കാര്‍ഗില്‍ സൈനികവിധവകളുടെ പേരിലുള്ള മുംബൈയിലെ ആദര്‍ശ് ഹൌസിങ് സൊസൈറ്റിയുടെ മറവില്‍ നടന്ന വന്‍ അഴിമതി പുറത്തായതോടെ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ പുറത്തേക്ക്. സംഭവം വിവാദമായതോടെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയ്ക്ക് ശനിയാഴ്ച ഡല്‍ഹിയിലെത്തിയ ചവാന്‍ രാജിക്ക് സന്നദ്ധനാണെന്ന് വാര്‍ത്താലേഖകരോട് പറഞ്ഞു. ചവാന്റെ മൂന്ന് ബന്ധുക്കള്‍ ഇവിടെ ഫ്ളാറ്റ് സ്വന്തമാക്കിയിരുന്നു. ഇതോടെ ചവാനെ രക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ് നേതൃത്വം. മഹാരാഷ്ട്രയിലെ ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെട്ട അഴിമതിയെക്കുറിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ധനമന്ത്രി പ്രണബ് മുഖര്‍ജിയെയും പ്രതിരോധമന്ത്രി എ കെ ആന്റണിയെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ചുമതലപ്പെടുത്തി. ഇവരുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം ചവാനോട് രാജി ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. ഒബാമ ഇന്ത്യയിലെത്തി മടങ്ങുന്നതുവരെ രാജി നീട്ടിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ചവാന്‍ പുറത്താകുമെന്ന് തീര്‍ച്ചയായതോടെ മഹാരാഷ്ട്ര കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിപദത്തിനായി വടംവലി മുറുകി.
കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യുവരിച്ച സൈനികരുടെ വിധവകള്‍ക്കും യുദ്ധത്തില്‍ പൊരുതിയ സൈനികര്‍ക്കുമെന്ന പേരിലാണ് മുംബൈയിലെ സമ്പന്നമേഖലയായ കൊളാബയില്‍ ഫ്ളാറ്റ് നിര്‍മാണം നടന്നത്. ഹൌസിങ് സൊസൈറ്റി രൂപീകരിച്ചുള്ള ഫ്ളാറ്റ് നിര്‍മാണത്തിന് പിന്നില്‍ ചില ഉന്നത സൈനികോദ്യോഗസ്ഥരും മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതൃത്വവുമായിരുന്നു. 31 നിലയില്‍ ഫ്ളാറ്റ് സമുച്ചയം ഉയര്‍ന്നെങ്കിലും വിധവകള്‍ക്കോ കാര്‍ഗില്‍ സൈനികര്‍ക്കോ ഇടം ലഭിച്ചില്ല. സൈനികോദ്യോഗസ്ഥരും രാഷ്ട്രീയനേതാക്കളും സംസ്ഥാനത്തെ മറ്റ് ഉന്നതോദ്യോഗസ്ഥരും ചേര്‍ന്ന് ഫ്ളാറ്റുകള്‍ പങ്കുവച്ചു. 30 കോടി വരെ വിലവരുന്ന ഫ്ളാറ്റുകള്‍ 60 ലക്ഷം രൂപയ്ക്കാണ് ഇവര്‍ സ്വന്തമാക്കിയത്. ഭാര്യ മാതാവടക്കം മുഖ്യമന്ത്രി ചവാന്റെ മൂന്ന് ബന്ധുക്കള്‍ക്ക് ഫ്ളാറ്റ് ലഭിച്ചു. മൂന്ന് മുന്‍ സൈനികമേധാവികള്‍, മുംബൈയിലെ രണ്ട് മുന്‍ കലക്ടര്‍മാര്‍, നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവരും ഫ്ളാറ്റ് സ്വന്തമാക്കി. ഫ്ളാറ്റ് നിര്‍മിച്ച കൊളാബയിലെ ഭൂമി സൈന്യത്തിന്റെയാണോ മഹാരാഷ്ട്ര സര്‍ക്കാരിന്റേതാണോ എന്ന തര്‍ക്കവും നിലവിലുണ്ട്. പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലാതെയാണ് അറബിക്കടല്‍ തീരത്തോട് ചേര്‍ന്ന് കൂറ്റന്‍ ഫ്ളാറ്റ് നിര്‍മിച്ചതെന്നും ആക്ഷേപമുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കുമെന്ന് പരിസ്ഥിതിമന്ത്രി ജയറാം രമേഷ് പറഞ്ഞു.
കൊളാബയിലെ മിലിറ്ററി കേന്ദ്രത്തോട് ചേര്‍ന്നാണ് ആദര്‍ശ് സൊസൈറ്റി. നാവിക- കരസേനകളുടെ ഉന്നത കാര്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന മേഖലയില്‍ 31 നിലയുള്ള കെട്ടിടം ഉയര്‍ന്നതും അത്ഭുതകരമാണ്. സൈനികസ്ഥാപനങ്ങളുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ കെട്ടിടനിര്‍മാണത്തിന് പ്രതിരോധമന്ത്രാലയത്തിന്റെ അനുമതി വാങ്ങേണ്ടതുണ്ട്. ഇത് ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല. പിടിപ്പുകേട് പുറത്തുവന്നതോടെ നാണക്കേടിലായ പ്രതിരോധമന്ത്രാലയം അന്വേഷണത്തിന് തീരുമാനിച്ചു. ആദര്‍ശ് സൊസൈറ്റി അഴിമതിയെക്കുറിച്ച് സിബിഐ അന്വേഷണവും ആരംഭിച്ചു. നാവികസേനയോടും സൊസൈറ്റിയോടും മുംബൈ കലക്ടറോടും സിബിഐ വിവരങ്ങള്‍ തേടി. അഴിമതി പുറത്തായതോടെ നാണക്കേടിലായ കോണ്‍ഗ്രസ് നേതൃത്വം ചവാനെ ശനിയാഴ്ച ഡല്‍ഹിക്ക് വിളിപ്പിക്കുകയായിരുന്നു. രാവിലെ എ കെ ആന്റണിയുടെയും അഹമദ് പട്ടേലിന്റെയും സാന്നിധ്യത്തില്‍ സോണിയ ചവാനുമായി ചര്‍ച്ച നടത്തി. തുടര്‍ന്നാണ് ആരോപണങ്ങള്‍ പരിശോധിക്കാന്‍ ആന്റണിയെയും പ്രണബിനെയും ചുമതലപ്പെടുത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി ശനിയാഴ്ച വൈകിട്ട് ആന്റണി ചവാനെ വിളിച്ചുവരുത്തി വിവരങ്ങള്‍ ആരാഞ്ഞു.
(എം പ്രശാന്ത്)
ചട്ടങ്ങള്‍ കാറ്റില്‍പറത്തി നിര്‍മാണം
കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച സൈനികരുടെ വിധവകള്‍ക്കും യുദ്ധത്തില്‍ പങ്കെടുത്ത സൈനികര്‍ക്കും നല്‍കാനെന്ന പേരില്‍ മുംബൈയിലെ കണ്ണായ സ്ഥലത്ത് ഫ്്ളാറ്റ് സമുച്ചയം നിര്‍മിച്ച് സ്വന്തമാക്കിയവരില്‍ രാഷ്ട്രീയത്തിലെയും സൈനിക ഉദ്യോഗസ്ഥതലത്തിലെയും വമ്പന്മാര്‍. ഭരണകക്ഷികളായ കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും നേതാക്കള്‍, ഐഎഎസ് ഉദ്യോഗസ്ഥര്‍, ഉന്നത സൈനികോദ്യോഗസ്ഥര്‍ എന്നിവരാണ് 30 കോടിവരെ വില വരുന്ന ഫ്ളാറ്റുകള്‍ ചുളുവില്‍ സ്വന്തമാക്കിയത്. മുംബൈയിലെ അതിസമ്പന്നര്‍ താമസിക്കുന്ന കൊളാബയിലാണ് ആദര്‍ശ് സൊസൈറ്റി എന്ന പേരില്‍ ഏതാനും സൈനികോദ്യോഗസ്ഥര്‍ മുന്‍കൈയെടുത്ത് 31 നിലയുള്ള ഫ്ളാറ്റ് സമുച്ചയം നിര്‍മിച്ചത്. കൊളാബയിലെ സൈനികകേന്ദ്രത്തോട് ചേര്‍ന്ന് 6490 സ്ക്വയര്‍മീറ്ററിലാണ് കെട്ടിടം. തീരദേശ നിയമത്തിന്റെ പരിധിയില്‍ വരുന്ന സ്ഥലത്ത് എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചായിരുന്നു നിര്‍മാണം. തീരദേശനിയമവും രാജ്യസുരക്ഷാചട്ടങ്ങളും പാലിച്ചില്ല. ആറുനിലയില്‍ കൂടതലുള്ള കെട്ടിടം ഈ മേഖലയില്‍ പാടില്ലെന്നാണ് ചട്ടമെങ്കിലും ഭരണാധികാരികളെ സ്വാധീനിച്ച് സൊസൈറ്റി ഭാരവാഹികള്‍ 31 നില കെട്ടിടം നിര്‍മിച്ചു. സൈനികകേന്ദ്രത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കൂറ്റന്‍കെട്ടിടം പാടില്ലെന്ന ചട്ടവും ലംഘിക്കപ്പെട്ടു. എന്നാല്‍, സംസ്ഥാന സര്‍ക്കാരോ പ്രതിരോധമന്ത്രാലയമോ കേന്ദ്ര പരിസ്ഥിതി മന്ത്രാലയമോ ഒരു എതിര്‍പ്പും ഉന്നയിച്ചില്ല.
2000ല്‍ ചവാന്‍ റവന്യൂമന്ത്രിയായിരുന്ന സമയത്താണ് ആദര്‍ശ് സൊസൈറ്റി ഭാരവാഹികള്‍ കെട്ടിടനിര്‍മാണത്തിന്റെ കടലാസുപണികള്‍ തുടങ്ങിയത്. സൊസൈറ്റിയുടെ അപേക്ഷ ഏറെ പ്രാധാന്യം നല്‍കി പരിഗണിക്കാന്‍ ശുപാര്‍ശ നല്‍കിയത് ചവാനാണ്. അന്നത്തെ റവന്യൂസെക്രട്ടറി അടക്കമുള്ളവര്‍ എതിര്‍ത്തെങ്കിലും ഫ്ളാറ്റ് നിര്‍മാണത്തിന്റെ കടലാസുകള്‍ മുന്നോട്ടുനീങ്ങി. ഉയര്‍ന്ന നേതാക്കള്‍ക്കും തന്ത്രപ്രധാന സ്ഥാനങ്ങള്‍ വഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും ഫ്ളാറ്റുകള്‍ വാഗ്ദാനംചെയ്താണ് നിര്‍മാണം തടസ്സമില്ലാതെ പുരോഗമിച്ചത്. ചവാന്റെ ഭാര്യാ മാതാവ് ഭഗവതി മനോഹര്‍ലാല്‍ ശര്‍മയടക്കം ചവാന്റെ മൂന്ന് ബന്ധുക്കള്‍ക്ക് ഫ്ളാറ്റ് ലഭിച്ചു. നിര്‍മാണസമയത്ത് മുംബൈ കലക്ടര്‍മാരായിരുന്ന ഐ ഇസഡ് കുന്ദന്‍, പ്രദീപ് വ്യാസ് എന്നിവര്‍ക്കും കടലാസുകള്‍ നീക്കിയതിന്റെ പ്രത്യുപകാരമായി സൊസൈറ്റിയില്‍ ഇടം ലഭിച്ചു. പ്രതിരോധമന്ത്രാലയത്തില്‍നിന്ന് ഇടങ്കോലൊന്നും വരാതിരിക്കാന്‍ മൂന്ന് സൈനിക മേധാവികള്‍ക്കാണ് ഫ്ളാറ്റുകള്‍ നല്‍കിയത്. മുന്‍ കരസേനാ മേധാവിമാരായ ജനറല്‍ ദീപക് കപൂര്‍, ജനറല്‍ എന്‍ സി വിജ്, മുന്‍ നാവികസേനാ മേധാവി മാധവേന്ദ്ര സിങ് എന്നിവരാണ് 31 നില കെട്ടിടത്തില്‍ താവളമുറപ്പിച്ച സൈനിക ഉദ്യോഗസ്ഥര്‍. അഴിമതി പുറത്തുവന്നതോടെ ഫ്ളാറ്റുകള്‍ ഉപേക്ഷിക്കുമെന്ന്ഇവരെല്ലാം പ്രഖ്യാപിച്ചിട്ടുണ്ട്. 2004ല്‍ വിലാസ്റാവു ദേശ്മുഖ് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഫ്ളാറ്റ് നിര്‍മാണത്തിന് അന്തിമ അനുമതി ലഭിച്ചത്. തുടക്കത്തില്‍ 27 നില പണിയാനായിരുന്നു അനുമതി. പിന്നീട് 31 നിലയായി ഉയര്‍ത്തുകയായിരുന്നു.
അഴിമതിയില്‍ മുങ്ങി മഹാരാഷ്ട്ര നേതാക്കള്‍ കോണ്‍ഗ്രസ് ത്രിശങ്കുവില്‍
മഹാരാഷ്ട്രയില്‍ അഴിമതി ആരോപിതനായ അശോക് ചവാന് പകരം ആരെ മുഖ്യമന്ത്രിയാക്കുമെന്നറിയാതെ കോണ്‍ഗ്രസ് നേതൃത്വം. അഴിമതി ആരോപണം നേരിടാത്തവര്‍ മഹാരാഷ്ട്ര നേതൃത്വത്തില്‍ ഇല്ലെന്ന വസ്തുതയാണ് ഹൈക്കമാന്റിനെ കുഴയ്ക്കുന്നത്. ചവാന് പകരമായി മുന്‍മുഖ്യമന്ത്രിയും നിലവില്‍ കേന്ദ്രമന്ത്രിയുമായ വിലാസ്റാവു ദേശ്മുഖ്, ഊര്‍ജ്ജമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ, പ്രധാനമന്ത്രി കാര്യാലയത്തിന്റെ ചുമതലയുള്ള മന്ത്രി പൃഥ്വിരാജ് ചവാന്‍, സംസ്ഥാനറവന്യൂമന്ത്രി നാരായ റാണെ, ഗുരുദാസ് കാമത്ത് തുടങ്ങിയ പേരുകളാണ് പരിഗണനയിലുള്ളത്. ഇവരില്‍ ഷിന്‍ഡെയും ദേശ്മുഖും ആദര്‍ശ് സൊസൈറ്റിയുടെ അഴിമതിയില്‍ പങ്കാളികളാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ദേശ്മുഖ് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ആദര്‍ശ് സൊസൈറ്റി അനുമതി ലഭിച്ചതും നിര്‍മ്മാണം തുടങ്ങിയതും. ഷിന്‍ഡെയുടെ ബന്ധുക്കള്‍ക്ക് ഫ്ളാറ്റ് ലഭിച്ചിട്ടുണ്ടെന്നാണ് ആരോപണം. ഇവരില്‍ ആരെയെങ്കിലും മുഖ്യമന്ത്രിയാക്കിയാല്‍ ചവാനെ പോലെ വളരെ പെട്ടെന്ന് തന്നെ പുറത്തുപോകേണ്ടി വരുമെന്ന് ഹൈക്കമാന്റിന് ഭയമുണ്ട്.
ക്ഷേത്രത്തിന്റെ ഭൂമി കയ്യേറിയെന്ന ആക്ഷേപം നാരായ റാണെയ്ക്ക് എതിരെ ഉയര്‍ന്നിട്ടുണ്ട്. റാണെയുടെ ഭാര്യ നീലിമ ഭൂമി കയ്യേറിയെന്ന് ആരോപിച്ച് മഹാബലേശ്വറിലെ ദേവസ്ഥാന്‍ ക്ഷേത്ര ട്രസ്റ് കോടതിയെ സമീപിച്ചിരിക്കുകയാണ്. പൃഥ്വിരാജ് ചവാന്‍, ഗുരുദാസ് കാമത്ത് എന്നിവരാണ് പിന്നീട് ശേഷിക്കുന്നത്. ഇവരില്‍ പൃഥ്വിരാജ് ചവാന്‍ ദീര്‍ഘകാലമായി ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്നതിനാല്‍ മഹാരാഷ്ട്രയില്‍ അഴിമതികേസുകളില്‍പെടില്ലെന്ന വിശ്വാസം ഹൈക്കമാന്റിനുണ്ട്. ഗുരുദാസ് കാമത്തും പ്രധാന അധികാരസ്ഥാനങ്ങള്‍ വഹിക്കാത്തതിനാല്‍ ഗുരുതര ആരോപണങ്ങളൊന്നും ഉണ്ടാവില്ലെന്ന് നേതൃത്വം കരുതുന്നു. എന്നാല്‍, മറാത്ത രാഷ്ട്രീയത്തില്‍ പൃഥ്വിരാജ് ചവാന് കാര്യമായ സ്വാധീനമില്ലെന്ന പോരായ്മയും ഗുരുദാസ് കാമത്തിന് നേതൃഗുണമില്ലെന്ന ആക്ഷേപവും തടസ്സങ്ങളാണ്. പ്രാദേശികമായി കാര്യമായി സ്വാധീനമില്ലാത്ത നേതാക്കള്‍ മുഖ്യമന്ത്രിയായാല്‍ മറാത്ത രാഷ്ട്രീയത്തില്‍ ശരത്പവാറും മറ്റും മേല്‍കൈ നേടുമെന്ന് കോണ്‍ഗ്രസ് ഭയക്കുന്നു. ആരെ മുഖ്യമന്ത്രിയാക്കുമെന്നത് കുഴയ്ക്കുന്ന പ്രശ്നമാണെന്ന് കോണ്‍ഗ്രസിന്റെ ഒരു മുതിര്‍ന്ന കേന്ദ്രനേതാവ് സ്വകാര്യ സംഭാഷണത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിലാസ്റാവു ദേശ്മുഖ് മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞപ്പോഴും പകരക്കാരന്റെ കാര്യത്തില്‍ ഹൈക്കമാന്റ് ബുദ്ധിമുട്ടിയിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തിന് പലരും കുപ്പായം തുന്നി രംഗത്തുവന്നിട്ടുള്ള സാഹചര്യത്തില്‍ ഗ്രൂപ്പുപോര് മുറുകാനുള്ള സാധ്യതയും വര്‍ധിച്ചു.
ദേശാഭിമാനി 311010
കാര്‍ഗില്‍ സൈനികവിധവകളുടെ പേരിലുള്ള മുംബൈയിലെ ആദര്‍ശ് ഹൌസിങ് സൊസൈറ്റിയുടെ മറവില്‍ നടന്ന വന്‍ അഴിമതി പുറത്തായതോടെ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ പുറത്തേക്ക്. സംഭവം വിവാദമായതോടെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയ്ക്ക് ശനിയാഴ്ച ഡല്‍ഹിയിലെത്തിയ ചവാന്‍ രാജിക്ക് സന്നദ്ധനാണെന്ന് വാര്‍ത്താലേഖകരോട് പറഞ്ഞു. ചവാന്റെ മൂന്ന് ബന്ധുക്കള്‍ ഇവിടെ ഫ്ളാറ്റ് സ്വന്തമാക്കിയിരുന്നു. ഇതോടെ ചവാനെ രക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ് നേതൃത്വം. മഹാരാഷ്ട്രയിലെ ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെട്ട അഴിമതിയെക്കുറിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ധനമന്ത്രി പ്രണബ് മുഖര്‍ജിയെയും പ്രതിരോധമന്ത്രി എ കെ ആന്റണിയെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ചുമതലപ്പെടുത്തി. ഇവരുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം ചവാനോട് രാജി ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. ഒബാമ ഇന്ത്യയിലെത്തി മടങ്ങുന്നതുവരെ രാജി നീട്ടിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ചവാന്‍ പുറത്താകുമെന്ന് തീര്‍ച്ചയായതോടെ മഹാരാഷ്ട്ര കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിപദത്തിനായി വടംവലി മുറുകി.
ReplyDelete