Saturday, October 16, 2010

കേരളമെന്നു കേട്ടാല്‍

കേരളമെന്നു കേട്ടാല്‍

രണ്ടുമാസം മുമ്പ് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ലമെന്റംഗങ്ങള്‍ കേന്ദ്രപ്രവാസികാര്യമന്ത്രി വയലാര്‍ രവിയെയും കൂട്ടി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയെക്കണ്ട് വിചിത്രമായ ഒരു നിവേദനംനല്‍കി. ഭരണപരമായ നേട്ടങ്ങള്‍ക്ക് ഇനിമുതല്‍ കേരളത്തിന് ഒരു പുരസ്കാരവും നല്‍കരുതെന്നാണ് ആഴ്ചകള്‍ക്കു മുമ്പ് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 125 വര്‍ഷത്തെ സംഭവബഹുലമായ ചരിത്രത്തില്‍ ഒരു കോണ്‍ഗ്രസ് പ്രസിഡന്റിനും കിട്ടാത്ത തരത്തിലുള്ള നിവേദനമായിരുന്നു അത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലരവര്‍ഷത്തെ ഭരണത്തില്‍ വിവിധ വകുപ്പുകള്‍ക്ക് കിട്ടിയ ദേശീയ അന്തര്‍ദേശീയ പുരസ്കാരങ്ങളാണ് കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപിമാരെ ഈ കടുംകൈയ്ക്ക് പ്രേരിപ്പിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ ഇത്തരമൊരു നിവേദനവുമായി സോണിയാഗാന്ധിയെ ചെന്നുകണ്ടതുതന്നെ ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാരിന് ലഭിച്ച ഒന്നാന്തരം ആദരമാണ്. ഉചിതമായ തീരുമാനമെടുക്കുമെന്ന് സോണിയാഗാന്ധി ഉറപ്പുനല്‍കിയെന്നാണ് നിവേദനസമര്‍പ്പണത്തിന് ശേഷം സുരേഷ് കൊടിക്കുന്നില്‍ മാധ്യമങ്ങളോട് പറഞ്ഞത്. കേരളം നാലുവര്‍ഷത്തിനുള്ളില്‍ നേടിയ പുരസ്കാരങ്ങളുടെ ബാഹുല്യം അസഹിഷ്ണുക്കളായ കോണ്‍ഗ്രസ് നേതാക്കളെ പ്രകോപിപ്പിച്ചത് സ്വാഭാവികം.

ദേശീയവും സാര്‍വദേശീയവുമായ ഈ അംഗീകാരങ്ങള്‍ ഓരോ മലയാളിയെയും അഭിമാനബോധത്തിന്റെ ഗിരിശൃംഗങ്ങളിലേക്കുയര്‍ത്തുമ്പോഴാണ് സ്വന്തം സംസ്ഥാനത്തിന് അംഗീകാരം നല്‍കരുതെന്ന് കോണ്‍ഗ്രസുകാര്‍ ആവശ്യപ്പെട്ടത്. തദ്ദേശഭരണം, ആഭ്യന്തരം, ടൂറിസം, ആരോഗ്യം, വൈദ്യുതി തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് സംസ്ഥാനത്തിന് തുടര്‍ച്ചയായി സമ്മാനം കിട്ടിയത്. കേന്ദ്രസര്‍ക്കാരും ദേശീയ മാധ്യമങ്ങളും വ്യവസായികളുടെ സംഘടനകളും അന്താരാഷ്ട്ര ഏജന്‍സികളും ഈ മേഖലകളിലെ കേരളത്തിന്റെ നേട്ടങ്ങളെ ആദരിക്കാന്‍ മത്സരിക്കുകയായിരുന്നു. മികച്ച സംസ്ഥാനത്തിനുള്ള സിഎന്‍എന്‍-ഐബിഎന്‍ പുരസ്കാരം കേരളത്തിനായിരുന്നു. അടിസ്ഥാനസൌകര്യവികസനം, പരിസ്ഥിതി, ആരോഗ്യസംരക്ഷണം, വികസനം എന്നീ മേഖലകളിലെ പ്രവര്‍ത്തനം പരിഗണിച്ചാണിത്. ലോക്സഭാ സ്പീക്കര്‍ മീരാ കുമാറില്‍ നിന്ന് മന്ത്രി സി ദിവാകരനാണ് ഈ പുരസ്കാരം ഏറ്റുവാങ്ങിയത്.
(എന്‍ എസ് സജിത്)

ക്രമസമാധാനം കേരളം ഒന്നാമത്

സംസ്ഥാനങ്ങളിലെ മികച്ച ക്രമസമാധാനപാലനത്തിന് ഇന്ത്യാ ടുഡെ ഏര്‍പ്പെടുത്തിയ പുരസ്കാരം കേന്ദ്രധനമന്ത്രി പ്രണബ് മുഖര്‍ജിയാണ് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന് സമ്മാനിച്ചത്. ക്രമസമാധാനപാലനത്തിലെ 2008-09ലെ പ്രകടനം പരിഗണിച്ചാണ് പുരസ്കാരം. ഇന്ത്യാ ടുഡെക്ക് വേണ്ടി ഒരു സ്വതന്ത്ര ഏജന്‍സി എല്ലാ സംസ്ഥാനത്തെയും ക്രമസമാധാന നില വിശദമായി പഠിച്ചശേഷമാണ് കേരളത്തെ അവാഡിന് തെരഞ്ഞെടുത്തത്. പൊലീസിന്റെ പ്രവര്‍ത്തനത്തില്‍ വരുത്തിയ പരിഷ്കാരങ്ങളും കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിലെ മികച്ച പ്രകടനവുമാണ് കേരളത്തെ അവാഡിന് അര്‍ഹമാക്കിയത്. ഇന്ത്യാ ടുഡെ തന്നെ ഏര്‍പ്പെടുത്തിയ മികച്ച കുടിവെള്ള ലഭ്യതക്കുള്ള അവാഡും കേരളത്തിന് തന്നെ.

കേരളത്തിന്റെ ക്രമസമാധാന നില ഭദ്രമാണെന്നും സുരക്ഷാ ക്രമീകരണങ്ങള്‍ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ മെച്ചപ്പെട്ടതാണെന്ന് ആഭ്യന്തര സെക്രട്ടറി ജി കെ പിള്ള തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പാലക്കാട് ടൌണിലെ സൌത്ത് പൊലീസ് സ്റ്റേഷന് 2008ല്‍ ലഭിച്ചത് യു എന്‍ പുരസ്കാരം. മികവിന്റെ കാര്യത്തില്‍ ദക്ഷിണ പൂര്‍വേഷ്യയിലെ മികച്ച രണ്ടാമത്തെ സ്റ്റേഷനെന്ന പദവിയാണ് ഐക്യരാഷ്ട്രസഭയ്ക്കുവേണ്ടി അല്‍ട്ടസ് ഗ്ളോബല്‍ എന്ന ഡച്ച് സംഘടന നടത്തിയ പഠനത്തിനൊടുവില്‍ ഈ പൊലീസ് സ്റ്റേഷനെ തേടിയെത്തിയത്. ഈ വര്‍ഷം ഇരിഞ്ഞാലക്കുട പൊലീസിന്റെ കീഴിലുള്ള ജനമൈത്രി സുരക്ഷാ പദ്ധതിക്ക് ഐഎസ്ഒ 9001-2008 അംഗീകാരവും ലഭിച്ചു. കേരളത്തിലാദ്യമാണ് ഒരു പൊലീസ് സ്റ്റേഷന് ഐഎസ്ഒ അംഗീകാരം ലഭിക്കുന്നത്.

ഇന്ത്യക്ക് മാതൃകയായി അധികാരവികേന്ദ്രീകരണം

കഴിഞ്ഞ ഏപ്രിലിലാണ് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ മികച്ച പ്രവര്‍ത്തനത്തിനുള്ള 2009-10 ദേശീയ പുരസ്കാരം കേരളം ഏറ്റുവാങ്ങിയത്. പഞ്ചായത്തിരാജ് ദിനമായ ഏപ്രില്‍ 23ന് ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങാണ് തദ്ദേശസ്വയംഭരണമന്ത്രി പാലോളി മുഹമ്മദ് കുട്ടിക്ക് അവാര്‍ഡ് സമ്മാനിച്ചത്. രണ്ടരക്കോടി രൂപയാണ് അവാഡ് തുക.

സംസ്ഥാന സര്‍ക്കാര്‍ ത്രിതല പഞ്ചായത്തുകളെ അവഗണിക്കുകയാണെന്ന് മുറവിളി കൂട്ടുന്ന ഉമ്മന്‍ചാണ്ടിയും സംഘവും അവര്‍ക്ക് പ്രചാരണായുധങ്ങള്‍ നല്‍കുന്ന മാധ്യമങ്ങളും കേരളത്തിന്റെ ഈ നേട്ടം കാണാതെ പോകുകയാണ്. പഞ്ചായത്ത് രാജ് പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളുടെ ശാക്തീകരണത്തിനും പദ്ധതികള്‍ക്കായി ഏറ്റവും പ്രയോജനകരമായി ഫണ്ട് വിനിയോഗിച്ചതിനുമാണ് കേരളത്തിന് അവാഡ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ളിക് അഡ്മിനിസ്ട്രേഷന്‍ (ഐഐപിഎ) ആണ് അധികാരവികേന്ദ്രീകരണത്തിന്റെ സൂചിക തയ്യാറാക്കി കേരളത്തിന് ഉയര്‍ന്ന സ്ഥാനം നല്‍കിയത്. കേരളത്തോടൊപ്പം കര്‍ണാടകയും ഈ അവാഡ് പങ്കിട്ടു. രണ്ടാം സ്ഥാനം പങ്കിട്ടത് പശ്ചിമ ബംഗാളും തമിഴ്നാടും.

അധികാരവികേന്ദ്രീകരണത്തിന്റെ പിതൃത്വം അവകാശപ്പെടുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ കാതങ്ങള്‍ മറികടന്നുകൊണ്ടാണ് കേരളവും പശ്ചിമ ബംഗാളും രാജ്യത്തിന് മാതൃകയായത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയടക്കമുള്ള പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കുന്നതിലും കേരളം കാണിച്ച ജാഗ്രതയെയും അവാഡ് നല്‍കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ അഭിനന്ദിച്ചു. ഇതെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കേരളത്തിന്റെ പദ്ധതി നടത്തിപ്പ് ഏറ്റവും മികച്ചതാണെന്ന് കണ്ടെത്തിയിരുന്നു.

ടൂറിസത്തിന് അന്താരാഷ്ട്ര അംഗീകാരങ്ങള്‍

ടൂറിസം രംഗത്തെ മികവിന് രാജ്യാന്തര പുരസ്കാരങ്ങള്‍ ഉള്‍പ്പെടെ കേരളത്തിന് നിരവധി അവാര്‍ഡുകളാണ് ലഭിച്ചത്. ഏഷ്യയിലെ മികച്ച വിനോദസഞ്ചാരകേന്ദ്രത്തിനുള്ള സ്മാര്‍ട്ട് ട്രാവല്‍ ഏഷ്യ അവാര്‍ഡ്, മികച്ച ടൂറിസം സ്റ്റേറ്റിനുള്ള സിഎന്‍ബിസി അവാര്‍ഡ്, പസഫിക് ട്രാവല്‍ അസോസിയേഷന്‍ അവാര്‍ഡ് എന്നിവയാണ് ഈ 2010ല്‍ മാത്രം കേരളത്തിന് കിട്ടിയത്. ഏഷ്യയിലെ മികച്ച ഒഴിവുകാല വിനോദസഞ്ചാരകേന്ദ്രമായി സ്മാര്‍ട് ട്രാവല്‍ ഏഷ്യ തെരഞ്ഞെടുത്തതും കേരളത്തെ. ട്രാവല്‍ ഏജന്റ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ടാഫി) യുടെ മികച്ച ആഭ്യന്തര ടൂറിസം ബോര്‍ഡിനുള്ള പുരസ്കാരത്തിനും മികച്ച സംസ്ഥാന വിപണന പ്രചാരണത്തിനുള്ള ടൂഡെയ്സ് ട്രാവലര്‍ പ്ളാറ്റിനം അവാര്‍ഡിനും കേരള ടൂറിസം അര്‍ഹമായി. ജെറ്റ് ടു കേരള പ്രചാരണ പരിപാടി ടുഡെയ്സ് ട്രാവലര്‍ പ്ളാറ്റിനം അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ടു.

deshabhimani 161010

1 comment:

  1. രണ്ടുമാസം മുമ്പ് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ലമെന്റംഗങ്ങള്‍ കേന്ദ്രപ്രവാസികാര്യമന്ത്രി വയലാര്‍ രവിയെയും കൂട്ടി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയെക്കണ്ട് വിചിത്രമായ ഒരു നിവേദനംനല്‍കി. ഭരണപരമായ നേട്ടങ്ങള്‍ക്ക് ഇനിമുതല്‍ കേരളത്തിന് ഒരു പുരസ്കാരവും നല്‍കരുതെന്നാണ് ആഴ്ചകള്‍ക്കു മുമ്പ് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 125 വര്‍ഷത്തെ സംഭവബഹുലമായ ചരിത്രത്തില്‍ ഒരു കോണ്‍ഗ്രസ് പ്രസിഡന്റിനും കിട്ടാത്ത തരത്തിലുള്ള നിവേദനമായിരുന്നു അത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലരവര്‍ഷത്തെ ഭരണത്തില്‍ വിവിധ വകുപ്പുകള്‍ക്ക് കിട്ടിയ ദേശീയ അന്തര്‍ദേശീയ പുരസ്കാരങ്ങളാണ് കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപിമാരെ ഈ കടുംകൈയ്ക്ക് പ്രേരിപ്പിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ ഇത്തരമൊരു നിവേദനവുമായി സോണിയാഗാന്ധിയെ ചെന്നുകണ്ടതുതന്നെ ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാരിന് ലഭിച്ച ഒന്നാന്തരം ആദരമാണ്. ഉചിതമായ തീരുമാനമെടുക്കുമെന്ന് സോണിയാഗാന്ധി ഉറപ്പുനല്‍കിയെന്നാണ് നിവേദനസമര്‍പ്പണത്തിന് ശേഷം സുരേഷ് കൊടിക്കുന്നില്‍ മാധ്യമങ്ങളോട് പറഞ്ഞത്. കേരളം നാലുവര്‍ഷത്തിനുള്ളില്‍ നേടിയ പുരസ്കാരങ്ങളുടെ ബാഹുല്യം അസഹിഷ്ണുക്കളായ കോണ്‍ഗ്രസ് നേതാക്കളെ പ്രകോപിപ്പിച്ചത് സ്വാഭാവികം.

    ReplyDelete