പാര്‍ടി വിരുദ്ധര്‍ പറഞ്ഞുനടന്നത്. ഒഞ്ചിയത്തെ ധീരരായ സഖാക്കള്‍ ചോരയും കണ്ണീരും നനച്ചുവളര്‍ത്തിയ പ്രസ്ഥാനത്തെ 'ജനതാദളിനും കോണ്‍ഗ്രസിനും അടിയറവയ്ക്കുന്ന സിപിഐ എമ്മിന്റെ നയവ്യതിയാനങ്ങളെ' തിരുത്തിക്കാനാണ് പുതിയ പാര്‍ടി ഉണ്ടാക്കുന്നതെന്ന് ഇവര്‍ സാധാരണക്കാരെ തെറ്റിദ്ധരിപ്പിച്ചു. എല്ലാം ശുദ്ധ തട്ടിപ്പായിരുന്നെന്ന് വെളിവായിരിക്കുന്നു. ദളുമായുള്ള ബന്ധം വിടര്‍ത്തിയാല്‍ ഞങ്ങളെല്ലാം പാര്‍ടിയിലേക്കുതന്നെ തിരിച്ചുപോകുമെന്ന് പ്രചരിപ്പിച്ചാണ് ഇക്കൂട്ടര്‍ കുറെയാളുകളെ സംഘടിപ്പിച്ചത്. പാര്‍ടി വിരുദ്ധരുടെ ഈ വഞ്ചന ഇന്ന് ഒഞ്ചിയത്തെ ഇവരുടെ സ്വാധീനത്തില്‍ പെട്ടുപോയ വലിയൊരു വിഭാഗം തിരിച്ചറിയുന്നു. അവരില്‍ പലരും പാര്‍ടിയിലേക്ക് തിരിച്ചുവരുന്നു.

ഏറാമല പഞ്ചായത്ത് പ്രസിഡന്റ് പദവി ജനതാദളിന് നല്‍കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് പാര്‍ടി വിട്ടവര്‍ അതേ ജനതാദള്‍ പ്രതിനിധിയെ പ്രസിഡന്റായി തെരഞ്ഞെടുക്കുന്നതിനെ പിന്നീട് അനുകൂലിച്ചത് ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെയാണ്. കുന്നുമ്മക്കര സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ ജനതാദളുമായി അവര്‍ കൈകോര്‍ത്തു. ഇവരുടെ സിപിഐ എം വിരോധം മടപ്പള്ളി കോളേജില്‍ ക്യാമ്പസ് ഫ്രണ്ടുപോലുള്ള മതതീവ്രവാദ, വലതുപക്ഷ സംഘടനകളുമായി കൂട്ടുകൂടി മത്സരിക്കുന്നിടംവരെയെത്തി. ഇന്നിപ്പോള്‍ മടപ്പള്ളിയിലെ വിദ്യാര്‍ഥിസമൂഹം യുഡിഎഫ് - റവലൂഷണറി മുന്നണിയെ സമ്പൂര്‍ണമായി ക്യാമ്പസില്‍നിന്ന് നിഷ്കാസനം ചെയ്തിരിക്കുന്നു. കൂത്തുപറമ്പില്‍ അഞ്ച് ധീരസഖാക്കളെ വെടിവച്ചുകൊല്ലാന്‍ നേതൃത്വം നല്‍കിയ എം വി രാഘവനെ ഓര്‍ക്കാട്ടേരിയില്‍ എത്തിച്ച് തെറി പ്രസംഗം നടത്തിച്ചാണ് ഈ കൂട്ടം 'റവലൂഷനറി സ്പിരിറ്റ്' ചോര്‍ന്നുപോകാതെ നിലനിര്‍ത്തിയത്! തങ്ങള്‍ വിപ്ളവകാരികളാണെന്ന് കാണിക്കാന്‍ ചില പല്ലുകൊഴിഞ്ഞ നക്സലൈറ്റ് നേതാക്കളുമായിപ്പോലും ചര്‍ച്ചകള്‍ നടത്തിനോക്കി. ഇപ്പോഴിതാ മറയില്ലാതെ യുഡിഎഫ് ചേരിയിലേക്ക് മനഃസാക്ഷിയില്ലാതെ അവര്‍ ചേക്കേറിയിരിക്കുന്നു.

ഒഞ്ചിയത്തിന്റെ മണ്ണില്‍ സിപിഐ എമ്മിനെ തോല്‍പ്പിക്കാന്‍ ആരുടെ വോട്ടും സ്വീകരിക്കുമെന്നാണ് 'റവലൂഷനറി' നേതാവ് അവിശുദ്ധബാന്ധവത്തെ ന്യായീകരിച്ച് പറയുന്നത്. കോണ്‍ഗ്രസിനെയും കപട സോഷ്യലിസ്റ്റുകളായ ജനതാദളുകാരെയും അനുരഞ്ജനരഹിതമായി എതിര്‍ക്കുന്ന യഥാര്‍ഥ മാര്‍ക്സിസ്റ്റ് പാര്‍ടി ഉണ്ടാക്കിയവര്‍ ഉമ്മന്‍ചാണ്ടിയുടെയും വീരേന്ദ്രകുമാറിന്റെയും അനുചരസംഘമായി മാറിയിരിക്കുന്നു. ഒഞ്ചിയത്ത് സിപിഐ എം വിരുദ്ധരുമായി സഹകരിക്കുമെന്നും മാര്‍ക്സിസ്റ്റുകാരെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും പറഞ്ഞ് ഡിസിസി പ്രസിഡന്റ് കെ സി അബു യുഡിഎഫ് - റവലൂഷണറി തെരഞ്ഞെടുപ്പ് ധാരണകളെ ശരിവച്ചു.

ഒഞ്ചിയത്ത് ഇന്‍സ്പെക്ടര്‍ തലൈമയുടെ വെടിയുണ്ടകള്‍ക്കും കോണ്‍ഗ്രസിന്റെ ചെറുപയര്‍ പട്ടാളത്തിനും നശിപ്പിക്കാനാകാത്തതാണ് ഒഞ്ചിയത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ. എംഎസ്പിക്കാരുടെയും സേവാദള്‍കാരുടെയും വെടിയുണ്ടകളെയും മര്‍ദകവാഴ്ചകളെയും ജീവന്‍കൊടുത്ത് പ്രതിരോധിച്ച പ്രസ്ഥാനമാണത്. ഒറ്റുകാരില്‍നിന്നും ഭരണകൂടത്തിന്റെ വേട്ടപ്പട്ടികളില്‍നിന്നും കമ്യൂണിസ്റ്റ് പാര്‍ടിയെയും നേതാക്കളെയും സ്വജീവന്‍മറന്ന് കാത്തുസൂക്ഷിച്ച മണ്ണും ജനങ്ങളുമാണ് ഒഞ്ചിയത്തിന്റേത്. അത്തരം ചരിത്രസത്യങ്ങള്‍ യുഡിഎഫ് പ്രലോഭനങ്ങളില്‍ കണ്ണുമയങ്ങിപ്പോയ റവലൂഷനറി നേതാവ് മറന്നിട്ടുണ്ടാകും. സ.മണ്ടോടികണ്ണനും സഖാക്കളും ജീവന്‍നല്‍കി പടുത്തുയര്‍ത്തിയ പ്രസ്ഥാനത്തെ ദുര്‍ബലമാക്കാന്‍ വര്‍ഗശത്രുക്കളുമായി കൈകോര്‍ക്കുന്ന കപടവിപ്ളവകാരികളെ ഒഞ്ചിയത്തെ ജനത അവജ്ഞയോടെ തള്ളിക്കളയാതിരിക്കുന്നതെങ്ങനെ? ചരിത്രബോധവും വിപ്ളവപാരമ്പര്യവുമുള്ള ഒഞ്ചിയത്തുകാര്‍ ഈ വഞ്ചനയും കമ്യൂണിസ്റ്റ് വിരുദ്ധബാന്ധവവും എങ്ങനെ പൊറുപ്പിക്കും?

കോണ്‍ഗ്രസിന്റെ ജനവിരുദ്ധവാഴ്ചയ്ക്കും കോളറ, വസൂരി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്കുമെതിരെ ജീവന്‍ പണയംവച്ചാണ് സ. മണ്ടോടിയെപ്പോലുള്ള ബോള്‍ഷേവിക്ക് ധീരരുടെ നേതൃത്വത്തില്‍ ഈ പ്രദേശങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തനം ഊര്‍ജസ്വലമാക്കിയത്. ഈ വിപ്ളവകാരികളെ വേട്ടയാടാനാണ് കോണ്‍ഗ്രസ് ഗവണ്മെന്റ് അര്‍ധസൈനിക വിഭാഗങ്ങളെ കയറൂരിവിട്ടത്. 1948ലെ കൊല്‍ക്കത്ത കോണ്‍ഗ്രസിന്റെ തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് പാര്‍ടിയുടെ കുറുമ്പ്രനാട് താലൂക്ക് യോഗം വിളിച്ചുചേര്‍ത്തത്. ഇത് മണത്തറിഞ്ഞ കോണ്‍ഗ്രസുകാരായ ഒറ്റുകാരും എംഎസ്പിക്കാരും ഒഞ്ചിയത്ത് നടത്തിയ കോമ്പിങ് ഓപ്പറേഷനാണ് 48ലെ വെടിവയ്പ്പില്‍ കലാശിച്ചത്. എട്ട് സഖാക്കളാണ് ചെന്നാട്ടത്താഴ വയലിനടുത്ത് വീരമൃത്യുവരിച്ചത്. ഗ്രാമത്തെ കോണ്‍ഗ്രസും പൊലീസും വേട്ടയാടി. ഒറ്റ പ്രാവശ്യം കോണ്‍ഗ്രസ് പാര്‍ടിക്ക്, നെഹ്റു സര്‍ക്കാരിന് സിന്ദാബാദ് വിളിച്ചാല്‍, കമ്യൂണിസ്റ്റ് പാര്‍ടിക്ക് മൂര്‍ദാബാദ് വിളിച്ചാല്‍ വെറുതെ വിടാമെന്ന് സഖാവ് മണ്ടോടിയെ പ്രലോഭിപ്പിച്ചു. അതിനു കീഴടങ്ങാതെ, ജീവന്റെ സ്പന്ദനം നിലച്ചുകൊണ്ടിരിക്കുമ്പോഴും ലോക്കപ്പ് മുറിയില്‍ വാര്‍ന്നൊഴുകിയ രക്തത്തില്‍ കൈമുക്കി ഭിത്തിയില്‍ അരിവാളും ചുറ്റികയും വരച്ച ധീരതയായിരുന്നു മണ്ടോടിക്കണ്ണന്‍. ആ വിപ്ളവധീരതയാണ് എല്ലാഭരണവര്‍ഗ ഗൂഢാലോചനകളെയും പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കാന്‍ ഒഞ്ചിയത്തെ പ്രസ്ഥാനത്തെ എക്കാലത്തും പ്രാപ്തമാക്കിനിര്‍ത്തിയത്.

ഒഞ്ചിയം സമരത്തിന്റെ പിന്‍തുടര്‍ച്ചക്കാര്‍ തങ്ങളാണെന്ന് അവകാശപ്പെട്ട കപടവിപ്ളവകാരികള്‍ ഇന്ന് കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിയിരിക്കുന്നു. കോണ്‍ഗ്രസ് ഭരണകൂടത്തിന്റെ വേട്ടപ്പട്ടികള്‍ക്ക് മുമ്പില്‍ വിരിമാറുകാണിച്ചവരുടെ മഹാപാരമ്പര്യത്തെയാകെ അപഹസിച്ച് കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പില്‍ ഇവര്‍ ഇടതുപക്ഷവോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചു. ഇവരുടെ സ്വാധീനത്തില്‍ പെട്ടുപോയ വലിയൊരു വിഭാഗം ഈ കാപട്യവും വഞ്ചനയും തിരിച്ചറിഞ്ഞ് പ്രസ്ഥാനത്തിലേക്ക് തിരിച്ചുവന്നുകഴിഞ്ഞു. തെറ്റിദ്ധാരണകള്‍മൂലം ദുഃസ്വാധീനത്തില്‍ പെട്ടുപോയ അവശേഷിക്കുന്നവരും തിരിച്ചുവരികയാണിപ്പോള്‍. കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നതില്‍ പ്രകോപിതരായ കപടവിപ്ളവകാരികള്‍ സിപിഐ എമ്മിന്റെ ബോര്‍ഡുകളും കൊടിമരങ്ങളും നശിപ്പിച്ചും നേതാക്കളുടെ വീടുകളിലേക്ക് ബോംബെറിഞ്ഞും ഭീതിപരത്താന്‍ ശ്രമിക്കുകയാണ്. ഇതിനെല്ലാമവര്‍ക്ക് കേന്ദ്ര ആഭ്യന്തരസഹമന്ത്രിയുടെ പിന്തുണയും സഹായവുമുണ്ട്.

ആശയക്കുഴപ്പം മൂലം പാര്‍ടിവിരുദ്ധരുടെ കൂടെ ഇപ്പോഴും തുടരുന്നവര്‍ ഇതെല്ലാം മനസ്സിലാക്കി പ്രസ്ഥാനത്തിലേക്ക് തിരിച്ചുവരണമെന്ന് അഭ്യര്‍ഥിക്കുന്നു. യുഡിഎഫ് -'റവലൂഷനറി' ബാന്ധവത്തിന് ശക്തമായ മറുപടി നല്‍കാന്‍ ഒഞ്ചിയത്തെ വിപ്ളവബോധമുള്ള ജനത തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിനെ ഒരായുധമാക്കി മാറ്റുമെന്ന കാര്യത്തില്‍ സംശയമില്ല. സ്വന്തം ജീവരക്തം കൊണ്ട് ഒഞ്ചിയത്തിന്റെ മണ്ണിനെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശക്തികേന്ദ്രമാക്കിയ രക്തസാക്ഷികളോട് നീതി പുലര്‍ത്താന്‍, ഒഞ്ചിയത്തിന്റെ സമരഭൂമിയില്‍ ചെങ്കൊടി എന്നുമെന്നും ഉയര്‍ത്തിക്കെട്ടാന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ആത്മബന്ധമുള്ള എല്ലാവരും മറ്റെല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവച്ച് ഒന്നിക്കേണ്ട സമയമാണിത്.

പെറ്റിബൂര്‍ഷ്വാ അരാജകവാദത്തിനും വിപ്ളവവായാടികളുടെ ബൂര്‍ഷ്വാ അധികാരഭ്രമങ്ങള്‍ക്കും സംഘടിത തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ ഒഞ്ചിയത്തിന്റെ മണ്ണില്‍ ഒരു സ്ഥാനവുമില്ലെന്ന് പാര്‍ടി വിരുദ്ധരെ പഠിപ്പിക്കാന്‍, രക്തസാക്ഷികളുടെ നാട് ഒറ്റക്കെട്ടായി രംഗത്തിറങ്ങുകതന്നെ ചെയ്യും. ഇടതുപക്ഷ ഗവണ്മെന്റിന്റെ സാമൂഹ്യസുരക്ഷാ പദ്ധതികളും വികസന നയങ്ങളും അധികാരവികേന്ദ്രീകരണത്തിനുള്ള ജനകീയ ഇടപെടലുകളും ആഗോളവല്‍ക്കരണനയങ്ങള്‍ക്ക് ദേശീയതലത്തില്‍ത്തന്നെ ബദല്‍ മാതൃകയായി ഉയര്‍ത്തി കാണിക്കപ്പെടുന്ന സന്ദര്‍ഭമാണിത്. വി എസിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഗവണ്മെന്റിന്റെ ശക്തമായ ജനകീയപിന്തുണ ഉറപ്പിക്കാനും അധികാരവികേന്ദ്രീകരണ പ്രക്രിയയെ മുന്നോട്ട് കൊണ്ടുപോകാനും ഈ ത്രിതല പഞ്ചായത്ത് തെഞ്ഞെടുപ്പില്‍ ഇടതുപക്ഷജനാധിപത്യമുന്നണിയെ എല്ലാവിഭാഗമാളുകളും പിന്തുണയ്ക്കണം; വിജയിപ്പിക്കണം.

ടി പി രാമകൃഷ്ണന്‍ ദേശാഭിമാനി 05102010

1 comment:

  1. ഒഞ്ചിയത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാന്‍ വലതുപക്ഷ ശക്തികളും പാര്‍ടിയില്‍നിന്ന് പുറത്തുപോയ കപടവിപ്ളവകാരികളും നടത്തിയ ഗൂഢാലോചന മറനീക്കി പുറത്തുവന്നിരിക്കുന്നു. ഏറാമല പഞ്ചായത്തിലെ പ്രസിഡന്റ് പദവി രണ്ടുവര്‍ഷത്തേക്ക് ജനതാദളിന് നല്‍കിയതില്‍ പ്രതിഷേധിച്ച് പാര്‍ടി വിട്ടവര്‍ ഇപ്പോള്‍ ജനതാദള്‍ (വീരന്‍വിഭാഗം) ഉള്‍പ്പെട്ട സിപിഐ എം വിരുദ്ധ മുന്നണിയിലാണ്. ഒഞ്ചിയം ഏരിയയിലെ നാല് പഞ്ചായത്തിലും ഇവര്‍ യുഡിഎഫുമായി തെരഞ്ഞെടുപ്പുധാരണ ഉണ്ടാക്കി. കമ്യൂണിസ്റ്റ് വിപ്ളവബോധത്തിന്റെ ഇതിഹാസം രചിച്ച രക്തസാക്ഷികളുടെ മണ്ണില്‍ സിപിഐ എമ്മിനെ തകര്‍ക്കാന്‍ പാര്‍ടിവിരുദ്ധര്‍ മത്സരിക്കുന്ന 11 സീറ്റിലും യുഡിഎഫ് പരസ്യപിന്തുണ പ്രഖ്യാപിച്ചു. രാഷ്ട്രീയ പാപ്പരത്തം എന്നല്ലാതെ എന്തുപറയാന്‍!

    ReplyDelete