Saturday, October 23, 2010

കേന്ദ്രത്തിന്റെ വൈദ്യുതിപദ്ധതികള്‍ക്ക് കേരളത്തില്‍നിന്ന് 27 അപേക്ഷ

ജവഹര്‍ലാല്‍ നെഹ്റു സോളാര്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി സൌരോര്‍ജ വൈദ്യുതി പദ്ധതികള്‍ക്ക് അനുമതി ലഭിക്കുന്നതിന് സംസ്ഥാനസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം കേരളത്തില്‍നിന്നു ലഭിച്ചത് 27 അപേക്ഷ. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടത് 13 സ്ഥാപനങ്ങള്‍. ഇതില്‍ത്തന്നെ പ്രോസസിങ് ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്തത് നാലു സ്ഥാപനവും. 18.1 മെഗാവാട്ട് വൈദ്യുതി പദ്ധതികള്‍ക്കുള്ള അപേക്ഷയാണ് സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ചത്. പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ പ്രവര്‍ത്തനം പുരോഗമിക്കുമ്പോഴാണ് സംസ്ഥാനസര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിച്ചില്ലെന്ന് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്.

പദ്ധതിപ്രകാരം പ്രോജക്ടുകള്‍ സമര്‍പ്പിച്ചശേഷമാണ് ഇക്കാര്യത്തില്‍ കേരളത്തിന്റെ കാലാവസ്ഥാപരമായ ഘടകങ്ങള്‍ പരിഗണിക്കണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ കേന്ദ്രമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്ക് കത്തയച്ചത്. എന്നാല്‍, ഈ വസ്തുത മറച്ചുവച്ചാണ് കേരളം അപേക്ഷപോലും സമര്‍പ്പിച്ചില്ലെന്ന് പ്രചരിപ്പിക്കുന്നത്.

കേന്ദ്ര പാരമ്പര്യ ഊര്‍ജമന്ത്രാലയത്തിന്റെ സോളാര്‍ മിഷന്‍ പദ്ധതിയിലേക്ക് പരിഗണിക്കുന്നതിന് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുന്നത് ജൂണ്‍ 16നാണ്. ജൂണ്‍ 26നു സംസ്ഥാനസര്‍ക്കാരും ഇതുസംബന്ധിച്ച വിജ്ഞാപനം ഇറക്കി. ജൂലൈ 12 ആയിരുന്നു അപേക്ഷ നല്‍കുന്നതിനുള്ള അവസാനതീയതി. ഇപ്രകാരം 27 അപേക്ഷയാണ് ലഭിച്ചത്. അതില്‍നിന്ന് 13 അപേക്ഷ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു. അതില്‍ത്തന്നെ കെ സി ചാക്കോ മുക്കാടന്‍, ശാന്തിഗിരി ആശ്രമം, കിന്‍ഫ്ര, മലങ്കര പ്ളാന്റേഷന്‍സ് എന്നീ നാലു സ്ഥാപനം മാത്രമാണ് ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്തത്. അവയുടെ തുടര്‍നടപടി ആരംഭിക്കുകയും ചെയ്തു.

പദ്ധതിയില്‍ സംസ്ഥാനങ്ങളെ മൂന്നു ബാന്‍ഡായാണ് തിരിച്ചിട്ടുള്ളത്. സൂര്യപ്രകാശത്തിന്റെ ലഭ്യത, മഴയില്ലാത്ത ദിവസങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് തരംതിരിവ്. അതില്‍ രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങള്‍ ബാന്‍ഡ് എയിലാണ് വരുന്നത്. കേരളത്തില്‍ പാലക്കാട് ജില്ലയെ മാത്രം ബാന്‍ഡ് ബിയില്‍ ഉള്‍പ്പെടുത്തി. മറ്റു ജില്ലയെല്ലാം ബാന്‍ഡ് സിയിലാണ്. പാലക്കാട് ജില്ലയില്‍ സൂര്യപ്രകാശം കൂടുതല്‍ ലഭിക്കുന്നു എന്ന കാരണത്താലാണ് ബാന്‍ഡ് ബിയില്‍പ്പെടുത്തിയത്. ബാന്‍ഡ് എയില്‍ ഉള്‍പ്പെടുന്നതിനാല്‍ രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങള്‍ക്ക് അധികസഹായം ലഭിച്ചു. ബാന്‍ഡ് ബിയില്‍പ്പെടുന്ന സംസ്ഥാനങ്ങള്‍ക്കും പദ്ധതികള്‍ അനുവദിച്ചു.

കേരളത്തിലെ 13 ജില്ലയും ബാന്‍ഡ് സിയില്‍ ആയതിനാല്‍ പദ്ധതിയില്‍ കേന്ദ്രസഹായം ലഭിക്കുന്നതിനു സാധ്യത കുറവാണെന്ന് സംസ്ഥാനസര്‍ക്കാര്‍ നിരീക്ഷിച്ചു. തുടര്‍ന്നാണ് സൌരോര്‍ജ മിഷന്‍ പദ്ധതികള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഓരോ സംസ്ഥാനങ്ങള്‍ക്കും അനുസൃതമായ മാറ്റംവരുത്തണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി ജൂലൈ 27നു ഫറൂഖ് അബ്ദുള്ളയ്ക്ക് കത്തയച്ചത്. കേന്ദ്ര ഉള്‍ഗ്രാമ വൈദ്യുതീകരണ പദ്ധതിയില്‍പ്പെടുത്തി 20.4 കോടി രൂപയുടെ പദ്ധതിയാണ് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിനു സമര്‍പ്പിച്ചത്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കാസര്‍കോട് ജില്ലകള്‍ക്കുവേണ്ടി ജില്ലാ പഞ്ചായത്തുകള്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്ര ഊര്‍ജമന്ത്രാലയത്തിന് കേരള പവര്‍ സെക്രട്ടറി പോള്‍ ആന്റണി സെപ്തംബര്‍ 27നു സമര്‍പ്പിച്ചു.

ദേശാഭിമാനി 231010

1 comment:

  1. ജവഹര്‍ലാല്‍ നെഹ്റു സോളാര്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി സൌരോര്‍ജ വൈദ്യുതി പദ്ധതികള്‍ക്ക് അനുമതി ലഭിക്കുന്നതിന് സംസ്ഥാനസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം കേരളത്തില്‍നിന്നു ലഭിച്ചത് 27 അപേക്ഷ. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടത് 13 സ്ഥാപനങ്ങള്‍. ഇതില്‍ത്തന്നെ പ്രോസസിങ് ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്തത് നാലു സ്ഥാപനവും. 18.1 മെഗാവാട്ട് വൈദ്യുതി പദ്ധതികള്‍ക്കുള്ള അപേക്ഷയാണ് സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ചത്. പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ പ്രവര്‍ത്തനം പുരോഗമിക്കുമ്പോഴാണ് സംസ്ഥാനസര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിച്ചില്ലെന്ന് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്.

    ReplyDelete