Sunday, October 31, 2010

രാജ തുടരുന്നതില്‍ അതൃപ്തി

ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം ഇടപാടില്‍ അഴിമതി ആരോപണ വിധേയനായ ടെലികോം മന്ത്രി എ രാജ തല്‍സ്ഥാനത്ത് തുടരുന്നതില്‍ സുപ്രിം കോടതി അതൃപ്തി രേഖപ്പെടുത്തി. ഉന്നതര്‍ ആരോപണവിധേയരായ അഴിമതി കേസിന്റെ അന്വേഷണത്തില്‍ തികഞ്ഞ അലംഭാവമാണ് സി ബി ഐ പ്രകടിപ്പിക്കുന്നതെന്ന് സുപ്രിം കോടതി കുറ്റപ്പെടുത്തി. ഒരു വര്‍ഷം കഴിഞ്ഞിട്ടും കേസില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടാക്കാനാകാത്ത സി ബി ഐയെ കോടതി രൂക്ഷമായ ഭാഷയില്‍ കുറ്റപ്പെടുത്തി.

അഴിമതി ആരോപിതനായ മന്ത്രി ഇപ്പോഴും തല്‍സ്ഥാനത്ത് തുടരുകയാണ്. ഇങ്ങനെയാണോ സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത്? കേസ് ഒരു വര്‍ഷം കഴിഞ്ഞു, എന്നിട്ടും സി ബി ഐ ഇക്കാര്യത്തില്‍ ഒന്നും ചെയതിട്ടില്ലെന്നും കാര്യങ്ങള്‍ വളരെ ഗുരുതരമാണെന്നും ജസ്റ്റിസുമാരായ ജി എസ് സിംഗ്‌വി, എ കെ ഗാംഗുലി എന്നിവരടങ്ങിയ ബഞ്ച് പറഞ്ഞു. 2ജി സ്‌പെക്ട്രം അഴിമതിക്കാര്യത്തില്‍ ഹര്‍ജി നല്‍കിയ സംഘടന സമര്‍പ്പിച്ച സബ്മിഷനില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരേണ്‍ റാവല്‍ കോടതിയില്‍ പ്രതികരിക്കവേയാണ് ബഞ്ച് ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്.
തെളിവുകളുടെ സങ്കീര്‍ണതയും ഇതുമായി ബന്ധപ്പെട്ടിരിക്കുന്ന വന്‍തോതിലുള്ള രേഖകളും പരിശോധിച്ചാല്‍ മാത്രമേ അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് കഴിയൂവെന്നും ഇതിന് കൂടുതല്‍ സമയം ആവശ്യമാണെന്നുമാണ് റാവല്‍ പറഞ്ഞത്. ഇത് ഒഴിഞ്ഞുമാറലാണെന്നും നില്‍ക്കുന്നിടം കുഴിക്കലാണെന്നും കോടതി അഭിപ്രായപ്പെട്ടു.

കോടതിയുടെ ഇടപെടലിനുശേഷം സബ്മിഷന്‍ തുടര്‍ന്ന റാവല്‍ പ്രശ്‌നത്തിന്റെ സങ്കീര്‍ണ സ്വഭാവമാണ് അന്വേഷണത്തിന് കൂടുതല്‍ സമയമെടുക്കുന്നതെന്നും വ്യക്തമാക്കി. അന്വേഷണം ശരിയായ ദിശയിലാണെന്നും വിദഗ്ധരായ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തുന്നതെന്നും റാവല്‍ കോടതിയെ അറിയിച്ചു.

ഇനിയും പത്തുവര്‍ഷംകൂടി അന്വേഷണത്തിന് വേണ്ടിവരുമോയെന്ന ചോദ്യത്തോടെയാണ് വിശദീകരണത്തോട് കോടതി പ്രതികരിച്ചത്. ആറുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.
2ജി സ്‌പെക്ട്രം അനുവദിച്ചതിലൂടെ പൊതുഖജനാവിന് 1.4 ലക്ഷം കോടി രൂപ നഷ്ടമായെന്ന് സി എ ജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത് കോടതി ചൂണ്ടിക്കാട്ടി. കേസില്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യമാണ് ഹാജരാകുന്നതെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് അദ്ദേഹം ഹാജരാകാതിരുന്നതെന്നും റാവല്‍ കോടതിയെ ബോധിപ്പിച്ചു.

സി എ ജി സമര്‍പ്പിച്ച റിപ്പോര്‍ട്ട് അവമതിപ്പുണ്ടായക്കിയിട്ടുണ്ടെന്നും വിഷയത്തെ സെന്‍സേഷണലൈസ് ചെയ്യാന്‍ മാത്രമേ ഇത് ഉപകരിച്ചിട്ടുള്ളൂവെന്നും മന്ത്രി രാജയുടെ അഭിഭാഷകന്‍ ടി ആര്‍ അന്ത്യരുജിന പറഞ്ഞു. തിരഞ്ഞെടുത്ത കാര്യങ്ങള്‍ മാത്രമാണ് കോടതിയുടെ മുന്നില്‍ വച്ച റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും മന്ത്രി ചീഫ് വിജിലന്‍സ് കമ്മിഷന് നല്‍കിയ പൂര്‍ണ മറുപടി വായിച്ചിട്ടില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. വിലിജന്‍സ് കമ്മിഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സി ബി ഐ അന്വേഷണം തുടങ്ങാനുണ്ടായ സാഹചര്യവും അതിന്റെ പുരോഗതികളും അഭിഭാഷകന്‍ കോടതിയില്‍ വിശദീകരിച്ചു.

2ജി സ്‌പെക്ട്രം അഴിമതിയില്‍ രാജയെ നിയമനടപടിക്ക് വിധേയനാക്കുന്നതിന് പ്രധാനമന്ത്രിക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമി താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ തയ്യാറാണെന്ന് കോടതിയില്‍ പറഞ്ഞു. പ്രഥമദൃഷ്ട്യാ കേസ് ഉണ്ടോയെന്നു മാത്രമാണ് പ്രധാനമന്ത്രി പരിശോധിക്കേണ്ടത്. ഇല്ലെന്നാണ് നിരീക്ഷണമെങ്കില്‍ വീണ്ടു  കോടതിയെ സമീപിക്കുമെന്ന് സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.

സി ബി ഐ അന്വേഷണത്തിനോ അന്വേഷണം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടോ അല്ല സുപ്രിം കോടതിയെ സമീപിച്ചത്. പ്രധാനമന്ത്രി തന്റെ പരാതി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാഷ്ട്രീയക്കാരനെന്ന നിലയില്‍ അദ്ദേഹത്തിനു മുന്നില്‍ ചില തടസങ്ങളുണ്ടെന്നും സ്വാമി പറഞ്ഞു. സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് കേസ് കോടതി അടുത്ത മാസം 15ലേക്ക് മാറ്റിവച്ചു. സുബ്രഹ്മണ്യം ഹാജരാകുമ്പോള്‍ മുഴുനീളം വാദം തുടരാമോയെന്നും ചില ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കേണ്ടതുണ്ടെന്നും ബഞ്ച് പറഞ്ഞു.
ഹര്‍ജി നല്‍കിയ സന്നദ്ധ സംഘടനയ്ക്കുവേണ്ടി പ്രശാന്ത് ഭൂഷണാണ് കേടതിയില്‍ ഹാജരായത്. അംബാനി  ഗ്രൂപ്പായ എ ഡി എ ജിക്ക് മൗറീഷ്യസ് കേന്ദ്രമായ സ്വാന്‍ ടെലികോമില്‍ ഉണ്ടായിരുന്ന ഓഹരിയുടെ കൈമാറ്റവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ റാവലുമായി സഹകരിക്കാന്‍ കോടതി പ്രശാന്ത് ഭൂഷണോട് ആവശ്യപ്പെട്ടു.

റിലയന്‍സ് ഗ്രൂപ്പിന് 2ജി സ്‌പെക്ട്രം ലഭിച്ച് രണ്ട് ദിവസത്തിനു ശേഷം സ്വാനിലെ 95 ശതമാനം ഓഹരിയും വില്‍ക്കുകയായിരുന്നു. ആരാണ് ഓഹരിവാങ്ങിയതെന്ന് ഇപ്പോഴും അറിയില്ല. ഇക്കാര്യത്തെക്കുറിച്ച് സി ബി ഐയ്ക്ക് അറിയാമായിരിക്കും. രാജ മന്ത്രിയായിരിക്കുമ്പോള്‍ യോഗ്യതയില്ലാത്ത സ്വാന്‍ പോലുള്ള നിരവധി കമ്പനികള്‍ക്ക് ചട്ടം ലംഘിച്ച് 2ജി സ്‌പെട്രം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ മേഖലയില്‍ യാതൊരു പരിചയവുമില്ലാത്ത സംരംഭങ്ങള്‍ക്കാണ് 2007ല്‍ 2ജി സ്‌പെക്ട്രം അനുവദിച്ചത്. അതും ലേലമൊന്നും കൂടാതെ 2001ലെ വിലയ്ക്കാണ് ഇത് അനുവദിച്ചതും.

സ്‌പെക്ട്രം സ്വന്തമാക്കിയശേഷം അവര്‍ അന്നത്തെ വിലയ്ക്ക് വില്‍പ്പന നടത്തി പണമുണ്ടാക്കുകയായിരുന്നു. 2ജി സ്‌പെക്ട്രം നിസാരവിലയ്ക്ക് വിറ്റഴിക്കുന്നതിന് ടെലികോം വകുപ്പും അനുമതി നല്‍കുകയായിരുന്നെന്നും ഈ അഴിമതിയെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്നും ഭൂഷണ്‍ പറഞ്ഞു.

Janayugom

1 comment:

  1. 2ജി സ്‌പെക്ട്രം ഇടപാടില്‍ അഴിമതി ആരോപണ വിധേയനായ ടെലികോം മന്ത്രി എ രാജ തല്‍സ്ഥാനത്ത് തുടരുന്നതില്‍ സുപ്രിം കോടതി അതൃപ്തി രേഖപ്പെടുത്തി. ഉന്നതര്‍ ആരോപണവിധേയരായ അഴിമതി കേസിന്റെ അന്വേഷണത്തില്‍ തികഞ്ഞ അലംഭാവമാണ് സി ബി ഐ പ്രകടിപ്പിക്കുന്നതെന്ന് സുപ്രിം കോടതി കുറ്റപ്പെടുത്തി. ഒരു വര്‍ഷം കഴിഞ്ഞിട്ടും കേസില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടാക്കാനാകാത്ത സി ബി ഐയെ കോടതി രൂക്ഷമായ ഭാഷയില്‍ കുറ്റപ്പെടുത്തി.

    ReplyDelete