Monday, October 18, 2010

അയോധ്യാവിധി നാട്ടുകൂട്ടംപോലെ

അയോധ്യാവിധി നാട്ടുകൂട്ടംപോലെ: രാം-ജാനകി മന്ദിര്‍ കാര്‍മികന്‍

തൃശൂര്‍: 'അയോധ്യാകേസില്‍ വിശ്വാസത്തിനു പിറകെ സഞ്ചരിച്ച നീതിപീഠം നാട്ടുകൂട്ടംപോലെയായി. രേഖകള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കിയില്ല. ഇതു കോടതിയുടെ വിശ്വാസ്യതയാണ് നഷ്ടപ്പെടുത്തുന്നത്'-ബാബറി മസ്ജിദ് പൊളിച്ചതിനു ദൃക്സാക്ഷിയും അയോധ്യയിലെ സരയൂകുഞ്ച് രാം-ജാനകി മന്ദിര്‍ മുഖ്യകാര്‍മികനുമായ യുഗല്‍ കിഷോര്‍ ശര ശാസ്ത്രിപറയുന്നു. മതസൌഹാര്‍ദ പ്രചാരണത്തിന്റെ ഭാഗമായി എത്തിയതായിരുന്നു 'അയോധ്യ കീ ആവാസ്' പ്രസ്ഥാനത്തിന്റെ നേതാവുകൂടിയായ ശാസ്ത്രി.

"വര്‍ഗീയവാദികള്‍ പള്ളി തകര്‍ത്ത് മുസ്ളീങ്ങളോടും യഥാര്‍ഥ വിശ്വാസികളോടും ക്രൂരതകാട്ടി. ഇപ്പോള്‍ കോടതി അയോധ്യയെ മൂന്നായി പങ്കുവച്ചതിന് ഒരു രേഖയുടെയും പിന്‍ബലവുമില്ല. സത്യം കുഴിച്ചുമൂടപ്പെട്ടു. വിശ്വാസമാണ് വിധിയുടെ അടിസ്ഥാനം''- ശാസ്ത്രി പറഞ്ഞു. അയോധ്യ എല്ലാ മതസ്ഥരുടെയും സംഗമഭൂമിയാണ്. ഹിന്ദു, മുസ്ളിം, സിഖ് വിഭാഗങ്ങളെല്ലാം ഒന്നുപോലെയാണ് ജീവിക്കുന്നത്. ഈ പ്രദേശത്ത് 90ശതമാനം ജനങ്ങളും പള്ളിപൊളിച്ചത് തെറ്റാണെന്ന് വിശ്വസിക്കുന്നവരാണ്. സമാധാനം ആഗ്രഹിക്കുന്നവരാണ്. ഇവിടെ ഒരുപാട് ക്ഷേത്രങ്ങളുണ്ട്. രാം-ജാനകി മന്ദിര്‍, കൌസല്യാഭവന്‍, ദശരഥ് ഭവന്‍, രാംജന്മസ്ഥാന്‍ എന്നീ ക്ഷേത്രങ്ങളിലെ പൂജാരികളെല്ലാം തങ്ങളുടെ ക്ഷേത്രമാണ് യഥാര്‍ഥ രാമജന്മഭൂമിയെന്ന് അവകാശപ്പെടുന്നു. ബാബറി മസ്ജിദിന്റെ പിന്‍ഭാഗത്താണ് രാം ജാനകി മന്ദിര്‍ സ്ഥിതിചെയ്യുന്നത്. 1992 ഡിസംബര്‍ ആറിന് വര്‍ഗീയവാദികള്‍ പള്ളിപൊളിക്കുന്നത് നേരില്‍കണ്ടു. തുടര്‍ന്ന് നാട്ടില്‍ മനുഷ്യജീവനുകളെ പച്ചയോടെ ചുട്ടുകൊല്ലുന്നതു കാണേണ്ടിവന്നു. ഏതു ജാതിക്കാരനായാലും സഹജീവികളെ കൊല്ലുന്നത് വിശ്വാസമല്ല. ധര്‍വുമല്ലെന്നാണ് എന്റെ വിശ്വാസം. അതുകൊണ്ടുതന്നെ സിബിഐക്കു തെളിവു നല്‍കി. പിന്നീട് വിഎച്ച്പി സംഘത്തിന്റെ വധഭീഷണിയുണ്ടായി. 11 മാസം തുടര്‍ച്ചയായി പൊലീസ് സംരക്ഷണത്തിലാണ് കഴിഞ്ഞത്. ഭൂമി സംബന്ധിച്ച് വിധി വന്നതോടെ പള്ളിപൊളിച്ച കേസിലും കോടതിയിലുമുള്ള വിശ്വാസം നഷ്ടപ്പെടുകയാണ്. പിന്നീട് 'അയോധ്യാ കീ ആവാസ്' എന്ന സംഘടന രൂപീകരിച്ച് മതസൌഹാര്‍ദത്തിനുവേണ്ടി പ്രവര്‍ത്തിച്ചുവരികയാണ്.

രാമനെ മനസ്സിലാണ് പ്രതിഷ്ഠിക്കേണ്ടത് എന്നാണ് ഞങ്ങള്‍ നല്‍കുന്ന സന്ദേശം. പാവപ്പെട്ടവരുടെ മോചനത്തിനുവേണ്ടി പ്രവര്‍ത്തിക്കുക. ഈ സന്ദേശവുമായി നിരവധി ബോധവല്‍ക്കരണ ക്യാമ്പയിന്‍ നടത്തി. അയോധ്യമുതല്‍ അജ്മീര്‍വരെ ശാന്തിയാത്ര സംഘടിപ്പിച്ചിരുന്നു. ശനിയാഴ്ച കൊച്ചിയില്‍ മതേതര കണ്‍വന്‍ഷനില്‍ പങ്കെടുക്കാനാണ് കേരളത്തിലെത്തിയത്. നേരത്തേ ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനം നടത്തിയ ശാസ്ത്രി അജ്മീര്‍ ശാന്തിയാത്രയില്‍ പങ്കാളികളായ മുണ്ടൂര്‍ സല്‍സബീല്‍ ഗ്രീന്‍ സ്കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരുമായി സംവദിക്കാനുമെത്തിയിരുന്നു.

ദേശഭിമാനി 181010

1 comment:

  1. അയോധ്യാകേസില്‍ വിശ്വാസത്തിനു പിറകെ സഞ്ചരിച്ച നീതിപീഠം നാട്ടുകൂട്ടംപോലെയായി. രേഖകള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കിയില്ല. ഇതു കോടതിയുടെ വിശ്വാസ്യതയാണ് നഷ്ടപ്പെടുത്തുന്നത്'-ബാബറി മസ്ജിദ് പൊളിച്ചതിനു ദൃക്സാക്ഷിയും അയോധ്യയിലെ സരയൂകുഞ്ച് രാം-ജാനകി മന്ദിര്‍ മുഖ്യകാര്‍മികനുമായ യുഗല്‍ കിഷോര്‍ ശര ശാസ്ത്രിപറയുന്നു. മതസൌഹാര്‍ദ പ്രചാരണത്തിന്റെ ഭാഗമായി എത്തിയതായിരുന്നു 'അയോധ്യ കീ ആവാസ്' പ്രസ്ഥാനത്തിന്റെ നേതാവുകൂടിയായ ശാസ്ത്രി.

    "വര്‍ഗീയവാദികള്‍ പള്ളി തകര്‍ത്ത് മുസ്ളീങ്ങളോടും യഥാര്‍ഥ വിശ്വാസികളോടും ക്രൂരതകാട്ടി. ഇപ്പോള്‍ കോടതി അയോധ്യയെ മൂന്നായി പങ്കുവച്ചതിന് ഒരു രേഖയുടെയും പിന്‍ബലവുമില്ല. സത്യം കുഴിച്ചുമൂടപ്പെട്ടു. വിശ്വാസമാണ് വിധിയുടെ അടിസ്ഥാനം''- ശാസ്ത്രി പറഞ്ഞു.

    ReplyDelete