Sunday, October 24, 2010

സ്ത്രീസമത്വം ഇപ്പോഴും അകലെയെന്ന് ഐക്യരാഷ്ട്രസഭ

ജനീവ: പുരുഷനോടൊപ്പം എല്ലാ മേഖലകളിലും സമത്വം കൈവരിക്കണമെന്ന സ്ത്രീകളുടെ ആഗ്രഹം ഇപ്പോഴും ഒരു സ്വപ്നം മാത്രമായി അവശേഷിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭ വിലയിരുത്തി. '2010 ലെ ലോകവനിതകള്‍' എന്ന തലക്കെട്ടില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഐക്യരാഷ്ട്രസഭ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ലോകത്താകമാനമുളള ജനസംഖ്യയില്‍ സ്ത്രീകളേക്കാള്‍ 57 ദശലക്ഷം പുരുഷന്‍മാര്‍ അധികമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അതോടൊപ്പം തന്നെ പ്രാഥമിക വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പഠനത്തിനായി ചേരുന്ന പെണ്‍കുട്ടികളുടെ എണ്ണം 86 ശതമാനമായി വര്‍ധിച്ചിട്ടുണ്ടെന്നും പഠനം വെളിപ്പെടുത്തുന്നു. 1999 ല്‍ ഇത് 79 ശതമാനം മാത്രമായിരുന്നു. 52 ശതമാനത്തോളം സ്ത്രീകള്‍ ജോലി ചെയ്തു ജീവിക്കുന്നു. ഇക്കാര്യത്തില്‍ പുരുഷന്‍മാരുടെ അനുപാതം 77 ആണ്.

എന്നാല്‍ നിയമ പരിരക്ഷയുണ്ടെങ്കിലും ഒട്ടേറെ സ്ത്രീകള്‍ക്ക് പ്രസവാവധി പോലും ലഭിക്കാതെ ജോലിയില്‍ നിന്ന് പുറത്താകുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വകാര്യസ്ഥാപനങ്ങളിലും സുപ്രധാന സ്ഥാനങ്ങളില്‍ നിന്നും സ്ത്രീകളെ ഇപ്പോഴും ഒഴിവാക്കി നിര്‍ത്തുന്നതായും ഐക്യരാഷ്ട്രസഭ വിലയിരുത്തി. ലോകത്തെ പ്രധാനപ്പെട്ട അഞ്ഞൂറു കോര്‍പ്പറേഷനുകളില്‍ 13 എണ്ണത്തില്‍ മാത്രമാണ് സ്ത്രീകള്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ പദവിയിലുളളത്. പുരുഷന്‍മാരുടേതിനെക്കാള്‍ കൂടുതല്‍ ആയുര്‍നിരക്ക് സ്ത്രീകള്‍ക്കാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. സ്ത്രീ പുരുഷ സമത്വവുമായി ബന്ധപ്പെട്ട് ബെയ്ജിംഗില്‍ കൂടിയ സമ്മേളനം 15 വര്‍ഷം പിന്നിട്ട വേളയിലാണ് റിപ്പോര്‍ട്ട് പുറത്തു വരുന്നതെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അഭിപ്രായപ്പെട്ടു. അന്ന് സമ്മളനത്തില്‍ പങ്കെടുത്ത 189 രാജ്യങ്ങള്‍ സ്ത്രീ പുരുഷസമത്വത്തിനായി പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു. ലിംഗഭേദവും സ്ത്രീകള്‍ക്കെതിരെയുളള അതിക്രമവും വര്‍ധിച്ചുവരികയാണെന്ന്  ബാന്‍ കി മൂണ്‍ അഭിപ്രായപ്പെട്ടു.

സ്ത്രീകളുടെ വിവാഹപ്രായം വര്‍ധിച്ചുവരികയാണെന്നും റിപ്പോര്‍ട്ടില്‍ വിലയിരുത്തപ്പെടുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്ത്രീകളുടെ ശരാശരി വിവാഹ പ്രായം 30 ആയി വര്‍ധിച്ചിരിക്കുന്നു. എന്നാല്‍ അവികസിത ആഫ്രിക്കന്‍ രാജ്യങ്ങളായ മാലി, നിഗര്‍ ഉള്‍പ്പെടെയുളള പ്രദേശങ്ങളില്‍ വിവാഹപ്രായം ഇപ്പോഴും 20 ല്‍ താഴെയാണ്. നിഗറില്‍ കൂടുതല്‍ വിവാഹങ്ങളും 15 വയസിനും താഴെയാണ്. മിക്കവാറും എല്ലാ പ്രദേശങ്ങളിലും 60 വയസിനുമേല്‍ പ്രായമുളളവരില്‍ 50 ശതമാനത്തില്‍ കൂടുതല്‍ സ്ത്രീകളാണ്. തെക്കന്‍ ആഫ്രിക്കയില്‍ ഇത് 59 ശതമാനവും കിഴക്കന്‍ യൂറോപ്പില്‍ 63 ശതമാനവുമാണ് 60 നുമേല്‍ പ്രായമുളള സ്ത്രീകള്‍.

പ്രാഥമിക വിദ്യാഭ്യാസരംഗം മുതല്‍ ഉന്നത വിദ്യാഭ്യാസരംഗം വരെയുളള മേഖലകളില്‍ സ്ത്രീകളുടെ എണ്ണം വര്‍ധിച്ചുവരികയാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

janayugom news

1 comment:

  1. പുരുഷനോടൊപ്പം എല്ലാ മേഖലകളിലും സമത്വം കൈവരിക്കണമെന്ന സ്ത്രീകളുടെ ആഗ്രഹം ഇപ്പോഴും ഒരു സ്വപ്നം മാത്രമായി അവശേഷിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭ വിലയിരുത്തി. '2010 ലെ ലോകവനിതകള്‍' എന്ന തലക്കെട്ടില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഐക്യരാഷ്ട്രസഭ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ലോകത്താകമാനമുളള ജനസംഖ്യയില്‍ സ്ത്രീകളേക്കാള്‍ 57 ദശലക്ഷം പുരുഷന്‍മാര്‍ അധികമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അതോടൊപ്പം തന്നെ പ്രാഥമിക വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പഠനത്തിനായി ചേരുന്ന പെണ്‍കുട്ടികളുടെ എണ്ണം 86 ശതമാനമായി വര്‍ധിച്ചിട്ടുണ്ടെന്നും പഠനം വെളിപ്പെടുത്തുന്നു. 1999 ല്‍ ഇത് 79 ശതമാനം മാത്രമായിരുന്നു. 52 ശതമാനത്തോളം സ്ത്രീകള്‍ ജോലി ചെയ്തു ജീവിക്കുന്നു. ഇക്കാര്യത്തില്‍ പുരുഷന്‍മാരുടെ അനുപാതം 77 ആണ്.

    ReplyDelete