Tuesday, October 26, 2010

കനത്ത പോളിങ് മുല്ലപ്പള്ളിക്ക് മറുപടി

സമാധാനപരമായ രണ്ടാംഘട്ട വോട്ടെടുപ്പിലെ കനത്ത പോളിങ് കേരളം ബീഹാറിനേക്കാള്‍ ഭീകരമാണെന്ന കേന്ദ്രസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയ്ക്കെതിരെയുള്ള കേരള ജനതയുടെ മറുപടിയാണെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് ആറാം വാര്‍ഡ് കലവൂര്‍ തെക്ക് അഞ്ജലി വായനശാലയിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഐസക്.

ഉണ്ടെന്ന് പറയുന്ന തെളിവുകള്‍ ഹാജരാക്കാനായില്ലെങ്കില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രാജിവെക്കണം. തദ്ദേശഭരണ തെരഞ്ഞെടുപ്പ് ആരംഭിച്ചപ്പോള്‍ മുതല്‍ കേരളം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത വിഷയം മതവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധമായിരുന്നു. വിശ്വാസികള്‍, അവിശ്വാസികള്‍ എന്ന നിലയില്‍ വോട്ടര്‍മാരെ തരംതിരിക്കുന്നതിനെതിരെ ഇടതുപക്ഷം ശക്തമായ നിലപാടാണ് സ്വീകരിച്ചത്. സഭാ നേതൃത്വം ഈ വിഷയം വിട്ടിട്ടും ചില യുഡിഎഫ് നേതാക്കള്‍ വിടാന്‍ തയാറായിരുന്നില്ല. എന്നാല്‍, മാര്‍ വര്‍ക്കി വിതയത്തിലിന്റെ പ്രസ്താവന അവര്‍ക്കുള്ള മറുപടിയാണ്. വര്‍ക്കി വിതയത്തിലിന്റെ പ്രസ്താവന സ്വാഗതം ചെയ്യുന്നതായും ഐസക് പറഞ്ഞു. കേരളത്തിലെ സര്‍ക്കാരിന്റെ ഭരണനടപടികളും പ്രവര്‍ത്തനങ്ങളുമാണ് വോട്ടിങ് ശതമാനം കൂടാന്‍ കാരണം. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് റെക്കോഡ് ഭുരിപക്ഷം നേടുമെന്നും തോമസ് ഐസക് പറഞ്ഞു.

യുഡിഎഫ് ബഹിഷ്കരണാഹ്വാനം ജനം തള്ളി: പി ശശി

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് ബഹിഷ്കരണാഹ്വാനം വോട്ടര്‍മാര്‍ തള്ളിയതിന്റെ തെളിവാണ് തില്ലങ്കേരിയിലെയും പട്ടുവത്തെയും 70 ശതമാനം പോളിങ്ങെന്ന് സിപിഐ എം ജില്ലാസെക്രട്ടറി പി ശശി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റീ പോളിങ് നടന്ന എല്ലായിടത്തും ജനങ്ങള്‍ നിര്‍ഭയമാണ് വോട്ടുചെയ്യാനെത്തിയത്. എന്നാല്‍ തോല്‍വി ഭയന്നാണ് യുഡിഎഫ് തില്ലങ്കേരി വഞ്ഞേരി വാര്‍ഡിലിലെ ബൂത്തിലും പട്ടുവം വെള്ളിക്കീല്‍ വാര്‍ഡിലിലെ ബൂത്തിലും വോട്ടെടുപ്പ് ബഹിഷ്കരിച്ചത്. യുഡിഎഫിന്റെ സ്വാധീന കേന്ദ്രമായ മാട്ടൂലിലും ഇരിക്കൂറും തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാത്തത് ഇതിന് തെളിവാണ്. കണ്ണൂരില്‍ ഇക്കുറി യുഡിഎഫിന്റെ നേതൃത്വത്തില്‍ നടന്ന ബൂത്തുപിടുത്തവും അക്രമവും കോഗ്രസ് ഗ്രൂപ്പിസത്തിന്റെ ഭാഗമാണ്. ഒരു വിഭാഗം ബൂത്ത് പിടിക്കുമ്പോള്‍ മറുവിഭാഗം ബഹിഷ്കരിക്കുന്നു. മുസ്ളിംലീഗും കോഗ്രസും പറയുന്നത് അനുസരിക്കാന്‍ അണികളില്ലാതായി. പട്ടുവത്തും തില്ലങ്കേരിയിലും ഇതാണ് കണ്ടത്. ഈ യാഥാര്‍ഥ്യം മറച്ചുവെക്കാനാണ് തെരഞ്ഞെടുപ്പ് ബഹിഷ്കരണമെന്ന കഥയുമായി ഇവര്‍ രംഗത്തെത്തിയത്.

അഞ്ച് വാര്‍ഡുകളിലെ ഏഴ് ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കും വിധം പരസ്യമായ അതിക്രമം നടത്തിയത് യുഡിഎഫാണെന്നതിന് ജനങ്ങള്‍ സാക്ഷികളാണ്. ഈ ബൂത്തുകളിലെല്ലാം ഒരേ രീതിയിലുള്ള അക്രമമാണ് നടത്തിയത്. ഡിസിസി പ്രസിഡന്റാണ് ഇതിന് നേതൃത്വം നല്‍കിയത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുളള പദ്ധതിയാണ്് ആസൂത്രണം ചെയ്തത്. ഇതിനെതിരെ യുഡിഎഫ് വോട്ടര്‍മാര്‍ക്ക് നേതൃത്വത്തോട് ശക്തമായ എതിര്‍പ്പുണ്ട്. ബൂത്തു പിടിച്ചാലേ ജയിക്കാന്‍ കഴിയൂ എന്ന ദുരവസ്ഥയിലാണ് യുഡിഎഫ്. വാര്‍ത്താസമ്മേളനത്തിന് പിടിച്ചുകൊണ്ടുവന്നവരെ പട്ടുവത്ത് നിര്‍ത്തി വോട്ടുചെയ്യിക്കാനുള്ള ധീരതയാണ് യുഡിഎഫ് നേതാക്കള്‍ കാട്ടേണ്ടത്. അല്ലാതെ നാടകം കളിക്കുകയല്ല. മുമ്പില്ലാത്ത വിധം ശക്തമായ ക്രമീകരണങ്ങളാണ് ജില്ലയിലെ ബൂത്തുകളില്‍ സജ്ജീകരിച്ചിരുന്നത്. വോട്ടര്‍മാര്‍ക്ക് പൊലീസ് പൂര്‍ണ സുരക്ഷ നല്‍കി. തികച്ചും സമാധാനപരമായാണ് പോളിങ് നടന്നത്.

പട്ടുവത്തെ ലീഗ് കേന്ദ്രങ്ങളില്‍ ബോംബുപൊട്ടിച്ചും എല്‍ഡിഎഫ് വോട്ടര്‍മാരെ വീട്ടില്‍കയറി ഭീഷണിപ്പെടുത്തിയും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് യുഡിഎഫ് കരുക്കള്‍ നീക്കിയത്. ക്രിമിനലുകളെ ഉപയോഗിച്ച് കുഴപ്പമുണ്ടാക്കുകയെന്ന അര്‍ധ ഫാസിസ്റ്റ് ബോധത്തിലേക്കാണ് കണ്ണൂരിലെ യുഡിഎഫ് നേതൃത്വം പോകുന്നത്. കോണ്‍ഗ്രസിനു വേണ്ടി മുസ്ളിംലീഗിനെക്കൊണ്ട് ചുടുചോറ് വാരിക്കുകയാണ്. കേസില്‍പ്പെടുന്നതും വെറുക്കപ്പെടുന്നതും ലീഗുകാരും മുതലെടുക്കുന്നത് കോണ്‍ഗ്രസുകാരുമാണെന്നത് ലീഗ് തിരിച്ചറിയുന്നില്ല. യുഡിഎഫിന്റെ പ്രവൃത്തികള്‍ക്ക് നിരപരാധികളായ ജനം ശിക്ഷയനുഭവിക്കേണ്ട സ്ഥിതിയാണ്.

ചാനലുകള്‍ക്ക് മുന്നില്‍ തെരഞ്ഞെടുപ്പ് സംവിധാനങ്ങളില്‍ പൂര്‍ണമായി തൃപ്തരാണെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ മാറ്റി പറയുന്നത് മാന്യതയല്ല. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ തിരിച്ചറിയല്‍ കാര്‍ഡുള്ളവരെ മാത്രമാണ് തിങ്കളാഴ്ച ബൂത്തില്‍ പ്രവേശിപ്പിച്ചത്. ഇവരെല്ലാം കള്ളവോട്ടുചെയ്യാന്‍ വന്നവരാണെന്ന് പറയുന്നത് വോട്ടര്‍മാരെ അപമാനിക്കലാണ്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്ര സേന വന്നിട്ടും കള്ളവോട്ട് ചെയ്തെന്ന് മുറവിളി കൂട്ടിയവരാണിവര്‍. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴും കള്ളവോട്ട് ആരോപണം ഉന്നയിച്ചു. ജയിച്ചപ്പോള്‍ മിണ്ടാട്ടമില്ലാതായി. കോടിയേരിയിലെ വാര്‍ഡില്‍ എല്‍ഡിഎഫ് കള്ളവോട്ട് ചെയ്തിട്ടുണ്ടെങ്കില്‍ യുഡിഎഫ് കേസ് കൊടുക്കട്ടെയെന്നും പി ശശി ചോദ്യത്തിന് മറുപടിയായി പറഞ്ഞു. എല്‍ഡിഎഫ് ജില്ലാകണ്‍വീനര്‍ കെ പി സഹദേവനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 261010

1 comment:

  1. സമാധാനപരമായ രണ്ടാംഘട്ട വോട്ടെടുപ്പിലെ കനത്ത പോളിങ് കേരളം ബീഹാറിനേക്കാള്‍ ഭീകരമാണെന്ന കേന്ദ്രസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയ്ക്കെതിരെയുള്ള കേരള ജനതയുടെ മറുപടിയാണെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് ആറാം വാര്‍ഡ് കലവൂര്‍ തെക്ക് അഞ്ജലി വായനശാലയിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഐസക്.

    ReplyDelete