Friday, October 15, 2010

പാളയത്തിലെ പട

തെരഞ്ഞെടുപ്പ് രംഗത്തെ കോണ്‍ഗ്രസിന്റെ സ്റ്റാര്‍ട്ടിങ് ട്രബിള്‍ കണ്ട് കോഴിക്കോട്ടുകാര്‍ തലയില്‍ കൈവച്ചുപോയി. എങ്ങനെ അതിശയിക്കാതിരിക്കും. പത്രിക സമര്‍പ്പിക്കുന്ന അവസാന ദിവസമായ ഒക്ടോബര്‍ നാലിന് പോലും സ്ഥാനാര്‍ഥിയാരെന്നോ വാര്‍ഡ് ഏത് പാര്‍ടിക്കാണെന്നോ പറയാനാകാതെ അന്ധാളിച്ച് നില്‍ക്കുകയായിരുന്നു യുഡിഎഫ്. ഒടുവില്‍ തോന്നിയവരെല്ലാം സ്ഥാനാര്‍ഥികളായി. പത്രിക പിന്‍വലിക്കേണ്ട ദിവസം കഴിഞ്ഞിട്ടും ഒരുപാട് പേര്‍ രംഗത്തവശേഷിച്ചു. ഇതിനിടെ വേളം ജില്ലാപഞ്ചായത്ത് വാര്‍ഡില്‍ നോമിനേഷന്‍ നല്‍കാന്‍ പോലും കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി മറന്നു. ഹൈക്കോടതിയില്‍ കേസുള്ളതിനാല്‍ വേളത്ത് വൈകിയാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നത്. അതനുസരിച്ച് പത്രിക സമര്‍പ്പണത്തിന്റെ തിയ്യതി നീളുമെന്ന് പ്രാദേശിക നേതാക്കള്‍ തെറ്റിദ്ധരിച്ചുവെന്നാണ് വിശദീകരണം. റിബലായി നിന്ന കോണ്‍ഗ്രസ്സിന്റെ അംഗം പോലുമല്ലാത്ത ഒരു വനിതക്ക് കൈപ്പത്തി നല്‍കേണ്ട ഗതികേടിലുമായി. പാര്‍ടിയുടെ സ്വന്തം പത്രം മനോരമക്കും 'മുഖപത്രം 'വീരചരിതം മാതൃഭൂമി'ക്കും ഇത് എഴുതേണ്ടി വന്നെങ്കില്‍ അത് വായിച്ച് ചിരിക്കുന്നവരെ എങ്ങനെ കുറ്റം പറയും?

മറുഭാഗത്ത്, ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ മുന്നേറുകയാണ് എല്‍ഡിഎഫ്. നഗരസഭയിലേക്കുള്ള സ്ഥാനാര്‍ഥിപട്ടിക സെപ്തംബര്‍ 26 നും ജില്ലാ പഞ്ചായത്തിലേക്കുള്ള പട്ടിക 29 നും പ്രഖ്യാപിച്ചു.നഗരസഭയുടേത് വന്‍ റാലിയിലും ജില്ലയുടേത് വാര്‍ത്താസമ്മേളനത്തിലും. മറ്റുതലങ്ങളിലെ സ്ഥാനാര്‍ഥികളെ അതിനും മുമ്പും ജനങ്ങളെ അറിയിച്ചു. വാര്‍ഡ്, ബൂത്ത്, ഹൌസ് കമ്മറ്റികള്‍ രൂപീകരിച്ച് ഇടതുമുന്നണി പ്രവര്‍ത്തകര്‍ പലവട്ടം വീടുവീടാന്തരം കയറി. സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിന് സിപിഐ എം തയ്യാറാക്കിയ സിനിമ 'ജനങ്ങളുണരുമ്പോള്‍' ജില്ലയാകെ പ്രദര്‍ശിപ്പിച്ച് വരുന്നു. നേതാക്കളുടെ പര്യടനവും ആരംഭിച്ചു. മന്ത്രിമാരായ തോമസ് ഐസക്, എ കെ ബാലന്‍, എളമരം കരീം, ബിനോയ് വിശ്വം എന്നിവര്‍ ഇതിനകം ജില്ലയിലെത്തി. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് സലിം, മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ തുടങ്ങിയവര്‍ അടുത്ത ദിവസങ്ങളിലെത്തും. കലാപരിപാടികള്‍, തെരുവ് നാടകങ്ങള്‍ തുടങ്ങിയവയും എല്‍ഡിഎഫിന്റെ പ്രചാരണായുധങ്ങളാണ്.

വോട്ടെടുപ്പടുക്കുന്തോറും, റിബലുകളുടെ ഭീഷണി യുഡിഎഫ് നേതാക്കളുടെ ഉറക്കം കെടുത്തുന്നു. ഘടകകക്ഷികള്‍ തമ്മിലും പാര്‍ടി പ്രവര്‍ത്തകര്‍ തമ്മിലും പലയിടത്തും പൊരിഞ്ഞ പോരാട്ടമാണ്. 'മാതൃഭൂമി' കാട്ടി ഭീഷണിപ്പെടുത്തി വീരന്‍ ദള്‍ ധാരാളം സീറ്റുകള്‍ കൈക്കലാക്കിയതായി കോണ്‍ഗ്രസ് അണികളും നേതാക്കളും വിശ്വസിക്കുന്നു. ജില്ലാപഞ്ചായത്തിലേക്ക് ലീഗിന് നാല് സീറ്റ് നല്‍കിയപ്പോള്‍ വീരന്‍ വിഭാഗത്തിന് നല്‍കിയത് അഞ്ചുസീറ്റ്. കോര്‍പ്പറേഷനിലും ഇതേ അവസ്ഥ. കഴിഞ്ഞ കൌണ്‍സിലിലെ കോണ്‍ഗ്രസ് നേതാവ് പി കെ മാമുക്കോയക്ക് വേണ്ടി കോണ്‍ഗ്രസ് ആവശ്യപ്പെട്ട വലിയങ്ങാടി സീറ്റാണ് 'വീര-വിശ്വസ്തന്‍' ജനതാദളിലെ കിഷന്‍ചന്ദ് തട്ടിയെടുത്തത്. ബിജെപിയെയും ജമാഅത്തെ ഇസ്ളാമിയെയും കൂടെ നിര്‍ത്തി പേരിനെങ്കിലും പിടിച്ച് നില്‍ക്കാനാണ് യുഡിഎഫ് ശ്രമം. പലയിടത്തും രൂപപ്പെട്ട വികലമുന്നണി ഇതിന് തെളിവാണ്.

ജില്ലയിലെ 21,01,317 വോട്ടര്‍മാരാണ് 23 ന് പോളിങ്ങ് ബൂത്തിലേക്ക് നീങ്ങുക. ഇതില്‍ 10,03,341പേര്‍ പുരുഷന്മാരും 10,97,976 പേര്‍ സ്ത്രീകളുമാണ്. 75 പഞ്ചായത്തുകളിലായി 16,21,040 വോട്ടന്മാരുണ്ട്. കോര്‍പ്പറേഷനില്‍ 3,72,657, വടകര മുനിസിപ്പാലിറ്റിയില്‍ 54,818, കൊയിലാണ്ടി മുനിസിപ്പാലിറ്റിയില്‍ 52,802 എന്നിങ്ങനെയാണ് വോട്ടര്‍മാര്‍. ഇതില്‍ നേരിയ വര്‍ധനവ് കൂടി അന്തിമപട്ടികയില്‍ ഉണ്ടാകുമെന്നാണ് സൂചന.
(കെ പ്രേമനാഥ്)

ദേശാഭിമാനി 151010

1 comment:

  1. തെരഞ്ഞെടുപ്പ് രംഗത്തെ കോണ്‍ഗ്രസിന്റെ സ്റ്റാര്‍ട്ടിങ് ട്രബിള്‍ കണ്ട് കോഴിക്കോട്ടുകാര്‍ തലയില്‍ കൈവച്ചുപോയി. എങ്ങനെ അതിശയിക്കാതിരിക്കും. പത്രിക സമര്‍പ്പിക്കുന്ന അവസാന ദിവസമായ ഒക്ടോബര്‍ നാലിന് പോലും സ്ഥാനാര്‍ഥിയാരെന്നോ വാര്‍ഡ് ഏത് പാര്‍ടിക്കാണെന്നോ പറയാനാകാതെ അന്ധാളിച്ച് നില്‍ക്കുകയായിരുന്നു യുഡിഎഫ്. ഒടുവില്‍ തോന്നിയവരെല്ലാം സ്ഥാനാര്‍ഥികളായി. പത്രിക പിന്‍വലിക്കേണ്ട ദിവസം കഴിഞ്ഞിട്ടും ഒരുപാട് പേര്‍ രംഗത്തവശേഷിച്ചു. ഇതിനിടെ വേളം ജില്ലാപഞ്ചായത്ത് വാര്‍ഡില്‍ നോമിനേഷന്‍ നല്‍കാന്‍ പോലും കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി മറന്നു.

    ReplyDelete