സമാധാനത്തിനുള്ള 2010ലെ നൊബേല്‍ സമ്മാനം ചൈനയില്‍ ക്രിമിനല്‍ കുറ്റത്തിന് തടവിലാക്കപ്പെട്ട ലിയൂ സിയാബേയ്ക്ക് നല്‍കാനുള്ള നോര്‍വേയിലെ നൊബേല്‍സമിതിയുടെ തീരുമാനം വ്യാപകമായ പ്രതിഷേധത്തിന് ഇടവരുത്തിയിരിക്കുന്നു. പാശ്ചാത്യമാധ്യമങ്ങളും വലതുപക്ഷ പിന്തിരിപ്പന്‍ ശക്തികളും നൊബേല്‍സമ്മാന ജേതാവിനെ പാടിപ്പുകഴ്ത്തുന്നത് സ്വാഭാവികംമാത്രം. 1901ല്‍ നൊബേല്‍ സമ്മാനം ഏര്‍പ്പെടുത്തിയതിനുശേഷം 98 വ്യക്തികള്‍ക്കും 23 സംഘടനകള്‍ക്കും സമ്മാനം ലഭിച്ചിട്ടുണ്ട്. സമ്മാനജേതാക്കളില്‍ ഹെന്റികിസിഞ്ചര്‍, ഇസ്രയേലി യുദ്ധക്കുറ്റവാളികളായ ഷിമോ പെരസ്, യിത്ഷാക് റാബിന്‍, മെനാച്ചോം ബെഗില്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. ദലൈ ലാമ, കോഫി അന്നന്‍, അല്‍ഗോര്‍ എന്നിവരും നൊബേല്‍ ജേതാക്കളാണ്. നൊബേല്‍ സമ്മാനം ലഭിച്ചവരില്‍ ബഹുഭൂരിപക്ഷംപേരും സാമ്രാജ്യത്വ അനുകൂലികളാണെന്നു കാണാം. കഴിഞ്ഞവര്‍ഷം അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയ്ക്കാണ് സമ്മാനം ലഭിച്ചത്. നൊബേല്‍ സമ്മാനം സാമ്രാജ്യത്വത്തിന്റെ ഒരു പ്രചാരണായുധമാണെന്ന വസ്തുത ഇതോടെ കൂടുതല്‍ വ്യക്തമായിരിക്കുന്നു.
ലോക ജനസംഖ്യയില്‍ അഞ്ചിലൊന്ന് നിവസിക്കുന്ന ചൈനയിലെ ഒരു വ്യക്തിക്ക് ആദ്യമായാണ് സമ്മാനം ലഭിക്കുന്നതെന്നതും അതാകട്ടെ ചൈനയിലെ നിയമാനുസൃതം അധികാരത്തിലിരിക്കുന്ന ഒരു സര്‍ക്കാരിനെ നിയമവിരുദ്ധമായി അട്ടിമറിക്കാന്‍ ഗൂഢാലോചനയില്‍ ഏര്‍പ്പെട്ട ഒരാള്‍ക്കാണെന്നതും നൊബേല്‍ സമ്മാനത്തിന്റെ ദുരുപയോഗം എത്രത്തോളമാണെന്ന് സംശയരഹിതമായി തെളിയിക്കുന്നതാണ്. ലിയൂ സിയാബേ മനുഷ്യാവകാശ പ്രവര്‍ത്തനത്തിന്റെ പേരിലാണ് 11 വര്‍ഷം ശിക്ഷ വിധിച്ച് തടവിലാക്കപ്പെട്ടതെന്നും മനുഷ്യാവകാശവും സമാധാനവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നുമാണ് സമ്മാനം നല്‍കാന്‍ തീരുമാനിച്ചവരുടെ ന്യായീകരണം. ലിയൂ അമേരിക്കയില്‍ വിദ്യാഭ്യാസം ലഭിച്ച ആളാണ്. 1989ല്‍ ചൈനയിലെ ടിയാനന്‍ ചത്വരത്തില്‍ അട്ടിമറിസമരം നടത്തിയവരില്‍ പ്രമുഖനാണ്. ചൈനയില്‍ പാശ്ചാത്യരീതിയിലുള്ള ജനാധിപത്യ ഭരണക്രമം സ്ഥാപിക്കാനാണ് വിദ്യാര്‍ഥികള്‍ ടിയാനന്‍ സ്ക്വയറില്‍ സത്യഗ്രഹം നടത്തിയതെന്നും സമാധാനപരമായി സത്യഗ്രഹം നടത്തിയവരെ പട്ടാളത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്തി എന്നുമായിരുന്നു വ്യാപകമായ പ്രചാരവേല കെട്ടഴിച്ചുവിട്ടത്. സോവിയറ്റ് യൂണിയനില്‍ സോഷ്യലിസത്തിന് തിരിച്ചടി നേരിട്ടതുപോലെ ചൈനയിലും അട്ടിമറി വിജയിക്കുമെന്നായിരുന്നു പിന്തിരിപ്പന്‍ശക്തികളുടെ കണക്കുകൂട്ടല്‍. എന്നാല്‍, മറിച്ചാണ് സംഭവിച്ചത്. വിദ്യാര്‍ഥികള്‍ സമാധാനപാലകരായ പട്ടാളക്കാരെ ആക്രമിക്കുകയായിരുന്നു. സമരം ചെയ്യുന്ന വിദ്യാര്‍ഥികളുടെ തോളില്‍ കൈയിട്ട് തികഞ്ഞ സൌഹൃദത്തോടെ വിദ്യാര്‍ഥികളോട് പെരുമാറിയ പട്ടാളക്കാരെയാണ് വിദ്യാര്‍ഥിസമരക്കാര്‍ ആക്രമിച്ചത്. ഒരു പട്ടാളക്കാരനെ ക്രൂരമായി വധിച്ച് മൃതദേഹം പാലത്തില്‍ കെട്ടിത്തൂക്കി. സഹികെട്ടതിനുശേഷമാണ് പട്ടാളക്കാര്‍ സമരക്കാരെ കൈകാര്യം ചെയ്തത്. അമേരിക്കയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വിദ്യാര്‍ഥികള്‍ അട്ടിമറിസമരം നടത്തിയത്. ജനകീയ ചൈനയില്‍ ഇരുമ്പുമറയുണ്ടെന്നും ഇരുമ്പുമറയ്ക്കുള്ളില്‍ തടവില്‍ കഴിയുന്ന ആളാണ് മനുഷ്യാവകാശ പ്രവര്‍ത്തകനായ ലിയൂ എന്നുമാണ് നൊബേല്‍ കമ്മിറ്റിക്കാരുടെ കണ്ടെത്തല്‍. അമേരിക്കന്‍ സാമ്രാജ്യത്വശക്തിക്ക് വെല്ലുവിളിയായി ഏതാനും വര്‍ഷത്തിനകം ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തിയായി വളരാന്‍ പോകുന്ന ചൈനയെ അപകീര്‍ത്തിപ്പെടുത്തുകയാണ് നൊബേല്‍ കമ്മിറ്റിയുടെ ലക്ഷ്യമെന്ന് വ്യക്തമാണ്.
ഏതാണ് മനുഷ്യാവകാശം എന്ന പ്രശ്നത്തിലേക്കാണ് ഈ നൊബേല്‍ സമ്മാനം വിരല്‍ ചൂണ്ടുന്നത്. ലോകത്തില്‍ ഏറ്റവും വലിയ മനുഷ്യാവകാശ സംരക്ഷകര്‍ അമേരിക്കയിലും അമേരിക്കയുടെ പാവയായ ഇസ്രയേലിലുമാണെന്നാണ് ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നത്. അവരാണുപോലും സമാധാനസംരക്ഷകരും മനുഷ്യാവകാശസംരക്ഷകരും. ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായ ഇറാഖില്‍ നിയമാനുസൃതം അധികാരത്തിലേറിയ സദ്ദാം ഹുസൈനെ സൈനികശക്തി പ്രയോഗിച്ച് തുറന്നയുദ്ധത്തിലൂടെ പിടികൂടി തടവില്‍ പാര്‍പ്പിച്ച് പരസ്യമായി തൂക്കിക്കൊന്നത് മനുഷ്യാവകാശസംരക്ഷണമാണത്രേ? ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റംബോംബ് പരീക്ഷണാര്‍ഥം വര്‍ഷിച്ച് ലക്ഷക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കിയത് മനുഷ്യാവകാശസംരക്ഷണമാണത്രേ?
കോംഗോയിലെ പ്രസിഡന്റായിരുന്ന പാട്രിസ് ലുമുംബയെ ആസൂത്രിതമായി വിമാനാപകടത്തില്‍ വകവരുത്തിയതും മനുഷ്യാവകാശസംരക്ഷണത്തിന്റെ ലക്ഷണമൊത്ത മാതൃകയാണുപോലും. ചിലിയിലെ ഭരണാധികാരി അലന്‍ഡെയെ വധിച്ചതും മറ്റൊരു ഉദാഹരണം. വിയത്നാമില്‍ നാപ്പാംബോംബ് ഉപയോഗിച്ച് വിഷവാതകം ചീറ്റി സ്ത്രീകളെയും കുട്ടികളെയും കൂട്ടക്കൊലയ്ക്ക് വിധേയമാക്കിയതും മനുഷ്യാവകാശസംരക്ഷണംതന്നെയാണുപോലും. ഇറാഖില്‍ ഉപരോധംമൂലം ഔഷധമോ പോഷകാഹാരമോ ലഭ്യമല്ലാതെ അഞ്ചുലക്ഷം കുട്ടികള്‍ പിടഞ്ഞുമരിക്കാനിടയാക്കിയ അമേരിക്കന്‍ ഐക്യനാടുകളിലെ ഭരണാധികാരികളുടെ നടപടിയും മനുഷ്യാവകാശ സംരക്ഷണത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കാം. അമേരിക്കന്‍ ജനതയില്‍ എട്ടിലൊന്നുപേര്‍ ദാരിദ്യ്രത്തിലും പട്ടിണിയിലും അകപ്പെട്ട് നരകിക്കുകയാണെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട്. അതാണ് മനുഷ്യാവകാശസംരക്ഷണത്തിന്റെ ഉത്തമമാതൃകയെന്നാണ് പാശ്ചാത്യമാധ്യമങ്ങളുടെ കാഴ്ചപ്പാട്.
ചൈനയിലോ? ചൈന സാമ്പത്തികവളര്‍ച്ച നേടുന്നത് ജനങ്ങളുടെ പട്ടിണിയും ദാരിദ്ര്യവും അകറ്റാനാണ്. എല്ലാ പൌരന്മാര്‍ക്കും ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം, വൈദ്യസഹായം എന്നീ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കാനാണ്. മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുന്ന വ്യവസ്ഥ ഇല്ലാതാക്കാനാണ്. ലോകസമാധാനത്തിനുവേണ്ടിയാണ് ചൈന നിലകൊള്ളുന്നത്. യുദ്ധം കുത്തിപ്പൊക്കി മാരകായുധങ്ങള്‍ വിറ്റഴിച്ച് ലാഭമുണ്ടാക്കലല്ല ചൈനയുടെ രീതി. മാര്‍ക്സിസം ലെനിനിസം അംഗീകരിച്ചുകൊണ്ട് മനുഷ്യരാശിയുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി അശ്രാന്തം പരിശ്രമിക്കുന്ന ഒരു രാഷ്ട്രത്തെ സ്വാര്‍ഥതാല്‍പ്പര്യം മുന്‍നിര്‍ത്തി വളഞ്ഞുവയ്ക്കാനും അട്ടിമറിക്കാനും പ്രോത്സാഹനം നല്‍കാന്‍ നൊബേല്‍ സമ്മാനം പ്രയോജനപ്പെടുത്തുന്നത് ആല്‍ഫ്രഡ് നൊബേലിനെയും നൊബേല്‍ സമ്മാനത്തിന് മഹത്വം കല്‍പ്പിക്കുന്നവരെയും അപമാനിക്കാനാണ്. രാഷ്ട്രീയലക്ഷ്യത്തിനുവേണ്ടിയുള്ള ഉപകരണമായി നൊബേല്‍ സമ്മാനം ദുരുപയോഗപ്പെടുത്തുന്നതിനെ സംസ്കാരമുള്ളവര്‍ അപലപിക്കേണ്ടതുണ്ട്.
ദേശാഭിമാനി മുഖപ്രസംഗം 161010
സമാധാനത്തിനുള്ള 2010ലെ നൊബേല്‍ സമ്മാനം ചൈനയില്‍ ക്രിമിനല്‍ കുറ്റത്തിന് തടവിലാക്കപ്പെട്ട ലിയൂ സിയാബേയ്ക്ക് നല്‍കാനുള്ള നോര്‍വേയിലെ നൊബേല്‍സമിതിയുടെ തീരുമാനം വ്യാപകമായ പ്രതിഷേധത്തിന് ഇടവരുത്തിയിരിക്കുന്നു. പാശ്ചാത്യമാധ്യമങ്ങളും വലതുപക്ഷ പിന്തിരിപ്പന്‍ ശക്തികളും നൊബേല്‍സമ്മാന ജേതാവിനെ പാടിപ്പുകഴ്ത്തുന്നത് സ്വാഭാവികംമാത്രം. 1901ല്‍ നൊബേല്‍ സമ്മാനം ഏര്‍പ്പെടുത്തിയതിനുശേഷം 98 വ്യക്തികള്‍ക്കും 23 സംഘടനകള്‍ക്കും സമ്മാനം ലഭിച്ചിട്ടുണ്ട്. സമ്മാനജേതാക്കളില്‍ ഹെന്റികിസിഞ്ചര്‍, ഇസ്രയേലി യുദ്ധക്കുറ്റവാളികളായ ഷിമോ പെരസ്, യിത്ഷാക് റാബിന്‍, മെനാച്ചോം ബെഗില്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. ദലൈ ലാമ, കോഫി അന്നന്‍, അല്‍ഗോര്‍ എന്നിവരും നൊബേല്‍ ജേതാക്കളാണ്. നൊബേല്‍ സമ്മാനം ലഭിച്ചവരില്‍ ബഹുഭൂരിപക്ഷംപേരും സാമ്രാജ്യത്വ അനുകൂലികളാണെന്നു കാണാം. കഴിഞ്ഞവര്‍ഷം അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയ്ക്കാണ് സമ്മാനം ലഭിച്ചത്. നൊബേല്‍ സമ്മാനം സാമ്രാജ്യത്വത്തിന്റെ ഒരു പ്രചാരണായുധമാണെന്ന വസ്തുത ഇതോടെ കൂടുതല്‍ വ്യക്തമായിരിക്കുന്നു.
ReplyDelete