Wednesday, October 20, 2010

ഒഎന്‍ജിസി, ഐഒസി, സെയില്‍ ഓഹരി വില്‍പ്പന ഈ സാമ്പത്തികവര്‍ഷം

കോള്‍ ഇന്ത്യക്കു പിന്നാലെ ഒഎന്‍ജിസി, സെയില്‍, ഐഒസി ഓഹരികളും ഈ സാമ്പത്തികവര്‍ഷംതന്നെ വില്‍ക്കുമെന്ന് ഉറപ്പായി. 2011 ജനുവരിക്കും മാര്‍ച്ചിനും ഇടയില്‍ ഈ മൂന്ന് നവരത്ന കമ്പനികളുടെയും ഓഹരികളുടെ ഇനീഷ്യല്‍ പബ്ളിക് ഓഫര്‍(ഐപിഒ) നടത്തുമെന്ന് ഓഹരി വിറ്റഴിക്കല്‍ മന്ത്രാലയം സെക്രട്ടറി സുമിത് ബോസ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവില്‍പ്പനയിലൂടെ ഈ സാമ്പത്തികവര്‍ഷം നാല്‍പ്പതിനായിരം കോടി രൂപ സമാഹരിക്കലാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനിടെ, തിങ്കളാഴ്ച ഐപിഒ ആരംഭിച്ച കോള്‍ ഇന്ത്യയുടെ ഓഹരികള്‍ ചൂടപ്പം പോലെയാണ് വില്‍ക്കുന്നത്. രണ്ടാം ദിവസംതന്നെ 99.11 കോടി ഓഹരികള്‍ക്കുള്ള അപേക്ഷ ലഭിച്ചു. വില്‍പ്പനയ്ക്ക് വച്ചതിന്റെ ഒന്നര ഇരട്ടിയാണിത്. 63.1 കോടി ഓഹരിയാണ് വിപണിയില്‍ ഇറക്കിയത്.

ഇടതുപക്ഷ പാര്‍ടികളുടെയും തൊഴിലാളി സംഘടനകളുടെയും ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് പൊതുമേഖല ഓഹരിവിറ്റഴിക്കല്‍ വ്യാപകമാക്കുന്നത്. പ്രതിഷേധങ്ങളെത്തുടര്‍ന്ന് വില്‍പ്പന താമസിപ്പിച്ചെങ്കിലും വന്‍ലാഭം കൊയ്യുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുകയെന്ന ഗൂഢനീക്കവുമായി മുന്നോട്ടുപോകാനുള്ള ഉറച്ച തീരുമാനത്തിലാണ് മന്‍മോഹന്‍ സര്‍ക്കാര്‍. അതിനാലാണ് കോടിക്കണക്കിനു രൂപ ലാഭമുണ്ടാക്കുന്ന ബ്ളൂ ചിപ് നവരത്ന കമ്പനികളുടെ ഐപിഒ തിരക്കിട്ട് നടത്തുന്നത്. കുത്തക കമ്പനികള്‍ക്ക് ലാഭം കൊയ്യാനാണ് വില്‍പ്പന.

മൂന്ന് സ്ഥാപനങ്ങളുടെ ഐപിഒ ഒന്നിച്ച് നടത്തുന്നതുമൂലം വിപണിയില്‍ തിരക്കുണ്ടാകുന്നത് ഒഴിവാക്കാന്‍ ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി ഓരോ സ്ഥാപനത്തിന്റെ ഐപിഒ നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ബോസ് പറഞ്ഞു. സ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ(സെയില്‍)യുടെ ഐപിഒയിലൂടെ 8000 കോടി രൂപ സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. കമ്പനിയുടെ 20 ശതമാനം ഓഹരി വില്‍ക്കും. ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പറേഷന്റെ(ഒഎന്‍ജിസി) അഞ്ച് ശതമാനവും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ(ഐഒസി) 10 ശതമാനവും ഓഹരികള്‍ വില്‍ക്കുന്നതിലൂടെ 21000 കോടി രൂപയാണ് ലക്ഷ്യമിടുന്നത്. കോള്‍ ഇന്ത്യയുടെ ഐപിഒ വഴി ലഭിക്കുന്ന 15000 കോടിയുംകൂടി ചേരുമ്പോള്‍ നാല്‍പ്പതിനായിരം കോടി എന്ന ലക്ഷ്യം ഈ സാമ്പത്തികവര്‍ഷംതന്നെ കൈവരിക്കാനാകുമെന്ന് ബോസ് പറഞ്ഞു. ഐപിഒയ്ക്കു ശേഷം ഒഎന്‍ജിസി, ഐഒസി, സെയില്‍ എന്നിവയുടെ ഓഹരികള്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ എപ്പോള്‍ ലഭ്യമാക്കണമെന്ന് തീരുമാനിച്ചിട്ടില്ല.

ദേശാഭിമാനി 201010

1 comment:

  1. ഇടതുപക്ഷ പാര്‍ടികളുടെയും തൊഴിലാളി സംഘടനകളുടെയും ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് പൊതുമേഖല ഓഹരിവിറ്റഴിക്കല്‍ വ്യാപകമാക്കുന്നത്. പ്രതിഷേധങ്ങളെത്തുടര്‍ന്ന് വില്‍പ്പന താമസിപ്പിച്ചെങ്കിലും വന്‍ലാഭം കൊയ്യുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുകയെന്ന ഗൂഢനീക്കവുമായി മുന്നോട്ടുപോകാനുള്ള ഉറച്ച തീരുമാനത്തിലാണ് മന്‍മോഹന്‍ സര്‍ക്കാര്‍. അതിനാലാണ് കോടിക്കണക്കിനു രൂപ ലാഭമുണ്ടാക്കുന്ന ബ്ളൂ ചിപ് നവരത്ന കമ്പനികളുടെ ഐപിഒ തിരക്കിട്ട് നടത്തുന്നത്. കുത്തക കമ്പനികള്‍ക്ക് ലാഭം കൊയ്യാനാണ് വില്‍പ്പന.

    ReplyDelete