Wednesday, October 27, 2010

എന്‍ഡോസള്‍ഫാന്‍ കെ വി തോമസിന്റെ പ്രസ്താവന വസ്തുതകള്‍ മറച്ചുവച്ച്

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍മൂലം കാസര്‍കോട് ജില്ലയില്‍ ആളുകള്‍ രോഗബാധിതരായതിന് തെളിവില്ലെന്ന കേന്ദ്ര കൃഷി സഹമന്ത്രി കെ വി തോമസിന്റെ പ്രസ്താവന വസ്തുതകള്‍ മറച്ചുവച്ച്. കീടനാശിനി നിരോധിക്കണമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒക്യുപേഷണല്‍ ഹെല്‍ത്ത്(എന്‍ഐഒഎച്ച്) റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാറിന്റെ കൈവശമുള്ളപ്പോഴാണ് രോഗത്തിന് കാരണം എന്‍ഡോസള്‍ഫാനാണെന്ന് പഠനങ്ങളൊന്നും തെളിയിച്ചിട്ടില്ലെന്ന് മന്ത്രി പ്രചരിപ്പിക്കുന്നത്. കാസര്‍കോട് ജില്ലയില്‍ ചെറിയൊരു ഭാഗത്ത് കാണുന്ന രോഗങ്ങള്‍ എന്‍ഡോസള്‍ഫാന്‍ മൂലമാണെന്നതിന് തെളിവില്ലെന്നും ഇതുസംബന്ധിച്ച് വിദഗ്ധസമിതികള്‍ നടത്തിയ പഠനത്തിലൊന്നും അങ്ങനെ പറഞ്ഞിട്ടില്ലെന്നുമാണ് മന്ത്രി അവകാശപ്പെടുന്നത്.

എന്നാല്‍, കെ വി തോമസിന്റെ വാദം വസ്തുതകളുമായി പൊരുത്തപ്പെടുന്നതല്ല. ഒന്നാമത് ഇത് കാസര്‍കോട് മാത്രമുള്ള ദുരന്തമല്ല. കര്‍ണാടകത്തിലെ വിവിധ ഭാഗങ്ങളിലും രോഗം പടര്‍ന്നു പിടിച്ചിട്ടുണ്ട്. പഠന റിപ്പോര്‍ട്ടുകളൊന്നും എന്‍ഡോസള്‍ഫാന് എതിരായിരുന്നില്ലെന്ന വാദത്തിനും അടിസ്ഥാനമില്ലെന്ന് എന്‍ഐഒഎച്ച് 2001 ല്‍ നടത്തിയ പഠന റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ വ്യക്തമാകും.

ഡോ. ഹബീബുള്ള സെയ്ദിന്റെ നേതൃത്വത്തില്‍ എന്‍ഐഒഎച്ച് നടത്തിയ എപ്പിഡെമോളജി സര്‍വേ റിപ്പോര്‍ട്ടിലാണ് കാസര്‍കോട് ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ കാണുന്ന രോഗങ്ങള്‍ക്ക് കാരണം ഇവിടെ 22 വര്‍ഷത്തോളം തുടര്‍ച്ചയായി തളിച്ച എന്‍ഡോസള്‍ഫാനാണെന്ന് പറയുന്നത്. രോഗബാധിത പ്രദേശങ്ങളിലെത്തി സംഘം നടത്തിയ പഠനത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. രോഗബാധിത പ്രദേശമായ വാണിനഗറിലെ 150 കുട്ടികളെയും ഇവിടെ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള മീഞ്ച പ്രദേശത്തെ 150 കുട്ടികളെയും പ്രത്യേക പഠനത്തിന് വിധേയമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വാണിനഗറിലെ കുട്ടികളില്‍ നാലിരട്ടി അധികമാണ് രോഗലക്ഷണം. എന്‍ഡോസള്‍ഫാനല്ലാതെ മറ്റൊരു കാരണവും ഇവിടെയില്ല. ഹോര്‍മോ ഘടന വിശകലനം ചെയ്യുന്ന സൈറ്റോജനറ്റിക് പഠനത്തില്‍ തൈറോയ്ഡ് ഹോര്‍മോണും ലൈംഗിക ഹോര്‍മോണും പരിശോധിച്ചതിലൂടെ എന്‍ഡോസള്‍ഫാന്‍ ഘടകങ്ങള്‍ നൂറ് ഇരട്ടിയോളം അധികമാണ് ദുരന്തബാധിത പ്രദേശങ്ങളിലെ ആളുകളിലെന്ന് കണ്ടെത്തി. ഈ കീടനാശിനി രാജ്യവ്യാപകമായി നിരോധിക്കണമെന്ന് ഏഴുവര്‍ഷം മുമ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു. ഡോ. ഹബീബുള്ളയ്ക്കു പുറമെ ഡോ. പ്രജേന്ദ്രസിങ്, ഡോ. വൈ കെ ഗുപ്ത, ഡോ. എ ദിവാന്‍ എന്നിവരായിരുന്നു പഠനസംഘത്തില്‍.

2001ല്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നെങ്കിലും രണ്ടുവര്‍ഷത്തോളം പൂഴ്ത്തിവച്ച് 2003 ലാണ് അധികൃതര്‍ പുറത്തുവിട്ടത്. പിന്നീട് കൃഷിശാസ്ത്രജ്ഞനായ ഒ പി ദുബെയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ കേന്ദ്രം അടിസ്ഥാനമാക്കുന്നത്. ഈ റിപ്പോര്‍ട്ടില്‍ കാസര്‍കോട് കാണുന്ന രോഗങ്ങള്‍ എന്‍ഡോസള്‍ഫാന്‍ മൂലമാണെന്നതിന് തെളിവില്ലെന്നാണ് പറയുന്നത്. എന്നാല്‍ ദുബെ കമ്മിറ്റിയില്‍ അംഗങ്ങളായിരുന്ന എന്‍ഐഒഎച്ച് സമിതിയിലെ നാല് അംഗങ്ങളും വിയോജനകുറിപ്പ് എഴുതിക്കൊടുത്തതാണ്. ഈ വിയോജനം മറച്ചുവച്ചാണ് ദുബെ കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് കമ്മിറ്റി അംഗങ്ങള്‍തന്നെ വെളിപ്പെടുത്തുകയുണ്ടായി. സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ഡോ. അച്യുതന്‍ കമ്മിറ്റിയുടെ നിഗമനവും എന്‍ഡോസള്‍ഫാനാണ് രോഗ കാരണമെന്നാണ്. വിവിധ സന്നദ്ധസംഘടനകള്‍ നടത്തിയ പഠനങ്ങളും എന്‍ഡോസള്‍ഫാനാണ് ദുരന്തം വിതച്ചതെന്ന് ആധികാരികമായി ചൂണ്ടിക്കാട്ടുന്നു.
(എം ഒ വര്‍ഗീസ്)

എന്‍ഡോസള്‍ഫാന്‍: കെ വി തോമസ് നിലപാട് മാറ്റണമെന്ന് മുഖ്യമന്ത്രി

കാസര്‍കോട്ട് 200ഓളം പേരുടെ മരണത്തിനിടയാക്കിയ എന്‍ഡോസള്‍ഫാനെ ന്യായീകരിച്ച കേന്ദ്രഭക്ഷ്യ സഹമന്ത്രി കെ വി തോമസിന്റെ നടപടി അങ്ങേയറ്റം ദൌര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ ജനവിരുദ്ധ നയം തിരുത്തിക്കാനും എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനും എംപിമാര്‍ സമ്മര്‍ദം ചെലുത്തണമെന്നും എന്‍ഡോസള്‍ഫാന്റെ കെടുതിക്കിരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നടപടി എടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന എംപിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്ര ലോട്ടറി നിയമത്തില്‍ മാറ്റം വരുത്താനും പെട്രോള്‍ വിലനിയന്ത്രണം എടുത്തുകളഞ്ഞത് തിരുത്തിക്കാനും എംപിമാര്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

എന്‍ഡോസള്‍ഫാന്‍ അംബാസഡറായി കേന്ദ്രമന്ത്രി മാറി: ഡിവൈഎഫ്ഐ


മനുഷ്യ-പരിസ്ഥിതിനാശം സൃഷ്ടിക്കുന്ന എന്‍ഡോസള്‍ഫാന്റെ ബ്രാന്‍ഡ് അംബാസഡറായി കേന്ദ്രമന്ത്രി കെ വി തോമസ് അധഃപതിച്ചിരിക്കുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് പറഞ്ഞു.

കഴിഞ്ഞ യുഡിഎഫ് ഭരണകാലത്താണ് എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചതിന്റെ ദുരിതം കേരളം കണ്ടത്. ഔദ്യോഗിക കണക്കുപ്രകാരം 175 പേര്‍ക്ക് ജീവന്‍ നഷ്ടമായി. നൂറുകണക്കിനുപേര്‍ കടുത്ത ദുരിതം അനുഭവിക്കുകയാണ്. എന്നാല്‍, ഈ മാരക കീടനാശിനി ഉപയോഗിക്കുന്നത് തടയാനോ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സഹായം എത്തിക്കാനോ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായില്ല. എന്‍ഡോസള്‍ഫാന്‍ മനുഷ്യനാശവും പരിസ്ഥിതിനാശവും സൃഷ്ടിക്കുമെന്ന് തെളിവുകള്‍ വ്യക്തമാക്കിയിട്ടും മാരക രാസവസ്തുക്കളടങ്ങിയ ഈ കീടനാശിനിക്കുവേണ്ടി കേന്ദ്രമന്ത്രിയുടെ വാദം ബഹുരാഷ്ട്രകുത്തകകളുമായുള്ള ബന്ധമാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്.
എന്‍ഡോസള്‍ഫാന്‍ വീണ്ടും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ കേരളജനത ഏതുവിധേനയും അത് ചെറുക്കും. പ്രസ്താവന പിന്‍വലിച്ച് പരസ്യമായി മാപ്പുപറയാന്‍ കേന്ദ്രമന്ത്രി തയ്യാറാകണം. എന്‍ഡോസള്‍ഫാന്‍ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ വ്യാപകപ്രതിഷേധം ഉയര്‍ത്താനും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ആഹ്വാനംചെയ്തു.

എന്‍ഡോസള്‍ഫാന്‍: കേന്ദ്രമന്ത്രിമാരുടെ നിലപാട് ജനവഞ്ചന

എന്‍ഡോസള്‍ഫാന്‍ കാരണം മരിച്ചവരെക്കുറിച്ച് ഓര്‍ക്കുക പോലും ചെയ്യാതെയാണ് കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ ഇതിനായി വാദിച്ചതെന്ന് കോണ്‍ഗ്രസ് എസ് ജില്ലാക്കമ്മിറ്റി കുറ്റപ്പെടുത്തി. ലീഗ് നേതാവ് ഇ അഹമ്മദ്, വയലാര്‍ രവി, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ വി തോമസ് എന്നീ കേന്ദ്രമന്ത്രിമാര്‍ കേരളത്തില്‍ നിന്നുണ്ടെങ്കിലും ദുരിതബാധിതരായി കഴിയുന്ന പാവപ്പെട്ട കുടുംബങ്ങളുടെ ദുഃഖം കാണാന്‍ ഇവര്‍ തയ്യാറായില്ല. ദുരിതബാധിതര്‍ക്ക് ഒറ്റരൂപ പോലും നല്‍കാന്‍ തയ്യാറാകാത്ത പ്രതിപക്ഷനേതാവ് എന്‍ഡോസള്‍ഫാന് വേണ്ടി വാദിച്ച കേന്ദ്രമന്ത്രിമാരുടെ നിലപാടിനെതിരെ പ്രതികരിക്കാത്തത് യുഡിഎഫിന്റെ കള്ളക്കളിയാണ് വെളിവാക്കുന്നത്. ഇക്കാര്യത്തില്‍ സി ടി അഹമ്മദലി എംഎല്‍എയുടെ നിലപാടും വ്യത്യസ്തമല്ല. ദുരന്തബാധിതരെ സഹായിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പ്രചരണം നടത്തുന്ന ഇവര്‍ ജനവഞ്ചനയാണ് നടത്തുന്നത്. യോഗത്തില്‍ കൊടക്കാട് കുഞ്ഞിരാമന്‍ അധ്യക്ഷനായി. കമലമ്മ, എം അനന്തന്‍നമ്പ്യാര്‍, ബാങ്കോട് അബ്ദുള്‍റഹിമാന്‍, ഹമീദ് മൊഗ്രാല്‍, പ്രമോദ് കരുവളം എന്നിവര്‍ സംസാരിച്ചു. ഇ ജനാര്‍ദനന്‍ സ്വാഗതം പറഞ്ഞു.

ഇതിനു മുന്‍പത്തെ വാര്‍ത്ത

എന്‍ഡോസള്‍ഫാന്‍: കേന്ദ്ര സര്‍ക്കാരിനെതിരെ അമ്മമാരുടെ സങ്കട ഹര്‍ജി
കാസര്‍കോട്: മാരകവിഷമായ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിനെതിരെ ജനീവയില്‍ ചേര്‍ന്ന ലോക കീടനാശിനി റിവ്യൂ കമ്മിറ്റിയുടെ യോഗത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധമറിയിക്കാന്‍ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ അമ്മമാര്‍ കേന്ദ്ര കൃഷി സഹമന്ത്രിക്ക് സങ്കടഹര്‍ജി നല്‍കും. തിങ്കളാഴ്ച കാസര്‍കോടെത്തുന്ന മന്ത്രി കെ വി തോമസിന് ഇവര്‍ സങ്കട ഹര്‍ജി സമര്‍പ്പിക്കും. ഇതിന്റെ മുന്നോടിയായി എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച കാസര്‍കോട് പ്രസ്ക്ളബ് പരിസരത്ത് ചേര്‍ന്ന രോഗബാധിതരുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും കൂട്ടായ്മയില്‍ കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടിനെതിരെ ശക്തമായ പ്രതിഷേധമിരമ്പി. എന്‍ഡോസള്‍ഫാന്‍ മൂലം നിത്യരോഗികളായ ഗോപാലന്‍- സുശീല ദമ്പതികളുടെ മകന്‍ ചന്ദ്രന്‍, സുന്ദരന്‍- ജയന്തി ദമ്പതികളുടെ മകള്‍ സുജാത എന്നിവര്‍ മാതാപിതാക്കള്‍ക്കൊപ്പം കൂട്ടായ്മക്കെത്തി. ഇവരുടെയും സജിത്ത്, മണികണ്ഠന്‍, സിറാജ് എന്നീ നിത്യരോഗികളുടെയും അമ്മമാര്‍ മന്ത്രിക്ക് സമര്‍പ്പിക്കുന്ന സങ്കട ഹരജി കൂട്ടായ്മയില്‍ വായിച്ചു.

തങ്ങളുടെ 5000 ഹെക്ടര്‍ ഭൂമിയില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനി കഴിഞ്ഞ 22 വര്‍ഷമായി തളിച്ചത് വ്യവസ്ഥകളൊന്നും പാലിക്കാതെയാണെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. മണ്ണും പുഴകളും കിണറുകളും കുളങ്ങളും വിഷം കലര്‍ന്ന് നാട്ടുകാര്‍ക്ക് നിത്യരോഗങ്ങളാണ് സമ്മാനിച്ചത്. തങ്ങള്‍ ഗര്‍ഭംധരിച്ച കുട്ടികള്‍ ജനിതക വൈകല്യങ്ങളോടെയാണ് ജനിക്കുന്നതെന്ന് അമ്മമാര്‍ സാക്ഷ്യം പറയുന്നു. നാഡി സംബന്ധമായ തകരാറുകളാലും ബുദ്ധിവൈകല്യത്താലും പ്രത്യുല്‍പാദന ന്യൂനതകളാലും തങ്ങളുടെ മക്കള്‍ നരകയാതനയിലാണ്. ഇത്തരം തകരാറുള്ള രണ്ടായിരത്തിലധികം രോഗികളെയാണ് കണ്ടെത്തിയിരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ഇവരെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറോളം പേരാണ് ഇത്തരം രോഗങ്ങളില്‍ മരിച്ചത്. തങ്ങളുടെ മക്കളുടെ മരണവും കണ്‍മുമ്പിലുണ്ടെന്ന് അമ്മമാര്‍ ഉണര്‍ത്തുന്നു.

കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലയില്‍ എന്‍ഡോസള്‍ഫാന്‍ ഉല്‍പാദിപ്പിച്ച് ലോകത്തിന് വില്‍ക്കുന്നുണ്ടെന്ന് മാത്രമല്ല ഇതിന് നിരോധനമില്ലെന്ന് വരുത്താനും ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷമായി നടന്ന സമരത്തിന്റെ ഫലമായാണ് കോടതി എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത്. വീണ്ടും എന്‍ഡോസള്‍ഫാന്‍ തിരിച്ചു കൊണ്ടു വന്നാല്‍ ഇത് ജനിക്കാനിരിക്കുന്ന കുട്ടികളെയും ബാധിക്കും. ഇക്കഴിഞ്ഞ ദിവസമാണ് ഗ്വാളിമുഖയിലെ റാബിയ എന്ന പെണ്‍കുട്ടി മരിച്ചത്. 22 വര്‍ഷമായി രോഗകിടക്കയിലാരുന്നു ഇവര്‍. ഇരുപത്തിയൊന്ന് വയസുകാരനായ അനുജനും രോഗിയായി കിടപ്പിലാണ്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ അഞ്ച് പേരാണ് മരിച്ചത്.

ജനീവയിലെ യോഗത്തില്‍ 26 രാഷ്ട്രങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഇന്ത്യ ഇതിനെതിരായ നിലപാട് സ്വീകരിച്ചത് പൊറുക്കാനാകാത്തതാണ്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിക്കാന്‍ കേരളത്തെ പ്രതിനിധാനം ചെയ്യുന്ന കൃഷി സഹമന്ത്രി കെ വി തോമസിന് ധാര്‍മിക ഉത്തരവാദിത്വമുണ്ടെന്ന് അമ്മമാര്‍ ഓര്‍മിപ്പിക്കുന്നു. മഹാദുരന്തത്തിന് കാരണക്കാരായ എന്‍ഡോസള്‍ഫാന്‍ ഉല്‍പാദകരില്‍ നിന്നും മറ്റും ഇതിന്റെ ഇരകള്‍ക്ക് നഷ്ടപരിഹാരം വാങ്ങിത്തരണമെന്നും അമ്മമാര്‍ കേന്ദ്ര മന്ത്രിയോട് അഭ്യര്‍ഥിച്ചു. കൂട്ടായ്മയില്‍ നാരായണന്‍ പെരിയ അധ്യക്ഷനായി. ജി നിര്‍മല സങ്കട ഹര്‍ജി വായിച്ചു. എം എ റഹ്മാന്‍, അംബികാസുതന്‍ മാങ്ങാട്, ജി ബി വത്സന്‍, പ്രൊഫ. വി ഗോപിനാഥന്‍, ടി സി മാധവ പണിക്കര്‍, പി വി സുധീര്‍കുമാര്‍, കെ ബി മുഹമ്മദ് കുഞ്ഞി, പി മുരളീധരന്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, ഷഫീഖ് നസറുല്ല എന്നിവര്‍ സംസാരിച്ചു.

ദേശാഭിമാനി 271010

1 comment:

  1. എന്‍ഡോസള്‍ഫാന്‍മൂലം കാസര്‍കോട് ജില്ലയില്‍ ആളുകള്‍ രോഗബാധിതരായതിന് തെളിവില്ലെന്ന കേന്ദ്ര കൃഷി സഹമന്ത്രി കെ വി തോമസിന്റെ പ്രസ്താവന വസ്തുതകള്‍ മറച്ചുവച്ച്. കീടനാശിനി നിരോധിക്കണമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒക്യുപേഷണല്‍ ഹെല്‍ത്ത്(എന്‍ഐഒഎച്ച്) റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാറിന്റെ കൈവശമുള്ളപ്പോഴാണ് രോഗത്തിന് കാരണം എന്‍ഡോസള്‍ഫാനാണെന്ന് പഠനങ്ങളൊന്നും തെളിയിച്ചിട്ടില്ലെന്ന് മന്ത്രി പ്രചരിപ്പിക്കുന്നത്. കാസര്‍കോട് ജില്ലയില്‍ ചെറിയൊരു ഭാഗത്ത് കാണുന്ന രോഗങ്ങള്‍ എന്‍ഡോസള്‍ഫാന്‍ മൂലമാണെന്നതിന് തെളിവില്ലെന്നും ഇതുസംബന്ധിച്ച് വിദഗ്ധസമിതികള്‍ നടത്തിയ പഠനത്തിലൊന്നും അങ്ങനെ പറഞ്ഞിട്ടില്ലെന്നുമാണ് മന്ത്രി അവകാശപ്പെടുന്നത്.

    ReplyDelete