Saturday, October 30, 2010

സിബിഐക്കും കേന്ദ്രത്തിനും സുപ്രീംകോടതിയുടെ വിമര്‍ശം

ന്യൂഡല്‍ഹി: ഒരു ലക്ഷം കോടി രൂപയുടെ സ്പെക്ട്രം അഴിമതി അന്വേഷണത്തില്‍ സിബിഐ കാട്ടുന്ന അലംഭാവത്തെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. അഴിമതി ആരോപിതനായ മന്ത്രിതന്നെ ഇപ്പോഴും വകുപ്പ് കൈകാര്യംചെയ്യുന്നതില്‍ കോടതി ആശ്ചര്യം പ്രകടിപ്പിച്ചു. സ്പെക്ട്രം അഴിമതി അന്വേഷണം കേന്ദ്രസര്‍ക്കാര്‍ അട്ടിമറിക്കുന്നെന്ന് ആരോപിച്ച് സെന്റര്‍ ഫോര്‍ പബ്ളിക് ഇന്ററസ്റ് ലിറ്റിഗേഷന്‍ എന്ന സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്. വെള്ളിയാഴ്ച ഹര്‍ജി പരിഗണിക്കവെ കോടതി സിബിഐയുടെ അന്വേഷണരീതിയെ കുറ്റപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്തു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരേഷ് റാവല്‍ സിബിഐയെ ന്യായീകരിക്കാന്‍ ശ്രമിച്ചപ്പോഴാണ് കോടതി ഇടപെട്ടത്. സിബിഐ ഒരന്വേഷണവും നടത്തുന്നില്ലെന്ന് ജസ്റിസുമാരായ ജി എസ് സിങ്വി, എ കെ ഗാംഗുലി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

സ്പെക്ട്രം അഴിമതി ഗൌരവമുള്ള വിഷയമാണ്. ആരോപിതനായ മന്ത്രി ഇപ്പോഴും തുടരുന്നു. ഇങ്ങനെയാണോ സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത്. എല്ലാവരുടെ കാര്യത്തിലും ഇതേ മാനദണ്ഡമാണോ സര്‍ക്കാര്‍ പിന്തുടരുന്നത്. അന്വേഷണമെന്ന പേരില്‍ ഇപ്പോള്‍ത്തന്നെ ഒരു വര്‍ഷം കഴിഞ്ഞു- കോടതി പറഞ്ഞു. വിഷയത്തിന്റെ ആഴവും സങ്കീര്‍ണതയും രേഖകളുടെ ബാഹുല്യവും കണക്കിലെടുക്കുമ്പോള്‍ അന്വേഷണം പൂര്‍ത്തീകരിക്കാന്‍ ഇനിയും സമയം ആവശ്യമാണെന്ന് ഹരേഷ് റാവല്‍ പറഞ്ഞു. എന്നാല്‍, ഇത് ഒഴിവുകഴിവ് മാത്രമാണെന്നും അന്വേഷണം ബോധപൂര്‍വം നീട്ടുകയാണെന്നും കോടതി കുറ്റപ്പെടുത്തി. ശരിയായ ദിശയിലാണ് അന്വേഷണമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് അന്വേഷിക്കുന്നതെന്നും റാവല്‍ പറഞ്ഞു. അന്വേഷണത്തിന് പത്തുവര്‍ഷംകൂടി വേണ്ടിവരുമോയെന്ന് ഈ ഘട്ടത്തില്‍ കോടതി പരിഹാസത്തോടെ ചോദിച്ചു. ആറുമാസത്തിനകം അന്വേഷണം പൂര്‍ത്തീകരിക്കുമെന്നായിരുന്നു റാവലിന്റെ മറുപടി. 2ജി സ്പെക്ട്രം അഴിമതിയിലൂടെ ഖജനാവിന് 1.4 ലക്ഷം കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന സിഎജി റിപ്പോര്‍ട്ടിനോടുള്ള പ്രതികരണം കോടതി ആരാഞ്ഞു. റാവലിന് മറുപടിയുണ്ടായില്ല. സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യമാണ് കേസില്‍ ഹാജരാകേണ്ടിയിരുന്നതെന്നും അനാരോഗ്യം കാരണം അദ്ദേഹത്തിന് എത്താനായില്ലെന്നും റാവല്‍ വിശദീകരിച്ചു.

സിഎജി റിപ്പോര്‍ട്ടിനോടുള്ള പ്രതികരണം ടെലികോംവകുപ്പ് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി എ രാജയ്ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ടി ആര്‍ അന്ത്യാര്‍ജുന പറഞ്ഞു. റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍മാത്രമാണ് കോടതിയെ ധരിപ്പിച്ചിട്ടുള്ളത്. ചീഫ് വിജിലന്‍സ് കമീഷന് (സിവിസി) മന്ത്രി നല്‍കിയ മറുപടി കോടതിയെ അറിയിച്ചതുമില്ല- അന്ത്യാര്‍ജുന പറഞ്ഞു. സോളിസിറ്റര്‍ ജനറല്‍ ഹാജരാകാത്ത പശ്ചാത്തലത്തില്‍ കേസ് നവംബര്‍ 15ന് പരിഗണിക്കാന്‍ മാറ്റി. അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ വിശദമായ വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയായാണ് സ്പെക്ട്രം ലേലം അഴിമതി വിശേഷിപ്പിക്കപ്പെടുന്നത്. 2007ല്‍ രണ്ടാം തലമുറ സ്പെക്ട്രം കുറഞ്ഞ നിരക്കില്‍ മന്ത്രി രാജയ്ക്ക് താല്‍പ്പര്യമുള്ള ഏതാനും കമ്പനികള്‍ക്ക് നല്‍കുകയായിരുന്നു. ടെലികോംരംഗത്ത് അറിയപ്പെടാത്ത ഒമ്പത് സ്വകാര്യ കമ്പനിയാണ് സ്പെക്ട്രം സ്വന്തമാക്കിയത്. 2001ലെ ലേലനിരക്കായ 1650 കോടിക്കായിരുന്നു സ്പെക്ട്രം വിതരണം. ചില കമ്പനികള്‍ അപ്പോള്‍ത്തന്നെ അത് പലമടങ്ങ് വിലയ്ക്ക് മറിച്ചുവിറ്റതോടെയാണ് ഇടപാട് വിവാദമായത്. ഖജനാവിന് വലിയ നഷ്ടം വന്നതായി തെളിഞ്ഞിട്ടും രാജയെ സംരക്ഷിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വവും പ്രധാനമന്ത്രിയും സ്വീകരിച്ചത്.
(എം പ്രശാന്ത്)

ദേശാഭിമാനി 301010

1 comment:

  1. : ഒരു ലക്ഷം കോടി രൂപയുടെ സ്പെക്ട്രം അഴിമതി അന്വേഷണത്തില്‍ സിബിഐ കാട്ടുന്ന അലംഭാവത്തെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. അഴിമതി ആരോപിതനായ മന്ത്രിതന്നെ ഇപ്പോഴും വകുപ്പ് കൈകാര്യംചെയ്യുന്നതില്‍ കോടതി ആശ്ചര്യം പ്രകടിപ്പിച്ചു. സ്പെക്ട്രം അഴിമതി അന്വേഷണം കേന്ദ്രസര്‍ക്കാര്‍ അട്ടിമറിക്കുന്നെന്ന് ആരോപിച്ച് സെന്റര്‍ ഫോര്‍ പബ്ളിക് ഇന്ററസ്റ് ലിറ്റിഗേഷന്‍ എന്ന സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്. വെള്ളിയാഴ്ച ഹര്‍ജി പരിഗണിക്കവെ കോടതി സിബിഐയുടെ അന്വേഷണരീതിയെ കുറ്റപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്തു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരേഷ് റാവല്‍ സിബിഐയെ ന്യായീകരിക്കാന്‍ ശ്രമിച്ചപ്പോഴാണ് കോടതി ഇടപെട്ടത്. സിബിഐ ഒരന്വേഷണവും നടത്തുന്നില്ലെന്ന് ജസ്റിസുമാരായ ജി എസ് സിങ്വി, എ കെ ഗാംഗുലി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

    ReplyDelete