Thursday, October 21, 2010

കെ എ മാനുവലിനെ തിരിച്ചെടുക്കണം: സിഎടി

കൊച്ചി: അക്കൌണ്ടന്റ് ജനറല്‍ ഓഫീസ് അധികൃതര്‍ സര്‍വീസില്‍നിന്നു പിരിച്ചുവിട്ട ഓഡിറ്റ് സെക്ഷന്‍ ഓഫീസര്‍ കെ എ മാനുവലിനെ തിരിച്ചെടുക്കാന്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവിട്ടു. പുറത്താക്കിയ ദിവസം മുതലുള്ള ആനുകൂല്യങ്ങള്‍ നല്‍കണം. എജീസ് ഓഫീസ് അധികൃതര്‍ സമര്‍പ്പിച്ച പരാതി അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയ ട്രിബ്യൂണല്‍ മാനുവലിനെ കുറ്റവിമുക്തനാക്കി. സിഎടി ഒന്നാം നമ്പര്‍ കോടതിയില്‍ ജുഡീഷ്യല്‍ അംഗം ജസ്റ്റിസ് കെ തങ്കപ്പനും അഡ്മിനിസ്ട്രേറ്റീവ് അംഗം കെ ജോര്‍ജ് ജോസഫുമടങ്ങിയ എറണാകുളം ബെഞ്ചാണ് വിധി പറഞ്ഞത്.

2009 മാര്‍ച്ച് അഞ്ചിനാണ് പ്രിന്‍സിപ്പല്‍ അക്കൌണ്ടന്റ് ജനറല്‍ (ഓഡിറ്റ്) എന്‍ നാഗലസ്വാമി കള്ളക്കേസിന്റെ പേരില്‍ കെ എ മാനുവലിനെ സര്‍വീസില്‍നിന്നു പുറത്താക്കിയത്. ഏജീസ് ഓഫീസ് എ ആന്‍ഡ് ഇ വിഭാഗം ഗ്രൂപ്പ് ഡി സെക്ഷന്‍ ജീവനക്കാരന്‍ വി കെ പ്രവീണിനെ കൈയേറ്റം ചെയ്തുവെന്നായിരുന്നു ആരോപണം. ഇതിനെതിരെ മാനുവല്‍ അപ്പലറ്റ് അതോറിറ്റിയെ സമീപിച്ചെങ്കിലും മാനുവലിന്റെ അപേക്ഷ തള്ളി. എന്നാല്‍, മാനുവല്‍ കൈയേറ്റം ചെയ്തുവെന്നു പറയുന്ന ക്ളാസ് ഫോര്‍ ജീവനക്കാരന്‍ ഒരിക്കല്‍പ്പോലും പരാതി എഴുതിനല്‍കുകയോ അന്വേഷണ കമീഷനു മുന്നില്‍ ഹാജരായി മൊഴി കൊടുക്കുകയോ ചെയ്തിട്ടില്ല. പരാതിയുടെ അസ്സല്‍ ഒരുഘട്ടത്തിലും കമീഷനു നല്‍കിയിട്ടില്ലെന്നും ട്രിബ്യൂണല്‍ കണ്ടെത്തി.

ഏജീസ് ഓഫീസില്‍ 'ഒരു റാങ്ക് ഒരു പെന്‍ഷന്‍' പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് പുറംകരാര്‍ നല്‍കാന്‍ അക്കൌണ്ടന്റ് ജനറല്‍ വി രവീന്ദ്രന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ മാനുവലിന്റെ നേതൃത്വത്തില്‍ ഓഡിറ്റ് ആന്‍ഡ് അക്കൌണ്ട്സ് അസോസിയേഷന്‍ പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിച്ചു. ഇതിന്റെ പ്രതികാരമായാണ് മാനുവലിനെതിരെ കള്ളക്കേസുണ്ടാക്കിയതും പുറത്താക്കിയതും. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു മാനുവല്‍.

കെട്ടിച്ചമച്ച പരാതിയെത്തുടര്‍ന്ന് മാനുവലിനെ പുറത്താക്കുകയും അദ്ദേഹത്തിനെതിരെ 13 കുറ്റങ്ങള്‍ ആരോപിച്ച് കേസ് നല്‍കുകയുമാണ് ഏജീസ് ഓഫീസ് അധികൃതര്‍ ചെയ്തത്. അപ്പലറ്റ് അതോറിറ്റിക്ക് നല്‍കിയ അപേക്ഷ 2009 സെപ്തംബര്‍ 24ന് തള്ളി. തുടര്‍ന്നാണ് 2010 മാര്‍ച്ച് 23ന് മാനുവല്‍ സിഎടിയെ സമീപിച്ചത്. മുന്‍ അഡ്വക്കറ്റ് ജനറല്‍ എം കെ ദാമോദരനാണ് മാനുവലിനുവേണ്ടി ഹാജരായത്. മാനുവലിനെതിരായ ആരോപണങ്ങള്‍ ഒന്നുപോലും തെളിയിക്കാന്‍ പരാതിക്കാര്‍ക്ക് കഴിഞ്ഞില്ല. പരാതി കെട്ടിച്ചമച്ചതാണെന്ന വാദം ട്രിബ്യൂണല്‍ അംഗീകരിച്ചു.

മാനുവലിനെ തിരിച്ചെടുക്കാനുള്ള ട്രിബ്യൂണല്‍ വിധിയില്‍ ആഹ്ളാദം

ഏജീസ് ഓഫീസില്‍നിന്ന് അന്യായമായി പിരിച്ചുവിട്ട മാനുവലിനെ തിരിച്ചെടുക്കണമെന്നുള്ള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ വിധിയില്‍ ആഹ്ളാദം പ്രകടിപ്പിച്ച് കേന്ദ്ര-സംസ്ഥാന ജീവനക്കാരും അധ്യാപകരും തലസ്ഥാനത്ത് പ്രകടനം നടത്തി. ഏജീസ് ഓഫീസിനുമുന്നില്‍ ചേര്‍ന്ന യോഗം സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനംചെയ്തു. എഫ്എസ്ഇടിഒ ജനറല്‍ സെക്രട്ടറി എ ശ്രീകുമാര്‍, കോണ്‍ഫെഡറേഷന്‍ അസിസ്റ്റന്റ് സെക്രട്ടറി പത്മകുമാര്‍, വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി വി ജയ്സിങ് സ്വാഗതവും കോണ്‍ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി അശോക്കുമാര്‍ നന്ദിയും പറഞ്ഞു. അസോസിയേഷന്‍ കണ്‍വീനര്‍ കെ എന്‍ വിജയകുമാര്‍ പറഞ്ഞു.

deshabhimani 211010

1 comment:

  1. ഏജീസ് ഓഫീസില്‍ 'ഒരു റാങ്ക് ഒരു പെന്‍ഷന്‍' പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് പുറംകരാര്‍ നല്‍കാന്‍ അക്കൌണ്ടന്റ് ജനറല്‍ വി രവീന്ദ്രന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ മാനുവലിന്റെ നേതൃത്വത്തില്‍ ഓഡിറ്റ് ആന്‍ഡ് അക്കൌണ്ട്സ് അസോസിയേഷന്‍ പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിച്ചു. ഇതിന്റെ പ്രതികാരമായാണ് മാനുവലിനെതിരെ കള്ളക്കേസുണ്ടാക്കിയതും പുറത്താക്കിയതും. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു മാനുവല്‍.

    ReplyDelete