ഇതിഹാസോജ്ജ്വലമായ പുന്നപ്ര - വയലാര്‍ സമരത്തിന്റെ അറുപത്തിനാലാണ്ട് പിന്നിടുകയാണ്. ധീരവും തീക്ഷ്ണവുമായ ആ പോരാട്ടം, തൊഴിലാളിവര്‍ഗം സാമ്രാജ്യത്വത്തിനെതിരെ നടത്തിയ രാഷ്ട്രീയ സമരം കൂടിയായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ അന്ത്യഘട്ടത്തില്‍ ബ്രിട്ടീഷ് ഭരണാധികാരികളെയും തിരുവിതാംകൂര്‍ ദിവാന്‍ സി പി രാമസ്വാമി അയ്യരെയും കിടിലംകൊള്ളിച്ച ഈ സായുധപോരാട്ടം കൊണ്ട് അടിമത്തം അവസാനിപ്പിക്കാനും പിറന്ന നാടിന്റെ മോചനം യാഥാര്‍ത്ഥ്യമാക്കാനുമായി; ഇന്ത്യയുടെ സമുദ്രാതിര്‍ത്തിയോട് ചേര്‍ന്ന് തെക്കു പടിഞ്ഞാറായി കിടക്കുന്ന തിരുവിതാംകൂറിനെ വേര്‍പെടുത്തി ബ്രിട്ടന്റെ കോളനിയാക്കി നിലനിര്‍ത്താനുള്ള ഗൂഢാലോചനയെ തകര്‍ക്കാനും കഴിഞ്ഞു. 1946 ഒക്ടോബറില്‍ അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലെ തൊഴിലാളികള്‍ സംഘടിതരായി കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ നടത്തിയ ചോര ചിന്തിയ പോരാട്ടത്തില്‍ ജീവത്യാഗം ചെയ്ത പരശതം ത്യാഗധനരെയും ഈ ഘട്ടത്തില്‍ ഓര്‍ക്കുന്നു.
ഇന്ത്യയിലെ അറുനൂറോളം നാട്ടുരാജ്യങ്ങള്‍ക്ക് എവിടെയും ചേരാമെന്ന വ്യവസ്ഥ കരുപ്പിടിപ്പിച്ച, രാജ്യത്തെയും ജനങ്ങളെയും ശിഥിലമാക്കുന്ന സാമ്രാജ്യത്വ ഗൂഢാലോചന തകര്‍ത്തില്ലായിരുന്നെങ്കില്‍ ഇപ്പോഴും നാം ബ്രിട്ടന്റെയോ, അവര്‍ അധികാരം കൈമാറുന്ന അമേരിക്ക ഉള്‍പ്പെടെയുള്ള സാമ്രാജ്യത്വശക്തികളുടെയോ കോളനിയായി കഴിയേണ്ടിവരുമായിരുന്നു. ഇന്ത്യയുടെ ചരിത്രഗതിയെ തിരിച്ചുവിട്ട രാഷ്ട്രീയസമരമായി പുന്നപ്ര - വയലാര്‍ ചരിത്രത്തില്‍ ഇടം തേടിയത് അങ്ങനെയാണ്.
തിരുവിതാംകൂറിലെ അമ്പതിലേറെ ട്രേഡ് യൂണിയനുകളുടെ കേന്ദ്ര സംഘടനയായിരുന്ന അഖില തിരുവിതാംകൂര്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് (എടിടിയുസി) യോഗം ചേര്‍ന്ന് സംയുക്ത ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. 27 അടിയന്തരാവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രക്ഷോഭം. രാജവാഴ്ചയും ദിവാന്‍ഭരണവും അവസാനിപ്പിക്കുക, അമേരിക്കന്‍ മോഡല്‍ ഭരണപരിഷ്കാരം അറബിക്കടലില്‍ തള്ളുക, പ്രായപൂര്‍ത്തി വോട്ടവകാശം അനുവദിക്കുക, ഉത്തരവാദഭരണം ഏര്‍പ്പെടുത്തുക എന്നിങ്ങനെ രാഷ്ട്രീയ ആവശ്യവും, തൊഴിലും തൊഴിലവകാശങ്ങളും തൊഴിലാളികളുടെ ക്ഷേമപ്രശ്നങ്ങളും ഉള്‍പ്പെടെ മറ്റ് സാമ്പത്തിക പ്രശ്നങ്ങളും ഉന്നയിച്ചിരുന്നു. ആക്ഷന്‍ കൌണ്‍സില്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. തൊഴിലാളികളുടെ ട്രേഡ് കൌണ്‍സിലുകള്‍ നാട്ടില്‍ വ്യാപകമായി രൂപീകരിച്ചു. കരിനിയമങ്ങളെയും പോലീസിന്റെ കിരാതവാഴ്ചയെയും ഗുണ്ടാ ആക്രമണത്തെയും നേരിടാന്‍ കായികമായ ചെറുത്തുനില്‍പിനും പരിശീലനം നല്‍കി. തൊഴിലാളികള്‍ മാത്രമല്ല, ഇതരവിഭാഗം ജനങ്ങളും തൊഴിലാളി ക്യാമ്പുകളില്‍ കേന്ദ്രീകരിച്ചു. നാട്ടില്‍ തേര്‍വാഴ്ച നടത്തുന്ന പോലീസിന്റെയും ഗുണ്ടകളുടെയും കടന്നാക്രമണങ്ങളില്‍നിന്നും അഭയം തേടി സമര ക്യാമ്പുകളിലെത്തിയവരും അനവധി. നാടിന്റെ എല്ലാ ചലനങ്ങളും നിയന്ത്രിക്കുന്ന സിരാകേന്ദ്രമായി തൊഴിലാളികളുടെ ട്രേഡ് കൌണ്‍സിലും പരിശീലന ക്യാമ്പുകളും മാറുകയായിരുന്നു.
ഉത്തരവാദ പ്രക്ഷോഭത്തിന്റെ ഭാഗമായി 1938 മുതല്‍ ആലപ്പുഴയിലെയും ചേര്‍ത്തലയിലെയും മാരാരിക്കുളത്തെയും തൊഴിലാളിവര്‍ഗം നടത്തിയ ദീര്‍ഘകാല പണിമുടക്കും ഇതര സമരമാര്‍ഗങ്ങളും ഇവിടത്തെ അധ്വാനിക്കുന്നവരെ അവകാശബോധമുള്ളവരാക്കി. അടിമത്ത സമാനമായ ബ്രിട്ടീഷ് ഭരണവും രാജവാഴ്ചയും അവസാനിപ്പിക്കാതെ തങ്ങളുടെ യഥാര്‍ത്ഥ മോചനം സാധ്യമാകില്ലെന്ന രാഷ്ട്രീയ തിരിച്ചറിവാണ് ഈ കൂട്ടായ്മക്കും പോരാട്ടത്തിനും അവരെ പ്രാപ്തരാക്കിയത്. ഒരു പതിറ്റാണ്ടോളം നീണ്ട ദീര്‍ഘകാല പ്രക്ഷോഭങ്ങളുടെയും ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനങ്ങളുടെയും നേര്‍ക്കാഴ്ച നാടിന്റെ സമസ്ത മേഖലകളെയും തൊട്ടുണര്‍ത്തി. സ്വാതന്ത്ര്യത്തിനായി ദാഹിച്ച ജനങ്ങളുടെ ശക്തമായ പോരാട്ടമായും പുന്നപ്ര - വയലാറിനെ കാണേണ്ടതുണ്ട്. ഇത് ദിവാനെയും ബ്രിട്ടീഷ് ഭരണാധികാരികളെയും വിറകൊള്ളിച്ചു. അവര്‍ പരക്കം പാഞ്ഞു. പണിമുടക്കും മറ്റ് പ്രക്ഷോഭ മാര്‍ഗങ്ങളും അടിച്ചമര്‍ത്തുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് അവര്‍ കരുക്കള്‍ നീക്കിയത്. എന്നാലും അനുനയത്തിന്റെ കപടമുഖം അണിഞ്ഞ് അനുരഞ്ജന ചര്‍ച്ചയ്ക്കും അവര്‍ തയ്യാറായി. മൂന്നുനാലുഘട്ടങ്ങളില്‍ ആക്ഷന്‍ കൌണ്‍സില്‍ നേതാക്കളുമായി തലസ്ഥാനത്ത് ചര്‍ച്ച നടത്തി.
സ്റ്റേറ്റ് കോണ്‍ഗ്രസ്സ് ഈ സമരത്തില്‍ ഒപ്പം നില്‍ക്കാമെന്നു പറഞ്ഞെങ്കിലും പിന്നീട് അവര്‍ കാലുമാറി. കമ്യൂണിസ്റ്റ് പാര്‍ടിയുടെയും എടിടിയുസിയുടെയും പ്രതിനിധികളോടൊപ്പം ആദ്യഘട്ട ചര്‍ച്ചയ്ക്കു വന്നവര്‍ പിന്മാറിയെന്നു മാത്രമല്ല, ഒറ്റുകാരുടെ കുപ്പായമണിഞ്ഞ് സമരക്യാമ്പുകള്‍ എവിടെയൊക്കെ എന്ന് ശത്രുവര്‍ഗത്തിന് കാട്ടിക്കൊടുക്കുകയുമുണ്ടായി. അപ്പോഴും നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നിലപാടിനെ അനുകൂലിച്ച് ഒരു വിഭാഗം സമരത്തോട് അനുഭാവം പ്രകടിപ്പിച്ചിരുന്നു. 'മാറ്റിവെയ്ക്കപ്പെട്ട വേതനം' എന്ന നിലയില്‍ ബോണസ് നാലുശതമാനം നല്‍കാമെന്നു ചര്‍ച്ചയില്‍ ദിവാന്‍ രാമസ്വാമി അയ്യര്‍ പറഞ്ഞു. "ഇത് കയര്‍ വ്യവസായത്തില്‍ നടപ്പാക്കാം. മറ്റ് വ്യവസായങ്ങളിലെ കാര്യം പിന്നീട് ചര്‍ച്ച ചെയ്യാം. ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ ഉറച്ച നിലപാട് എടുക്കാം. നിങ്ങള്‍ പ്രായോഗിക ബുദ്ധിയുള്ള നേതാക്കളല്ലേ? പുതിയ ഭരണഘടന രൂപീകരിച്ചുകൊണ്ടിരിക്കയാണ്. തൊഴിലാളി സംഘടനാ പ്രതിനിധികള്‍ക്കായി രണ്ടു സീറ്റ് മാറ്റിവെയ്ക്കാം''.
ചര്‍ച്ചയില്‍ പങ്കെടുത്ത ടി വി തോമസും എന്‍ ശ്രീകണ്ഠന്‍ നായരും ചോദിച്ചു: "അമേരിക്കന്‍ മോഡല്‍ ഭരണഘടന തന്നെയല്ലേ?'' ഈ ചോദ്യം സി പി രാമസ്വാമി അയ്യരെ ക്ഷുഭിതനാക്കി.
"എണ്ണായിരം പോലീസുകാരും നാലായിരം പട്ടാളക്കാരുമുള്ള ഭരണാധികാരിയായിട്ടാണ് ഞാന്‍ സംസാരിക്കുന്നത്''. തിരുവിതാംകൂറിന്റെ ആയുധശക്തി കാട്ടി ഭീഷണിപ്പെടുത്തിയ ദിവാന്റെ നിലപാടില്‍ പ്രതിഷേധിച്ച് നേതാക്കള്‍ ഇറങ്ങിപ്പോന്നു.
തിരുവിതാംകൂറിലെ രാഷ്ട്രീയ സാഹചര്യം കെ സി ജോര്‍ജ് കോഴിക്കോട്ടെത്തി, പി കൃഷ്ണപിള്ളയെയും ഇ എം എസിനെയും ധരിപ്പിച്ചു. തൊട്ടുപിന്നാലെ കെ വി പത്രോസും ആലപ്പുഴയിലെ സ്ഫോടനാത്മകമായ സ്ഥിതിഗതികള്‍ വിവരിക്കാന്‍ അവിടെ എത്തി. നയപരമായ പ്രശ്നം എന്ന നിലയില്‍ പാര്‍ടി ജനറല്‍ സെക്രട്ടറിയുമായി ബന്ധപ്പെട്ട ശേഷമാണ് ഇക്കാര്യത്തില്‍ ഉറച്ച നിലപാട് എടുത്തത്. ഇ എം എസ് ആലപ്പുഴ എത്തി. വേമ്പനാട്ട് കായലിനു നടുവില്‍ കെട്ടുവള്ളത്തിലെത്തിയ അദ്ദേഹം ടി വി തോമസ്, പി ടി പുന്നൂസ്, കെ വി പത്രോസ് എന്നിവരുമായി ചര്‍ച്ച നടത്തി. നാട്ടില്‍ വ്യാപകമായ പോലീസ് റോന്തുചുറ്റലും സംഘര്‍ഷാവസ്ഥയും കാരണമാണ് രഹസ്യമായ ഈ ചര്‍ച്ച നടുക്കായലില്‍ വേണ്ടിവന്നത്.
പുന്നപ്ര - വയലാര്‍ സമരത്തിന്റെ പ്രത്യേകത, അതിന്റെ സംഘടനാ മുന്നൊരുക്കങ്ങള്‍ ഏതാനും മാസം മുമ്പ് നടത്തിയിരുന്നു എന്നതാണ്. എല്ലാ അനുരഞ്ജന ചര്‍ച്ചയിലും 27 അടിയന്തരാവശ്യങ്ങളില്‍ നാലു കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് ഭരണാധികാരികളോട് ഉറച്ച സ്വരത്തില്‍ പറഞ്ഞിരുന്നു: "അമേരിക്കന്‍ മോഡല്‍ ഭരണപരിഷ്കാരം വേണ്ട. പ്രായപൂര്‍ത്തി വോട്ടവകാശവും ജനപ്രാതിനിധ്യ നിയമസഭയും ഉണ്ടാകണം. ദിവാന്‍ ഭരണം അവസാനിപ്പിക്കണം. ഉത്തരവാദഭരണം അനുവദിക്കണം''. ഇത് തള്ളിക്കളഞ്ഞാല്‍ സമരം തന്നെ എന്ന് നേതാക്കള്‍ പ്രഖ്യാപിച്ചു. തൊഴിലാളികളെ, ദിവാന്‍ വെച്ചു നീട്ടുന്ന ചില്ലറ സാമ്പത്തിക ആനുകൂല്യങ്ങളില്‍ തളച്ചിടാമെന്ന വ്യാമോഹം നടക്കില്ലെന്നായി. അങ്ങനെയാണ് പോരാട്ടത്തിന് തയ്യാറായത്.
1946 ഒക്ടോബര്‍ 22ന് അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലെ തൊഴിലാളികള്‍ പണിമുടക്കി. എല്ലായിടത്തും പ്രകടനങ്ങള്‍ വ്യാപകമായി. പിന്നീട് ഒരാഴ്ച നീണ്ട ചോര ചൊരിഞ്ഞ ആ പോരാട്ടം. നൂറുകണക്കിന് സഖാക്കളുടെ ജീവാര്‍പ്പണത്തോടെയാണ് താല്‍ക്കാലികമായി അവസാനിച്ചത്. ആദ്യത്തെ ഏറ്റുമുട്ടല്‍ ഒക്ടോബര്‍ 24ന് (തുലാം ഏഴിന്) പുന്നപ്രയിലായിരുന്നു. അവിടത്തെ പോലീസ് ക്യാമ്പിനെ ലക്ഷ്യംവെച്ച് ആയിരങ്ങളാണ് ചെങ്കൊടിയും വാരിക്കുന്തങ്ങളുമായി മാര്‍ച്ചു ചെയ്തത്. ഈ മേഖല ഉള്‍പ്പെട്ട ട്രേഡ് കൌണ്‍സില്‍ കണ്‍വീനര്‍ (കാര്യദര്‍ശി) ആയിരുന്ന ഞാന്‍ പ്രകടനത്തിന്റെ മുന്നിലുണ്ടായിരുന്നു. പോലീസ് ക്യാമ്പു കെട്ടിടത്തിന്റെ ഏതാനും വാര അകലെ പനച്ചുവട്ടില്‍ പ്രകടനം കേന്ദ്രീകരിച്ചു. ഉച്ചയ്ക്ക് രണ്ടുമണിക്കുതന്നെ വട്ടയില്‍ വാര്‍ഡിനു കീഴിലുള്ള കുതിരപ്പന്തി, വാടയ്ക്കല്‍, ആലിശേരി, വട്ടയില്‍ മേഖലയില്‍ നിന്നുള്ള ജാഥകള്‍ സംയുക്തമായി പുറപ്പെടുംമുമ്പ് ആവശ്യമായ നിര്‍ദ്ദേശം നല്‍കി. "പുന്നപ്ര പോലീസ് ക്യാമ്പിനു നേരെയാണ് നമ്മള്‍ നീങ്ങുന്നത്.ക്യാപ്റ്റന്‍ മൂന്നു തവണ വിസില്‍ അടിക്കും. മൂന്നാമത്തെ വിസില്‍ കേള്‍ക്കുമ്പോള്‍ എല്ലാവരും കമിഴ്ന്നുകിടന്ന് മുന്നോട്ട് നീങ്ങി ജനദ്രോഹികളായ പോലീസ്സേനയെ കുന്തംകൊണ്ട് നേരിടണം''. ഞാന്‍ ഇത്രയും പറഞ്ഞ ഉടന്‍ ജാഥ പുറപ്പെട്ടു. മൂന്നുമണിയോടെ പോലീസ് ക്യാമ്പിനു മുന്നില്‍ പനച്ചുവട്ടില്‍ എത്തി.
അവസാനമായി സമരസഖാക്കള്‍ക്ക് വേണ്ട നിര്‍ദ്ദേശവും ഞാന്‍ നല്‍കി. "സഖാക്കളേ, നമ്മള്‍ ഈ പടിഞ്ഞാറ് കാണുന്ന പോലീസ് ക്യാമ്പ് ആക്രമിക്കാന്‍ പോകയാണ്. നമ്മളില്‍ ഒരു തുള്ളി രക്തവും ഒരു തുണ്ടു മാംസവും ശേഷിക്കുംവരെ കിരാതനായ ദിവാന്‍ സി പിയുടെ കിങ്കരന്മാരുമായി ഏറ്റുമുട്ടണം. ഇത് ഒരു യുദ്ധം തന്നെയാണ്; നാടിന്റെ സ്വാതന്ത്ര്യം നേടാന്‍. ജനദ്രോഹഭരണം അവസാനിപ്പിക്കാന്‍. ഈ കൂട്ടത്തില്‍നിന്ന് ആരെങ്കിലും ഭീരുവെപ്പോലെ ഭയന്ന് ഓടിയാല്‍ അടുത്തുള്ള സഖാക്കള്‍ അയാളുടെ കുതികാല്‍ വെട്ടണം. നമ്മുടെ അമ്മ പെങ്ങന്മാരെ അപമാനിക്കുന്ന രാക്ഷസന്മാരെ വകവരുത്തണം. മരിക്കുന്നെങ്കില്‍ അന്തസ്സായി, അഭിമാനത്തോടെ നമുക്ക് ഒന്നിച്ചു മരിക്കാം. ലാല്‍സലാം സഖാക്കളേ''.
ഇത്രയും വാക്കുകള്‍ പറയും മുമ്പുതന്നെ എന്നെ വലയം ചെയ്തുനിന്ന സഖാക്കള്‍ ഏതു സാഹചര്യവും നേരിടാന്‍ തയ്യാറായിനിന്നു. ഇന്‍സ്പെക്ടര്‍ വേലായുധന്‍ നാടാരുടെ നേതൃത്വത്തിലുള്ള പോലീസ്സേന ബ്യൂഗിള്‍ മുഴക്കി. അപായ സൂചനയായി ബാനര്‍ ഉയര്‍ത്തി. പ്രകടനത്തില്‍ വന്നവര്‍ പിരിഞ്ഞുപോകാന്‍ ആജ്ഞ നല്‍കി.
"ഞങ്ങള്‍ പിരിഞ്ഞുപോകാന്‍ വന്നവരല്ല; നിങ്ങള്‍ക്കുവേണ്ടി കൂടിയാണ് ഈ സമരം. കാക്കി ഉപേക്ഷിച്ച് ഞങ്ങളോടൊപ്പം വരണം''. ഇതായിരുന്നു ജനക്കൂട്ടം ഇതിനു മറുപടിയായി വിളിച്ചു പറഞ്ഞത്. വെടിവെയ്ക്കാന്‍ ഇന്‍സ്പെക്ടര്‍ നിര്‍ദ്ദേശിച്ചു. പെട്ടെന്ന് പ്രകടനമായി ചെന്ന ആയിരങ്ങള്‍ ഭൂമിയോട് ചേര്‍ന്ന് കമിഴ്ന്നുകിടന്നു മുന്നോട്ടാഞ്ഞു. പോലീസുമായി മല്‍പ്പിടുത്തം. വെടിവെയ്പ് തുടര്‍ന്നു. ചാട്ടുളിപോലെ എറിഞ്ഞ വാരിക്കുന്തങ്ങളില്‍ ഒന്ന് ഇന്‍സ്പെക്ടര്‍ വേലായുധന്‍ നാടാരുടെ ദേഹത്ത് പതിച്ചു. ചോര ഒലിക്കുന്ന നിലയില്‍ നാടാര്‍ വേദനയില്‍ പുളഞ്ഞു. ഇതുകണ്ട് തെങ്ങുകയറ്റ തൊഴിലാളിയായ കുഞ്ഞുണ്ണി പകച്ചുനിന്നു. അയാളുടെ കയ്യില്‍ അരിവാള്‍ ഉണ്ടായിരുന്നു. 'വെട്ടടാ അവനെ....' എന്ന് ഞാന്‍ ഉറക്കെ വിളിച്ചു പറഞ്ഞു. പിന്നെയും സ്തംഭിച്ചുനിന്ന കുഞ്ഞുണ്ണിയെ, ഒരു അലര്‍ച്ചയോടെ അടിച്ചു. നിമിഷങ്ങള്‍ക്കകം കുഞ്ഞുണ്ണി ഇന്‍സ്പെക്ടര്‍ നാടാരെ വെട്ടിവീഴ്ത്തി. എന്റെ ഇടതുവശം തൊട്ടുരുമ്മി മുന്നോട്ടുനീങ്ങിയ കാക്കരിയില്‍ കരുണാകരന്‍ വെടിയേറ്റു മരിച്ചു. പലരുടെയും മൃതദേഹങ്ങള്‍ ചോര വാര്‍ന്ന നിലയില്‍ കാണപ്പെട്ടു. ക്യാമ്പു കെട്ടിടത്തിലേക്ക് ഇരച്ചുകയറിയ സമരഭടന്മാര്‍ മല്‍പ്പിടുത്തത്തിലൂടെ പോലീസിന്റെ കയ്യില്‍നിന്ന് തോക്കുകള്‍ പിടിച്ചുവാങ്ങി. പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കണ്ട പലരെയും പോലീസ് വീണ്ടും മര്‍ദ്ദിച്ചും വെടിവെച്ചും കൊന്നു. ഒട്ടാകെ 29 പേരാണ് ഇവിടെ മരിച്ചത്.
പോര്‍ട്ട് വര്‍ക്കേഴ്സ് യൂണിയന്‍ സെക്രട്ടറി ടി സി പത്മനാഭനും കാക്കരി കരുണാകരനൊപ്പം മരിച്ചു. പോലീസ് ക്യാമ്പ് കെട്ടിടത്തിന്റെ ഉടമ, അപ്രോണ്‍ അറൌജിന്റെ വികലാംഗനായ മകന്‍ തോക്കില്‍ തിര നിറച്ച് പോലീസിനു കൈമാറുന്നുണ്ടായിരുന്നു. വോളന്റിയര്‍മാരില്‍ ധീരമായി ചെറുത്തുനിന്ന ജോണ്‍കുട്ടി, ഒരു പോലീസുകാരനെ തോക്കോടെ ഉയര്‍ത്തി അടിച്ചു താഴെ ഇട്ടു. മൂന്നു പോലീസുകാര്‍ ഈ സമയം നിലംപതിച്ചിരുന്നു. തോക്കിനായുള്ള മല്‍പ്പിടുത്തത്തിനിടെ ബയണറ്റു കൊണ്ടും നിരവധി പേര്‍ക്ക് പരിക്കുപറ്റി. ചിതറി തെറിച്ച രക്തം ചൊരി മണലില്‍ തളംകെട്ടി. ഇന്‍സ്പെക്ടര്‍ നാടാരും എട്ടു പോലീസുകാരും ഇവിടെ മരിച്ചു.
പരിക്കേറ്റ സഖാക്കളെ തോളിലേറ്റിയും, രണ്ടുപേര്‍ വീതം താങ്ങിയെടുത്തും നാലുമണിയോടെ ഞങ്ങള്‍ സമരഭൂമിയില്‍നിന്ന് മടങ്ങി. ആലിശ്ശേരി രാഘവന്‍, ക്യാപ്റ്റന്‍ ചാക്കോ, സഖാവ് രാമന്‍കുട്ടി തുടങ്ങിയ ഏതാനും പേരെയാണ് ഇങ്ങനെ പരിക്കേറ്റ നിലയില്‍ കൊണ്ടുപോന്നത്. കാക്കരി കരുണാകരനടുത്തുണ്ടായിരുന്ന ഞാനും ക്യാപ്റ്റന്‍ പി കെ ദാമോദരനും വെടിയുണ്ടയില്‍നിന്ന് രക്ഷപ്പെട്ടത് അല്‍ഭുതമാണ്.
പോലീസുമായുള്ള മല്‍പ്പിടുത്തത്തിനിടെ പിടിച്ചെടുത്ത ഏഴു തോക്കുകള്‍ ഞങ്ങളുടെ പക്കലുണ്ടായിരുന്നു. ഇതില്‍ രണ്ടു തോക്കുകള്‍ ഒളോത്തറ കൃഷ്ണന്‍കുഞ്ഞിനെ ഏല്‍പിച്ചു. '303' റൈഫിളുകള്‍ ആയിരുന്നു ഞങ്ങള്‍ കൊണ്ടുപോന്നത്. അത് മറ്റ് സമരകേന്ദ്രങ്ങളിലേക്ക് കൈമാറുന്നതിനാണ് ഉദ്ദേശിച്ചത്. അത് സി എ ഭരതനെ ഏല്‍പിച്ചു - രഹസ്യ കേന്ദ്രത്തില്‍ സൂക്ഷിക്കാന്‍. പോലീസും പട്ടാളവും റോന്തുചുറ്റുന്ന പ്രത്യേക സാഹചര്യത്തില്‍ ഈ തോക്കുകള്‍ പള്ളാത്തുരുത്തി ആറ്റില്‍ കരിമ്പാ വളവില്‍ കൊണ്ടുപോയി താഴ്ത്തി. പണ്ട് വേലുത്തമ്പി ദളവ വെള്ളക്കാരെ കൊന്നു കെട്ടിതാഴ്ത്തിയതും കരിമ്പാ വളവിലായിരുന്നു. തോക്കു സൂക്ഷിച്ച വീടിനടുത്തുള്ള ആളില്‍നിന്ന് കിട്ടിയ സൂചന പ്രകാരം പിന്നീട് ആ തോക്കുകള്‍ ആറ്റില്‍നിന്ന് പോലീസ് കണ്ടെടുത്തു.
ഇന്‍സ്പെക്ടര്‍ വേലായുധന്‍നാടാരെ വധിച്ചതിനും പോലീസ് ക്യാമ്പ് ആക്രമിച്ചതിനും ചാര്‍ജു ചെയ്ത കേസില്‍ പി കെ ദാമോദരനെ വധശിക്ഷയ്ക്ക് വിധിച്ചു. പിന്നീട് അപ്പീലില്‍ ഹൈക്കോടതി വധശിക്ഷ ഒഴിവാക്കി; ഇരട്ട ജീവപര്യന്തമാക്കി. സഖാവിന് 'കൊലമരം ദാമോദരന്‍' എന്ന് വിളിപ്പേരുണ്ടായത് അങ്ങനെയാണ്. (ഒരു വ്യാഴവട്ട കാലത്തോളം ഒളിവില്‍ കഴിഞ്ഞ എന്നെ സമരാനന്തരം പോലീസിന് പിടിക്കാനായില്ല).
ഒക്ടോബര്‍ 25ന് കാട്ടൂരില്‍ വെടിവെയ്പില്‍ കാട്ടൂര്‍ ജോസഫ് രക്തസാക്ഷിയായി. ഒക്ടോബര്‍ 26ന് മാരാരിക്കുളത്ത് വെടിവെയ്പുണ്ടായി. ഇവിടെ ആറുപേരാണ് മരിച്ചുവീണത്. ചേര്‍ത്തലയിലേയ്ക്കും വയലാറിലേയ്ക്കും പട്ടാളത്തെയും പോലീസിനെയും കടത്തിവിടാതിരിക്കാന്‍ സമരവാളണ്ടിയര്‍മാര്‍ മാരാരിക്കുളത്തെ പാലം തകര്‍ത്തിരുന്നു. അവിടെ വീണ്ടും താല്‍കാലിക പാലം നിര്‍മ്മിച്ച് അങ്ങോട്ട് പട്ടാളവണ്ടികള്‍ ഓടിക്കാനുള്ള നീക്കത്തെ പാലം തകര്‍ത്ത് ചെറുക്കാനെത്തിയ ആയിരക്കണക്കായ തൊഴിലാളി ഭടന്മാര്‍ക്കുനേരെയായിരുന്നു ആക്രമണം.
ഒക്ടോബര്‍ 27നാണ് വയലാറില്‍ സമരഭടന്മാരുടെ ക്യാമ്പ് വളഞ്ഞ് വെടിവെയ്പ് നടത്തിയത്. ബോട്ടുകളില്‍ വന്നിറങ്ങിയ പട്ടാളക്കാരും സായുധ പോലീസും യന്ത്രത്തോക്കുകളാണ് ഉപയോഗിച്ചത്. ഒളതലയിലും മേനാശ്ശേരിയിലും അടുത്തടുത്ത സമയങ്ങളില്‍ ക്യാമ്പ് വളഞ്ഞ് വെടിവെച്ചു. നൂറുകണക്കിന് സഖാക്കള്‍ ഇവിടെ മൂന്നിടത്തുമായി രക്തസാക്ഷികളായി.
പുന്നപ്ര - വയലാര്‍ ചരിത്ര പുസ്തകത്തില്‍ സഖാവ് കെ സി ജോര്‍ജ്, സമരമുഖത്തുനിന്ന് കിട്ടിയ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഞാന്‍ കൂടുതല്‍ അതിലേയ്ക്ക് കടക്കുന്നില്ല. കൂടുതല്‍ എന്തെങ്കിലും എന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് വിവരിക്കുന്നത്, ഒരു കമ്യൂണിസ്റ്റുകാരന്‍ എന്ന നിലയില്‍ ശരിയല്ലെന്ന് വിനയാന്വിതനായി ഇവിടെ പറയട്ടെ! കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ നടന്നിട്ടുള്ള ഏതൊരു വര്‍ഗസമരവും ചരിത്രത്തിന്റെയും വളര്‍ച്ചയുടെയും ഈടുവെയ്പാണ്. ആ മുന്നേറ്റത്തിനും പോരാട്ടത്തിനും പിന്നില്‍ ജീവാര്‍പ്പണം ചെയ്ത ആയിരങ്ങളുണ്ട്; മര്‍ദ്ദനത്തിനും പീഡനത്തിനും വിധേയരായ പതിനായിരങ്ങളും. തടവറയില്‍ കഴിഞ്ഞ ആയിരങ്ങള്‍ വേറെയും. ഇവിടെ തെളിയുന്നത് കൂട്ടായ്മയുടെ വിജയവും ചരിത്രവുമാണ്. വ്യക്തികള്‍ അതിലെ കണ്ണികള്‍ മാത്രം. ജീവാര്‍പ്പണം ചെയ്ത എത്രയോ ആയിരങ്ങള്‍, ഇന്നത്തെ തലമുറയ്ക്ക് അറിയാത്തവരായുണ്ട്. ആ ത്യാഗധനര്‍ക്കുമുന്നില്‍ നമ്മള്‍ എത്രയോ ചെറിയവരാണെന്നോര്‍ക്കണം. ചരിത്രം സമൂഹസൃഷ്ടിയാണ്. ഓരോരുത്തരുടെയും പ്രവര്‍ത്തനവും ത്യാഗോജ്വലമായ ജീവിതവും ഒക്കെ ജനങ്ങളാണ് വിലയിരുത്തുന്നത്.
പുന്നപ്ര സമരത്തിനുശേഷം എനിക്ക് നിരവധി വര്‍ഷം ഒളിവില്‍ പ്രവര്‍ത്തിക്കേണ്ടതായി വന്നു. കേസില്‍ പ്രധാന പ്രതിയാകുമെന്നും പോലീസ് പല ഭാഗത്തും അന്വേഷണം തുടങ്ങിയെന്നും വെടിവെയ്പ് നടന്ന അന്നു തന്നെ രാത്രിയില്‍ അറിയാനായി. പാര്‍ടി നിര്‍ദ്ദേശ പ്രകാരം ഞാന്‍ കോഴിക്കോട്ടെത്തി. അക്കാലത്ത് ദേശാഭിമാനി ഓഫീസ് ചാലപ്പുറത്തായിരുന്നു. അവിടെ ചെല്ലുമ്പോള്‍ സഖാവ് പി കൃഷ്ണപിള്ള ഉണ്ടായിരുന്നു. അടുത്തുള്ള പാര്‍ടി ഓഫീസിലേക്ക് ചെല്ലാന്‍ പറഞ്ഞിട്ട് അദ്ദേഹം അങ്ങോട്ടു നടന്നു; ഞാന്‍ പിന്നാലെയും.
എന്നെ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. പുന്നപ്രയിലുണ്ടായ സംഭവങ്ങള്‍ ഏറെക്കുറെ അറിഞ്ഞിരുന്ന അദ്ദേഹം, വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. പോലീസുകാരില്‍നിന്ന് പിടിച്ചെടുത്ത തോക്കുകള്‍ സൂക്ഷിച്ചിടത്തുനിന്ന് കൈവിട്ടുപോയതിന് ചുമതലപ്പെട്ട സഖാക്കളുടെ ശ്രദ്ധക്കുറവുകൂടി കാരണമായെന്ന് കൃഷ്ണപിള്ളയ്ക്ക് മനസ്സിലാക്കാനായി. എല്ലാം പറഞ്ഞുകഴിഞ്ഞപ്പോള്‍, സഖാവിന്റെ പ്രതികരണം എന്നില്‍ ആത്മവിശ്വാസം പകര്‍ന്നു.
"വേണ്ട, നിരാശപ്പെടേണ്ട. ശത്രുവര്‍ഗത്തോട് ഏറ്റുമുട്ടുമ്പോള്‍ പലതും സംഭവിക്കാം. എന്നാലും അവര്‍ക്കും കനത്ത പ്രഹരം ഏല്‍പിക്കാനായല്ലോ? യഥാര്‍ത്ഥത്തില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തോടാണ് ഏറ്റുമുട്ടുന്നതെന്ന ധാരണ നമുക്കുണ്ടാകണം. അവരുടെ പിണിയാളുകള്‍ മാത്രമാണ് തിരുവിതാംകൂറിലെ ഭരണാധികാരികള്‍. ഈ പ്രതിസന്ധിയൊക്കെ നമുക്ക് മുറിച്ചുകടക്കാനാകും. കൂടുതല്‍ കരുത്തോടെ അതിവേഗം നമുക്കു മുന്നേറാം...''.
സഖാവിന്റെ ഈ വാക്കുകള്‍ എപ്പോഴും ഓര്‍മ്മയില്‍ വരും. ദീര്‍ഘകാല ഒളിവുജീവിതത്തിലും, പിന്നീടുള്ള പ്രതിസന്ധി ഘട്ടങ്ങളിലും ഏറെ ക്ളേശങ്ങള്‍ സഹിക്കേണ്ടിവന്നിട്ടും കൃഷ്ണപിള്ളയുടെ ഉപദേശവും അദ്ദേഹത്തിന്റെ ഒളിവുജീവിത നിഷ്ഠയും എനിക്ക് പ്രചോദനമായി. ഒമ്പതുമാസത്തോളം അവിടെ പല ഭാഗങ്ങളിലായി ഒളിവില്‍ പ്രവര്‍ത്തിച്ചു. 1947 ജൂലൈ ആദ്യം പാര്‍ടി നേതാക്കളായ പി ടി പുന്നൂസ്, സി എസ് ഗോപാലപിള്ള, എ കെ തമ്പി എന്നിവര്‍ കോഴിക്കോട്ടെത്തി കൃഷ്ണപിള്ളയെ കണ്ടു. പി ടി പുന്നൂസ് ജയില്‍മോചിതനായ ശേഷമായിരുന്നു അത്.
സ്വാതന്ത്ര്യ പ്രഖ്യാപനത്തിനുള്ള കൂടിയാലോചനകള്‍ ധൃതഗതിയില്‍ നടക്കുമ്പോഴും ദിവാന്‍ രാമസ്വാമി അയ്യരുടെ നേതൃത്വത്തില്‍ തിരുവിതാംകൂറിനെ വിഘടിപ്പിച്ചു നിര്‍ത്താനുള്ള കരുക്കള്‍ നീക്കുകയാണെന്ന് നേതാക്കള്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ പുന്നപ്ര - വയലാര്‍ പോലെ മറ്റൊരു ചെറുത്തുനില്‍പ്പ് സമരത്തിന് തയ്യാറെടുക്കാനുള്ള ധാരണയായി. ഈ വിവരം ഇ എം എസിനെ അറിയിക്കാന്‍ പ്രത്യേക ഏര്‍പ്പാടുണ്ടാക്കി. അദ്ദേഹം ഒളിവിലുള്ള സ്ഥലത്തേക്ക് ദൂതനെ അയച്ചു.
മധ്യതിരുവിതാംകൂറിന്റെ ആസ്ഥാനമെന്ന നിലയില്‍ തിരുവല്ലയില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാന്‍ സഖാവ് കൃഷ്ണപിള്ള ഈ സമയം എന്നോട് നിര്‍ദ്ദേശിച്ചു. പുന്നൂസും, സി എസും, തമ്പിയുമായി സഖാവ് നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് ഈ തീരുമാനം എന്നെ അറിയിച്ചത്. തീവണ്ടിയില്‍ ഞങ്ങള്‍ നാലുപേരും പുറപ്പെട്ടു. ഗോപാലപിള്ളയും തമ്പിയും കോട്ടയത്ത് ഇറങ്ങി. പുന്നൂസും ഞാനും തിരുവല്ലയിലെത്തി. തിരുവല്ല താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടു. ഇതിനിടെ ജൂലൈ 25ന് (സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ ഇരുപത് ദിവസം മുമ്പ്) ദിവാന്‍ സി പി രാമസ്വാമി അയ്യര്‍ക്ക് വെട്ടേറ്റു. തിരുവനന്തപുരത്ത് സ്വാതിതിരുനാള്‍ സംഗീത അക്കാദമി വാര്‍ഷിക വേളയിലാണതുണ്ടായത്. രാമസ്വാമി ഇതോടെ നാടുവിട്ടു. സ്വാതന്ത്ര്യ പ്രഖ്യാപനത്തില്‍ തിരുവിതാംകൂര്‍ രാജാവും ഒപ്പുവെച്ചു. പിന്നീട് ഒരു വര്‍ഷത്തിനുശേഷം വീണ്ടും കമ്യൂണിസ്റ്റ് പാര്‍ടിക്കുമേല്‍ നിരോധനം ഏര്‍പ്പെടുത്തി. ഒളിവുജീവിതം ഇവിടെ തന്നെ തുടരേണ്ടതായിവന്നു; പ്രവര്‍ത്തനവും.
പുന്നപ്ര - വയലാര്‍ സമരത്തിന്റെ 64-ാം വാര്‍ഷികാചരണം നടക്കുന്ന ഈ വേളയില്‍ അന്താരാഷ്ട്ര, ദേശീയ സ്ഥിതിഗതികളില്‍ ഏറെ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. ഇന്ത്യയില്‍ ശതകോടീശ്വരന്മാരുടെ എണ്ണം 57 ആയി ഉയര്‍ന്നു. ആണവ റിയാക്ടര്‍ സ്ഥാപിക്കുന്നതിന് ഉപകരാര്‍ കിട്ടുമെന്ന പ്രതീക്ഷയില്‍ ഈ ശതകോടീശ്വരന്മാര്‍ കേന്ദ്ര ഗവണ്‍മെന്റില്‍ ശക്തിയായ സമ്മര്‍ദ്ദം ചെലുത്തുകയാണ്. ആഗോളവല്‍ക്കരണ, ഉദാരവല്‍ക്കരണ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി, മാര്‍ക്സിസം - ലെനിനിസം പഴഞ്ചനാണെന്നും നിലനില്‍പ്പില്ലെന്നും ശക്തമായ പ്രചാരവേല ലോകത്താകെ നടന്നിരുന്നു. എന്നാല്‍ മാര്‍ക്സിസ്റ്റ് ആചാര്യന്മാര്‍ ചൂണ്ടിക്കാണിച്ചപോലെ ലോക മുതലാളിത്തം ഭീകരമായ സാമ്പത്തിക തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. പുതിയ മുദ്രാവാക്യങ്ങളുടെ ഉപജ്ഞാതാക്കളും പ്രചാരകരും അമേരിക്കയിലെ കടുത്ത സാമ്പത്തിക കുഴപ്പത്തിന്റെ ഭാഗമായി പരിഭ്രാന്തിയിലാണ്. അനേകായിരം കോടി ഡോളര്‍ ചെലവാക്കിയിട്ടും തകര്‍ച്ചയ്ക്ക് പരിഹാരമാകുന്നില്ല. തൊഴിലില്ലായ്മ രൂക്ഷമാകുന്നു. ഒബാമ ഭരണകൂടത്തിന് പിടിച്ചുനില്‍ക്കാനാകുന്നില്ല. വിദേശത്തുനിന്നുള്ള സാങ്കേതിക വിദഗ്ദ്ധന്മാരുടെ വരവ് തടയാന്‍ വിസയ്ക്കുള്ള ഫീസ് അമിതമായി വര്‍ദ്ധിപ്പിച്ചു. അമേരിക്കയ്ക്ക് പുറത്തുള്ളവര്‍ക്ക് ഉപകരാര്‍ കൊടുക്കരുതെന്ന് നിര്‍ദ്ദേശിക്കുന്നു. അമേരിക്കയിലുള്ളവര്‍ക്ക് അവിടെ തൊഴില്‍ കിട്ടാന്‍ പര്യാപ്തമായ നിലയില്‍ പുറത്തേക്കുള്ള കരാറുകള്‍ തടയുകയാണ്.
ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ധനകാര്യമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജി തന്നെ പ്രതികരിക്കുന്ന സാഹചര്യത്തിലേക്ക് സ്ഥിതിഗതികള്‍ എത്തിയിരിക്കുന്നു. ഈ ഘട്ടത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരായ പോരാട്ടവും ശക്തിപ്പെടുത്താന്‍ പുന്നപ്ര - വയലാര്‍ സഖാക്കളുടെ സ്മരണ നമുക്ക് കരുത്ത് പകരും. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളെയും ചെറുക്കേണ്ടതുണ്ട്. വാരാചരണത്തില്‍ ഈ അടിയന്തര കടമ ഏറ്റെടുക്കുമെന്ന് പ്രതിജ്ഞയെടുക്കാം.
പി കെ ചന്ദ്രാനന്ദന്‍ ചിന്ത 291010
ഇതിഹാസോജ്ജ്വലമായ പുന്നപ്ര - വയലാര്‍ സമരത്തിന്റെ അറുപത്തിനാലാണ്ട് പിന്നിടുകയാണ്. ധീരവും തീക്ഷ്ണവുമായ ആ പോരാട്ടം, തൊഴിലാളിവര്‍ഗം സാമ്രാജ്യത്വത്തിനെതിരെ നടത്തിയ രാഷ്ട്രീയ സമരം കൂടിയായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ അന്ത്യഘട്ടത്തില്‍ ബ്രിട്ടീഷ് ഭരണാധികാരികളെയും തിരുവിതാംകൂര്‍ ദിവാന്‍ സി പി രാമസ്വാമി അയ്യരെയും കിടിലംകൊള്ളിച്ച ഈ സായുധപോരാട്ടം കൊണ്ട് അടിമത്തം അവസാനിപ്പിക്കാനും പിറന്ന നാടിന്റെ മോചനം യാഥാര്‍ത്ഥ്യമാക്കാനുമായി; ഇന്ത്യയുടെ സമുദ്രാതിര്‍ത്തിയോട് ചേര്‍ന്ന് തെക്കു പടിഞ്ഞാറായി കിടക്കുന്ന തിരുവിതാംകൂറിനെ വേര്‍പെടുത്തി ബ്രിട്ടന്റെ കോളനിയാക്കി നിലനിര്‍ത്താനുള്ള ഗൂഢാലോചനയെ തകര്‍ക്കാനും കഴിഞ്ഞു. 1946 ഒക്ടോബറില്‍ അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലെ തൊഴിലാളികള്‍ സംഘടിതരായി കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ നടത്തിയ ചോര ചിന്തിയ പോരാട്ടത്തില്‍ ജീവത്യാഗം ചെയ്ത പരശതം ത്യാഗധനരെയും ഈ ഘട്ടത്തില്‍ ഓര്‍ക്കുന്നു.
ReplyDeleteഈ മണ്ണ് ചുവപ്പിക്കാന്‍, ഇവിടെ പുളകം വിരിയിക്കാന്‍, ഇഞ്ചിഞ്ചായി മരിച്ചവരെ, ധീര രക്ത സാക്ഷികളെ... ഇല്ലാ നിങ്ങള്‍ മരിച്ചിട്ടില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ......
ReplyDelete