കളിക്കളത്തിലിറങ്ങുന്നതിനു മുമ്പുതന്നെ തോറ്റു തുന്നംപാടി പവലിയനില്‍ താടിക്ക് കൈയും കൊടുത്തിരിക്കുകയാണ് ഐക്യജനാധിപത്യ മുന്നണി. ഐക്യം അത്രമേല്‍ ശക്തമായതുകൊണ്ടുണ്ടായ ആഹ്‌ളാദകരമായ അവസ്ഥയാണിത്. സ്ഥാനാര്‍ഥികളാല്‍ സമൃദ്ധവും സമ്പന്നവുമാണ് ഐക്യ ജനാധിപത്യ മുന്നണി. ഓരോ വാര്‍ഡിലും രണ്ടില്‍ കുറയാത്ത സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ മാത്രം സമൃദ്ധം. രണ്ടു മുതല്‍ എത്രവരെ വേണമെങ്കിലും സ്ഥാനാര്‍ഥികളുടെ എണ്ണം ഉയരാവുന്നതാണ്. അത് എത്രവരെയെന്ന് കോണ്‍ഗ്രസിനോ ഐക്യജനാധിപത്യ മുന്നണിയിലെ മറ്റ് ഐക്യ മോഹികള്‍ക്കോ പോലും ഇതുവരെ തിട്ടപ്പെടുത്താനായിട്ടില്ല.
ധീരയും മുന്‍കോപക്കാരിയുമായ ഗൗരിയമ്മ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ കല്‍പന പുറപ്പെടുവിച്ചിരുന്നതാണ്. തന്റെ കക്ഷിയായ ജെ എസ് എസിനുള്ള സീറ്റുകളില്‍ റിബലുകളെ നിര്‍ത്തുന്ന കലാപരിപാടി ഉപേക്ഷിച്ചില്ലെങ്കില്‍ കളി വഷളാകുമെന്ന്. പക്ഷേ ഗൗരിയമ്മയെ വിരട്ടാനാണ് ഐക്യം ഊട്ടിയുറപ്പിക്കുന്നതില്‍ അമരക്കാരായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കച്ചകെട്ടിയിറങ്ങിയത്. അതുകൊണ്ടവസാനിച്ചെങ്കില്‍ സമാധാനമായേനേ. പക്ഷേ ജെ എസ് എസിന്റെ സീറ്റുകളില്‍ തീപ്പന്തം മുതല്‍ തെങ്ങുവരെയുള്ള അടയാളങ്ങളില്‍ കെ പി സി സി മുതല്‍ ബൂത്ത് കമ്മിറ്റി വരെയുള്ള ഖദര്‍ധാരികള്‍ രംഗപ്രവേശം ചെയ്തു.
അതിനു കോണ്‍ഗ്രസ് നേതാക്കളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. കാരണം കൈപ്പത്തിയ്‌ക്കെതിരെ കോണ്‍ഗ്രസുകാര്‍ തന്നെ ശംഖും ആദിയായ മറ്റടയാളങ്ങളും സ്വീകരിച്ച് ശംഖധ്വനി മുഴക്കുമ്പോള്‍ അവര്‍ക്കെന്ത് ചെയ്യാനാവും? എല്ലാം ഐക്യത്തിന്റെ മഹോന്നതങ്ങളായ ഉദാഹരണങ്ങള്‍. ഉമ്മന്‍ചാണ്ടി പക്ഷക്കാരനെതിരെ ചെന്നിത്തല പക്ഷം നില്‍ക്കും. മറിച്ചും അങ്ങനെ തന്നെ. കരുണാകര പക്ഷമാണെങ്കില്‍ ചാണ്ടി-ചെന്നിത്തല പക്ഷം ഒന്നിച്ചെതിര്‍ക്കും വയലാര്‍ രവി പക്ഷത്തെയും കൂടെ ചേര്‍ക്കും.
അധിക്ഷേപിക്കരുതെന്നും കുടികിടപ്പുകാരനായി കാണരുതെന്നും പാവം ടി എം ജേക്കബ് പത്രക്കാരൂടെ മുന്നില്‍ വിതുമ്പുന്നു. മാന്യതയില്ലാത്ത പണി മാത്രമാണ് കോണ്‍ഗ്രസിന് വശമായിട്ടുള്ളതെന്ന് എം വി രാഘവന്‍. രണ്ടില കൈപ്പിടിയിലുയര്‍ത്തി മാണിക്ക് കീഴടങ്ങിയ ജോസഫിന്റെ കുഞ്ഞാടുകളില്‍ ഭൂരിപക്ഷത്തിനും രണ്ടില പോയിട്ട് ഒരിലപോലും മാണി നല്‍കിയില്ല. കയ്ച്ചിട്ടിറക്കാനും വയ്യ തുപ്പാനും വയ്യ എന്ന മട്ടില്‍ കഴിയുകയാണ് പാവങ്ങള്‍. സോഷ്യലിസ്റ്റ് ജനതാദളായി പരകായ പ്രവേശം നടത്തിയ വീരശൂരപരാക്രമികളുടെ പാര്‍ട്ടിക്കും ആശിച്ചതൊന്നും കിട്ടിയില്ല. നാലാളുള്ളിടത്തൊക്കെ കോണ്‍ഗ്രസിനെതിരെ മത്സരിക്കുവാനുള്ള വീരശൂരത്വം പ്രകടിപ്പിച്ചിട്ടുണ്ട്. ഇടുക്കിയും കോട്ടയവും ആരുടെ കോട്ടയാണെന്ന് തീര്‍ച്ചപ്പെടുത്താന്‍ മാണി കോണ്‍ഗ്രസും കോണ്‍ഗ്രസും പരസ്പരം കൊമ്പുകോര്‍ക്കുന്നു. ഐക്യത്തിന് ഇനി മറ്റെന്തുവേണം ഉദാഹരണങ്ങളായി.
ഐക്യത്തിന്റെ മറ്റു ചില വകഭേദങ്ങളുമുണ്ട്. ബി ജെ പിയും എസ് ഡി പി ഐയും യു ഡി എഫുമായുള്ള ഐക്യമാണ് ശരിയായ ഐക്യം. പലയിടങ്ങളിലും ഒരുമയുണ്ടെങ്കില്‍ ഒലക്കമേലും കിടക്കാമെന്ന് കോണ്‍ഗ്രസും ലീഗും കേരള കോണ്‍ഗ്രസും സി എം പിയും ജെ എസ് എസും ബി ജെ പിയും എസ് ഡി പി ഐയും പി ഡി പിയും തെളിയിച്ചുകൊണ്ടിരിക്കുന്നു. കൈപ്പത്തിയും ഏണിയും താമരയും രണ്ടിലയുമൊന്നും പലയിടങ്ങളിലും കണ്ടുകിട്ടാനില്ല. മാങ്ങ, ഉദയസൂര്യന്‍, ആപ്പിള്‍ എന്നിവയ്ക്കാണ് അവിടങ്ങളിലെല്ലാം വന്‍ ഡിമാന്‍ഡ്. കൈപ്പത്തിക്ക് വിട. താമരയ്ക്ക് വിട. അല്ലെങ്കിലും കൈപ്പത്തിയെ കൈപ്പറ്റി എന്നു പറഞ്ഞ് ആക്ഷേപിക്കുന്നവരുണ്ട്. താമര തണ്ടൊടിഞ്ഞു എന്നു പറഞ്ഞ് കളിയാക്കുന്നവരുണ്ട്. മാങ്ങയും ആപ്പിളുമൊക്കെയായാല്‍ അങ്ങനെ ആക്ഷേപിക്കുവാന്‍ ആര്‍ക്കും പറ്റില്ലല്ലോ.
മാങ്ങയും ആപ്പിളും ഉദയസൂര്യനും ശംഖും തീപ്പന്തവുമായി ഐക്യമഹാഗാഥകള്‍ രചിക്കുന്നവരെ മാലോകരാകെ കാണുന്നു. പക്ഷേ ചെന്നിത്തലമാരും ഉമ്മന്‍ചാണ്ടിമാരും കുഞ്ഞാലിക്കുട്ടിമാരും മാണിമാരും ഇതുവരെ കണ്ടട്ടില്ല.
മോഡറേഷന്‍ മാര്‍ക്ക് കിട്ടി കോണ്‍ഗ്രസില്‍ തിരിച്ചുവരുമെന്ന മുരളീധരന്റെ ഫലിതം കേട്ട് തലയറഞ്ഞ് ചിരിക്കുന്ന തിരക്കിലായതുകൊണ്ടാണ് കാണാതെ പോയത്, കാഴ്ചയില്ലാത്തതുകൊണ്ടല്ല.
ദിഗംബരന്‍ ജനയുഗം 19102010
മാങ്ങയും ആപ്പിളും ഉദയസൂര്യനും ശംഖും തീപ്പന്തവുമായി ഐക്യമഹാഗാഥകള്‍ രചിക്കുന്നവരെ മാലോകരാകെ കാണുന്നു. പക്ഷേ ചെന്നിത്തലമാരും ഉമ്മന്‍ചാണ്ടിമാരും കുഞ്ഞാലിക്കുട്ടിമാരും മാണിമാരും ഇതുവരെ കണ്ടട്ടില്ല.
ReplyDeleteമോഡറേഷന്‍ മാര്‍ക്ക് കിട്ടി കോണ്‍ഗ്രസില്‍ തിരിച്ചുവരുമെന്ന മുരളീധരന്റെ ഫലിതം കേട്ട് തലയറഞ്ഞ് ചിരിക്കുന്ന തിരക്കിലായതുകൊണ്ടാണ് കാണാതെ പോയത്, കാഴ്ചയില്ലാത്തതുകൊണ്ടല്ല