ഒക്‌ടോബര്‍ 23, 25 തീയതികളിലായി നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. സ്ത്രീ ശാക്തീകരണത്തിന് കരുത്തുപകരുന്നതിനുള്ള വേളയാക്കി ഇതിനെ സംസ്ഥാന സര്‍ക്കാര്‍ മാറ്റിയിരിക്കുന്നു. അധികാര പങ്കാളിത്തത്തിനായി വാദിച്ചുവന്ന സമൂഹത്തിലെ മുഴുവന്‍ സ്ത്രീകളുടേയും ആഗ്രഹപൂര്‍ത്തീകരണത്തിനാണ് 2010 ലെ തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ അവസരമൊരുങ്ങിയിരിക്കുന്നത്. 50% സംവരണം അംഗബലത്തില്‍ മാത്രമല്ല അധികാര സ്ഥാനങ്ങളിലും വനിതകള്‍ക്ക് ഉറപ്പായിരിക്കുന്നു. സംസ്ഥാന ഭരണം കയ്യാളുന്ന ഇടതു ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയ ഇച്ഛാശക്തിയാണ് ഇതിലൂടെ വ്യക്തമാകുന്നത്. ജനസംഖ്യയില്‍ പകുതിയിലധികം വരുന്ന സ്ത്രീകള്‍ക്ക് തുല്യാധികാരം നല്‍കുന്നതിനായുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം പ്രാവര്‍ത്തികമാക്കിയതിലൂടെ കേരളം രാഷ്ട്രത്തിനാകെ മാതൃകയായി. ഈ അവസരത്തില്‍ കക്ഷിരാഷ്ട്രീയ പരിഗണനകള്‍ക്കതീതമായി ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുവാന്‍ കേരളത്തിലെ സ്ത്രീ സമൂഹത്തിനാകെ ബാധ്യതയുണ്ട്.
എന്നാല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 50 ശതമാനം സ്ത്രീ സംവരണം തങ്ങളാണ് നല്‍കുന്നത് എന്ന മട്ടിലുള്ള പ്രചാരണങ്ങള്‍ കോണ്‍ഗ്രസിന്റേയും കൂട്ടാളികളുടേയും ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ട്. തിരഞ്ഞെടുപ്പു സമയത്ത് സ്ത്രീ വോട്ടുകള്‍ ലക്ഷ്യമിട്ട് മോഹനവാഗ്ദാനങ്ങള്‍ നല്‍കുന്നതല്ലാതെ അധികാരത്തിലെത്തിയാല്‍ ആത്മാര്‍ഥമായ ഒരു നടപടിയും ഈ ദിശയില്‍ അവരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. അധികാരക്കസേരകള്‍ പ്രാപ്യമാക്കുന്നതിനുള്ള ഏണിപ്പടികളായാണ് കേന്ദ്രഭരണാധികാരികളായ കോണ്‍ഗ്രസുകാരും മുന്‍ യു ഡി എഫ് സംസ്ഥാന സര്‍ക്കാരും ഇപ്പോഴത്തെ കേരളത്തിലെ യു ഡി എഫും സ്ത്രീകളെ കണ്ടിട്ടുള്ളത്. ഇത് കേരളത്തിലെ സ്ത്രീ വോട്ടര്‍മാര്‍ക്ക് മറ്റാരെക്കാളും നന്നായി അറിയാം.
യു ഡി എഫില്‍ ഉള്ള മഹിളാ സംഘടനകള്‍ക്കും ഈ വസ്തുത ബോധ്യമുള്ളതാണ്. കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള 50 ശതമാനം സ്ത്രീ സംവരണത്തിന്റെ ക്രെഡിറ്റ് അവകാശപ്പെടുന്ന കോണ്‍ഗ്രസ് ഇന്ന് ഇന്ത്യയില്‍ അധികാരത്തിലുള്ള ഒരു സംസ്ഥാനത്തും ഇത്തരം ഒരു നിയമം പാസാക്കിയിട്ടില്ല; എന്നുമാത്രമല്ല ഒന്നാം യു പി എ സര്‍ക്കാരിന്റെ കാലയളവില്‍ തന്നെ രാജ്യത്തു നടപ്പാക്കും എന്നു പറഞ്ഞ വനിതാ സംവരണ ബില്ലിന്റെ കാര്യത്തില്‍ തികച്ചും വഞ്ചനാപരമായ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചുവരുന്നത്. പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ബില്ല് നിയമമാക്കുന്നതിനെ സംബന്ധിച്ച് കോണ്‍ഗ്രസുകാര്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ല. അധികാരം നിലനിര്‍ത്തുന്നതിനായുള്ള വിലപേശലില്‍ ലാലു-മുലായം പ്രഭൃതികളുടെ കാല്‍ക്കീഴില്‍ പ്രസ്തുത ബില്ലിനെ അടിയറവച്ചവര്‍ക്ക് സ്ത്രീ ശാക്തീകരണത്തെക്കുറിച്ചു സംസാരിക്കുവാന്‍ തന്നെ അവകാശമില്ല. അപലപനീയമായ ഈ മൗനത്തിനും നിസ്സംഗതയ്ക്കും കേരളത്തിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ സ്ത്രീ വോട്ടര്‍മാര്‍ തക്ക ശിക്ഷ കൊടുക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനോടൊപ്പം നില്‍ക്കുന്ന യു ഡി എഫ് ഘടകക്ഷികളുടെ സമീപനവും ഒട്ടും വ്യത്യസ്തമല്ല. എന്നുമാത്രമല്ല കൂടുതല്‍ സ്ത്രീവിരുദ്ധവും ആണ്. മുസ്‌ലീം ലീഗ് ഒരു പടികൂടി കടന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്വന്തം വനിതാ സ്ഥാനാര്‍ഥികള്‍ക്ക് ഒരു പെരുമാറ്റച്ചട്ടംകൂടി ഉണ്ടാക്കി എന്നറിയുന്നു.
ഏറെ ദുഃഖകരം ഈ പരിഹാസ്യമായ അവസ്ഥയിലും അവരുടെ ചിഹ്നത്തില്‍ മത്സരിക്കുന്നതിനായി അവര്‍ക്ക് വനിതകളെ കിട്ടി എന്നതാണ്. ആ പാര്‍ട്ടിയിലെ വനിതകളുടെ നിസ്സഹായതയോര്‍ത്ത് പരിതപിക്കുമ്പോഴും കേരളത്തിലെ സ്ത്രീകളെ ആകെ ഇത്തരം ഒരു പെരുമാറ്റച്ചട്ട രൂപീകരണത്തിലൂടെ അപമാനിച്ച ലീഗ് നേതൃത്വത്തോടുള്ള സംഘടിത പ്രതിഷേധം വ്യക്തമാക്കേണ്ടതിന്റെ പ്രാധാന്യം അറിയേണ്ടതുണ്ട്. സംസ്ഥാന രൂപീകരണത്തിനുശേഷം നടത്തിയ പൊതുതിരഞ്ഞെടുപ്പുകളിലെല്ലാം, പാര്‍ലമെന്റിലായാലും നിയമസഭയായാലും പൂര്‍ണമായും സ്ത്രീകളെ അവഗണിച്ച കക്ഷിയാണ് ലീഗ് എന്നതും ഇതില്‍ നിന്നും ഒട്ടും ഭിന്നരല്ല കേരളത്തിലെ കോണ്‍ഗ്രസുകള്‍ എന്നതും കേരളത്തിലെ വനിതകള്‍ക്കു നല്ല നിശ്ചയമുണ്ട്.
സംവരണ വിഷയത്തില്‍ മാത്രമല്ല കോണ്‍ഗ്രസിന്റേയും യു ഡി എഫിന്റെയും സ്ത്രീ വിരുദ്ധ വികൃതമുഖം പ്രകടമാകുന്നത്. സ്ത്രീകളെ സാമ്പത്തിക സ്വയം പര്യാപ്തതയിലേക്കും മുഖ്യധാരയിലേയ്ക്കും നയിക്കാനുതകുന്ന, ലക്ഷോപലക്ഷം സ്ത്രീകളുടെ അത്താണിയായുള്ള കുടുംബശ്രീയോടുള്ള അവരുടെ സമീപനവും ഒട്ടും ഭിന്നമല്ല. സ്ത്രീശാക്തീകരണത്തിന് ഏറെ സഹായകരമായ കക്ഷി രാഷ്ട്രീയ ഭേദമെന്യേ സ്ത്രീകള്‍ അംഗങ്ങളായുള്ള ഈ സംവിധാനത്തിന്റെ നാശം കാംക്ഷിക്കുന്ന കോണ്‍ഗ്രസ്-യു ഡി ഫ് നേതൃത്വം മാപ്പര്‍ഹിക്കുന്നില്ല.
യു ഡി എഫ് കേരള സംസ്ഥാനത്ത് അധികാരത്തിലിരുന്ന 2001-2006 കാലഘട്ടത്തില്‍ സമൂഹത്തിലെ സ്ത്രീകളുടെ നാനാവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. വിലക്കയറ്റത്തിന്റെ കെടുതികള്‍ ഏറ്റവും അധികം ബാധിക്കുന്നത് വീട്ടമ്മമാരെയാണെങ്കില്‍ ആ വീട്ടമ്മമാര്‍ക്ക് ആശ്വാസമെത്തിക്കാന്‍ ശ്രമിക്കുന്നതിനുപകരം കുത്തകകളുടെ കുഴലൂത്തുകാരായി മാറി. ഇപ്പോഴും കേന്ദ്രത്തിലെ അധികാരം ഉപയോഗിച്ചുകൊണ്ട് അവര്‍ സാധാരണക്കാരുടെ കുടുംബ ബജറ്റ് അട്ടിമറിക്കുന്നു. കേരളത്തിനുള്ള റേഷന്‍ വിഹിതം വെട്ടിക്കുറച്ചതും സമഗ്രഭക്ഷ്യ സുരക്ഷാ നിയമം വാഗ്ദാനത്തിലൊതുക്കിയതും റേഷന്‍ സാധനങ്ങളുടെ വില വര്‍ധിപ്പിച്ചതും ഗ്യാസ് സിലിണ്ടര്‍ വില അമിതമായി വര്‍ധിപ്പിച്ചതും പെട്രോളിയം കമ്പനികള്‍ക്ക് വില നിര്‍ണയാധികാരം കൊടുത്തുകൊണ്ട് ദൈനംദിനം പെട്രോള്‍ വില വര്‍ധിപ്പിക്കുന്നതും ഡീസല്‍, മണ്ണെണ്ണവില വര്‍ധിപ്പിച്ചതും സാധാരണക്കാര്‍ക്കെതിരായി, വിശിഷ്യ സ്ത്രീജനങ്ങള്‍ക്കെതിരായ വെല്ലുവിളിയാണ്. ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ വിശക്കുന്നവര്‍ക്ക് നല്‍കുവാനും അവര്‍ക്ക് കുടുംബത്തെ പട്ടിണി മരണത്തില്‍ നിന്നും രക്ഷിക്കുവാനും സുപ്രിം കോടതി ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും തയ്യാറാകാത്തവരോട് കേരളത്തിലെ സ്ത്രീകള്‍ ഒരു കാരണവശാലും ക്ഷമിക്കാന്‍ പാടില്ല.
യു ഡി എഫില്‍ നിന്നും ഭിന്നമായ സ്ത്രീപക്ഷ-ജനപക്ഷ നിലപാടുകളുമായി സംസ്ഥാനത്ത് എല്‍ ഡി എഫ് സര്‍ക്കാര്‍ വ്യത്യസ്തമുഖം കാഴ്ചവയ്ക്കുന്നു. അതിനുദാഹരണങ്ങള്‍ അനവധിയാണ്. ഇന്ത്യയിലാകെ വിലക്കയറ്റം രൂക്ഷമാകുമ്പോഴും അതിന്റെ കെടുതിയില്‍ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിനുള്ള നൂതന പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കി വരുന്നു. ഇത് ഏറെ ആശ്വാസം പകരുന്നത് കേരളത്തിലെ വീട്ടമ്മമാര്‍ക്കാണ്. ഭക്ഷ്യധാന്യ അവശ്യസാധന വിതരണത്തിനായുള്ള വ്യാപകവും ശക്തവുമായ പൊതുവിതരണ ശൃംഖല, സഹകരണമേഖലയെ ഉപയോഗപ്പെടുത്തിയുള്ള വിലക്കയറ്റ നിയന്ത്രണ സംവിധാനം, കൃഷിവകുപ്പിന്റെ വിവിധ ന്യായവില സ്റ്റാളുകള്‍, കേന്ദ്രം ഒഴിവാക്കാനാവശ്യപ്പെടുന്ന അര്‍ഹരെയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള രണ്ടുരൂപയുടെ അരിവിതരണം, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണം തുടങ്ങിയവയെല്ലാം രാജ്യത്തിനാകെ മാതൃകയാക്കാന്‍ കഴിയേണ്ടതുണ്ട്.
പരമ്പരാഗത വ്യവസായ മേഖലയെ - ഇതില്‍ ബഹുഭൂരിപക്ഷവും സ്ത്രീതൊഴിലാളികളാണ് - ഉദ്ധരിക്കുന്നതിനായി എണ്ണമറ്റ ആശ്വാസ നടപടികള്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നു. മാതൃകാപരമായി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി കേരളത്തില്‍ നടപ്പാക്കി. തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്ക് സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ഒരു മാസം പ്രസവാവധി നല്‍കുകയും അക്കാലയളവിലെ കൂലി സര്‍ക്കാര്‍ തന്നെ കൊടുക്കുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്തു. ജീവനക്കാരായ സ്ത്രീകള്‍ക്ക് ഗര്‍ഭാശയം നീക്കിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് 45 ദിവസത്തെ ആനുകൂല്യത്തോടെയുള്ള അവധി അനുവദിച്ചുകൊണ്ട് എല്‍ ഡി എഫ് സര്‍ക്കാര്‍ വനിതാക്ഷേമത്തിലെ പ്രതിജ്ഞാബദ്ധത തെളിയിച്ചു.
ആനുകൂല്യങ്ങള്‍ പരിമിതപ്പെടുത്തുകയും ഗുണഭോക്താക്കളുടെ എണ്ണം കുറയ്ക്കുകയും ചെയ്യുകയെന്ന ഉദ്ദേശത്തോടെ വിവിധ ക്ഷേമ പെന്‍ഷനുകള്‍ക്ക് തികച്ചും ജനവിരുദ്ധ മാനദണ്ഡങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നിഷ്‌ക്കര്‍ഷിച്ചിരുന്നത്. ഇതിന് മാറ്റം വരുത്താനായത് എല്‍ ഡി എഫ് സര്‍ക്കാരിന്റെ ശക്തമായ സമ്മര്‍ദ്ദം മൂലമാണ്. കേന്ദ്രം നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങളില്‍ വ്യത്യാസം വരുത്തി സംസ്ഥാന സര്‍ക്കാര്‍ ആയിരക്കണക്കിന് വിധവകള്‍ക്ക് പുതുതായി പെന്‍ഷന്‍ ലഭ്യമാക്കി. അതോടൊപ്പം അവിവാഹിതരായ 50 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ക്കും ക്ഷേമ പെന്‍ഷന്‍ നല്‍കി.
ഈ വിധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനും പുതിയ പദ്ധതികള്‍ക്ക് രൂപം കൊടുക്കുന്നതിനുമായി ഇടതുപക്ഷത്തിന് ഇനിയും കൂടുതല്‍ ജനപിന്തുണ ആവശ്യമാണ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നേതൃത്വം കൊടുത്തു നടത്തുന്ന വനിതാ ക്ഷേമ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകേണ്ടതായും ഉണ്ട്. ഇതിനും എല്‍ ഡി എഫ് വിജയം അനിവാര്യമാണ്. അതിനായി വനിതാ വോട്ടര്‍മാര്‍ മുന്നോട്ടുവരണം.
ആര്‍ ലതാദേവി ജനയുഗം 21102010
ഒക്‌ടോബര്‍ 23, 25 തീയതികളിലായി നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. സ്ത്രീ ശാക്തീകരണത്തിന് കരുത്തുപകരുന്നതിനുള്ള വേളയാക്കി ഇതിനെ സംസ്ഥാന സര്‍ക്കാര്‍ മാറ്റിയിരിക്കുന്നു. അധികാര പങ്കാളിത്തത്തിനായി വാദിച്ചുവന്ന സമൂഹത്തിലെ മുഴുവന്‍ സ്ത്രീകളുടേയും ആഗ്രഹപൂര്‍ത്തീകരണത്തിനാണ് 2010 ലെ തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ അവസരമൊരുങ്ങിയിരിക്കുന്നത്. 50% സംവരണം അംഗബലത്തില്‍ മാത്രമല്ല അധികാര സ്ഥാനങ്ങളിലും വനിതകള്‍ക്ക് ഉറപ്പായിരിക്കുന്നു. സംസ്ഥാന ഭരണം കയ്യാളുന്ന ഇടതു ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയ ഇച്ഛാശക്തിയാണ് ഇതിലൂടെ വ്യക്തമാകുന്നത്. ജനസംഖ്യയില്‍ പകുതിയിലധികം വരുന്ന സ്ത്രീകള്‍ക്ക് തുല്യാധികാരം നല്‍കുന്നതിനായുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം പ്രാവര്‍ത്തികമാക്കിയതിലൂടെ കേരളം രാഷ്ട്രത്തിനാകെ മാതൃകയായി. ഈ അവസരത്തില്‍ കക്ഷിരാഷ്ട്രീയ പരിഗണനകള്‍ക്കതീതമായി ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുവാന്‍ കേരളത്തിലെ സ്ത്രീ സമൂഹത്തിനാകെ ബാധ്യതയുണ്ട്.
ReplyDelete