Friday, October 15, 2010

എ ഫോര്‍ ആപ്പിള്‍, ബി ഫോര്‍ ബിജെപി

തൃശൂര്‍: വിലക്കപ്പെട്ട കനി കഴിച്ചപ്പോള്‍ ആദിപിതാവ് ആദാമിനും ഹവ്വയ്ക്കും നഗ്നത ബോധ്യപ്പെട്ട് നാണം വന്നെന്ന് ഉല്‍പത്തികഥ. ആപ്പിള്‍ രുചിച്ചപ്പോള്‍ വല്ലച്ചിറയിലെ കോണ്‍ഗ്രസുകാര്‍ക്കും ബിജെപിക്കാര്‍ക്കും ഉള്ള നാണം നഷ്ടപ്പെട്ടുവെന്ന് വര്‍ത്തമാനം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ റിഹേഴ്സലായ ഈ 'അവിശുദ്ധപാപ'ത്തിന് കാര്‍മികത്വം വഹിച്ചതാവട്ടെ മുന്‍മന്ത്രിയും എ വിഭാഗം നേതാവുമായ കെ പി വിശ്വനാഥനും. ആദിപാപത്തിന്റെ ഫലമോ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രവീന്ദ്രനാഥനും വിശ്വഹിന്ദുപരിഷത് നേതാവ് മോഹനനും ഒരേ പാനലില്‍. വിഎച്ച്പിക്കാരന് ചിഹ്നം തുലാസ്, കോണ്‍ഗ്രസുകാരന് ആപ്പിളും.

ഇടതുപക്ഷത്തിന്റെ ശക്തമായ കോട്ടയായ വല്ലച്ചിറ പഞ്ചായത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ കൈപ്പത്തിയോ താമരയോ അപൂര്‍വം. പകരം ആപ്പിളും തുലാസും വ്യാപകം. കോണ്‍ഗ്രസ്-ബിജെപി സംയുക്ത സ്ഥാനാര്‍ഥികളാണ് 14ല്‍ ഒമ്പതുവാഡുകളില്‍ ആപ്പിള്‍, തുലാസ് ചിഹ്നങ്ങളില്‍ മത്സരിക്കുന്നത്. 12 സീറ്റില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കണമെന്ന ഡിസിസി നിര്‍ദേശം കെ പി വിശ്വനാഥനും കൂട്ടരും അട്ടിമറിച്ചുവെന്നാണ് ഐവിഭാഗത്തിന്റെ ആരോപണം. രണ്ടു സീറ്റ് വിമതദളിന് നല്‍കണമെന്ന നിര്‍ദേശവും പാലിച്ചില്ല.

14 വാര്‍ഡില്‍ ബിജെപി നാലിടത്ത് തുലാസ് ചിഹ്നത്തിലും ഒരിടത്ത് താമരയിലും മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ അഞ്ചുപേര്‍ ആപ്പിള്‍ ചിഹ്നത്തിലും നാലുപേര്‍ കൈപ്പത്തി ചിഹ്നത്തിലും മത്സരിക്കുന്നു. ഒരിടത്ത് മാത്രമാണ് ബിജെപി താമര ചിഹ്നത്തില്‍ മത്സരിക്കുന്നത്. കോണ്‍ഗ്രസ്, ബിജെപി ചിഹ്നങ്ങളില്‍ മത്സരിക്കുന്നവരെ ഇരുപാര്‍ടികളും പരസ്പരം സഹായിക്കുന്നു. നിലവിലുള്ള എക കോണ്‍ഗ്രസ് അംഗം രവിക്കു പോലും സീറ്റില്ല. ഇതില്‍ പ്രതിഷേധിച്ച് ചേര്‍പ്പ് ബ്ളോക്ക് ആറാട്ടുപുഴ ഡിവിഷനില്‍ പത്രിക നല്‍കിയ രവിയെ ഡിസിസി പുറത്താക്കി. വിമത ദള്‍ രണ്ടിടത്ത് വിമതരായി മത്സരിക്കുന്നുണ്ട്.

1979 മുതല്‍ വല്ലച്ചിറ പഞ്ചായത്ത് ഇടതുപക്ഷം തുടര്‍ച്ചയായി ഭരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ വല്ലച്ചിറ പഞ്ചായത്ത് പുതുക്കാട് നിയമസഭാ മണ്ഡലത്തിന്റെ ഭാഗമാണ്. ചേര്‍പ്പ് മണ്ഡലത്തില്‍ ഉള്‍പ്പെട്ടിരുന്ന വല്ലച്ചിറയില്‍ സാധാരണ മൂവായിരത്തോളം വോട്ട് എല്‍ഡിഎഫ് ലീഡ് ചെയ്യാറുണ്ട്. പുതുക്കാട് മണ്ഡലം നോട്ടമിടുന്ന കെ പി വിശ്വനാഥന്‍ പഞ്ചായത്തിലെ ചില നേതാക്കളുമായുണ്ടാക്കിയ രഹസ്യനീക്കത്തിന്റെ ഭാഗമാണ് ഈ സഖ്യം.

ദേശാഭിമാനി 151010

1 comment:

  1. വിലക്കപ്പെട്ട കനി കഴിച്ചപ്പോള്‍ ആദിപിതാവ് ആദാമിനും ഹവ്വയ്ക്കും നഗ്നത ബോധ്യപ്പെട്ട് നാണം വന്നെന്ന് ഉല്‍പത്തികഥ. ആപ്പിള്‍ രുചിച്ചപ്പോള്‍ വല്ലച്ചിറയിലെ കോണ്‍ഗ്രസുകാര്‍ക്കും ബിജെപിക്കാര്‍ക്കും ഉള്ള നാണം നഷ്ടപ്പെട്ടുവെന്ന് വര്‍ത്തമാനം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ റിഹേഴ്സലായ ഈ 'അവിശുദ്ധപാപ'ത്തിന് കാര്‍മികത്വം വഹിച്ചതാവട്ടെ മുന്‍മന്ത്രിയും എ വിഭാഗം നേതാവുമായ കെ പി വിശ്വനാഥനും. ആദിപാപത്തിന്റെ ഫലമോ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രവീന്ദ്രനാഥനും വിശ്വഹിന്ദുപരിഷത് നേതാവ് മോഹനനും ഒരേ പാനലില്‍. വിഎച്ച്പിക്കാരന് ചിഹ്നം തുലാസ്, കോണ്‍ഗ്രസുകാരന് ആപ്പിളും.

    ReplyDelete