Monday, October 25, 2010

കശ്മീര്‍ പരിഹാര ശ്രമം പാളുന്നു

കശ്മീരിലെ സംഘര്‍ഷാവസ്ഥയ്ക്ക് രാഷ്ട്രീയ പരിഹാരം കാണാനുള്ള നീക്കത്തിന് കനത്ത തിരിച്ചടിയായി പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നിയമിച്ച മധ്യവര്‍ത്തികള്‍. മാധ്യമ പ്രവര്‍ത്തകനായ ദിലീപ് പദ്ഗാവ്ങ്കര്‍, ഇന്‍ഫര്‍മേഷന്‍ കമീഷണര്‍ എം എം അന്‍സാരി, ഡല്‍ഹി ജാമിയ മിലിയ ഇസ്ളാമിയ സര്‍വകലാശാലയിലെ പ്രൊഫ. രാധാകുമാര്‍ എന്നിവരെയാണ് പ്രധാനമന്ത്രി മധ്യവര്‍ത്തികളായി നിയമിച്ചത്. ഒരൊറ്റ രാഷ്ട്രീയ നേതാവിനെപ്പോലും നിയമിക്കാന്‍ കഴിയാത്ത യുപിഎ സര്‍ക്കാരിന്റെ പാപ്പരത്തമാണ് ഇതിലൂടെ തെളിഞ്ഞത്. കശ്മീരിലെ സംഘര്‍ഷത്തിന് രാഷ്ട്രീയ പരിഹാരം കാണാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് സിപിഐ എം ഉള്‍പ്പെടെയുള്ള കക്ഷികള്‍ നിരന്തരമായി ആവശ്യപ്പെടുന്നതാണ് . ഇതിനായി കശ്മീരിലെ എല്ലാ വിഭാഗം ജനങ്ങളും നേതാക്കളുമായി ചര്‍ച്ച വേണമെന്നും ആവശ്യമുയര്‍ന്നു. ഇതിന്റെ ഫലമായാണ് സെപ്തംബറില്‍ സര്‍വകക്ഷി പാര്‍ലമെന്ററി സംഘം കശ്മീര്‍ സന്ദര്‍ശിച്ചത്. ഡല്‍ഹിയിലെ രാഷ്ട്രീയനേതൃത്വത്തിന് കശ്മീരിലെ സംഭവവികാസങ്ങളില്‍ ഉല്‍ക്കണ്ഠയുണ്ടെന്നും അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ ദേശീയ രാഷ്ട്രീയ നേതൃത്വത്തിന് താല്‍പ്പര്യമുണ്ടെന്നും കശ്മീരിലെ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഈ നീക്കം സഹായകമായി. തങ്ങളുടെ പ്രശ്നങ്ങള്‍ കേവലം സര്‍ക്കാരിന് പകരം പാര്‍ലമെന്റ് തന്നെ കൈകാര്യംചെയ്യുന്നുവെന്ന വികാരം കശ്മീരിലെ ജനങ്ങളില്‍ ഉളവാക്കാനും സഹായിച്ചു.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഇടതുപക്ഷ പാര്‍ടികള്‍ സര്‍വകക്ഷി സംഘത്തെ കശ്മീരിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കശ്മീരിലെ രാഷ്ട്രീയ കക്ഷികള്‍ ഉള്‍പ്പെടെ അതിനെ സ്വാഗതം ചെയ്തതാണ്. എന്നാല്‍, വൈകിമാത്രമാണ് ഇത്തരമൊരു സംഘത്തെ ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ നേതൃത്വത്തില്‍ അയക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തയ്യാറായത്. എന്നാല്‍, ഈ സന്ദര്‍ശനവും അതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ സെപ്തംബര്‍ 25ന് പ്രഖ്യാപിച്ച എട്ടിന പദ്ധതിയും കശ്മീരിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിന് സഹായകമായി എന്ന് പിന്നീടുള്ള സംഭവങ്ങള്‍ തെളിയിച്ചു.

എന്നാല്‍, ഇതിന്റെ തുടര്‍ച്ചയെന്നോണം പ്രമുഖ രാഷ്ട്രീയകക്ഷി നേതാക്കളെ ഉള്‍പ്പെടുത്തിയുള്ള ഒരു മധ്യവര്‍ത്തിസംഘത്തെ നിയമിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. എട്ടിന പാക്കേജ് പ്രഖ്യാപിച്ച് രണ്ടാഴ്ച കഴിഞ്ഞാണ് സര്‍ക്കാര്‍ മധ്യവര്‍ത്തികളെ പ്രഖ്യാപിച്ചത്. ഈ കാലവിളംബം സര്‍ക്കാരിന്റെ ആസൂത്രണത്തിലെ പാളിച്ചയാണ് വെളിവാക്കുന്നത്. മധ്യവര്‍ത്തികളില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ്സിങ് ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ പരിഗണിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, പ്രധാനമന്ത്രിക്ക് ഇവരെ ജോലിയേറ്റെടുപ്പിക്കാന്‍ നിര്‍ബന്ധിക്കാനായില്ല. ഇതിന് പ്രധാന കാരണം കശ്മീര്‍ സംഭവങ്ങള്‍ കൈകാര്യംചെയ്യുന്ന മന്ത്രാലയം ചിദംബരം നേതൃത്വം നല്‍കുന്ന ആഭ്യന്തരമന്ത്രാലയമാണ് എന്നതിനാലാണത്രെ. നിയമിക്കപ്പെടുന്ന മധ്യവര്‍ത്തി ആഭ്യന്തരമന്ത്രാലയത്തോട് റിപ്പോര്‍ട്ട് ചെയ്യാന്‍ ബാധ്യസ്ഥനാണ്. ക്യാബിനറ്റ് പദവിയുള്ള മധ്യവര്‍ത്തി പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കുന്നതിന് പകരം മറ്റൊരു ക്യാബിനറ്റ് മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കുന്നതിലെ അപാകതയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഈ സ്ഥാനം ഏറ്റെടുക്കുന്നതില്‍ വിമുഖത കാട്ടാന്‍ കാരണമത്രെ.

ഇത്തരം സാങ്കേതികമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍പോലും യുപിഎ സര്‍ക്കാര്‍ അലംഭാവം കാട്ടിയെന്നര്‍ഥം. കശ്മീര്‍ പ്രശ്നത്തോടുള്ള സര്‍ക്കാരിന്റെ സമീപനം ഗൌരവപൂര്‍ണമല്ലെന്ന സന്ദേശമാണ് ഇത് നല്‍കിയത്. സര്‍ക്കാരുമായി സഹകരിക്കാന്‍ സന്നദ്ധത കാട്ടിയ കശ്മീരിലെ നേതാക്കള്‍ പോലും മധ്യവര്‍ത്തികളുമായി ചര്‍ച്ചചെയ്യാന്‍ തയ്യാറാവില്ലെന്ന സൂചനയാണ് താഴ്വരയില്‍നിന്ന് ലഭിക്കുന്നത്. കേന്ദ്രത്തിന്റെ തമാശയായാണ് കശ്മീരിലെ പലരും ഈ നടപടിയെ വിശേഷിപ്പിച്ചത്. ചില 'സര്‍ക്കാര്‍ ജീവനക്കാര്‍' മാത്രമുള്ള മധ്യവര്‍ത്തി പാനല്‍ വ്യക്തമാക്കുന്നത് കേന്ദ്രത്തിന്റെ ഗൌരവമില്ലായ്മയാണെന്നും വിമര്‍ശമുയര്‍ന്നു.

വി പി സിങ് പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് കശ്മീര്‍ കാര്യത്തിനായി പ്രത്യേക മന്ത്രിയെ ചുമതലപ്പെടുത്തിയത്. അന്ന് ജോര്‍ജ് ഫെര്‍ണാണ്ടസിനായിരുന്നു കശ്മീരിന്റെ ചുമതല. നരസിംഹറാവു സര്‍ക്കാരിന്റെ കാലത്ത് രാജേഷ് പൈലറ്റിനു കശ്മീരിന്റെ പ്രത്യേക ചുമതല നല്‍കി. പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവിന്റെ കാലത്ത് ഒരുവേള ലാല്‍ബഹാദൂര്‍ ശാസ്ത്രിയെ കശ്മീര്‍ വിഷയങ്ങള്‍ കൈകാര്യംചെയ്യാന്‍ നിയോഗിച്ചിരുന്നു. 1963ല്‍. ശാസ്ത്രിയെ സഹായിക്കാന്‍ ഐബി മേധാവി ബി എന്‍ മല്ലിക്കിനെയും നിയോഗിച്ചു. എന്തുകൊണ്ട് മന്‍മോഹന്‍സിങ്ങിനും അത്തരമൊരു മന്ത്രിയെ നിയോഗിച്ചുകൂടാ എന്ന ചോദ്യം പലകോണില്‍നിന്നും ഉയര്‍ന്നിട്ടുണ്ട്. രാഷ്ട്രീയക്കാരല്ലാത്തവരെ മധ്യവര്‍ത്തികളായി നേരത്തെയും നിശ്ചയിച്ചിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്ന ചരിത്ര സത്യത്തില്‍നിന്ന് സര്‍ക്കാര്‍ ഒരു പാഠവും ഉള്‍ക്കൊണ്ടിട്ടില്ല.

വാജ്പേയിയുടെ കാലത്താണ് 2001 ല്‍ മുന്‍ കേന്ദ്രമന്ത്രി കെ സി പന്തിനെ കശ്മീര്‍ മധ്യവര്‍ത്തിയായി നിയമിച്ചത്. എന്നാല്‍, ഷബീര്‍ഷായും മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി സയ്യദ് മിര്‍ കാസീമും മാത്രമാണ് പന്തിനെ കാണാന്‍ തയ്യാറായത്. ആദ്യത്തെ കശ്മീര്‍ സന്ദര്‍ശനത്തിന് ശേഷംതന്നെ കെ സി പന്ത് രാജിവച്ചു. അതിന് ശേഷമാണ് പ്രസിദ്ധ അഭിഭാഷകന്‍ രാംജത്മലാനിയുടെ നേതൃത്വത്തില്‍ കശ്മീര്‍ പാനലിന് രൂപം നല്‍കിയത്. അതും അകാലചരമമടഞ്ഞു. തുടര്‍ന്നാണ് 2003 ല്‍ പ്രധാനമന്ത്രി വാജ്പേയിയുടെ പ്രതിനിധിയായി മുന്‍ ആഭ്യന്തര സെക്രട്ടറി എന്‍ എന്‍ വോറയെ നിയമിക്കുന്നത്. ക്ഷമയോടെ കാത്തിരുന്നെങ്കിലും കശ്മീരിലെ ഒരു പ്രധാന വിഭാഗവുമായി ചര്‍ച്ച നടത്തുന്നതില്‍ വോറയും പരാജയപ്പെട്ടു. അവസാനം വോറയെ വാജ്പേയി സംസ്ഥാനത്തെ ഗവര്‍ണറായും നിയമിച്ചു. കശ്മീരിനെ പിടിച്ചുലച്ച അമര്‍നാഥ് പ്രതിസന്ധിക്ക് തിരികൊളുത്തിയാണ് വോറ പടിയിറങ്ങിയത്.

യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കശ്മീരിലെ വിവിധ വിഭാഗങ്ങളുമായി വട്ടമേശസമ്മേളനങ്ങള്‍ക്ക് തുടക്കമിട്ടത്. 2006 ല്‍ ഹുറിയത്തുമായി ചര്‍ച്ച നടക്കുകയും ചെയ്തു. എന്നാല്‍, ഈ സംഭാഷണങ്ങളോ അന്ന് രൂപീകരിച്ച അഞ്ച് പ്രവര്‍ത്തക സമിതികളോ ഒരു ഫലവും ഉണ്ടാക്കിയില്ല. അതിന് ശേഷം നടന്ന രാഷ്ട്രീയ നീക്കമായിരുന്നു സര്‍വകക്ഷി സംഘത്തിന്റെ രണ്ടു ദിവസത്തെ ജമ്മു കശ്മീര്‍ സന്ദര്‍ശനം. ഇത് മുന്നോട്ടുകൊണ്ടുപോകുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടിരിക്കുകയാണ് ഇപ്പോള്‍. സ്വാഭാവികമായും സയ്യദ് അലി ഷാ ഗിലാനിയെ പോലുള്ള ഹുറിയത്തിലെ തീവ്രവാദി നേതാക്കള്‍ ഈ അവസരം ഇന്ത്യാവിരുദ്ധ പ്രചാരണത്തിന് ശക്തമായി ഉപയോഗിക്കും. സര്‍ക്കാരുമായി ചര്‍ച്ചയ്ക്കും മറ്റും സന്നദ്ധത പ്രകടിപ്പിക്കുന്ന ജമ്മു-കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവ് യാസിന്‍ മാലിക്കും ഹുറിയത്തിലെ മിതവാദി നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖും കൂടുതല്‍ ജനങ്ങളില്‍നിന്ന് ഒറ്റപ്പെടാനും സര്‍ക്കാരിന്റെ ഈ അലംഭാവം കാരണമാകും. മെഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള പിഡിപിയും മറ്റം വീണ്ടും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് മൂര്‍ച്ച കൂട്ടുകയുംചെയ്യും. അതായത് ശരിയായ നീക്കം നടത്തുന്നതിലെ കേന്ദ്രസര്‍ക്കാരിന്റെ പരാജയം കശ്മീര്‍ പ്രശ്നം വീണ്ടും വഷളാക്കാനേ സഹായിക്കൂ.

വി ബി പരമേശ്വരന്‍ ദേശാഭിമാനി 251010

1 comment:

  1. കശ്മീരിലെ സംഘര്‍ഷാവസ്ഥയ്ക്ക് രാഷ്ട്രീയ പരിഹാരം കാണാനുള്ള നീക്കത്തിന് കനത്ത തിരിച്ചടിയായി പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നിയമിച്ച മധ്യവര്‍ത്തികള്‍. മാധ്യമ പ്രവര്‍ത്തകനായ ദിലീപ് പദ്ഗാവ്ങ്കര്‍, ഇന്‍ഫര്‍മേഷന്‍ കമീഷണര്‍ എം എം അന്‍സാരി, ഡല്‍ഹി ജാമിയ മിലിയ ഇസ്ളാമിയ സര്‍വകലാശാലയിലെ പ്രൊഫ. രാധാകുമാര്‍ എന്നിവരെയാണ് പ്രധാനമന്ത്രി മധ്യവര്‍ത്തികളായി നിയമിച്ചത്. ഒരൊറ്റ രാഷ്ട്രീയ നേതാവിനെപ്പോലും നിയമിക്കാന്‍ കഴിയാത്ത യുപിഎ സര്‍ക്കാരിന്റെ പാപ്പരത്തമാണ് ഇതിലൂടെ തെളിഞ്ഞത്. കശ്മീരിലെ സംഘര്‍ഷത്തിന് രാഷ്ട്രീയ പരിഹാരം കാണാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് സിപിഐ എം ഉള്‍പ്പെടെയുള്ള കക്ഷികള്‍ നിരന്തരമായി ആവശ്യപ്പെടുന്നതാണ് . ഇതിനായി കശ്മീരിലെ എല്ലാ വിഭാഗം ജനങ്ങളും നേതാക്കളുമായി ചര്‍ച്ച വേണമെന്നും ആവശ്യമുയര്‍ന്നു. ഇതിന്റെ ഫലമായാണ് സെപ്തംബറില്‍ സര്‍വകക്ഷി പാര്‍ലമെന്ററി സംഘം കശ്മീര്‍ സന്ദര്‍ശിച്ചത്. ഡല്‍ഹിയിലെ രാഷ്ട്രീയനേതൃത്വത്തിന് കശ്മീരിലെ സംഭവവികാസങ്ങളില്‍ ഉല്‍ക്കണ്ഠയുണ്ടെന്നും അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ ദേശീയ രാഷ്ട്രീയ നേതൃത്വത്തിന് താല്‍പ്പര്യമുണ്ടെന്നും കശ്മീരിലെ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഈ നീക്കം സഹായകമായി. തങ്ങളുടെ പ്രശ്നങ്ങള്‍ കേവലം സര്‍ക്കാരിന് പകരം പാര്‍ലമെന്റ് തന്നെ കൈകാര്യംചെയ്യുന്നുവെന്ന വികാരം കശ്മീരിലെ ജനങ്ങളില്‍ ഉളവാക്കാനും സഹായിച്ചു.

    ReplyDelete