തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിലെ ആദ്യഘട്ടം താരതമ്യേന സമാധാനപരമായാണ് അവസാനിച്ചത്. എന്നാല്‍, കണ്ണൂര്‍ ജില്ലയില്‍ ചില അക്രമസംഭവങ്ങളുണ്ടായി. ഉത്തരേന്ത്യന്‍ മാതൃകയില്‍ ബൂത്തുപിടിത്തം നടന്നു. യുഡിഎഫ്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ ബൂത്ത് കൈയേറുകയും ബാലറ്റ്പേപ്പറുകള്‍ നശിപ്പിക്കുകയും ചെയ്തതിനാല്‍ ഏഴു ബൂത്തില്‍ തെരഞ്ഞെടുപ്പ് കമീഷന് റീപോളിങ്ങിന് ഉത്തരവിടേണ്ടിവന്നു. നാലിടത്ത് ബിജെപിക്കാര്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വാശിയേറിയ തെരഞ്ഞെടുപ്പു നടക്കുമ്പോള്‍, ചില ചില വാക്കേറ്റങ്ങളും പ്രകോപനങ്ങളും ഉണ്ടാകാറുണ്ട്. അതിലുമുപരിയായി, വോട്ടെടുപ്പു സമയത്ത് ആര്‍എസ്എസുകാര്‍ ബോംബെറിഞ്ഞ് ഒരു പെണ്‍കുട്ടിയുടെ കാല്‍ തകര്‍ത്ത സംഭവം പത്തുവര്‍ഷം മുമ്പ് കണ്ണൂരിലെ ചെറുവാഞ്ചേരിയിലാണുണ്ടായത്. അത്തരം ചില പ്രത്യേക സംഭവങ്ങളൊഴിച്ചാല്‍ ബൂത്തുപിടിത്തം കേരളത്തില്‍ പതിവുള്ളതല്ല. ഇത്തവണ, കണ്ണൂര്‍ ജില്ലയില്‍ മുസ്ളിം ലീഗ്, ബിജെപി ശക്തികേന്ദ്രങ്ങളില്‍ എല്ലാം തികഞ്ഞ ബൂത്തുപിടിത്തമുണ്ടായി എന്നത് ഗൌരവമുള്ള സൂചനയാണ്. യുഡിഎഫിനുവേണ്ടി പുറത്തിറങ്ങുന്ന പത്രങ്ങള്‍ക്കുപോലും അക്രമത്തിന്റെ വാര്‍ത്തകള്‍ പൂര്‍ണമായി തമസ്കരിക്കാന്‍ കഴിഞ്ഞിട്ടില്ല.
പയ്യന്നൂര്‍ നഗരസഭയിലെ അന്നൂര്‍ സൌത്ത് വാര്‍ഡിലെ ഒരു ബൂത്ത്, പട്ടുവം പഞ്ചായത്തിലെ അരിയില്‍ ഈസ്റ്റ്, മാട്ടൂല്‍ പഞ്ചായത്തിലെ തങ്ങളെപള്ളിച്ചാല്‍ എന്നീ വാര്‍ഡുകളിലെ രണ്ടുവീതം ബൂത്ത്, ഇരിക്കൂര്‍ പഞ്ചായത്തിലെ നിലാമുറ്റം, തില്ലങ്കേരി പഞ്ചായത്തിലെ വഞ്ഞേരി വാര്‍ഡില്‍ ഒന്നാംബൂത്ത് എന്നിവിടങ്ങളിലാണ് റീപോളിങ് നടക്കുന്നത്.
അക്രമ രാഷ്ട്രീയത്തിന് കണ്ണൂര്‍ എന്നും സിപിഐ എം എന്നും സമവാക്യങ്ങള്‍ ചമയ്ക്കുന്നവര്‍ ശ്രദ്ധിക്കേണ്ട വിവരമാണിത്. ഇപ്പറഞ്ഞതില്‍ ഒന്നില്‍പോലും സിപിഐ എമ്മോ എല്‍ഡിഎഫിലെ ഇതര കക്ഷികളോ പ്രതിസ്ഥാനത്തല്ല.
തളിപ്പറമ്പ് പട്ടുവം ഏഴാം വാര്‍ഡിലെ അരിയില്‍ എല്‍പി സ്കൂളിലെ ഒന്നും രണ്ടും ബൂത്തില്‍ മുസ്ളിംലീഗുകാരാണ് ഉദ്യോഗസ്ഥരെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബാലറ്റ് പേപ്പറുകള്‍ തട്ടിയെടുത്ത് കീറി നശിപ്പിച്ചത്. പയ്യന്നൂര്‍ നഗരസഭയിലെ അന്നൂര്‍ സൌത്തില്‍ യുഡിഎഫ് ഏജന്റാണ് വോട്ടിങ് യന്ത്രം എറിഞ്ഞു തകര്‍ത്തത്. മാങ്ങാട്ടിടം പഞ്ചായത്തിലെ മെരുവമ്പായി വാര്‍ഡിലെ രണ്ടു ബൂത്ത് എസ്ഡിപിഐക്കാരാണ് എല്‍ഡിഎഫ് പ്രവര്‍ത്തകരെ അടിച്ചോടിച്ചശേഷം കൈയേറിയത്.
ചെറുകുന്ന് പഞ്ചായത്ത് 13-ാം വാര്‍ഡിലെ ബൂത്ത് പരിസരത്ത് യുഡിഎഫുകാര്‍ വനിതാ സ്ഥാനാര്‍ഥിയെ തല്ലിച്ചതച്ചു. മാട്ടൂല്‍ ഒലിയങ്കര മദ്രസയിലെ രണ്ടു ബൂത്തില്‍ ബാലറ്റ് പെട്ടിയും ബാലറ്റ് പേപ്പറുകളും തട്ടിയെടുത്ത് നശിപ്പിച്ചത് ലീഗാണ്. തില്ലങ്കേരിയില്‍ വഞ്ഞേരി വാര്‍ഡിലെ ഒന്നാംബൂത്തില്‍ ക്യൂ നില്‍ക്കുന്ന വോട്ടര്‍മാരെ വെട്ടി പരിക്കേല്‍പ്പിച്ചശേഷം ലീഗുകാര്‍ ബാലറ്റ്പെട്ടി പുറത്തെടുത്ത് നശിപ്പിച്ചു.
വളരെ പ്രകടമായിത്തന്നെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പക്രമം നടത്തിയത്. റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് സംശയമില്ലാതെ പറയാന്‍ കഴിഞ്ഞിട്ടുണ്ട്, അക്രമികള്‍ യുഡിഎഫുകാരാണെന്ന്. ആസൂത്രിതമായിരുന്നു ഈ അക്രമങ്ങളെന്ന് തെളിയിക്കുന്ന നിരവധി സൂചനകള്‍ വന്നുകഴിഞ്ഞു. വോട്ടെടുപ്പു ഘട്ടംവരെ മൌനിയായിരുന്ന കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ സുധാകരന്‍ അവസാന നിമിഷം രംഗത്തുവന്ന് കണ്ണൂരില്‍ കള്ളവോട്ട് നടക്കും എന്ന് ആക്ഷേപമുന്നയിച്ചു. അതിനു പിന്നാലെ കേന്ദ്ര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ 'സംസ്ഥാനത്തൊരിടത്തും നിര്‍ഭയം വോട്ട്ചെയ്യാനുള്ള സാഹചര്യമില്ലെന്ന' പ്രഖ്യാപനം നടത്തി. കണ്ണൂര്‍ ജില്ലയിലും കോഴിക്കോട്ടെ ഒഞ്ചിയം ഉള്‍പ്പെടുന്ന ചില മേഖലകളിലും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് തനിക്ക് റിപ്പോര്‍ട്ട് ലഭിച്ചിരുന്നുവെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്.
കേരളത്തിലെ ജനങ്ങള്‍ നിര്‍ഭയം പോളിങ് ബൂത്തിലേക്ക് കടന്നുചെന്നതും പോളിങ് കുതിച്ചുയര്‍ന്നതും മുല്ലപ്പള്ളിക്കുള്ള മറുപടിയായി എന്നത് ഒരുകാര്യം. അതിനുമപ്പുറം, പ്രശ്ന സാധ്യതാ മുന്നറിയിപ്പ് തനിക്ക് ആരില്‍നിന്ന് ലഭിച്ചു, അത് ആര്‍ക്ക് കൈമാറി എന്ന് വിശദീകരിക്കാനുള്ള ബാധ്യത മുല്ലപ്പള്ളിക്കുണ്ട്. കേന്ദ്രസേനയെ അയക്കണമെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി തന്നോട് നേരത്തെതന്നെ പറഞ്ഞിരുന്നു എന്നാണ് മുല്ലപ്പള്ളി വീണ്ടും വിശദീകരിച്ചത്. വയലാര്‍ രവിയും സുധാകരനും മുല്ലപ്പള്ളിയുമാണ് ആ നിലയ്ക്ക് കണ്ണൂരില്‍ അക്രമമുണ്ടാകുമെന്ന് നേരത്തെ അറിഞ്ഞത്. അക്രമം നടത്തിയത് യുഡിഎഫുകാരും ബിജെപിക്കാരുമാണ്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയല്ലാതെ മറ്റെന്താണിത്?
കണ്ണൂര്‍ ജില്ലയിലെ ജനവിധി തങ്ങള്‍ക്കെതിരാകും എന്ന ഭീതിയുണ്ടാകുമ്പോഴാണ് 'കള്ളവോട്ട്', 'അക്രമം' തുടങ്ങിയ മുറവിളികളുമായി യുഡിഎഫ് രംഗത്തുവരാറുള്ളത്. കണ്ണൂരില്‍ അക്രമം നടക്കും എന്ന് വിലപിച്ചുകൊണ്ടാണ് 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വോട്ടെടുപ്പ് ഏറ്റവും അവസാനത്തേക്ക് മാറ്റിയത്. യുഡിഎഫ് സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ സകല സന്നാഹങ്ങളുമായാണ് അന്ന് തെരഞ്ഞെടുപ്പ് നടന്നത്. വിജയം എല്‍ഡിഎഫിനായിരുന്നു. അഴീക്കോട്, കൂത്തുപറമ്പ് ഉപതെരഞ്ഞെടുപ്പുകളിലും വോട്ടര്‍മാരേക്കാള്‍ പൊലീസിനെയും കേന്ദ്ര സേനയെയും വിന്യസിച്ചു. റെക്കോഡ് ജയം നേടിയത് എല്‍ഡിഎഫ്. പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ കെ സുധാകരനും വടകരയില്‍ മുല്ലപ്പള്ളിയുമാണ് ജയിച്ചത്. അന്നെന്തേ നാട്ടില്‍ കള്ളവോട്ടുണ്ടായിരുന്നില്ലേ? തങ്ങള്‍ക്കെതിരായ ജനവിധി വന്നാല്‍ കള്ളവോട്ട്; അനുകൂലമായി വന്നാല്‍ ജനാധിപത്യം-ഇതാണ് യുഡിഎഫിന്റെ സിദ്ധാന്തം.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ അപ്രതീക്ഷിത മേല്‍ക്കൈ കണ്ണൂരില്‍ കൈവിട്ടുപോകുന്നതിന്റെ വെപ്രാളമാണ് അക്രമത്തിലേക്കു നീങ്ങാന്‍ യുഡിഎഫിനെ പ്രേരിപ്പിച്ചത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍, കണ്ണൂരിലെ ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്താനുള്ള മുന്ത്യടവും ഈ ഗൂഢാലോചനയില്‍ തെളിഞ്ഞുകാണാം.
ബൂത്തുപിടിത്തമടക്കമുള്ള തെരഞ്ഞെടുപ്പക്രമങ്ങള്‍ക്കെതിരെ ബന്ധപ്പെട്ടവര്‍ ശക്തമായ നടപടി സ്വീകരിക്കണം. ഉന്നത തലത്തില്‍ നടന്ന ഗൂഢാലോചന ജനാധിപത്യത്തിനുതന്നെ തീരാക്കളങ്കമാണ് എന്ന് മനസിലാക്കാന്‍ യുഡിഎഫിനു പിന്നില്‍ അണിനിരന്ന ശുദ്ധാത്മാക്കള്‍ക്കും കഴിയണം.
കേന്ദ്രമന്ത്രി കോണ്‍ഗ്രസ് ബ്ളോക്കുപ്രസിഡന്റിന്റെ നിലവാരത്തിലേക്ക് താണതുമാത്രമല്ല, തെരഞ്ഞെടുപ്പക്രമത്തിന് ആഹ്വാനംചെയ്തു എന്ന അതീവ ഗൌരവമുള്ള പ്രശ്നവും ഇവിടെ ഉയരുന്നുണ്ട്. അക്രമത്തിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും പഴി ഇടതുപക്ഷത്തില്‍ ചാരാനുമുള്ള യുഡിഎഫിന്റെ തന്ത്രം ഇവിടെ വിജയിച്ചിട്ടില്ല. വോട്ടര്‍മാരുടെയും തെരഞ്ഞെടുപ്പധികൃതരുടെയും നേട്ടമാണത്. എന്നാല്‍, കണ്ണൂരിലെ അക്രമം യുഡിഎഫ് അവസാനിപ്പിക്കുമെന്ന് കരുതാനാകില്ല. അവശേഷിക്കുന്ന ഏഴുജില്ലകളിലെ വോട്ടെടുപ്പിനിടയിലും ഇത്തരം അനുഭവങ്ങളുണ്ടാകാം. അത് കരുതിയിരിക്കാനും അക്രമികളെ കര്‍ക്കശമായി കൈകാര്യം ചെയ്യാനും ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാകണം. വോട്ടെടുപ്പ് അലങ്കോലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ അതീവ ജാഗ്രത പാലിക്കേണ്ടതുമുണ്ട്. നിര്‍ഭയമായി ബൂത്തിലേക്ക് കടന്നുചെന്ന് വോട്ടുചെയ്യാനുള്ള സ്ഥിതിയാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്ന് തെളിയിച്ചാണ് ഉല്‍ബുദ്ധരായ സമ്മതിദായകര്‍ യുഡിഎഫിന് മറുപടി പറയേണ്ടത്.
ദേശാഭിമാനി മുഖപ്രസംഗം 251010
കേന്ദ്രമന്ത്രി കോണ്‍ഗ്രസ് ബ്ളോക്കുപ്രസിഡന്റിന്റെ നിലവാരത്തിലേക്ക് താണതുമാത്രമല്ല, തെരഞ്ഞെടുപ്പക്രമത്തിന് ആഹ്വാനംചെയ്തു എന്ന അതീവ ഗൌരവമുള്ള പ്രശ്നവും ഇവിടെ ഉയരുന്നുണ്ട്. അക്രമത്തിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും പഴി ഇടതുപക്ഷത്തില്‍ ചാരാനുമുള്ള യുഡിഎഫിന്റെ തന്ത്രം ഇവിടെ വിജയിച്ചിട്ടില്ല. വോട്ടര്‍മാരുടെയും തെരഞ്ഞെടുപ്പധികൃതരുടെയും നേട്ടമാണത്. എന്നാല്‍, കണ്ണൂരിലെ അക്രമം യുഡിഎഫ് അവസാനിപ്പിക്കുമെന്ന് കരുതാനാകില്ല. അവശേഷിക്കുന്ന ഏഴുജില്ലകളിലെ വോട്ടെടുപ്പിനിടയിലും ഇത്തരം അനുഭവങ്ങളുണ്ടാകാം. അത് കരുതിയിരിക്കാനും അക്രമികളെ കര്‍ക്കശമായി കൈകാര്യം ചെയ്യാനും ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാകണം. വോട്ടെടുപ്പ് അലങ്കോലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ അതീവ ജാഗ്രത പാലിക്കേണ്ടതുമുണ്ട്. നിര്‍ഭയമായി ബൂത്തിലേക്ക് കടന്നുചെന്ന് വോട്ടുചെയ്യാനുള്ള സ്ഥിതിയാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്ന് തെളിയിച്ചാണ് ഉല്‍ബുദ്ധരായ സമ്മതിദായകര്‍ യുഡിഎഫിന് മറുപടി പറയേണ്ടത്.
ReplyDelete