ശിവസേന സാംസ്‌കാരിക ഫാഷിസത്തെ പ്രതിനിധാനം ചെയ്യുന്ന സംഘടനയാണെന്ന് പലയാവര്‍ത്തി തെളിയിച്ചിട്ടുണ്ട്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മുംബൈ യൂണിവേഴ്‌സിറ്റിയില്‍ നടന്ന പുസ്തകനിരാസം. കഴിഞ്ഞ നാല് അധ്യയന വര്‍ഷമായി രണ്ടാം വര്‍ഷ ബി എയുടെ സിലബസില്‍ ഉള്‍പ്പെടുത്തിയിരുന്ന പുസ്തകമാണ് 'സച്ച് എ ലോംഗ് ജേര്‍ണി' എന്ന നോവല്‍. റോഹിണ്‍ഡണ്‍ മിസ്ര്രതിയുടെ ഈ പുസ്തകം ബുക്കര്‍ സമ്മാനത്തിനായി ശുപാര്‍ശ ചെയ്യപ്പെട്ടതാണ്. കഴിഞ്ഞ അധ്യയന വര്‍ഷങ്ങളിലൊന്നും ഈ പുസ്തകത്തെക്കുറിച്ച് വിദ്യാര്‍ഥികളോ അധ്യാപകരോ ഒരു പരാതിയും ഉന്നയിച്ചിരുന്നില്ല.
എന്നാല്‍ ഇപ്പോള്‍ പൊടുന്നനെ ശിവസേനാ മേധാവി ബാല്‍താക്കറെയുടെ പൗത്രന്‍ ആദിത്യ താക്കറെ പുസ്തകത്തിനെതിരായി രോഷ പ്രകടനത്തോടെ രംഗപ്രവേശം ചെയ്തു. ശിവസേനയുടെ വികാരങ്ങളെ ഈ നോവല്‍ വ്രണപ്പെടുത്തുന്നുവെന്ന കഴമ്പില്ലാത്ത വാദമാണ് അദ്ദേഹം പുസ്തകനിരാസത്തിനുള്ള ന്യായമായി പറഞ്ഞത്. ആദിത്യ താക്കറെ പുസ്തകം വായിച്ചിട്ടില്ല. യുവ വിദ്യാര്‍ഥി സേനയുടെ ചില പ്രതിനിധികള്‍ തന്നോട് അങ്ങനെ പറഞ്ഞുവെന്ന് ആദിത്യ താക്കറെ തന്നെ സമ്മതിക്കുന്നു.
മുംബൈ സെന്റ് സേവ്യേസ് കോളജിലെ ചരിത്ര ബിരുദ വിദ്യാര്‍ഥിയായ ആദിത്യ താക്കറെ മുംബൈ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറായ ഡോ. രാജന്‍ വേലുക്കറെ സന്ദര്‍ശിച്ച് പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. താന്‍ നേതൃത്വം നല്‍കുന്ന സര്‍വ്വകലാശാലയ്ക്കു കീഴിലുള്ള കലാലയത്തിലെ ബിരുദ വിദ്യാര്‍ഥിയെ എഴുന്നേറ്റ് നിന്ന് സ്വീകരിക്കുകയും അതിവിനയത്തോടെ ഇടപെടുകയും ചെയ്ത വൈസ് ചാന്‍സലര്‍ മുന്‍പില്‍ നോക്കാതെ ആദിത്യയുടെ ആവശ്യം അംഗീകരിച്ചു.
ആവശ്യം പരിശോധിക്കുവാനോ ആരോപണങ്ങളില്‍ കഴമ്പുണ്ടോയെന്ന് മനസ്സിലാക്കുന്നതിനോ വൈസ് ചാന്‍സലര്‍ തയ്യാറായില്ല. സര്‍വകലാശാലയ്ക്കു കീഴിലുള്ള അക്കാഡമിക് കൗണ്‍സിലിനെയോ ബോര്‍ഡ് ഓഫ് സ്റ്റഡീസിനെയോ വിശ്വാസത്തിലെടുക്കാനും ഡോ. രാജന്‍ വേലുക്കര്‍ സന്നദ്ധമായിരുന്നില്ല. ആദിത്യയുടെ ആവശ്യം കയ്യോടെ അംഗീകരിച്ച് അധ്യാപക സമൂഹത്തെയും എഴുത്തുകാരെയും അവഹേളിക്കുകയാണ് വേലുക്കര്‍ ചെയ്തത്.
ഡോ. വേലുക്കര്‍ക്കെതിരെ പല ആക്ഷേപങ്ങളും മുമ്പുതന്നെ ഉയര്‍ന്നു വന്നിട്ടുണ്ട്. വേലുക്കര്‍ക്ക് വൈസ് ചാന്‍സലറാവാനുള്ള യോഗ്യതയില്ലെന്നും യു ജി സി മാനദണ്ഡങ്ങള്‍ അനുസരിച്ച് വേലുക്കര്‍ പ്രൊഫസറല്ലെന്നും ഒരു സാധാരണ ലക്ചറര്‍ മാത്രമാണെന്നും മുമ്പു തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഗവേഷക വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗ്ഗ ദര്‍ശനം നല്‍കുന്ന അധ്യാപക വൃത്തിയിലും അദ്ദേഹം ഏര്‍പ്പെട്ടിട്ടില്ലത്രേ. അതിരുകടന്ന രാഷ്ട്രീയ വിധേയത്വമാണ് യശ്‌വന്ത്‌റാവു ചവാന്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ മേധാവിയായിരുന്ന വേലുക്കറെ മുംബൈ യൂണിവേഴ്‌സിറ്റിയുടെ വി സി പദത്തിലെത്തിച്ചത് എന്ന് കരുതുന്നവരുണ്ട്.
ആദിത്യ താക്കറെയുടെ ആഹ്വാനപ്രകാരം പുസ്തകം ഭാരതീയ വിദ്യാര്‍ഥി സേന പ്രവര്‍ത്തകര്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തു. പുസ്തക നിരാസം കൊണ്ട് ആദിത്യ തൃപ്തിപ്പെടാന്‍ തയ്യാറായില്ല. പഠന പുസ്തകമായി ഇത് നിര്‍ദേശിച്ച സര്‍വകലാശാലാ അധ്യാപകരെ സര്‍വകലാശാലയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ആദിത്യ താക്കറെയുടെ രാഷ്ട്രീയ പ്രവേശം ചര്‍ച്ചാവിഷയമാക്കുന്നതിനായുള്ള അഭ്യാസമാണ് ഇതിനെല്ലാം പിന്നില്‍. യുവസേനയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ആദിത്യയെ ശ്രദ്ധേയനാക്കുകയാണത്രേ ലക്ഷ്യം.
എന്നാല്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാനെ പോലുള്ളവര്‍ സ്വീകരിക്കുന്ന നിലപാടാണ് ഏറെ ദുരുപദിഷ്ടമായിട്ടുള്ളത്. ഈ സാംസ്‌കാരിക ഫാസിസത്തെ തടയുന്നതിനോ വിമര്‍ശിക്കുന്നതിനോ വൈസ് ചാന്‍സലറുടെ നടപടിയെക്കുറിച്ച് അന്വേഷിക്കുന്നതിനോ ചവാനും കോണ്‍ഗ്രസ് സര്‍ക്കാരും ഒരുക്കമല്ല.
ചലച്ചിത്രങ്ങള്‍ക്കും ചിത്ര രചനയ്ക്കും പുസ്തകങ്ങള്‍ക്കും നാടകങ്ങള്‍ക്കുമെതിരായ അതിക്രമം ശിവസേന പല ഘട്ടങ്ങളിലും പ്രകടമാക്കിയിട്ടുണ്ട്. എം എഫ് ഹുസൈനെ വേട്ടയാടുകയും ദീപാമേത്ത അടക്കമുള്ളവരുടെ ചലച്ചിത്രങ്ങള്‍ക്കെതിരായി ക്രോധത്തോടെ അലറുകയും അക്രമം അഴിച്ചുവിടുകയും ചെയ്തിരുന്നു. വര്‍ഗീയത വളര്‍ത്താനും മണ്ണിന്റെ മക്കള്‍ വാദത്തിലൂടെ വിദ്വേഷം വളര്‍ത്താനും ശ്രമിക്കുന്ന ശിവസേന പോലുള്ള സംഘടനകള്‍ രാജ്യത്തിന് ഭീഷണിയാണ്. അത്തരക്കാര്‍ സര്‍വകലാശാലകളെയും തങ്ങളുടെ സ്ഥാപിത താല്‍പര്യങ്ങള്‍ക്കായി കീഴ്‌പ്പെടുത്തുന്നത് ആശങ്കയോടെയേ കാണാനാവൂ.
ജനയുഗം മുഖപ്രസംഗം 241010
ശിവസേന സാംസ്‌കാരിക ഫാഷിസത്തെ പ്രതിനിധാനം ചെയ്യുന്ന സംഘടനയാണെന്ന് പലയാവര്‍ത്തി തെളിയിച്ചിട്ടുണ്ട്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മുംബൈ യൂണിവേഴ്‌സിറ്റിയില്‍ നടന്ന പുസ്തകനിരാസം. കഴിഞ്ഞ നാല് അധ്യയന വര്‍ഷമായി രണ്ടാം വര്‍ഷ ബി എയുടെ സിലബസില്‍ ഉള്‍പ്പെടുത്തിയിരുന്ന പുസ്തകമാണ് 'സച്ച് എ ലോംഗ് ജേര്‍ണി' എന്ന നോവല്‍. റോഹിണ്‍ഡണ്‍ മിസ്ര്രതിയുടെ ഈ പുസ്തകം ബുക്കര്‍ സമ്മാനത്തിനായി ശുപാര്‍ശ ചെയ്യപ്പെട്ടതാണ്. കഴിഞ്ഞ അധ്യയന വര്‍ഷങ്ങളിലൊന്നും ഈ പുസ്തകത്തെക്കുറിച്ച് വിദ്യാര്‍ഥികളോ അധ്യാപകരോ ഒരു പരാതിയും ഉന്നയിച്ചിരുന്നില്ല.
ReplyDeleteഎന്നാല്‍ ഇപ്പോള്‍ പൊടുന്നനെ ശിവസേനാ മേധാവി ബാല്‍താക്കറെയുടെ പൗത്രന്‍ ആദിത്യ താക്കറെ പുസ്തകത്തിനെതിരായി രോഷ പ്രകടനത്തോടെ രംഗപ്രവേശം ചെയ്തു. ശിവസേനയുടെ വികാരങ്ങളെ ഈ നോവല്‍ വ്രണപ്പെടുത്തുന്നുവെന്ന കഴമ്പില്ലാത്ത വാദമാണ് അദ്ദേഹം പുസ്തകനിരാസത്തിനുള്ള ന്യായമായി പറഞ്ഞത്. ആദിത്യ താക്കറെ പുസ്തകം വായിച്ചിട്ടില്ല. യുവ വിദ്യാര്‍ഥി സേനയുടെ ചില പ്രതിനിധികള്‍ തന്നോട് അങ്ങനെ പറഞ്ഞുവെന്ന് ആദിത്യ താക്കറെ തന്നെ സമ്മതിക്കുന്നു.