Wednesday, October 27, 2010

ചെറുകിട വ്യാപാരമേഖലയില്‍ നൂറ് ശതമാനം വിദേശനിക്ഷേപം

ന്യൂഡല്‍ഹി: ചെറുകിട വില്‍പനമേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിന് യുപിഎ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. വ്യവസായ വാണിജ്യമന്ത്രാലയത്തിനും ആസൂത്രണകമീഷനും പുറമെ കൃഷി മന്ത്രാലയവും ചെറുകിട വില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുന്നതിന് അനുകൂലമായ നിലപാട് സ്വീകരിച്ചു. വിവിധ മന്ത്രാലയങ്ങളുമായി ചര്‍ച്ച നടത്തിയ വാള്‍മാര്‍ട് ഉടമ മൈക്കിള്‍ ടി ഡ്യൂക്കും മള്‍ടി ബ്രാന്റിലും വിദേശനിക്ഷേപം ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. നിലവില്‍ ഏകബ്രാന്റ് ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമാണ് നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ചിട്ടുള്ളത്.

അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ സന്ദര്‍ശനത്തിന്റെ മുന്നോടിയായാണ് വാള്‍മാര്‍ട് എന്ന അമേരിക്കന്‍ ബഹുരാഷ്ട്രകുത്തക ഉടമ ഡല്‍ഹിയിലെത്തിയത്. വിവിധ മന്ത്രാലയങ്ങള്‍ കയറിയിറങ്ങി ചെറുകിട വില്‍പ്പനമേഖല പൂര്‍ണമായും വിദേശനിക്ഷേപം അനുവദിക്കുന്നതിന് സമ്മര്‍ദം ചെലുത്തുകയാണിയാള്‍. വ്യവസായ-വാണിജ്യമന്ത്രി ആനന്ദ് ശര്‍മയുമായും ആസൂത്രണകമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്ക് സിങ് അഹ്ലുവാലിയയുമായി ഡ്യൂക്ക് ചര്‍ച്ച നടത്തി. വിദേശനിക്ഷേപ കാര്യത്തില്‍ പുരോഗതിയുണ്ടെന്ന് ഇരുവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഡ്യൂക്ക് പറഞ്ഞു. ബന്ധപ്പെട്ടവരുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായതുതന്നെ ശുഭസൂചനയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മള്‍ട്ടിബ്രാന്റ് അനുവദിക്കുന്നതിന് വാള്‍മാര്‍ടും ജര്‍മന്‍കമ്പനിയായ മെട്രോയും യുപിഎ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിവരികയാണ്.

15 രാഷ്ട്രങ്ങളിലായി 8500 സൂപ്പര്‍മാര്‍ക്കറ്റുള്ള സ്ഥാപനമാണ് 400 ശതകോടി ഡോളറിന്റെ ആസ്തിയുള്ള വാള്‍മാര്‍ട്. ആസൂത്രണകമീഷനും കൃഷിമന്ത്രാലയവും ചെറുകിട വില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപത്തിന് ശക്തമായി വാദിക്കുന്നതാണ് ഈ കമ്പനികള്‍ക്ക് ശുഭാപ്തി വിശ്വാസം നല്‍കിയത്. നൂറ് ശതമാനം വിദേശനിക്ഷേപം അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. നേരത്തേ വിദേശനിക്ഷേപം അനുവദിക്കാന്‍ യുപിഎ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും ഇടതുപക്ഷത്തിന്റെയും ബിജെപിയുടെയും എതിര്‍പ്പ് കാരണം അതിന് കഴിഞ്ഞിരുന്നില്ല. ലക്ഷക്കണക്കിന് കച്ചവടക്കാരുടെ ജീവിതം തകരാന്‍ ഈ നടപടി കാരണമാകുമെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. മുരളീമനോഹര്‍ ജോഷി അധ്യക്ഷനായുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയും വിദേശനിക്ഷേപം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു.
(വി ബി പരമേശ്വരന്‍)

deshabhimani 271010

1 comment:

  1. ചെറുകിട വില്‍പനമേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിന് യുപിഎ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. വ്യവസായ വാണിജ്യമന്ത്രാലയത്തിനും ആസൂത്രണകമീഷനും പുറമെ കൃഷി മന്ത്രാലയവും ചെറുകിട വില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുന്നതിന് അനുകൂലമായ നിലപാട് സ്വീകരിച്ചു. വിവിധ മന്ത്രാലയങ്ങളുമായി ചര്‍ച്ച നടത്തിയ വാള്‍മാര്‍ട് ഉടമ മൈക്കിള്‍ ടി ഡ്യൂക്കും മള്‍ടി ബ്രാന്റിലും വിദേശനിക്ഷേപം ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. നിലവില്‍ ഏകബ്രാന്റ് ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമാണ് നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ചിട്ടുള്ളത്.

    ReplyDelete