Thursday, October 14, 2010

ലോകം സമ്മതിച്ചു ചിലിയെ

സാന്‍ഡിയാഗോ: ചിലിയുടെ ആഹ്ളാദം ലോകത്തിന്റേത് മുഴുവന്‍.ഒരു രാജ്യത്തിന്റെ ദൃഢനിശ്ചയവും ശാസ്ത്ര-സാങ്കേതികവിദ്യയും ഒത്തുചേര്‍ന്നപ്പോള്‍ മരണഗര്‍ത്തത്തില്‍നിന്ന് അവര്‍ തിരിച്ചുകയറി. രണ്ടായിരത്തില്‍പരം അടി താഴ്ചയില്‍ കുടുങ്ങിയ 33 ഖനിത്തൊഴിലാളികള്‍ അസാധ്യമെന്ന് കരുതിയ രക്ഷാപ്രവര്‍ത്തനം വഴി 69 ദിവസത്തിന് ശേഷം പുറംലോകത്തേക്ക്. ബുധനാഴ്ച രാവിലെ ഇന്ത്യന്‍ സമയം ഒന്‍പതിനാണ്(പ്രാദേശികസമയം പുലര്‍ച്ചെ 12.11) ആദ്യതൊഴിലാളി പുറത്തെത്തിയത്. തുടര്‍ന്ന് ഓരോ മണിക്കൂര്‍ ഇടവേളയില്‍ ഓരോരുത്തരായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. പത്തുമണിയോടെ 15 പേരെ പുറത്തെത്തിച്ചു.

ചിലിയുടെ ഉത്തരഭാഗത്തുള്ള സാന്‍ജോസ് സ്വര്‍ണ-ചെമ്പ് ഖനിയില്‍ ആഗസ്ത് അഞ്ചിനാണ് മണ്ണിടിഞ്ഞ് 33 തൊഴിലാളികള്‍ കുടുങ്ങിയത്. 17 ദിവസത്തിനുശേഷമാണ് ഇവര്‍ ജീവനോടെയുണ്ടെന്ന് ലോകം മനസ്സിലാക്കിയത്. തുടര്‍ന്ന് ഖനികളുടെ ചരിത്രത്തിലെതന്നെ ഏറ്റവും ദുഷ്കരവും സാഹസികവുമായ രക്ഷാപ്രവര്‍ത്തനത്തിനാണ് ചിലി സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. അമേരിക്കന്‍ ഏജന്‍സിയായ നാസയുടെ സാങ്കേതിക സഹായം നിര്‍ണായകമായി. പാറ തുരന്ന് രക്ഷാപേടകം ഇറക്കാന്‍ നടപടി സ്വീകരിച്ചതിനോടൊപ്പം തൊഴിലാളികളുടെ മനോവീര്യം നിലനിര്‍ത്താനും കഴിയുന്നത്ര ശ്രമിച്ചു. കുടുംബാംഗങ്ങളുമായി സംസാരിക്കാന്‍ അവസരമൊരുക്കി. എന്നാല്‍, പുറത്ത് എത്തിക്കാന്‍ ആഴ്ചകള്‍ വേണ്ടിവരുമെന്നു മാത്രം വെളിപ്പെടുത്തിയില്ല. മോചനം അകലെയാണെന്ന യാഥാര്‍ഥ്യം ഇവരുടെ മനോവീര്യം കെടുത്തുമെന്ന് കരുതിയാണ് ഇക്കാര്യത്തില്‍ കരുതല്‍ പാലിച്ചത്. നാസ സഹായത്തോടെ ഗുളിക രൂപത്തിലുള്ള ഭക്ഷണമാണ് തൊഴിലാളികള്‍ക്ക് നല്‍കിവന്നത്.

തൊഴിലാളികളെ പുറത്തേക്ക് എത്തിക്കാന്‍ 'ഫീനിക്സ്' എന്ന പേരിലുള്ള ഉരുക്കുപേടകം ചിലി എന്‍ജിനിയര്‍മാര്‍ സജ്ജമാക്കി. നാലര മീറ്റര്‍ നീളവും 66 സെന്റീമീറ്റര്‍ വ്യാസവുമുള്ള പേടകത്തില്‍ ഒരാള്‍ക്ക് കയറിനില്‍ക്കാന്‍ പാകത്തില്‍ 55 സെന്റീമീറ്റര്‍ വ്യാസമുള്ള കൂട് ഒരുക്കിയിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ കൂടാതെ മുകളിലേക്കുള്ള സഞ്ചാരത്തിന് ഓക്സിജന്‍ സിലിണ്ടര്‍, കാലുകളില്‍ കെട്ടാന്‍ ഇലാസ്റിക് ബാന്‍ഡേജ്, വിവരവിനിമയത്തിന് മൈക്രോഫോ എന്നിവയും നല്‍കി. പേടകം ഒരു പ്രാവശ്യം മുകളിലേക്ക് വരാന്‍ 12-15 മിനിറ്റാണ് എടുക്കുന്നത്. പേടകത്തിന്റെ സഞ്ചാരം അപകടവിമുക്തമാക്കാന്‍ സാങ്കേതിക വിദഗ്ധനായ മാനുവല്‍ ഗൊണ്‍സാലസ് പരീക്ഷണാര്‍ഥം ഇതില്‍ സഞ്ചരിച്ചു. തുടര്‍ന്നാണ് തൊഴിലാളികളില്‍നിന്ന് ആദ്യമായി ഫ്ളോറന്‍ഷ്യോ അവാലസിനെ പുറത്തെത്തിച്ചത്. ചിലി പ്രസിഡന്റ് സെബാസ്റ്യന്‍ പിനേരയുടെ നേതൃത്വത്തിലാണ് അവാലസിനെ വരവേറ്റത്. രക്ഷാപ്രവര്‍ത്തനം വിജയകരമായി നീങ്ങിയതോടെ ഖനിയുടെ പുറത്ത് ഉത്സവമായി.

നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ ദുരന്തം വഴിമാറി


സാന്‍ജോസ് ഖനി (ചിലി): രണ്ടായിരത്തില്‍പ്പരം അടി താഴെ കുടുങ്ങിയ തൊഴിലാളികള്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയത് ലോകം കണ്ട ഏറ്റവും സങ്കീര്‍ണമായ രക്ഷാപ്രവര്‍ത്തനംവഴി. ഒരു രാജ്യത്തിന്റെ നിശ്ചയദാര്‍ഢ്യത്തിനും ശാസ്ത്ര-സാങ്കേതികവിദ്യയുടെ കരുത്തിനും മുന്നില്‍, വന്‍ ദുരന്തമായി മാറിയേക്കാമായിരുന്ന അപകടം വഴിമാറി.

ചിലിയിലെ കോപ്പിയാപ്പോ നഗരത്തിനു സമീപത്തെ സാന്‍ജോസ് സ്വര്‍ണ-ചെമ്പ് ഖനിയില്‍ ആഗസ്ത് അഞ്ചിനായിരുന്നു അപകടം. ഖനിയില്‍ പണിയെടുത്തുകൊണ്ടിരുന്ന 33 തൊഴിലാളികള്‍ മണ്ണിടിഞ്ഞ് 2041 അടി താഴെ കുടുങ്ങി. ഓടിക്കൂടിയ തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും വിലപിക്കാനേ കഴിഞ്ഞുള്ളൂ. എന്നാല്‍, രാജ്യമാകെ ഉണര്‍ന്നുപ്രവര്‍ത്തിച്ചു. മണ്ണിടിച്ചിലിനുശേഷവും 33 പേരും ജീവനോടെയുണ്ടെന്ന് 17 ദിവസത്തിനുശേഷം മനസ്സിലാക്കി.

ഇവരെ പുറത്തേക്കുകൊണ്ടുവരാന്‍ വിപുലമായ സന്നാഹമൊരുക്കി. പുറത്ത്, ആകാംക്ഷയുടെ നിമിഷങ്ങളെണ്ണി കാത്തിരിക്കുന്നവരുടെ ക്യാമ്പിന് 'പ്രതീക്ഷ'യെന്നാണ് പേരിട്ടത്. ഖനിയിലെ സുരക്ഷാ അറയിലാണ് തൊഴിലാളികള്‍ കയറിനിന്നത്. ഭൂമി തുരന്നിറക്കിയ സ്റീല്‍ ട്യൂബുവഴി ഇവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കി. നാസ തയ്യാറാക്കിയ പ്രത്യേക ഗുളികകളാണ് തൊഴിലാളികള്‍ക്ക് നല്‍കിയത്. കുഴലിലൂടെ ക്യാമറ ഇറക്കി തൊഴിലാളികളെ നിരീക്ഷിച്ചു. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ വേണ്ട നിര്‍ദേശങ്ങളും നല്‍കി. തൊഴിലാളികള്‍ക്ക് അവരുടെ ബന്ധുക്കളുമായി സംസാരിക്കാനും അവസരം നല്‍കി. ഡോക്ടര്‍മാര്‍ തൊഴിലാളികളുമായി സംസാരിച്ച് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി.

പാറ തുരന്ന് രക്ഷാതുരങ്കം നിര്‍മിക്കാനുള്ള ജോലിയും ഇതോടൊപ്പം യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിച്ചു. 66 സെന്റീമീറ്റര്‍ വ്യാസമുള്ള ഉരുക്ക് പേടകം താഴേക്ക് ഇറക്കി ഓരോരുത്തരെയായി പുറത്തേക്കെത്തിക്കാനാണ് പദ്ധതിയിട്ടത്. ഓക്സിജന്‍ സിലിണ്ടറും മറ്റ് സുരക്ഷാ സംവിധാനങ്ങളുമുള്ള ഈ ഉരുക്കുകൂടിന് ഫീനിക്സ് എന്നാണ് പേരിട്ടത്. ഇതിനകത്തെ രക്ഷാപേടകത്തിന് 54 സെന്റീമീറ്റര്‍മാത്രമാണ് വ്യാസമുള്ളത്. ഈ ഇടുങ്ങിയ ഉരുക്കുപേടകത്തില്‍ കഷ്ടിച്ച് ഒരാള്‍ക്കുമാത്രമാണ് നില്‍ക്കാനാവുക. അതുകൊണ്ട് ഭക്ഷണം ക്രമീകരിച്ചും വ്യായാമംചെയ്തും തടി കുറയ്ക്കാനും തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കി. രക്ഷാതുരങ്കം നിര്‍മിക്കാന്‍ 10,000 ട പാറയാണ് പൊട്ടിച്ചുമാറ്റിയത്. ആഴ്ചകള്‍തന്നെ വേണ്ടിവന്ന രക്ഷാപ്രവര്‍ത്തനത്തിനിടെ തൊഴിലാളികള്‍ പരിഭ്രാന്തരാകുന്നത് ഒഴിവാക്കാന്‍ ഇവര്‍ക്ക് തുടര്‍ച്ചയായി കൌണ്‍സലിങ് നല്‍കിയിരുന്നു. വിനോദങ്ങളില്‍ മുഴുകാനും നിര്‍ദേശിച്ചു. സൂര്യപ്രകാശം ഏല്‍ക്കാത്തതുമൂലം ചര്‍മത്തിനുണ്ടായ പ്രശ്നങ്ങള്‍ ഒഴിച്ചാല്‍ മറ്റു കുഴപ്പമൊന്നും ഇവരെ ബാധിച്ചിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

ആദ്യം പുറത്തുവന്നത് അവാലസ്

സാന്‍ജോസ് ഖനി (ചിലി): അവര്‍ 33 പേരില്‍ 69 ദിവസത്തിനുശേഷം ആദ്യമായി പുറംലോകം കണ്ടത് ഫ്ളോറന്‍ഷ്യോ അവാലസ് ആയിരുന്നു. ചിലി പ്രസിഡന്റ് സെബാസ്റ്യന്‍ പിനേരയുടെ നേതൃത്വത്തില്‍ അവാലസിന് വീരോചിതമായ വരവേല്‍പ്പ് ലഭിച്ചു. അവാലസ് പുറത്തുവന്നതോടെ നൂറുകണക്കിനു കണ്ഠങ്ങളില്‍നിന്ന് ഒരേസമയം "ചി..ചി...ചി...ലി...ലി..ലി...'' എന്ന ആരവം ഉയര്‍ന്നു.

പിതാവിനെ കണ്ടപ്പോള്‍ അവാലസിന്റെ ഏഴ് വയസ്സുള്ള മകന്‍ ബെയറിന് വിതുമ്പലടക്കാനായില്ല. രാജ്യത്തിന്റെ പ്രഥമവനിത സീലിയ മൊറേലും പൊട്ടിക്കരഞ്ഞു. ഒരു രാജ്യത്തെതന്നെ മുള്‍മുനയില്‍ നിര്‍ത്തിയ ഖനി അപകടത്തിന്റെ രക്ഷാപ്രവര്‍ത്തനം വിജയകരമായത് അതിരറ്റ ആഹ്ളാദത്തിന്റെ മുഹൂര്‍ത്തങ്ങളാണ് സൃഷ്ടിച്ചത്. ചിലിയിലെ സാന്‍ജോസ് ഖനിയില്‍ ആഗസ്ത് അഞ്ചുമുതല്‍ കുടുങ്ങിയ തൊഴിലാളികളെ ബുധനാഴ്ച പുലര്‍ച്ചെമുതല്‍ പുറത്തെടുക്കാന്‍ തുടങ്ങിയപ്പോള്‍ ലോകം ആശ്വാസ നെടുവീര്‍പ്പ് വിട്ടു.

സാങ്കേതിക വിദഗ്ധന്‍ മാനുവല്‍ ഗൊസാലസിന്റെ നേതൃത്വത്തിലുള്ള സംഘം അര്‍ധരാത്രി 11.15നാണ് അവസാനവട്ട രക്ഷാപ്രവര്‍ത്തനത്തിന് തുടക്കംകുറിച്ചത്. 66 സെന്റീമീറ്റര്‍ വ്യാസമുള്ള മിസൈല്‍പോലുള്ള ഉപകരണം 622 മീറ്റര്‍ താഴ്ചയില്‍ അയച്ചാണ് തൊഴിലാളികളെ പുറത്തെടുത്തത്. ഇതിന്റെ സഞ്ചാരത്തിനിടെ പാറകള്‍ ഇളകിവീഴാനും കൂടുതല്‍ വഷളായ സ്ഥിതി ഉണ്ടാകാനും സാധ്യതയുണ്ടായിരുന്നു. ഇങ്ങനെ സംഭവിച്ചാല്‍ പുറത്തേക്ക് എടുക്കുന്ന തൊഴിലാളികള്‍ പരിഭ്രാന്തരാകുമെന്നതിനാല്‍ ഇവരെ മയക്കിയശേഷം പുറത്തേക്ക് കൊണ്ടുവരാന്‍ ആലോചിച്ചിരുന്നു. എന്നാല്‍, പിന്നീട് ഈ ആലോചന ഉപേക്ഷിച്ചു.

പൂര്‍ണബോധത്തോടെതന്നെയാണ് മുപ്പത്തൊന്നുകാരനായ അവാലസ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. തുടര്‍ന്ന് മരിയോ സെപുല്‍ദേവ, ജുവാന്‍ ഇല്ലാനസ്, കാര്‍ലോസ് മമാനി, ജിമ്മി സാഞ്ചസ്, ഉസ്മാന്‍ അരായ, ജോസ് ഒജേദ... എന്ന ക്രമത്തില്‍ ഓരോരുത്തരെയായി ഖനിയില്‍നിന്ന് പുറത്തേക്ക് കയറ്റി. ഒരു മണിക്കൂറിന്റെവീതം വ്യത്യാസത്തിലാണ് ഓരോരുത്തര്‍ പുറത്തേക്ക് വന്നത്. ദീര്‍ഘമായ ഇടവേളയ്ക്കുശേഷം സാധാരണപ്രകാശം കണ്ണില്‍ തട്ടുമ്പോഴുള്ള കുഴപ്പം ഒഴിവാക്കാന്‍ ഇവര്‍ക്ക് സണ്‍ഗ്ളാസുകള്‍ നല്‍കിയിരുന്നു. അവാലസ് ആരോഗ്യവാനായി ത്തന്നെ പുറത്തുവന്നപ്പോള്‍ 'അത്ഭുതകരം' എന്നാണ് ചിലി പ്രസിഡന്റ് പിനേര പ്രതികരിച്ചത്.

deshabhimani 141010

3 comments:

  1. മനുഷ്യന്റെ കൈകള്‍, മനുഷ്യന്റെ കൈകള്‍, കരിമ്പാറ പൊട്ടിച്ചുടയ്ക്കുന്ന കൈകള്‍

    ReplyDelete
  2. yep.. if it was in china or cuba, they would have dead or people wont even search for them :)

    ReplyDelete