Wednesday, October 13, 2010

സൌഹൃദത്തല്ല്

ദുര്‍ബലഹൃദയര്‍ താഴോട്ട് വായിക്കേണ്ടതില്ല. :)

കാസര്‍കോട് ഡിസിസി ഓഫീസില്‍ പൊരിഞ്ഞ തല്ല്

കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും ബ്ളോക്ക് പ്രസിഡന്റും തമ്മില്‍ പൊരിഞ്ഞതല്ല്. ഡിസിസി ജനറല്‍ സെക്രട്ടറിയെ പുറത്താക്കിയില്ലെങ്കില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് എ ഗ്രൂപ്പിന്റെ അന്ത്യശാസനം. ചൊവ്വാഴ്ച പകല്‍ പതിനൊന്നരയോടെയാണ് വിദ്യാനഗറില്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിസിസി ഓഫീസിലെ പ്രസിഡന്റിന്റെ മുറിയില്‍ ഏറ്റുമുട്ടലുണ്ടായത്. വലിയപറമ്പ് പഞ്ചായത്തിലെ റിബല്‍ പ്രശ്നം സംസാരിക്കാന്‍ വന്നതായിരുന്നു എ ഗ്രൂപ്പുകാരനായ ബ്ളോക്ക് പ്രസിഡന്റ് കെ വി ഗംഗാധരന്‍. ചര്‍ച്ചക്കുശേഷം പ്രസിഡന്റുമായി സംസാരിച്ചിരിക്കെ ജനറല്‍സെക്രട്ടറി നീലകണ്ഠന്‍ മുറിയില്‍ വന്ന് ഗംഗാധരനെ തല്ലുകയായിരുന്നു. ഗംഗാധരന്‍ തിരിച്ചടിച്ചതോടെ പൊരിഞ്ഞ തല്ലായി. ഓഫീസിലുണ്ടായിരുന്ന പ്രവര്‍ത്തകര്‍ ഇരുവരെയും പിടിച്ചുമാറ്റി.

ഏകാഭിപ്രായത്തോടെ ജില്ലയിലെവിടെയും സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസ് പ്രചാരണത്തിന് ഇറങ്ങാന്‍പോലുമാകാതെ കുഴങ്ങുന്ന ഘട്ടത്തിലാണ് ഗ്രൂപ്പ് പോര് കൈയാങ്കളിയിലെത്തിയത്. ഡിസിസി ഓഫീസിലെ തല്ലിനുശേഷം എ ഗ്രൂപ്പ് നേതാക്കള്‍ കാഞ്ഞങ്ങാട്ട് അടിയന്തരയോഗം ചേര്‍ന്നു. നീലകണ്ഠനെതിരെ നടപടിയെടുക്കുംവരെ തെരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പ് സ്ഥാനാര്‍ഥികള്‍ക്കുവേണ്ടിമാത്രം പ്രചാരണം നടത്തിയാല്‍ മതിയെന്ന് യോഗം തീരുമാനിച്ചു. കെപിസിസിക്ക് പരാതി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കല്‍ ചടങ്ങ് ചെയര്‍മാനും കണ്‍വീനറും ബഹിഷ്കരിച്ചു

തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കല്‍ ചടങ്ങിലും കോണ്‍ഗ്രസിലെയും യുഡിഎഫിലെയും ചേരിപ്പോര് വ്യക്തം. യുഡിഎഫ് ജില്ലാ ചെയര്‍മാനും കണ്‍വീനറുമില്ലാതെയാണ് തിങ്കളാഴ്ച പ്രസ്ക്ളബ്ബില്‍ തിരുവനന്തപുരം നഗരസഭാ തെരഞ്ഞെടുപ്പു പ്രകടനപത്രിക പുറത്തിറക്കിയത്. ഘടകകക്ഷികളില്‍ ജെഎസ്എസും ചടങ്ങ് ബഹിഷ്കരിച്ചു. ഡിസിസി പ്രസിഡന്റ് വി എസ് ശിവകുമാറിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം യുഡിഎഫുകാര്‍ മാത്രമാണ് ചടങ്ങിനെത്തിയത്. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ മോഹന്‍കുമാറും കണ്‍വീനറും ലീഗ് നേതാവുമായ ബീമാപള്ളി റഷീദുമാണ് ചടങ്ങ് ബഹിഷ്കരിച്ചത്. ശിവകുമാറുമായി ഇടഞ്ഞു നില്‍ക്കുന്ന മോഹന്‍കുമാര്‍ സീറ്റുവിഭജനത്തില്‍ അതൃപ്തനാണ്.

മുസ്ളിം ലീഗ് മിക്കയിടത്തും യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. എല്‍ഡിഎഫ് പ്രകടനപത്രികയുടെ കോപ്പിയടിയും യുഡിഎഫിന്റെ പ്രകടനപത്രികയില്‍ ദൃശ്യമാണ്. ഐപിഎല്ലും ഹണിമൂണുമായി ലോകം ചുറ്റി നടക്കുന്ന ശശി തരൂരിന്റെ ബാഴ്സലോണ ഇരട്ടനഗരം പദ്ധതി സമയബന്ധിതമായി നടപ്പാക്കുമെന്നാണ് ഒരു വാഗ്ദാനം. നവീകരണം നടന്നുകൊണ്ടിരിക്കുന്ന തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡ് വീണ്ടും നവീകരിക്കുമെന്നാണ് മറ്റൊരു വാഗ്ദാനം. നഗരസഭയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും വ്യക്തമായ വിവരംപോലുമില്ലാത്ത രീതിയിലായിരുന്നു യുഡിഎഫ് സംഘത്തിന്റെ പ്രതികരണങ്ങള്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാനും അവര്‍ തയ്യാറായില്ല.

ഡിസിസി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി റിബലുകള്‍

പാലക്കാട് നഗരസഭയില്‍ റിബലായി മത്സരിക്കുന്നവരെ പുറത്താക്കിയതായി ഡിസിസി നേതൃത്വം. എന്നാല്‍ അഴിമതിക്കാരെ സംരക്ഷിക്കാനും ബിജെപിയുമായുള്ള സഖ്യം നിലനിര്‍ത്താനുമാണ് തങ്ങളെ കോണ്‍ഗ്രസ് നേതൃത്വം പുറത്താക്കിയതെന്ന് വിമതവിഭാഗം കോണ്‍ഗ്രസ്. പാലക്കാട് 24-ാം വാര്‍ഡ് പേമെന്റ് സീറ്റാണെന്നും ഇവര്‍ ആരോപിക്കുന്നു. ഡിസിസി നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളും റിബലുകള്‍ ഉന്നയിക്കുന്നു.

മുന്‍ ലോക്സഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന വി എസ് വിജയരാഘവനെയും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി എ വി ഗോപിനാഥനെയും തോല്‍പ്പിക്കാനായി ഡിസിസി ഭാരവാഹിത്തമുള്ള ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ചരട് വലിച്ചതായി 24-ാം വാര്‍ഡില്‍ കോണ്‍ഗ്രസ് റിബലായി മത്സരിക്കുന്ന എസ് എ റഹ്മാന്‍ പറയുന്നു. 24-ാം വാര്‍ഡിലെ ഔദ്യോഗിക സ്ഥാനാര്‍ഥി അബ്ദുള്‍ കുദ്ദൂസ് ഒരു തവണ ജയിച്ചതുള്‍പ്പെടെ നിലവില്‍ മൂന്ന്തവണ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. നാലാം തവണയും സീറ്റ് നല്‍കിയത് പ്രതിഷേധാര്‍ഹമാണ്. കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയത് തീരെ വില കല്‍പ്പിക്കുന്നില്ല.

സ്ഥാനാര്‍ഥിയാവാനുള്ള ഇന്റര്‍വ്യു കഴിഞ്ഞ് അവസാന ഘട്ടത്തില്‍ കോണ്‍ഗ്രസ് സീറ്റ് നല്‍കാത്തതില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നും സാമ്പത്തികമാണ് ഇതിന് മാനദണ്ഡമായതെന്നും ഇതേ വാര്‍ഡില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് റിബലും പാലക്കാട് മണ്ഡലം സെക്രട്ടറിയുമായ എച്ച് എ സുധീര്‍ പറഞ്ഞു. അതേസമയം റിബലായി മത്സരിക്കുന്ന എസ് എ റഹ്മാന്‍, സുധീര്‍, മൂന്നാം വാര്‍ഡിലെ പി വി സുലൈമാന്‍, നാലാം വാര്‍ഡിലെ ആര്‍ രാധാകൃഷ്ണന്‍ 21-ാം വാര്‍ഡിലെ സിന്ധുരാധാകൃഷ്ണന്‍, 30-ാം വാര്‍ഡിലെ മരുതന്‍ എന്നിവരെ പാര്‍ടിയില്‍നിന്ന് പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് സി വി ബാലചന്ദ്രന്‍ പറഞ്ഞു.

deshabhimani news

1 comment:

  1. കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും ബ്ളോക്ക് പ്രസിഡന്റും തമ്മില്‍ പൊരിഞ്ഞതല്ല്. ഡിസിസി ജനറല്‍ സെക്രട്ടറിയെ പുറത്താക്കിയില്ലെങ്കില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് എ ഗ്രൂപ്പിന്റെ അന്ത്യശാസനം. ചൊവ്വാഴ്ച പകല്‍ പതിനൊന്നരയോടെയാണ് വിദ്യാനഗറില്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിസിസി ഓഫീസിലെ പ്രസിഡന്റിന്റെ മുറിയില്‍ ഏറ്റുമുട്ടലുണ്ടായത്. വലിയപറമ്പ് പഞ്ചായത്തിലെ റിബല്‍ പ്രശ്നം സംസാരിക്കാന്‍ വന്നതായിരുന്നു എ ഗ്രൂപ്പുകാരനായ ബ്ളോക്ക് പ്രസിഡന്റ് കെ വി ഗംഗാധരന്‍. ചര്‍ച്ചക്കുശേഷം പ്രസിഡന്റുമായി സംസാരിച്ചിരിക്കെ ജനറല്‍സെക്രട്ടറി നീലകണ്ഠന്‍ മുറിയില്‍ വന്ന് ഗംഗാധരനെ തല്ലുകയായിരുന്നു. ഗംഗാധരന്‍ തിരിച്ചടിച്ചതോടെ പൊരിഞ്ഞ തല്ലായി. ഓഫീസിലുണ്ടായിരുന്ന പ്രവര്‍ത്തകര്‍ ഇരുവരെയും പിടിച്ചുമാറ്റി.

    ReplyDelete