Wednesday, October 20, 2010

9 ലക്ഷം ചെറുകിട വ്യവസായം; ബംഗാള്‍ വഴികാട്ടുന്നു

കൊല്‍ക്കത്ത: രാജ്യത്തെ മൊത്തം ചെറുകിട വ്യവസായ യൂണിറ്റുകളില്‍ ഏഴു ശതമാനവും ഈ മേഖലയില്‍ തൊഴിലെടുക്കുന്നവരില്‍ ഒമ്പതു ശതമാനവും പശ്ചിമബംഗാളില്‍. ചെറുകിട/കുടില്‍ വ്യവസായങ്ങള്‍, കൈത്തറി, സെറികള്‍ച്ചര്‍ മേഖലകളിലായി 9.01 ലക്ഷം വ്യവസായ യൂണിറ്റാണ് പശ്ചിമബംഗാളിലുള്ളത്. 25.5 ലക്ഷം പേര്‍ തൊഴിലെടുക്കുന്നു. സംസ്ഥാനത്തെ വ്യാവസായികോല്‍പ്പാദനത്തില്‍ പകുതിയിലധികവും ചെറുകിട വ്യവസായമേഖലയില്‍നിന്ന്. ഒരുകാലത്ത് ധാക്ക മസ്ളിനും മൂര്‍ഷിദാബാദ് സില്‍ക്കും രാജ്യാന്തര പ്രശസ്തി നേടിയിരുന്നു. ഇന്നും മൂര്‍ഷിദാബാദ് പട്ടിന് മൂല്യം കുറഞ്ഞിട്ടില്ല. ഖാദിമേഖലയിലാണ് ഇതിന്റെ ഉല്‍പ്പാദനം അധികവും. രാജ്യത്തെ ഖാദിപ്പട്ട് ഉല്‍പ്പാദനത്തില്‍ 36.37 ശതമാനവും പശ്ചിമബംഗാളിലാണ്. 8000 സ്ത്രീകള്‍ ഈ മേഖലയില്‍ പണിയെടുക്കുന്നു. മുര്‍ഷിദാബാദ് ജില്ലയിലെ ഇസ്ളാംപുര്‍, ജിയാഗഞ്ച് മേഖലകളിലാണ് ഈ യൂണിറ്റുകള്‍ അധികവും. കൈത്തറിമേഖലയാണ് ചെറുകിട വ്യവസായമേഖലയില്‍ ഏറ്റവും പ്രധാനം. 3.51 ലക്ഷം തറികളിലായി 6.7 ലക്ഷം തൊഴിലാളികള്‍ പണിയെടുക്കുന്നു. 11,000 ലക്ഷം മീറ്റര്‍ തുണിയാണ് ബംഗാളിലെ കൈത്തറിമേഖല ഒരു വര്‍ഷം സംഭാവന ചെയ്യുന്നത്. 500 പവര്‍ലൂമും സംസ്ഥാനത്തുണ്ട്. ഹൌറ, ബാങ്കുറ, ഹുഗ്ളി, കൊല്‍ക്കത്ത മേഖലകളിലായി രണ്ട് ലക്ഷം പേര്‍ റെഡിമെയ്ഡ് ഗാര്‍മെന്റ് നിര്‍മാണരംഗത്ത് പണിയെടുക്കുന്നു. പട്ടുനൂല്‍ ഉല്‍പ്പാദനമേഖലയാണ് മറ്റൊരു പ്രധാന രംഗം. 51,220 ഏക്കറില്‍ മള്‍ബറികൃഷിയുണ്ട്. പട്ടുനൂല്‍ ഉല്‍പ്പാദനത്തില്‍ 3.21 ലക്ഷം പേര്‍ വ്യാപൃതരാണ്.

ഒരു കാലത്ത് തുകല്‍വ്യവസായത്തിന് ഏറ്റവും പേരുകേട്ട നഗരമായിരുന്നു കൊല്‍ക്കത്ത. കൊല്‍ക്കത്തയിലെ വലിയ തുകല്‍ വ്യവസായശാലകള്‍ (ടാനറി) നഗരത്തിനു പുറത്തേക്ക് മാറ്റി. ചെറുകിട വ്യവസായമേഖലയില്‍ 538 തുകല്‍വ്യവസായ യൂണിറ്റ് ഇന്നുണ്ട്. 50,000 പേരാണ് ഇവിടെ തൊഴിലെടുക്കുന്നത്. സംസ്ഥാനത്തെ വന്‍കിട പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ത്തും പൊതുമേഖലയിലെ വ്യവസായങ്ങളില്‍ പുതുതായി നിക്ഷേപം നടത്താതെയും കേന്ദ്രസര്‍ക്കാര്‍ ശ്വാസംമുട്ടിക്കുമ്പോഴാണ് ചെറുകിട, പരമ്പരാഗത വ്യവസായ യൂണിറ്റുകളെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം. വന്‍കിട-സംഘടിത വ്യവസായമേഖലയുടെ ഉല്‍പ്പാദനക്കുറവ് ചെറുകിട വ്യവസായങ്ങളിലൂടെയും സേവനമേഖലയിലൂടെയും നികത്തുകയാണ് ബംഗാള്‍. ചെറുകിട വ്യവസായമേഖലയിലെ തൊഴിലാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യപദ്ധതിയും പ്രോവിഡന്റ് ഫണ്ടും ഏര്‍പ്പെടുത്തി. അസംഘടിതമേഖലയിലെ 25 ലക്ഷം തൊഴിലാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
(വി ജയിന്‍)

deshabhimani 191010

1 comment:

  1. വന്‍കിട-സംഘടിത വ്യവസായമേഖലയുടെ ഉല്‍പ്പാദനക്കുറവ് ചെറുകിട വ്യവസായങ്ങളിലൂടെയും സേവനമേഖലയിലൂടെയും നികത്തുകയാണ് ബംഗാള്‍. ചെറുകിട വ്യവസായമേഖലയിലെ തൊഴിലാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യപദ്ധതിയും പ്രോവിഡന്റ് ഫണ്ടും ഏര്‍പ്പെടുത്തി. അസംഘടിതമേഖലയിലെ 25 ലക്ഷം തൊഴിലാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

    ReplyDelete