Friday, October 15, 2010

നിലയ്ക്കാത്ത പോരാട്ടവുമായി സമസ്തിപുര്‍

വിഭൂതിപുര്‍ (ബിഹാര്‍): സമസ്തിപുരില്‍ ഭൂസ്വാമിമാര്‍ക്കെതിരായ പോരാട്ടം നിലയ്ക്കുന്നില്ല. ഭൂമിക്കും കിടപ്പാടത്തിനും വേണ്ടിയുള്ള ജനകീയ പോരാട്ടങ്ങളുടെയും ചെറുത്തുനില്‍പ്പിന്റെയും ജീവിത കഥകളില്‍ അവസാനത്തേതാണ് സിപിഐ എം നേതാവ് വീരേന്ദ്രപ്രസാദ് സിങ്ങിന്റേത്. ഭൂസ്വാമിമാര്‍ക്കെതിരായ പോരാട്ടങ്ങള്‍ നയിച്ചതിനാണ് അദ്ദേഹത്തെ ഗുണ്ടകള്‍ വെട്ടിക്കൊന്നത്. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റും പാല്‍വിതരണ സഹകരണസംഘം സെക്രട്ടറിയും സിപിഐ എം സമസ്തിപുര്‍ ജില്ലാകമ്മിറ്റി അംഗവും കൂടിയായ വീരേന്ദ്രപ്രസാദ് 2008 മെയ് 16ന് പൊതുയോഗം കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു കൊല്ലപ്പെട്ടത്. ഈ മേഖലയില്‍ രക്തസാക്ഷികളായ 25 പേരില്‍ അവസാനത്തെ ആളാണ് സിങ്.

സമസ്തിപുര്‍ ജില്ലയിലെ സിപിഐ എമ്മിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ച കുടുംബമാണ് വീരേന്ദ്രപ്രസാദ് സിങ്ങിന്റേത്. അദ്ദേഹത്തിന്റെ മൂത്തസഹോദരന്‍ ഉദയ്ശങ്കര്‍ പ്രസാദ്സിങ്ങും ഭൂസ്വാമിമാരുടെ ഗുണ്ടകളാല്‍ വധിക്കപ്പെട്ടിരുന്നു. 1978ല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായപ്പോഴായിരുന്നു സിപിഐ എം ജില്ലാകമ്മിറ്റി അംഗമായിരുന്ന അദ്ദേഹത്തെ വധിച്ചത്. അന്ന് എട്ട് സിപിഐ എം പ്രവര്‍ത്തകരാണ് രക്തസാക്ഷികളായത്.

1970 കളിലായിരുന്നു സിപിഐ എം ഈ മേഖലയില്‍ വേരുറപ്പിക്കാന്‍ തുടങ്ങിയത്. നര്‍ഹന്‍, സാക്മോഹന്‍, പടേലിയ എന്നീ ഗ്രാമത്തില്‍ മാത്രമായിരുന്നു അന്ന് സിപിഐ എമ്മിന് സ്വാധീനമുണ്ടായിരുന്നത്. 1993 മുതല്‍ ജമീന്ദാരി സമ്പ്രദായത്തിനും സാമൂഹ്യമായ അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ നടത്തിയ പോരാട്ടങ്ങളാണ് ഈ മേഖലയില്‍ സിപിഐ എമ്മിന്റെ സ്വാധീനം വര്‍ധിപ്പിച്ചത്. ഭൂസ്വാമിമാരുടെ കൈവശമുള്ള മിച്ചഭൂമി ബലമായി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വീടുവയ്ക്കാന്‍ നല്‍കുകയായിരുന്നു. ഗംഗോലി, കുസ്വാ, ടെപ്ക, ഷാപുര്‍, ആലംപുര്‍, ബെല്‍തണ്ടിതാര, നര്‍ഹന്‍ എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും സമരം നടന്നത്. 24 പേരാണ് ഈ പ്രക്ഷോഭത്തില്‍ രക്തസാക്ഷിത്വം വരിച്ചത്. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം രാംദേവ് മഹാതോ, ജില്ലാകമ്മിറ്റി അംഗം ഭൂനേശ്വര്‍സിങ് എന്നിവരും കൊല്ലപ്പെട്ടു. എങ്കിലും സമസ്തിപുര്‍ ജില്ലയില്‍ 1300 പേര്‍ക്ക് വീടു നല്‍കാന്‍ ഈ പ്രക്ഷോഭത്തിനു കഴിഞ്ഞു. 24 പേരുടെ രക്തസാക്ഷിത്വം വൃഥാവിലായില്ലെന്ന് ഗംഗോലി ഗ്രാമം വ്യക്തമാക്കുന്നു. ഇരുപത്തഞ്ചിലധികം വീടാണ് ഇവിടെ നിര്‍മിച്ചത്.

ചെങ്കൊടിയുടെ സഹായത്തോടെ ജന്മിയായ ബാലേശ്വര്‍ ബാബുവിന്റെ ഭൂമി പിടിച്ചെടുത്താണ് വീടു നിര്‍മിച്ചതെന്ന് ശ്യാംപാരിയെന്ന 60 വയസ്സുകാരി പറഞ്ഞു. ജന്മിയുടെ ഗുണ്ടകള്‍ വീടിനു തീവയ്ക്കാന്‍ ശ്രമിച്ചതായും അത് തടയാന്‍ ശ്രമിച്ചവര്‍ക്കെതിരെ വെടിവച്ചതായും ശ്യാംപാരി ഓര്‍ക്കുന്നു. വെടിവയ്പില്‍ ഒരു പൊലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു. അന്നൊക്കെ സിപിഐ എമ്മും എംഎല്‍എ രാംദേവ് വര്‍മയുമാണ് സഹായത്തിന് എത്തിയതെന്ന് മര്‍സൂര്‍ യാദവ് എന്ന വൃദ്ധന്‍ പറഞ്ഞു. ജാതിസമവാക്യങ്ങള്‍ക്ക് അതീതമായി എല്ലാ ജാതിയില്‍ പ്പെട്ടവര്‍ക്കും ഇവിടെ വീടു ലഭിച്ചിട്ടുണ്ട്. മുശാഹര്‍ വിഭാഗത്തില്‍പ്പെട്ട ദളിതര്‍ക്കും പിന്നോക്കസമുദായമായ യാദവര്‍ക്കും കുര്‍മികള്‍ക്കും ഗംഗോലിയില്‍ വീടുണ്ട്. എത് ജാതിയില്‍പ്പെട്ട പാവങ്ങളുടെയും രക്ഷകരായി സിപിഐ എമ്മിന് മാറാന്‍ കഴിഞ്ഞതിനാല്‍ ജാതിയുടെ കെട്ടുപാടുകള്‍ക്ക് മറികടക്കാനും സിപിഐ എമ്മിന് ഇവിടെ കഴിഞ്ഞിട്ടുണ്ട്. ബിഹാറില്‍ സിപിഐ എമ്മിന്റെ ഏക എംഎല്‍എ ഈ ജില്ലയില്‍ നിന്നാണ്. ജില്ലയിലെ മൂന്നു സീറ്റില്‍ ഇക്കുറി സിപിഐ എം മത്സരിക്കുന്നുമുണ്ട്.
(വി ബി പരമേശ്വരന്‍)

ദേശാഭിമാനി 151010

1 comment:

  1. സമസ്തിപുരില്‍ ഭൂസ്വാമിമാര്‍ക്കെതിരായ പോരാട്ടം നിലയ്ക്കുന്നില്ല. ഭൂമിക്കും കിടപ്പാടത്തിനും വേണ്ടിയുള്ള ജനകീയ പോരാട്ടങ്ങളുടെയും ചെറുത്തുനില്‍പ്പിന്റെയും ജീവിത കഥകളില്‍ അവസാനത്തേതാണ് സിപിഐ എം നേതാവ് വീരേന്ദ്രപ്രസാദ് സിങ്ങിന്റേത്. ഭൂസ്വാമിമാര്‍ക്കെതിരായ പോരാട്ടങ്ങള്‍ നയിച്ചതിനാണ് അദ്ദേഹത്തെ ഗുണ്ടകള്‍ വെട്ടിക്കൊന്നത്. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റും പാല്‍വിതരണ സഹകരണസംഘം സെക്രട്ടറിയും സിപിഐ എം സമസ്തിപുര്‍ ജില്ലാകമ്മിറ്റി അംഗവും കൂടിയായ വീരേന്ദ്രപ്രസാദ് 2008 മെയ് 16ന് പൊതുയോഗം കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു കൊല്ലപ്പെട്ടത്. ഈ മേഖലയില്‍ രക്തസാക്ഷികളായ 25 പേരില്‍ അവസാനത്തെ ആളാണ് സിങ്.

    ReplyDelete