കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഐക്യജനാധിപത്യമുന്നണി നുണപ്രചാരണം മാത്രം ആയുധമാക്കി തെരഞ്ഞെടുപ്പിനെ നേരിടാനാണ് തീരുമാനിച്ചതെന്ന് തോന്നുന്നു. തദ്ദേശഭരണസ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ അവരുടെ നുണക്കൂമ്പാരം അവരെത്തന്നെ തിരിഞ്ഞുകുത്തിയിരിക്കുകയാണ്. മനോരമ, മാതൃഭൂമി തുടങ്ങിയ മാധ്യമങ്ങളാണ് അവരെ തെരഞ്ഞെടുപ്പടവ് ഉപദേശിക്കുന്നത്. മുമ്പും അതങ്ങനെത്തന്നെയായിരുന്നു. ഇത്തവണ അടവ് പൂര്‍ണമായും പിഴച്ചുപോയെന്നുമാത്രം.
ലോട്ടറിവിവാദത്തില്‍ ഒന്നാംറൌണ്ടില്‍തന്നെ ആരോപണത്തിന്റെ മുനയൊടിഞ്ഞു. കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ ഔദ്യോഗിക വക്താവ് അഭിഷേക് മനു സിങ്വി സാന്റിയാഗോ മാര്‍ട്ടിന്‍ എന്ന ലോട്ടറി രാജാവിന്റെ കേസ് വാദിക്കാന്‍ വരികയും കേസ് വാദിച്ച് മാര്‍ട്ടിന് ജയം നേടിക്കൊടുക്കുകയും ചെയ്തതോടെ സത്യം മറനീക്കി പുറത്തുവന്നു. അന്യസംസ്ഥാന ലോട്ടറിക്കാര്‍ക്കുവേണ്ടി വാദിക്കാന്‍ മുമ്പ് ചിദംബരവും അദ്ദേഹത്തിന്റെ ഭാര്യ നളിനിയും കൊച്ചിയില്‍ വന്ന വിവരവും ചേര്‍ത്ത് വായിക്കുമ്പോള്‍ ചിത്രം വ്യക്തമായി. ലോട്ടറിയുടെ വലിയ രാജാവ് മണികുമാര്‍ സുബ്ബ കോണ്‍ഗ്രസിന്റെ നേതാവും പാര്‍ടിയുടെ ധനസ്രോതസ്സും മുന്‍ എംപിയുമൊക്കെയാണെന്ന വിവരവും ജനങ്ങള്‍ കൂട്ടിവായിച്ചു. ഇതോടെ സാന്റിയാഗോ മാര്‍ട്ടിനും കോണ്‍ഗ്രസിന്റെ കേന്ദ്ര- സംസ്ഥാന നേതൃത്വവും തമ്മിലുള്ള നാഭീനാളബന്ധം അറിയാത്തവരാരുമില്ലെന്ന സ്ഥിതിവന്നു. കേരള ഹൈക്കോടതിയുടെ സിംഗിള്‍ബെഞ്ച് വിധി ഡിവിഷന്‍ബെഞ്ച് റദ്ദാക്കുകയും ഭൂട്ടാന്‍ ലോട്ടറിയുടെ ഏജന്റ് സാന്റിയാഗോ മാര്‍ട്ടിന്‍തന്നെയാണെന്ന് വിധിക്കുകയും ചെയ്തു. മാത്രമല്ല മാര്‍ട്ടിനില്‍നിന്ന് നികുതി വാങ്ങണമെന്നും പലിശ ഈടാക്കാന്‍ പാടില്ലെന്നും കോടതി തറപ്പിച്ചുപറഞ്ഞു. ആഴ്ചയില്‍ ഒരു ലോട്ടറിമാത്രമേ ആകാവൂ എന്ന സിംഗിള്‍ബെഞ്ചിന്റെ വിധിയും റദ്ദാക്കി. അതോടെ ധനമന്ത്രി തോമസ് ഐസക്കും എല്‍ഡിഎഫ് സര്‍ക്കാരും സ്വീകരിച്ച നിലപാട് നൂറുശതമാനം ശരിയാണെന്ന് തെളിഞ്ഞു.
കോടതിവിധി എന്തായാലും അഡ്വക്കറ്റ് ജനറലിന്റെ അധികാരം സ്വയം ഏറ്റെടുത്ത് കേരളസര്‍ക്കാരിന് മലയാളമനോരമ നിയമോപദേശം നല്‍കുന്നുണ്ടെങ്കിലും അത് സ്വീകരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയില്ലാത്തതുകൊണ്ട് മറ്റ് ചോദ്യങ്ങളൊന്നും ഉദിക്കുന്നില്ല. ഉമ്മന്‍ചാണ്ടിയും കൂട്ടരും വീണേടത്ത് കിടന്ന് ഉരുളുന്നത് സ്വാഭാവികം മാത്രം. മറ്റൊരു മാര്‍ഗവും മുമ്പിലില്ലല്ലോ.
കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ജനോപകാരപ്രദമായ എല്ലാ നടപടിയും കേന്ദ്രം തന്നതാണെന്നാണ് മറ്റൊരു പല്ലവി. സര്‍ക്കാര്‍ യുപി സ്കൂള്‍ ഹൈസ്കൂളാക്കിയതുപോലും കേന്ദ്രം ചെയ്തതാണെന്ന് പ്രചരിപ്പിക്കാനും ബോര്‍ഡ് എഴുതിവയ്ക്കാനും കോണ്‍ഗ്രസിന് നാണമില്ല. സിഎഫ് ലാമ്പുകള്‍ നല്‍കിയതും രണ്ടു രൂപയ്ക്ക് 41 ലക്ഷം കാര്‍ഡുടമകള്‍ക്ക് അരി നല്‍കിയതുമുള്‍പ്പെടെ കേന്ദ്രസര്‍ക്കാരാണെന്നുള്ള നുണയാണ് കോണ്‍ഗ്രസ് നിരന്തരം പ്രചരിപ്പിക്കുന്നത്. 2001 മുതല്‍ 2006 വരെ കേരളം ഭരിച്ച യുഡിഎഫ് സര്‍ക്കാര്‍ കര്‍ഷകത്തൊഴിലാളികള്‍ക്കും കയര്‍, കൈത്തറി, കശുവണ്ടി, ഖാദി, ബീഡിത്തൊഴിലാളികള്‍ക്കും വികലാംഗര്‍, വിധവകള്‍ തുടങ്ങിയവര്‍ക്കും നല്‍കിയ പെന്‍ഷന്‍ 110 രൂപയില്‍നിന്ന് അഞ്ചു രൂപയെങ്കിലും വര്‍ധിപ്പിക്കാതിരുന്നതെന്ത് എന്ന ചോദ്യത്തിന് മറുപടി പറയാന്‍ യുഡിഎഫിന് കഴിയുന്നില്ല. പെന്‍ഷന്‍ കുടിശ്ശിക വരുത്തിയത്, ക്ഷേമനിധി ആനുകൂല്യം നല്‍കാതിരുന്നത്, ആത്മഹത്യചെയ്ത കര്‍ഷകരുടെ ആശ്രിതരെ ആശ്വസിപ്പിക്കാന്‍ ഒരു നടപടിയും സ്വീകരിക്കാതിരുന്നത്, മുത്തങ്ങയില്‍ ആദിവാസികളെ തല്ലിച്ചതച്ചതും ജോഗിയെ വെടിവച്ചുകൊന്നതും ഉള്‍പ്പെടെ സമ്മതിദായകരില്‍നിന്ന് ഉയര്‍ന്നുവരുന്ന ഒരു ചോദ്യത്തിനും മറുപടി നല്‍കാന്‍ കഴിയാതെ യുഡിഎഫ് നിന്ന് വിയര്‍ക്കുകയാണ്.
കുടുംബശ്രീ അംഗങ്ങള്‍ യുഡിഎഫിനെതിരെ കടുത്ത രോഷം പ്രകടിപ്പിക്കുന്നുണ്ട്. എന്‍ജിഒ, അധ്യാപകവിഭാഗവും മൂന്നുലക്ഷംവരുന്ന സര്‍വീസ് പെന്‍ഷന്‍കാരും എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടികളില്‍ പൂര്‍ണമായും തൃപ്തരാണ്. കാര്‍ഷിക- വ്യാവസായിക മേഖലകളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ 36 മാസത്തിനകം നടപ്പാക്കിയ വികസന പദ്ധതികള്‍ ഇന്ത്യയുടെയാകെ ശ്രദ്ധപിടിച്ചുപറ്റിയതാണ്. ഏറ്റവും ഒടുവില്‍ സ്വകാര്യ സിമന്റുകമ്പനിക്കാര്‍ സിമന്റുവില 110 രൂപ വര്‍ധിപ്പിച്ചപ്പോള്‍ നിര്‍മാണപ്രവര്‍ത്തനം നിലയ്ക്കുന്ന നിലയാണ് ഉണ്ടായത്. മലബാര്‍ സിമന്റ്സ് ഒരു ചാക്ക് സിമന്റിന് 35 രൂപ കുറവുവരുത്താന്‍ തയ്യാറായത് പ്രശംസ പിടിച്ചുപറ്റിയ നടപടിയാണ്. തദ്ദേശഭരണസ്ഥാപനങ്ങളുടെ അഞ്ചുവര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തിന്റെ നേട്ടങ്ങളും നല്ല മതിപ്പുളവാക്കിയതാണ്.
2009ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ടുചെയ്ത് വന്‍ഭൂരിപക്ഷത്തോടെ ജയിപ്പിച്ച സമ്മതിദായകര്‍ കടുത്ത നിരാശയിലാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില ഒന്നരവര്‍ഷത്തിനകം അഞ്ചുതവണയാണ് വര്‍ധിപ്പിച്ചത്. പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വിലയും വര്‍ധിപ്പിച്ചു. പെട്രോളിന്റെ വിലനിയന്ത്രണം നീക്കിയതോടെ സ്ഥിതി കൂടുതല്‍ വഷളായിരിക്കുന്നു. വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു ശ്രമവും ഉണ്ടായിട്ടില്ല. ലാഭകരമായ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്ന തിരക്കിലാണ് കേന്ദ്രസര്‍ക്കാര്‍.
കേന്ദ്രസര്‍ക്കാരിന്റെ അഴിമതിയാണ് ഇതിലും ഗൌരവമായിട്ടുള്ളത്. രണ്ട് ജി സ്പെക്ട്രം ലേലംചെയ്യാതെ വിറ്റ വകയില്‍ 1,40,000 കോടി രൂപ കേന്ദ്ര ഖജനാവിന് നഷ്ടംവന്നതായി സിഎജിതന്നെ കണ്ടെത്തി. സുപ്രീംകോടതി ഈ വിഷയത്തില്‍ വിശദീകരണം തേടുകയും ചെയ്തു. കോമവെല്‍ത്ത് ഗെയിംസ് രണ്ടാം യുപിഎ സര്‍ക്കാരിന് നാണക്കേട് വരുത്തിവച്ചത് നാട്ടില്‍ പാട്ടായി. സുരേഷ് കല്‍മാഡി ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിനെ കുറ്റപ്പെടുത്തുന്നു. ഷീല ദീക്ഷിത് മറിച്ചും കുറ്റപ്പെടുത്തുന്നു. സുപ്രീംകോടതിയില്‍ ഈ വിഷയവും വരികയുണ്ടായി. അഴിമതി ദേശസാല്‍ക്കരിക്കുന്നതല്ലേ ഇതിലും ഭേദമെന്ന ചോദ്യം സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുകയാണ്. ഐപിഎല്‍ അഴിമതിയില്‍ കേരളത്തില്‍നിന്നുള്ള ശശി തരൂരിന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതും ചര്‍ച്ചാവിഷയമാണ്.
ഈ സാഹചര്യത്തിലാണ് തദ്ദേശഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ബഹുദൂരം മുന്നിട്ടുനില്‍ക്കുന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ വന്‍ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാന്‍ കേരളത്തിലെ രാഷ്ട്രീയ ഉദ്ബുദ്ധതയുള്ള സമ്മതിദായകര്‍ സന്നദ്ധരായിരിക്കുകയാണെന്നതില്‍ സംശയമില്ല.
ദേശാഭിമാനി മുഖപ്രസംഗം 231010
കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഐക്യജനാധിപത്യമുന്നണി നുണപ്രചാരണം മാത്രം ആയുധമാക്കി തെരഞ്ഞെടുപ്പിനെ നേരിടാനാണ് തീരുമാനിച്ചതെന്ന് തോന്നുന്നു. തദ്ദേശഭരണസ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ അവരുടെ നുണക്കൂമ്പാരം അവരെത്തന്നെ തിരിഞ്ഞുകുത്തിയിരിക്കുകയാണ്. മനോരമ, മാതൃഭൂമി തുടങ്ങിയ മാധ്യമങ്ങളാണ് അവരെ തെരഞ്ഞെടുപ്പടവ് ഉപദേശിക്കുന്നത്. മുമ്പും അതങ്ങനെത്തന്നെയായിരുന്നു. ഇത്തവണ അടവ് പൂര്‍ണമായും പിഴച്ചുപോയെന്നുമാത്രം.
ReplyDelete