Thursday, October 28, 2010

കണ്ണില്ലേ ഇവര്‍ക്ക്?

എന്‍ഡോസള്‍ഫാന്‍ എന്ന മാരക ശക്തിയുള്ള കീടനാശിനി സൃഷ്ടിച്ച ദുരിതങ്ങള്‍ കേരളത്തില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടതാണ്. കാസര്‍കോട്ടെ കശുമാവിന്‍ തോട്ടങ്ങളിലാണ് എന്‍ഡോസള്‍ഫാന്‍ വ്യാപകമായി ഉപയോഗിച്ചിരുന്നത്. കീടനാശിനി ഉപയോഗിച്ച തോട്ടങ്ങളുടെ പരിസരപ്രദേശങ്ങളിലെ ജനങ്ങള്‍ മാറാരോഗങ്ങള്‍ക്കിരയായപ്പോഴാണ് എന്‍ഡോസള്‍ഫാന്റെ അപകടം ജനങ്ങള്‍ തിരിച്ചറിഞ്ഞത്. 1996 ലെ എല്‍ ഡി എഫ് ഗവണ്‍മെന്റ് എന്‍ഡോസള്‍ഫാന്‍ പ്രയോഗിക്കുന്നത് തടയുകയും ചെയ്തു. തുടര്‍ന്നുവന്ന യു ഡി എഫ് സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്റെ ഉപയോഗം നിരോധിക്കാന്‍ തയ്യാറായില്ല. കീടനാശിനി നിരോധിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണെന്ന വാദത്തിന്റെ മറപിടിച്ച് എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നതിന് പച്ചക്കൊടി കാണിക്കുകയായിരുന്നു യു ഡി എഫ് സര്‍ക്കാര്‍.

എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തിന്റെ ദുരന്ത കാഴ്ചകളാണ് കാസര്‍കോട്ടെ കശുമാവിന്‍ തോട്ടങ്ങളുടെ സമീപ ഗ്രാമങ്ങളില്‍ ദൃശ്യമായത്. പിറന്നുവീഴുന്ന കുഞ്ഞുങ്ങള്‍ മുതല്‍ വയോവൃദ്ധന്‍മാര്‍വരെ മാരകമായ രോഗങ്ങള്‍ക്കിരയായി. അംഗ വൈകല്യവും വളര്‍ച്ച മുരടിച്ചും ശ്വാസ തടസവും ജനങ്ങളുടെ കൂടപ്പിറപ്പായി. ഇരുനൂറിലധികം പേര്‍ മരണമടഞ്ഞു. ദുരന്തം സൃഷ്ടിക്കുന്ന എന്‍ഡോസള്‍ഫാന് എതിരെ ശക്തമായ ബഹുജന പ്രസ്ഥാനം വളര്‍ന്നുവന്നു. എന്‍ഡോസള്‍ഫാന്റെ ഉപയോഗം നിരോധിക്കുകയും ദുരന്ത ബാധിതരെ സഹായിക്കുകയും ചെയ്യുമെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു വേളയില്‍ ഇടതുജനാധിപത്യ മുന്നണി വാഗ്ദാനം ചെയ്തു. ഈ ഉറപ്പ് അക്ഷരാര്‍ഥത്തില്‍ പാലിക്കാന്‍ എല്‍ ഡി എഫ് സര്‍ക്കാരിനു കഴിഞ്ഞു. എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നതു നിരോധിച്ചു. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്കു സാമ്പത്തിക സഹായം നല്‍കി രോഗികളായവരുടെ ചികിത്സയ്ക്കു സംവിധാനം ഏര്‍പ്പെടുത്തി അവര്‍ക്ക് പെന്‍ഷന്‍ നല്‍കി, രോഗികളെ ശുശ്രൂഷിക്കുന്നവര്‍ക്കും സാമ്പത്തിക സഹായം ഉറപ്പാക്കി. കീടനാശിനി പ്രയോഗത്തിന്റെ ഫലമായി ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും ഇതുപോലെ ഒരു ഗവണ്‍മെന്റും നടപടി എടുത്തിട്ടില്ല.

എന്നാല്‍ മനുഷ്യ മനസ്സാക്ഷിയെ നടുക്കിയ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തോട് കേന്ദ്രത്തിലെ യു പി എ സര്‍ക്കാര്‍ മനുഷ്യത്വരഹിതമായ സമീപനമാണ് അവലംബിച്ചത്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രം നിരാകരിച്ചു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതില്ലെന്നും ചില വിളകള്‍ക്ക് അതിന്റെ പ്രയോഗം നല്ലതാണെന്നുമായിരുന്നു ലോക്‌സഭയില്‍ കൃഷി മന്ത്രി ശരത് പവാര്‍ പറഞ്ഞത്. ഈ നിലപാട് രാജ്യാന്തര വേദികളിലും സര്‍ക്കാര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് സ്റ്റോക്ക് ഹോം കണ്‍വന്‍ഷന്റെ ഭാഗമായി ജനീവയില്‍ നടന്ന യോഗത്തില്‍ എന്‍ഡോസള്‍ഫാന് അനുകൂലമായി ഇന്ത്യ വാദിച്ചത്. യോഗത്തില്‍ പങ്കെടുത്ത 29 രാജ്യങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന നിര്‍ദ്ദേശത്തെ എതിര്‍ത്ത ഏക രാജ്യം ഇന്ത്യയാണ്.

ജനങ്ങള്‍ നരകിച്ചാലും എന്‍ഡോസള്‍ഫാന്‍ ഉല്‍പാദിപ്പിക്കുന്ന കമ്പനിക്ക് ദോഷകരമായ നിലപാട് പാടില്ലെന്നാണ് ഇന്ത്യാ ഗവണ്‍മെന്റിന്റെ നിലപാട്. എന്‍ഡോസള്‍ഫാന്‍ ആദ്യം വ്യാവസായികമായി ഉല്‍പാദിപ്പിച്ചത് അമേരിക്കന്‍ കമ്പനിയായ ബയര്‍ ക്രോപ് സയന്‍സസാണ്. അമേരിക്കയില്‍ എന്‍ഡോസള്‍ഫാന്‍ വില്‍ക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ല. അമേരിക്ക ഉള്‍പ്പടെ അറുപതു രാജ്യങ്ങള്‍ ഇതിനകം എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടുണ്ട്. എന്നിട്ടും എന്‍ഡോസള്‍ഫാന്റെ അപകടം തിരിച്ചറിയാന്‍ കേന്ദ്രസര്‍ക്കാരിനു കഴിയുന്നില്ല. എന്‍ഡോസള്‍ഫാന്‍ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടില്ലെന്നാണ് കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി കെ വി തോമസ് കഴിഞ്ഞ ദിവസം പറഞ്ഞത്. എന്‍ഡോസള്‍ഫാനുവേണ്ടിയുള്ള പ്രചരണത്തിനു കെ വി തോമസ് തിരഞ്ഞെടുത്ത സ്ഥലം കാസര്‍കോടാണ്. എന്‍ഡോസള്‍ഫാന്‍ പ്രയോഗിച്ചതിന്റെ ഫലമായി മരണമടഞ്ഞവരുടെ ബന്ധുക്കളുടെയും നിത്യരോഗികളായി ദുരിതം തിന്നുകഴിയുന്നവരുടെയും നാട്ടില്‍ചെന്ന് ഇതു പറയാന്‍ കെ വി തോമസിനല്ലാതെ മറ്റാര്‍ക്കും കഴിയുമെന്നു തോന്നുന്നില്ല.

കാസര്‍കോട്ടെ ജനങ്ങളുടെ ദുരിതം കാണാന്‍ കണ്ണില്ലാത്ത കെ വി തോമസിനെ പോലുള്ളവര്‍ ഐക്യരാഷ്ട്രസഭയുടെ ശാസ്ത്ര സംഘത്തിന്റെ ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് എങ്കിലും ഒന്നു നോക്കുന്നത് നന്നാകും. എന്‍ഡോസള്‍ഫാന്‍ മനുഷ്യരുടെയും വന്യജീവികളുടെയും നാഡിവ്യൂഹത്തിന് തകരാറുണ്ടാക്കുമെന്നാണ് യു എന്‍ ശാസ്ത്ര സംഘം ചൂണ്ടിക്കാട്ടിയത് എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ യു പി എ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കാന്‍ ശക്തവും വിപുലവുമായ ജനകീയ പ്രസ്ഥാനം വളര്‍ത്തികൊണ്ടുവരേണ്ടതിന്റെ ആവശ്യകതയാണ്  കെ വി തോമസിന്റെ പ്രസ്താവന ഓര്‍മിപ്പിക്കുന്നത്. ജനങ്ങളുടെയും നാടിന്റെയും ദുരന്തങ്ങള്‍ കാണാന്‍ മനസ്സില്ലാത്ത കേന്ദ്ര ഭരണാധികാരികളുടെ കണ്ണുതുറപ്പിക്കാന്‍ അതുവഴി മാത്രമേ കഴിയൂ.

ജനയുഗം മുഖപ്രസംഗം 271010

1 comment:

  1. എന്‍ഡോസള്‍ഫാന്‍ എന്ന മാരക ശക്തിയുള്ള കീടനാശിനി സൃഷ്ടിച്ച ദുരിതങ്ങള്‍ കേരളത്തില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടതാണ്. കാസര്‍കോട്ടെ കശുമാവിന്‍ തോട്ടങ്ങളിലാണ് എന്‍ഡോസള്‍ഫാന്‍ വ്യാപകമായി ഉപയോഗിച്ചിരുന്നത്. കീടനാശിനി ഉപയോഗിച്ച തോട്ടങ്ങളുടെ പരിസരപ്രദേശങ്ങളിലെ ജനങ്ങള്‍ മാറാരോഗങ്ങള്‍ക്കിരയായപ്പോഴാണ് എന്‍ഡോസള്‍ഫാന്റെ അപകടം ജനങ്ങള്‍ തിരിച്ചറിഞ്ഞത്. 1996 ലെ എല്‍ ഡി എഫ് ഗവണ്‍മെന്റ് എന്‍ഡോസള്‍ഫാന്‍ പ്രയോഗിക്കുന്നത് തടയുകയും ചെയ്തു. തുടര്‍ന്നുവന്ന യു ഡി എഫ് സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്റെ ഉപയോഗം നിരോധിക്കാന്‍ തയ്യാറായില്ല. കീടനാശിനി നിരോധിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണെന്ന വാദത്തിന്റെ മറപിടിച്ച് എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നതിന് പച്ചക്കൊടി കാണിക്കുകയായിരുന്നു യു ഡി എഫ് സര്‍ക്കാര്‍.

    ReplyDelete