Wednesday, October 20, 2010

സി എച്ചിന്റെ ഓര്‍മ്മകള്‍ നമ്മുടെ പോരാട്ടങ്ങള്‍ക്ക് കരുത്തേകും

സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് 1972 ഒക്ടോബര്‍ 20-ന് സ: സി.എച്ച്. കണാരന്‍ അന്തരിച്ചത്. ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലും നവോത്ഥാന മുന്നേറ്റത്തിലും സജീവമായ പങ്കാളിത്തം സി.എച്ച് വഹിച്ചിരുന്നു. അടിച്ചമര്‍ത്തപ്പെടുന്ന ജനവിഭാഗങ്ങളുടെ അവകാശസംരക്ഷണത്തിനുവേണ്ടി അഹോരാത്രം വിയര്‍പ്പൊഴുക്കിയ മഹാനായ ഈ ജനനേതാവ് അന്തരിച്ചിട്ട് 38 വര്‍ഷം പൂര്‍ത്തിയാവുകയാണ്.
സാമൂഹ്യ പരിഷ്കര്‍ത്താവിന്റെ അവധാനതയോടെ സഖാവ് സമൂഹത്തിലെ അനീതികള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പോരടിച്ചു; ബോധവല്‍ക്കരണം നടത്തി. മാഹിക്കടുത്ത് അഴിയൂരില്‍ സാധാരണ കുടുംബത്തില്‍ ജനിച്ച സി. എച്ച് സ്കൂള്‍ വിദ്യാഭ്യാസകാലത്തുതന്നെ മികച്ച കായികതാരമെന്നും സമര്‍ത്ഥനായ വിദ്യാര്‍ത്ഥിയെന്നും അംഗീകാരം നേടി. വിദ്യാര്‍ത്ഥിയായിരിക്കുന്ന കാലത്ത് ബൈബിള്‍ പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയത് സി.എച്ച് ആയിരുന്നു. അതിന്റെ വകയില്‍ ഒരു സ്കോളര്‍ഷിപ്പിന് അദ്ദേഹം അര്‍ഹനാവുകയും ചെയ്തു. മെട്രിക്കുലേഷന്‍ പരീക്ഷ നല്ല മാര്‍ക്കോടെ ജയിച്ചശേഷം രാഷ്ട്രീയരംഗത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സജീവമായി. 1932-ല്‍ കതിരൂരില്‍ ബ്രിട്ടീഷ് വാഴ്ചയ്ക്കെതിരെ പ്രസംഗിച്ചതിന് അറസ്റ് ചെയ്യപ്പെട്ടു. 13 മാസം ജയിലില്‍ കഴിഞ്ഞു.

1933-ല്‍ കണ്ണൂര്‍ ജയിലില്‍നിന്ന് പുറത്തുവരുമ്പോള്‍ ബംഗാളിലെ വിപ്ളവകാരികളുമായുള്ള സഹവാസം പകര്‍ന്നുനല്‍കിയ പുതിയ അറിവുകളായിരുന്നു സി. എച്ചിന്റെ മനസ്സില്‍. ജയില്‍ മോചിതനായശേഷം 1933-35 കാലത്ത് എലിമെന്ററി സ്കൂളുകളില്‍ അധ്യാപകനായി. കോണ്‍ഗ്രസ് പ്രവര്‍ത്തനം തുടര്‍ന്നു. ജാതി-മത വികാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായ പ്രവര്‍ത്തനത്തിലായിരുന്നു ഈ കാലയളവില്‍ പ്രധാന ശ്രദ്ധ പതിപ്പിച്ചിരുന്നത്. 1946 ലെ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് മദിരാശി മുഖ്യമന്ത്രിയായി ടി. പ്രകാശം തലശ്ശേരി സന്ദര്‍ശിച്ചിരുന്നു. ജനങ്ങളുടെ പ്രശ്നങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഒരു നിവേദനം നല്‍കാന്‍ കോട്ടയം താലൂക്ക് കമ്മ്യൂണിസ്റ് പാര്‍ടി തീരുമാനിച്ചു. സി.എച്ചിന്റെ നേതൃത്വത്തില്‍ 200-ഓളം പ്രവര്‍ത്തകര്‍ കേന്ദ്രീകരിച്ചുകൊണ്ട് പ്രകാശത്തിന്റെ താമസസ്ഥലത്തേക്ക് നീങ്ങി. പക്ഷേ, പ്രകാശം കാണാന്‍ തയ്യാറായില്ല. ഉടന്‍ തന്നെ പ്രകാശത്തിന്റെ ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനത്തെ അധിക്ഷേപിച്ചശേഷം അയിത്തോച്ചാടനത്തിനെതിരായി അണിനിരക്കണമെന്ന് ആഹ്വാനം ചെയ്ത് തലശ്ശേരിയിലെ തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലേക്ക് ജാഥയായി നീങ്ങി. പലരും ക്ഷേത്രക്കുളത്തില്‍ കുളിച്ചു. ചിലര്‍ അകത്തുകയറി ചന്ദനവും പ്രസാദവും വാങ്ങി. അങ്ങനെ തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രത്തില്‍ അവര്‍ണ്ണര്‍ക്ക് പ്രായോഗികമായി പ്രവേശനം ലഭിച്ചു. ജാതിയും മതവും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തിവാണ സാമൂഹ്യാവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ നിര്‍ഭയമായ മുന്നേറ്റമുണ്ടാകണമെന്ന് സി. എച്ച് ആഗ്രഹിച്ചു; അതിനായി പ്രവര്‍ത്തിച്ചു. 'കോട്ടയം താലൂക്ക് സ്വതന്ത്ര ചിന്താസമാജം' എന്ന പേരില്‍ ഒരു സംഘടനയ്ക്ക് രൂപംനല്‍കിയതുതന്നെ ഇതിനായിരുന്നു.

തൊഴിലാളി - കര്‍ഷക സമരങ്ങളില്‍ സി.എച്ച് സജീവമായി പങ്കെടുത്തിരുന്നു. 1939-ല്‍ നവംബര്‍ മാസത്തില്‍ ആരംഭിച്ച തലശ്ശേരി ന്യൂ-ഡര്‍ബാര്‍ ബീഡി കമ്പനി പണിമുടക്കുമായി ബന്ധപ്പെട്ട് സി.എച്ചിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. ഒരു വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. ജയിലില്‍ നിന്ന് പുറത്തുവന്ന സി.എച്ച്. നിരോധിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് പാര്‍ടി സംഘടിപ്പിക്കുന്നതിന് ഒളിവിലിരുന്ന് നേതൃത്വം കൊടുത്തു. 1942 ല്‍ നടന്ന ബോംബെ പാര്‍ടി കോണഗ്രസിലും സി.എച്ച് പങ്കെടുത്തു. 1952 ലെ അസംബ്ളി തെരഞ്ഞെടുപ്പില്‍മത്സരിച്ച് വിജയിച്ചു. 1957 ല്‍ കോഴിക്കോട് ജില്ലയിലെ നാദാപുരം മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. ഈ കാലത്ത് കേരളത്തില്‍ കൊണ്ടുവന്ന ഭൂപരിഷ്കരണ ബില്ലിന്റെ ശില്‍പികളില്‍ പ്രമുഖനായിരുന്നു സി.എച്ച്. പാര്‍ലമെന്ററി രംഗത്തെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ടായിരുന്നു. 1952 ആഗസ്റ് 29-ാം തീയതിയിലെ ദേശാഭിമാനിയില്‍ അദ്ദേഹം ഇക്കാര്യം ഇങ്ങനെ പറയുന്നു:

"പൊതുവില്‍ ഐക്യമുന്നണി അസംബ്ളിയില്‍ ഗവണ്‍മെന്റിന്റെ പിന്തിരിപ്പന്‍ സ്വഭാവത്തിനെതിരായി ശക്തിയായി വാദിക്കുകയും ഗവണ്‍മെന്റിനെക്കൊണ്ട് ചിലതൊക്കെ ചെയ്യിപ്പിക്കാന്‍ സാധിക്കുകയും ചെയ്തു എന്നത് ഒരു വിജയമാണ്. എന്നാല്‍, നാട്ടുകാര്‍ വോട്ട് ഞങ്ങള്‍ കൊടുത്തു ഇനിയെല്ലാം എം.എല്‍.എമാരുടെ ചുമതലയാണെന്ന മനോഭാവം വച്ചുകൊണ്ടിരിക്കരുത്. നാട്ടുകാരുടെ ആവശ്യത്തിനുവേണ്ടി അസംബ്ളിക്കു പുറത്തുള്ള സമരങ്ങളും പ്രക്ഷോഭങ്ങളും ശക്തിപ്പെട്ടാല്‍ മാത്രമേ വിജയിക്കുകയുള്ളൂ.''

പാര്‍ലമെന്ററി പ്രവര്‍ത്തനത്തെയും പാര്‍ലമെന്റിതര പ്രവര്‍ത്തനത്തെയും സംയോജിപ്പിച്ച് മുന്നോട്ടുപോകേണ്ടതിന്റെ പ്രാധാന്യം വളരെ മുമ്പുതന്നെ സി.എച്ച് ഉള്‍ക്കൊണ്ടിരുന്നു എന്നാണ് ഇത് കാണിക്കുന്നത്.

പാര്‍ടിക്കകത്ത് പ്രത്യക്ഷപ്പെട്ട ഇടത്-വലത് വ്യതിയാനങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് അദ്ദേഹം സ്വീകരിച്ചു. സി.പി.ഐ (എം) രൂപം കൊണ്ട 1964 മുതല്‍ 1972 ല്‍ മരണപ്പെടുന്നതുവരെ പാര്‍ടിയുടെ കേരള സംസ്ഥാന സെക്രട്ടറി ആയിരുന്നു. എല്ലാം നഷ്ടപ്പെടുന്ന ജനതയ്ക്ക് സര്‍വ്വതും നേടാനുള്ള ആയുധം ഉരുക്കുപോലെ അടിയുറച്ച സംഘടന മാത്രമാണെന്ന് തിരിച്ചറിഞ്ഞ സി. എച്ച്, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ എക്കാലത്തെയും മികച്ച സംഘാടകരിലൊരാളാണ്.

സി.എച്ചിന്റെ സംഘാടന സവിശേഷതയെ സംബന്ധിച്ച് എ.കെ.ജി പറഞ്ഞ വാക്കുകള്‍ ഈ അവസരത്തില്‍ ഓര്‍ക്കുന്നത് നല്ലതാണ്: "എന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഇത്ര സമര്‍ത്ഥനായ ഒരു സംഘാടകനെ ഞാനെവിടെയും കണ്ടിട്ടില്ല. ഒരു പ്രത്യേക സംഭവം ഒരു പ്രദേശത്തുണ്ടായാല്‍ എന്നെപ്പോലെയുള്ളവര്‍ പെട്ടെന്ന് ഓടിയെത്തും. സ: സി.എച്ച് അവിടെ എത്തുമെന്ന് മാത്രമല്ല, എത്തിക്കേണ്ടവരെയെല്ലാം അവിടെ എത്തിക്കും. അവിടെ ചെയ്യേണ്ട കാര്യങ്ങളെ സംബന്ധിച്ച്, അതിന്റെ പ്രസിദ്ധീകരണത്തെ സംബന്ധിച്ച് എല്ലാം പ്ളാന്‍ ചെയ്തിട്ടാവും സി.എച്ച് അവിടെ എത്തുക. അവിടത്തെ പാര്‍ടിയെയാകെ കോര്‍ത്തിണക്കി രംഗത്തിറക്കാന്‍ ഓരോ സഖാവിന്റെയും കഴിവിനനുസൃതമായ ജോലി വിശദമായി സഖാവ് പ്ളാന്‍ ചെയ്യും.'' (1974-ല്‍ എ.കെ.ജി എഴുതിയ ലേഖനത്തില്‍നിന്ന്) സംഘടനാരംഗത്തെ ഈ അസാമാന്യ പാടവത്തെ അക്കാലത്ത് ഏവരും അംഗീകരിച്ചിട്ടുള്ളതാണ്.

സി.എച്ചിന്റെ പ്രവര്‍ത്തനചാതുര്യത്തെയും ചടുലതയെയും രാഷ്ട്രീയ പക്വതയെയും സംബന്ധിച്ച് ഇ.എം.എസ് പറഞ്ഞ കാര്യവും ഈ അവസരത്തില്‍ ശ്രദ്ധേയമാണ്:

"1942-45 കാലത്തും പിന്നീട് കോണ്‍ഗ്രസ്സിതര മന്ത്രിസഭകള്‍ നിലവിലിരുന്നപ്പോഴും ഒരു നയസമീപനം അംഗീകരിച്ചിരുന്നുവെങ്കില്‍ 1937-39 ലും 1947-നുശേഷവും കോണ്‍ഗ്രസ്സ് മന്ത്രിസഭ നിലവിലിരുന്നപ്പോള്‍ മറ്റൊരു സമീപനമാണ് അംഗീകരിക്കേണ്ടിയിരുന്നത്. 1940-42, 1948-52 എന്നീ കാലഘട്ടങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടിയിരുന്ന രീതിയിലല്ല മറ്റു കാലങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടിയിരുന്നത്. പരിതഃസ്ഥിതികളില്‍ വരുന്ന ഈ മാറ്റങ്ങളെയെല്ലാം കണക്കിലെടുത്ത് ഓരോ ഘട്ടത്തിലും പ്രയോജനപ്പെടുന്ന നയസമീപനങ്ങളും പ്രവര്‍ത്തനരീതിയും അംഗീകരിച്ച് പ്രസ്ഥാനത്തെ വളര്‍ത്തി ശക്തിപ്പെടുത്താന്‍ ശ്രമിച്ച വിപ്ളവ നേതാക്കളില്‍ കൃഷ്ണപിള്ളയെ കഴിച്ചാല്‍ ഏറ്റവും സമര്‍ത്ഥനായ സഖാവായിരുന്നു സി.എച്ച്.''

കമ്മ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ ബദ്ധശ്രദ്ധനായി ഇടപെട്ട സഖാവ് എല്ലാ വിഭാഗത്തിന്റെയും സ്നേഹവും ആദരവും പിടിച്ചുപറ്റിയിരുന്നു. ഓരോരുത്തരുടെയും കഴിവുകളെയും ദൌര്‍ബല്യങ്ങളെയും തിരിച്ചറിഞ്ഞ് ഇടപെടുന്ന ശൈലിയായിരുന്നു സഖാവിന്റേത്. അവരെ കോര്‍ത്തിണക്കി അതിലൂടെ പ്രസ്ഥാനത്തെയാകെ പ്രവര്‍ത്തനരംഗത്തിറക്കാനുള്ള സഖാവിന്റെ രീതി മാതൃകാപരമായിരുന്നു. ഓരോ സഖാവിന്റെയും ദൌര്‍ബല്യങ്ങള്‍ തിരുത്തുന്നതില്‍ സ്നേഹപൂര്‍ണ്ണമായി ഇടപെട്ടും ശാസിച്ചും മുന്നോട്ടുപോകുന്ന സഖാവിന്റെ പ്രവര്‍ത്തനത്തില്‍നിന്ന് കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഏറെ പഠിക്കാനുണ്ട്.

സഖാവിന്റെ 38-ാം ചരമദിനം ആചരിക്കുന്ന ഈ കാലഘട്ടം കേരള രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം മര്‍മ്മപ്രധാനമായ ചില ചലനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഘട്ടമാണ്. ജനകീയ അധികാര വികേന്ദ്രീകരണത്തിനായി കമ്മ്യൂണിസ്റ്റ് പാര്‍ടി നടത്തിയ പോരാട്ടങ്ങളുടെ തുടര്‍ച്ച എന്ന നിലയിലാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനെ പാര്‍ടി കാണുന്നത്. ഈ തെരഞ്ഞെടുപ്പില്‍ ഗൌരവതരമായ നിരവധി രാഷ്ട്രീയപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.

കേന്ദ്രം ഭരിക്കുന്ന യു.പി.എ സര്‍ക്കാര്‍ ആഗോളവല്‍ക്കരണ നയങ്ങള്‍ കൂടുതല്‍ തീവ്രമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഈ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ നയങ്ങള്‍ നമ്മുടെ രാജ്യത്തെ ജനജീവിതത്തെ ഏറെ ദുരിതപൂര്‍ണ്ണമാക്കിത്തീര്‍ത്തുകൊണ്ടിരിക്കുകയാണ്. അതാണല്ലോ രാഷ്ട്രീയ വ്യത്യാസം മറന്ന് ഇന്ത്യയിലെ ട്രേഡ് യൂണിയനുകള്‍ ഒന്നായിച്ചേര്‍ന്ന് സെപ്റ്റംബര്‍ 7-ന് നടത്തിയ പൊതു പണിമുടക്ക് വ്യക്തമാക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ ഈ നയങ്ങള്‍ അധ്വാനിക്കുന്നവര്‍ക്ക് ദുരിതം വിതയ്ക്കുമ്പോള്‍ സമ്പന്നന്‍ കൂടുതല്‍ സമ്പന്നനായിക്കൊണ്ടിരിക്കുകയാണ്. യു.പി.എ ഭരണത്തില്‍ ശതകോടീശ്വരന്മാരുടെ എണ്ണം 9-ല്‍നിന്ന് 53 ആയി വര്‍ദ്ധിച്ചത് ഇതാണ് കാണിക്കുന്നത്. അതേസമയം 77 ശതമാനം ജനങ്ങളും ഒരു ദിവസം ശരാശരി 20 രൂപ പോലും ചെലവഴിക്കാന്‍ ശേഷിയില്ലാത്തവരാണെന്ന കാര്യവും നാം ഓര്‍ക്കേണ്ടതുണ്ട്. ഈ നയത്തിന് ബി.ജെ.പിയുടെ പിന്തുണയും ലഭിക്കുന്നുണ്ട്. ജനകീയ പ്രശ്നങ്ങള്‍ അടിസ്ഥാനപ്പെടുത്തി രൂപപ്പെടുത്തുന്ന ഒരു മൂന്നാം ബദലിനേ ഈ പ്രതിസന്ധിയില്‍നിന്ന് രാജ്യത്തെ രക്ഷപ്പെടുത്താനാകൂ എന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇക്കാര്യത്തില്‍ രാജ്യത്തിന് മാതൃക ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ഇന്ത്യയിലെ ഇടതുപക്ഷ സര്‍ക്കാരുകള്‍ മുന്നോട്ടുപോകുന്നത്.

കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന നയസമീപനവും സംസ്ഥാന സര്‍ക്കാരിന്റെ നയവും തമ്മിലുള്ള താരതമ്യം ഈ കാര്യം വ്യക്തമാക്കുന്നുണ്ട്. കാര്‍ഷികമേഖലയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുന്ന നയത്തിന്റെ ഭാഗമായി ഇന്ത്യന്‍ കാര്‍ഷികമേഖല നെഗറ്റീവ് വളര്‍ച്ച കാണിച്ചപ്പോള്‍ കേരളം ബദല്‍ നയം ഉയര്‍ത്തിയതിന്റെ ഫലമായി 2.8 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി. കാര്‍ഷിക കടാശ്വാസ നിയമവും ഭക്ഷ്യസുരക്ഷാ പദ്ധതിയും കര്‍ഷകര്‍ക്ക് പെന്‍ഷന്‍ അനുവദിച്ച നടപടിയും കേരളം പുതിയ മാതൃക മുന്നോട്ടുവയ്ക്കുന്നതിന്റെ ഉദാഹരണങ്ങളാണ്. ഈ ബദല്‍നയങ്ങള്‍ കാര്‍ഷികമേഖലയില്‍ എത്രത്തോളം പ്രയോജനപ്പെട്ടു എന്നതിന്റെ തെളിവാണ് കര്‍ഷക ആത്മഹത്യകള്‍ കേരളത്തില്‍ ഇല്ലാതായത്.

പൊതുമേഖലയെ സ്വകാര്യവല്‍ക്കരിക്കാനുള്ള ആഗോളവല്‍ക്കരണ നീക്കങ്ങളെ പ്രതിരോധിച്ചു എന്നു മാത്രമല്ല, എട്ട് പുതിയ വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനും എല്‍.ഡി.എഫ് സര്‍ക്കാര്‍ തയ്യാറായി. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനത്തിനായി പൊതുമേഖല ഖജനാവിന് ഈ വര്‍ഷം നല്‍കിയത് 239.75 കോടി രൂപയാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച ടൂറിസം പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡും കേരളത്തിനാണ് ലഭിച്ചത്. പരമ്പരാഗത മേഖലയെ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച സമീപനം ആ മേഖലയില്‍ വലിയ ഉണര്‍വാണ് പ്രദാനം ചെയ്തിട്ടുള്ളത്. റിബേറ്റ് പുനഃസ്ഥാപിച്ച നടപടി, മത്സ്യത്തൊഴിലാളി കടാശ്വാസ പദ്ധതി തുടങ്ങിയവ രാജ്യത്തിനു തന്നെ മാതൃകയാവുകയും ചെയ്തു.

ആഗോളവല്‍ക്കരണ നയം ഏറ്റവും ദുരിതം വിതയ്ക്കുന്നത് ദുര്‍ബ്ബലജനവിഭാഗങ്ങളെയാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ട് അവരെ സംരക്ഷിക്കാന്‍ പ്രത്യേക പദ്ധതി തന്നെ എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കി. യു.ഡി.എഫിന്റെ കാലത്ത് കുടിശ്ശികയായ ക്ഷേമ പെന്‍ഷന്‍ നല്‍കിയെന്നു മാത്രമല്ല അവ 100-110 രൂപയില്‍നിന്ന് 300 രൂപയായി വര്‍ദ്ധിപ്പിച്ചു. 35 ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ടുരൂപയ്ക്ക് അരി നല്‍കി. അത് 41 ലക്ഷമായി വ്യാപിപ്പിക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചുകഴിഞ്ഞു. ഒരു പെന്‍ഷനും ലഭിക്കാത്ത 65 വയസ് കഴിഞ്ഞവര്‍ക്ക് പ്രതിമാസം 100 രൂപ നല്‍കുന്നതിനുള്ള പദ്ധതിയും സര്‍ക്കാര്‍ മുന്നോട്ടുവച്ചു. ഇത് കൂടുതല്‍ ജനവിഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ്. ഇ.എം.എസ് ഭവനിര്‍മ്മാണ പദ്ധതിയിലൂടെ എല്ലാവര്‍ക്കും പാര്‍പ്പിടമെന്ന സ്വപ്നവും സാക്ഷാത്കരിക്കുകയാണ്. സമ്പൂര്‍ണ്ണ വൈദ്യുതീകരണം എന്ന ലക്ഷ്യത്തോടെയുള്ള ഇടപെടലിലേക്കും കേരളം നീങ്ങുകയാണ്. എല്ലാവര്‍ക്കും ശുദ്ധജലമെത്തിക്കുന്നതിനുള്ള കുടിവെള്ളപദ്ധതികളുടെ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്.

ഈ സര്‍ക്കാര്‍ രണ്ടുരൂപയ്ക്ക് ഒരുകിലോ അരി ലഭ്യമാക്കുകയും എല്ലാവരെയും സാമൂഹ്യ സുരക്ഷാ പദ്ധതികളിലേക്ക് കൊണ്ടുവരികയും ചെയ്തതോടെ ദാരിദ്യ്രത്തിന്റെ തുരുത്തുകള്‍ തുടച്ചുനീക്കുന്നവിധം കേരളം വളരുകയാണ്. എല്ലാവര്‍ക്കും ഭക്ഷണവും കുടിവെള്ളവും വീടും വൈദ്യുതിയും ലഭ്യമാക്കാനുള്ള ലക്ഷ്യത്തിലേക്ക് കേരളത്തെ നയിക്കുക എന്നതാണ് ഈ സര്‍ക്കാരിന്റെ സുപ്രധാനമായ ലക്ഷ്യം. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ തകര്‍ത്തുകളഞ്ഞ കേരളത്തിന്റെ സമസ്തമേഖലകളെയും സംരക്ഷിക്കുന്നതിന് ഈ സര്‍ക്കാരിനുകഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ മികച്ച ക്രമസമാധാനം പുലര്‍ത്തുന്ന സംസ്ഥാനമായും കേരത്തിന് മാറാന്‍കഴിഞ്ഞു. നിയമനനിരോധനം എടുത്തുമാറ്റിയും 24,000 തസ്തികകള്‍ പുതുതായി സൃഷ്ടിച്ചും ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിച്ചും സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനം മാതൃകാപരമാണ്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുനീക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് കരുത്തുപകരുന്ന വിധം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മാറേണ്ടതുണ്ട്.

കേരളത്തിലെ അടിസ്ഥാന ജനവിഭാഗത്തെ ജീവിത ദുരിതങ്ങളില്‍നിന്ന് കൈപിടിച്ചുയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനം സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുമ്പോള്‍ ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഈ സര്‍ക്കാരിനെ നേരിടാനാവില്ലെന്ന് യു.ഡി.എഫിന് ബോധ്യമായിരിക്കുന്നു. അതുകൊണ്ട് ജാതി-മത-വര്‍ഗീയ വികാരങ്ങള്‍ കുത്തിപ്പൊക്കുന്നതിനുള്ള ഇടപെടലുകള്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നു. അധ്യാപകന്റെ കൈ വെട്ടിയ സംഭവത്തിന് ഉത്തരവാദിയായ പോപ്പുലര്‍ ഫ്രണ്ടിന് സീറ്റു നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ട കാര്യം ഇതാണ് വ്യക്തമാക്കുന്നത്. യു.ഡി.എഫിലെ ഘടകകക്ഷിയായ ഇന്ത്യന്‍ യൂണിയന്‍ മുസ്ളീം ലീഗിന്റെ ഇടുക്കി ജില്ലാ പ്രസിഡന്റായിരുന്നു ഈ വസ്തുത പുറത്തുവിട്ടത് എന്ന കാര്യവും നാം ഓര്‍ക്കേണ്ടതുണ്ട്. 'ശത്രുവിന്റെ ശത്രു മിത്രമാണ്' എന്ന ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റിന്റെ പ്രഖ്യാപനവും ഈ ദിശയിലുള്ളതുതന്നെയാണ്. ഇങ്ങനെ എല്ലാ വര്‍ഗീയവാദികളുമായി ചേര്‍ന്ന് സംസ്ഥാനത്തിന്റെ മതനിരപേക്ഷതയുടെ പാരമ്പര്യത്തെ തകര്‍ത്ത് കളയാനുള്ള യു.ഡി.എഫിന്റെ ശ്രമങ്ങള്‍ക്കെതിരെ പ്രതികരിക്കാനുള്ള അവസരം കൂടിയാണ് ഈ തെരഞ്ഞെടുപ്പ്. കേരളാ കോണ്‍ഗ്രസ്സിന്റെ ലയനത്തിനു പിന്നില്‍ ചില പള്ളിമേധാവികള്‍ ഉണ്ട് എന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. മതം രാഷ്ട്രീയത്തിലിടപെടുന്ന വര്‍ഗീയ രാഷ്ട്രീയത്തിന്റെ സമീപനമാണ് ഇതിന്റെ പിന്നിലുള്ളത്. ഇതിനെയും തിരിച്ചറിയേണ്ടതുണ്ട്.

ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരായി ബദലുയര്‍ത്തി മുന്നോട്ടുപോകുന്ന സംസ്ഥാന സര്‍ക്കാരിന് കരുത്ത് പകരാനുള്ള അവസരമാക്കി ഈ തെരഞ്ഞെടുപ്പിനെ മാറ്റണം. വര്‍ഗീയ-ഭീകരവാദ ശക്തികള്‍ക്കും അവരെ പിന്തുണയ്ക്കുന്ന യു.ഡി.എഫിനും എതിരാണ് കേരളമെന്ന് ഈ തെരഞ്ഞെടുപ്പിലൂടെ സ്ഥാപിക്കാന്‍ നമുക്കാവണം. അതിനായുള്ള പ്രവര്‍ത്തനത്തില്‍ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കുവേണ്ടി എന്നും പൊരുതിയ സി.എച്ച് കണാരന്റെ ഓര്‍മ്മകള്‍ നമുക്ക് കരുത്ത് പകരും.

പിണറായി വിജയന്‍ chintha 221010

1 comment:

  1. സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് 1972 ഒക്ടോബര്‍ 20-ന് സ: സി.എച്ച്. കണാരന്‍ അന്തരിച്ചത്. ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലും നവോത്ഥാന മുന്നേറ്റത്തിലും സജീവമായ പങ്കാളിത്തം സി.എച്ച് വഹിച്ചിരുന്നു. അടിച്ചമര്‍ത്തപ്പെടുന്ന ജനവിഭാഗങ്ങളുടെ അവകാശസംരക്ഷണത്തിനുവേണ്ടി അഹോരാത്രം വിയര്‍പ്പൊഴുക്കിയ മഹാനായ ഈ ജനനേതാവ് അന്തരിച്ചിട്ട് 38 വര്‍ഷം പൂര്‍ത്തിയാവുകയാണ്.

    ReplyDelete