Wednesday, October 27, 2010

പകതീരാതെ അമേരിക്ക

താരിഖ് അസീസിന് വധശിക്ഷ

ബാഗ്ദാദ്: സദ്ദാം ഹുസൈന്‍ സര്‍ക്കാരില്‍ വിദേശമന്ത്രിയായിരുന്ന താരിഖ് അസീസിന് ഇറാഖ് പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. അമേരിക്കന്‍ അധിനിവേശസേന ഇറാഖ് കീഴടക്കിയതിനെതുടര്‍ന്ന് 2003 ഏപ്രില്‍ 25 മുതല്‍ തടവില്‍ കഴിയുകയാണ് അസീസ്. സദ്ദാംഹുസൈന്‍ സര്‍ക്കാരിലെ പ്രമുഖരെ വിചാരണചെയ്യാന്‍ അമേരിക്കന്‍ സമ്മര്‍ദപ്രകാരം രൂപീകരിച്ച പ്രത്യേക കോടതിയാണ് ദീര്‍ഘകാലം ഇറാഖിന്റെ രാജ്യാന്തരമുഖമായിരുന്ന അസീസിന് വധശിക്ഷ പ്രഖ്യാപിച്ചത്്. ഷിയവിഭാഗം രാഷ്ട്രീയ പാര്‍ടികളുടെ നേതൃത്വത്തില്‍ 1990കളുടെ തുടക്കത്തില്‍ സദ്ദാംസര്‍ക്കാരിനെതിരെ ഉയര്‍ന്ന കലാപത്തെ അടിച്ചമര്‍ത്തിയെന്ന കേസിലാണ് ശിക്ഷ. എഴുപത്തിനാലുകാരനായ അസീസിന് അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്ന് കോടതിവക്താവ് പറഞ്ഞു. അപ്പീല്‍ പരിശോധിക്കാന്‍ 30 ദിവസംവരെ സമയം എടുക്കാം. കോടതി അപ്പീല്‍ തള്ളുന്നപക്ഷം 30 ദിവസത്തിനുശേഷം വധശിക്ഷ നടപ്പാക്കും. 1992ല്‍ ഇറാഖ് ഉപരോധം നേരിടവെ കൃത്രിമവിലക്കയറ്റം സൃഷ്ടിച്ച വ്യാപാരികളെ വധിക്കാന്‍ ഉത്തരവിട്ടെന്ന കേസില്‍ നേരത്തെ കോടതി അസീസിനെ 15 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.

പകതീരാതെ അമേരിക്ക


അമ്മാന്‍: ഇറാഖ് മുന്‍വിദേശമന്ത്രി താരിഖ് അസീസിന് വധശിക്ഷ പ്രഖ്യാപിച്ച കോടതിവിധി രാജ്യത്തിന് അപമാനമാണെന്ന് അസീസിന്റെ മകന്‍ സിയാദ് പ്രതികരിച്ചു. ഭൂതകാലവുമായി ബന്ധപ്പെട്ട എന്തിനെയും രാജ്യത്തെ ഇന്നത്തെ സര്‍ക്കാര്‍ പ്രതികാരമനോഭാവത്തോടെയാണ് കാണുന്നത്. വിക്കിലീക്ക്സ് പുറത്തുവിട്ട കാര്യങ്ങള്‍ വസ്തുതാപരമാണെന്ന് ഈ കോടതിവിധി ബോധ്യപ്പെടുത്തുന്നു. തന്റെ പിതാവുമായി ഒരു ബന്ധവുമില്ലാത്ത സംഭവത്തിന്റെ പേരിലാണ് അദ്ദേഹത്തിന് വധശിക്ഷ നല്‍കിയത്- ജോര്‍ദാനില്‍ കഴിയുന്ന സിയാദ് ടെലിവിഷന്‍ ചാനലിനോട് പറഞ്ഞു.

സദ്ദാം സര്‍ക്കാരിനെതിരെ ആഭ്യന്തരകലാപം ആസൂത്രണം ചെയ്ത രാഷ്ട്രീയപാര്‍ടി നേതാക്കളെ വധിക്കാന്‍ ഉത്തരവിട്ട കേസിലാണ് അസീസിന് കോടതി വധശിക്ഷ വിധിച്ചിരിക്കുന്നത്. എന്നാല്‍,അസീസ് സദ്ദാംസര്‍ക്കാരില്‍ കൈകാര്യം ചെയ്തിട്ടുള്ളത് വാര്‍ത്താപ്രക്ഷേപണ- വിദേശകാര്യവകുപ്പുകളാണ്. സദ്ദാംസര്‍ക്കാരിന്റെ നയതന്ത്രബന്ധങ്ങളുടെ ശില്‍പി എന്നറിയപ്പെടുന്ന അസീസിനെ അദ്ദേഹം കൈകാര്യം ചെയ്ത വകുപ്പുകളുമായി ബന്ധമില്ലാത്ത കാര്യത്തിനാണ് ശിക്ഷിച്ചിരിക്കുന്നത്. അമേരിക്കന്‍ പിന്തുണയോടെ ഇറാഖില്‍ അധികാരത്തില്‍ വന്ന മാലികിസര്‍ക്കാര്‍ വേട്ടയാടല്‍നയം തന്നെയാണ് പിന്തുടരുന്നതെന്ന് വ്യക്തമാക്കുന്ന സംഗതിയാണിത്. കോടതിയാണ് ശിക്ഷിച്ചതെന്ന് പറയാമെങ്കിലും ഇറാഖിലെ ഇന്നത്തെ അവസ്ഥയില്‍ നീതിന്യായവ്യവസ്ഥ സര്‍ക്കാരില്‍നിന്ന് വേറിട്ടതല്ല. മാത്രമല്ല, അമേരിക്കന്‍ പാവ സര്‍ക്കാരാണ് മാലിക്കിയുടേത്.

സദ്ദാം ഭരണകാലത്ത് ഇറാഖില്‍ നിലനിന്ന മതനിരപേക്ഷതയുടെ പ്രതീകമാണ് അസീസ്. 1936ല്‍ വടക്കന്‍ നിനേവ് പ്രവിശ്യയില്‍ മൊസൂളിന്സമീപം ടെല്‍കീഫ് പ്രവിശ്യയില്‍ ഹോട്ടല്‍ തൊഴിലാളിയുടെ മകനായി ജനിച്ച മൈക്കിള്‍ യുഹന്നനാണ് (മൈക്കിള്‍ ജോ) പിന്നീട് താരിഖ് അസീസായത്. ബാല്യത്തില്‍ തന്നെ പിതാവ് മരിച്ച അസീസ് അമ്മയോടൊപ്പം ബാഗ്ദാദിലാണ് വളര്‍ന്നത്. ഇംഗ്ളീഷ് സാഹിത്യം പഠിച്ച അസീസ് അധ്യാപകനായി പ്രവര്‍ത്തിച്ചുവരികെയാണ് സദ്ദാമിന്റെ ബാത്ത് സോഷ്യലിസ്റ് പാര്‍ടിയില്‍ ആകൃഷ്ടനായത്. ബ്രിട്ടീഷ് വാഴ്ചയുടെ പിന്തുടര്‍ച്ചയായി രാജ്യത്ത് നിലനിന്ന രാജഭരണത്തിനെതിരെ ശബ്ദമുയര്‍ത്തിയതിന് ബാത്ത് പാര്‍ടിയെ നിരോധിച്ചു. 1963ല്‍ പാന്‍അറബ് അട്ടിമറിയെത്തുടര്‍ന്ന് നിലവില്‍വന്ന സര്‍ക്കാരില്‍ അസീസ് വാര്‍ത്താവിതരണ വകുപ്പിന്റെ ചുമതലക്കാരനായി. ഇറാന്‍- ഇറാഖ് യുദ്ധകാലത്ത് 1983ലാണ് അസീസിനെ സദ്ദാം വിദേശമന്ത്രിയായി നിയമിച്ചത്. രാജ്യാന്തരവേദികളില്‍ ഇറാഖിന്റെ വാദമുഖങ്ങള്‍ ഭംഗിയായി അവതരിപ്പിക്കാന്‍ അസീസിന് കഴിഞ്ഞു.
1991ലെ ഗള്‍ഫ്യുദ്ധകാലത്തും അസീസ് ഇറാഖിന് രാജ്യാന്തര പിന്തുണ നേടിയെടുക്കാന്‍ അധ്വാനിച്ചു.

2003ല്‍ അമേരിക്ക ഇറാഖിനെ ആക്രമിക്കുന്നത് ഒഴിവാക്കാനും അസീസ് കഴിയുന്നത്ര ശ്രമിച്ചു. അക്കൊല്ലം ഫെബ്രുവരിയില്‍ സദ്ദാമിന്റെ കത്തുമായി അസീസ് വത്തിക്കാനിലെത്തി മാര്‍പാപ്പയായിരുന്ന ജോപോള്‍ രണ്ടാമനെ കണ്ടു. യുദ്ധം ഒഴിവാക്കാന്‍ യുഎന്‍ ആയുധപരിശോധകരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കാമെന്ന് കത്തില്‍ പറഞ്ഞിരുന്നു. ഇറാഖിനെ ആക്രമിക്കരുതെന്ന് വത്തിക്കാന്‍ അമേരിക്കയോട് ആവശ്യപ്പെടുകയുമുണ്ടായി. എന്നാല്‍, ഇറാഖ് കീഴടക്കിയ അമേരിക്ക പ്രഖ്യാപിച്ച 55 പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ അസീസ് 43-ാംസ്ഥാനത്തായിരുന്നു. ഇതേത്തുടര്‍ന്ന് 2003 ഏപ്രിലില്‍ കീഴടങ്ങിയ അസീസ് പക്ഷേ, ഒരിക്കലും സദ്ദാമിനെ തള്ളിപ്പറയാന്‍ തയ്യാറായില്ല. അമേരിക്ക ഏറെ സമ്മര്‍ദം ചെലുത്തിയിട്ടും ഇപ്പോഴും അസീസ് 'പ്രസിഡന്റ്' എന്നാണ് സദ്ദാമിനെ വിശേഷിപ്പിക്കുന്നത്. സദ്ദാമിനെപോലെ ആത്മാഭിമാനം അടിയറവയ്ക്കാത്ത പോരാളിയാണ് അസീസ്. ഈയിടെയായി അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായിരുന്നു.

deshabhimani 271010

1 comment:

  1. സദ്ദാം ഹുസൈന്‍ സര്‍ക്കാരില്‍ വിദേശമന്ത്രിയായിരുന്ന താരിഖ് അസീസിന് ഇറാഖ് പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. അമേരിക്കന്‍ അധിനിവേശസേന ഇറാഖ് കീഴടക്കിയതിനെതുടര്‍ന്ന് 2003 ഏപ്രില്‍ 25 മുതല്‍ തടവില്‍ കഴിയുകയാണ് അസീസ്. സദ്ദാംഹുസൈന്‍ സര്‍ക്കാരിലെ പ്രമുഖരെ വിചാരണചെയ്യാന്‍ അമേരിക്കന്‍ സമ്മര്‍ദപ്രകാരം രൂപീകരിച്ച പ്രത്യേക കോടതിയാണ് ദീര്‍ഘകാലം ഇറാഖിന്റെ രാജ്യാന്തരമുഖമായിരുന്ന അസീസിന് വധശിക്ഷ പ്രഖ്യാപിച്ചത്്. ഷിയവിഭാഗം രാഷ്ട്രീയ പാര്‍ടികളുടെ നേതൃത്വത്തില്‍ 1990കളുടെ തുടക്കത്തില്‍ സദ്ദാംസര്‍ക്കാരിനെതിരെ ഉയര്‍ന്ന കലാപത്തെ അടിച്ചമര്‍ത്തിയെന്ന കേസിലാണ് ശിക്ഷ. എഴുപത്തിനാലുകാരനായ അസീസിന് അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്ന് കോടതിവക്താവ് പറഞ്ഞു. അപ്പീല്‍ പരിശോധിക്കാന്‍ 30 ദിവസംവരെ സമയം എടുക്കാം. കോടതി അപ്പീല്‍ തള്ളുന്നപക്ഷം 30 ദിവസത്തിനുശേഷം വധശിക്ഷ നടപ്പാക്കും. 1992ല്‍ ഇറാഖ് ഉപരോധം നേരിടവെ കൃത്രിമവിലക്കയറ്റം സൃഷ്ടിച്ച വ്യാപാരികളെ വധിക്കാന്‍ ഉത്തരവിട്ടെന്ന കേസില്‍ നേരത്തെ കോടതി അസീസിനെ 15 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.

    ReplyDelete