Sunday, October 31, 2010

കെ എം മാണിയുടെ പ്രസ്താവന വര്‍ഗീയ രാഷ്ട്രീയത്തിന്റെ ഏറ്റുപറച്ചില്‍

ഇക്കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനെ ഭൂരിപക്ഷ - ന്യൂനപക്ഷ ഭേദമില്ലാതെ വര്‍ഗീയ ശക്തികളുമായും മതഭീകരവാദ സംഘടനകളുമായും കൈകോര്‍ത്താണ് യു ഡി എഫ് അഭിമുഖീകരിച്ചത് എന്ന് അര്‍ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കുന്നതാണ് കേരളാ കോണ്‍ഗ്രസ് നേതാവ് കെ എം മാണിയുടെ പ്രസ്താവന. ഇടയലേഖനങ്ങളും ബിഷപ്പുമാര്‍ സ്വീകരിച്ച രാഷ്ട്രീയ നിലപാടും തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലെ യു ഡി എഫ് മുന്നേറ്റത്തിന് വന്‍തോതില്‍ സഹായകരമായെന്നാണ് മാണി എറണാകുളത്ത് നടത്തിയ പത്രസമ്മേളനത്തില്‍ ഏറ്റുപറഞ്ഞത്. ഇടയലേഖനത്തിന് അതിന്റേതായ പ്രസക്തിയുണ്ടെന്നും വൈദികരും പൗരന്‍മാരാണെന്നും പറഞ്ഞ മാണി രാഷ്ട്രീയ നിലപാട് ഉയര്‍ത്തി പിടിക്കാന്‍ ബിഷപ്പുമാര്‍ക്ക് അവകാശമുണ്ടെന്നും പ്രസ്താവിച്ചു.

ഏതെങ്കിലും രാഷ്ട്രീയകക്ഷിയ്ക്ക് വോട്ടു ചെയ്യരുതെന്ന് വൈദികര്‍ ആരാധകരോട് ആഹ്വാനം ചെയ്യുന്നത് ശരിയാണോ എന്ന പത്രപ്രവര്‍ത്തകരുടെ ചോദ്യത്തിന് ദൈവശാസ്ത്രത്തില്‍ അതും പറഞ്ഞിട്ടുണ്ടെന്ന് കെ എം മാണി പ്രസ്താവിച്ചതിലൂടെ വെളിവാക്കപ്പെടുന്നത് തിരഞ്ഞെടുപ്പ് രംഗത്ത് യു ഡി എഫ് സ്ഥാപിച്ച അവിശുദ്ധ ബന്ധത്തിന്റെ ശരിയായ ചിത്രമാണ്.

ക്രൈസ്തവസഭകളെ യു ഡി എഫ് നേതൃത്വം വല്ലാതെ വശീകരിച്ചുവെന്നതിന് തിരഞ്ഞെടുപ്പിനു മുമ്പും ശേഷവും ചില മതമേലധികാരികള്‍ നടത്തിയ പ്രസ്താവനകള്‍ തെളിവു നല്‍കുന്നു. വിശ്വാസികള്‍ക്കു മാത്രമേ വോട്ട് ചെയ്യാവൂ എന്നും സ്വതന്ത്ര സ്ഥാനാര്‍ഥികളായ ഇടതുപക്ഷ പ്രതിനിധികളെ ബോധപൂര്‍വം അവഗണിക്കണമെന്നുമുള്ള ഇടയസന്ദേശങ്ങള്‍ തിരഞ്ഞെടുപ്പിന് മുമ്പുണ്ടായി. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം കേരള കാത്തലിക് ബിഷപ് കൗണ്‍സിലിന്റെ വക്താവ് നടത്തിയ പത്രസമ്മേളനത്തില്‍ യു ഡി എഫിനുണ്ടായ വിജയത്തില്‍ ചാരിതാര്‍ഥ്യം പ്രകടിപ്പിക്കുന്നതും കേരളം കണ്ടു.

ഇടതുപക്ഷത്തിനെതിരായി മതവികാരം ഉദ്ദീപിപ്പിച്ച് ക്രൈസ്തവരെ അണിനിരത്തുന്ന ജുഗുപ്‌സാവഹമായ പ്രവര്‍ത്തനം മാത്രമല്ല യു ഡി എഫ് നടത്തിയത്. ഭീകരതയെ പ്രതിനിധാനം ചെയ്യുന്ന എസ് ഡി പി ഐയുമായും വര്‍ഗീയ ഫാസിസ്റ്റ് പ്രവണതകളെ താലോലിക്കുന്ന സംഘപരിവാറുമായും യു ഡി എഫ് കൈകോര്‍ത്തു. കൈവെട്ടുകേസിലൂടെ കുപ്രസിദ്ധമായ എസ് ഡി പി ഐയുമായി യു ഡി എഫ് സഖ്യം സ്ഥാപിച്ചിരുന്നുവെന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നുണ്ട്. കൈവെട്ടുകേസിലെ പ്രതിയായി ജയിലില്‍ കഴിയുന്ന വ്യക്തി വാഴക്കുളം ബ്ലോക്കിലെ വഞ്ചിനാട് ഡിവിഷനില്‍ 1900 വോട്ടിനു വിജയിച്ചു. ആ ബ്ലോക്ക് ഡിവിഷനു കീഴില്‍ വരുന്ന ഗ്രാമപഞ്ചായത്തു വാര്‍ഡുകളില്‍ 4369 വോട്ട് ലഭിച്ച യു ഡി എഫിന് ബ്ലോക്ക് ഡിവിഷനില്‍ 2089 വോട്ടു മാത്രമേ ലഭിച്ചുള്ളൂ. 2200 ലേറെ വോട്ടുകള്‍ എസ് ഡി പി ഐ വിജയിച്ച ബ്ലോക്ക് ഡിവിഷനില്‍ യു ഡി എഫിന് നഷ്ടമായി. ആ ബ്ലോക്ക് ഡിവിഷനു കീഴിലുള്ള പല ഗ്രാമപഞ്ചായത്തു വാര്‍ഡുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്താതെ അവര്‍ യു ഡി എഫിനെ സഹായിച്ചതിന്റെ പ്രത്യുപകാരമാണ് ബ്ലോക്ക് ഡിവിഷനിലെ എസ് ഡി പി ഐ വിജയം. എസ് ഡി പി ഐ അക്കൗണ്ട് തുറന്ന തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ അവര്‍ക്ക് സ്വാധീനമുണ്ടെന്ന് അവകാശപ്പെടുന്ന ഒരു ഡിവിഷനില്‍ ഒരു വോട്ടാണ് ലഭിച്ചത്. അതിന്റെ പ്രത്യുപകാരമാണ് അതേ മുനിസിപ്പാലിറ്റിയിലെ മറ്റൊരു സീറ്റിലുള്ള എസ് ഡി പി ഐയുടെ വിജയം.

ബി ജെ പി വിജയിച്ച മഹാഭൂരിപക്ഷം ഇടങ്ങളിലും യു ഡി എഫ് മൂന്നാം സ്ഥാനത്തോ അതിലും താഴെയോ ആണ്. യു ഡി എഫ് വിജയിച്ച പലയിടങ്ങളിലും ബി ജെ പിയ്ക്ക് വളരെ കുറഞ്ഞ വോട്ടുകളേ ലഭ്യമായുള്ളു.

മാണിയുടെ പ്രസ്താവനയിലൂടെ വ്യക്തമാകുന്നത് സാമുദായിക ധ്രുവീകരണം യു ഡി എഫ് ശക്തിപ്പെടുത്തിയെന്നും മുതലെടുത്തെന്നുമാണ്. അത് ക്രൈസ്തവ ഏകോപനം മാത്രമല്ലെന്ന് എസ് ഡി പി ഐയുടെയും ബി ജെ പിയുടെയും വോട്ടിംഗ് നിലവാരവും തെളിയിക്കുന്നു.

സാമുദായികാടിസ്ഥാനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിക്കുന്നത് ശരിയായ പ്രവണതയല്ലെന്ന കാന്തപുരം ഏ പി അബൂബക്കര്‍ മുസല്യാരുടെ പ്രസ്താവന ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. വര്‍ഗീയ രാഷ്ട്രീയം ശക്തിപ്പെട്ടാലുണ്ടാകുന്ന അപകടം തിരിച്ചറിയുന്നതുകൊണ്ടാണ് കാന്തപുരം ഇത്തരമൊരു പ്രസ്താവന നടത്തിയത്.

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ മതേതര കേരളത്തിന് ഒട്ടേറെ അപായസൂചനകള്‍ നല്‍കുന്നുണ്ട്. അതിനെ ബലപ്പെടുത്തുന്നതാണ് മാണിയുടെ പ്രസ്താവനയും എസ് ഡി പി ഐയുടെയും ബി ജെ പിയുടെയും വോട്ടിംഗ് നിലവാരവും.

ജനയുഗം മുഖപ്രസംഗം

2 comments:

  1. ഇക്കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനെ ഭൂരിപക്ഷ - ന്യൂനപക്ഷ ഭേദമില്ലാതെ വര്‍ഗീയ ശക്തികളുമായും മതഭീകരവാദ സംഘടനകളുമായും കൈകോര്‍ത്താണ് യു ഡി എഫ് അഭിമുഖീകരിച്ചത് എന്ന് അര്‍ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കുന്നതാണ് കേരളാ കോണ്‍ഗ്രസ് നേതാവ് കെ എം മാണിയുടെ പ്രസ്താവന. ഇടയലേഖനങ്ങളും ബിഷപ്പുമാര്‍ സ്വീകരിച്ച രാഷ്ട്രീയ നിലപാടും തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലെ യു ഡി എഫ് മുന്നേറ്റത്തിന് വന്‍തോതില്‍ സഹായകരമായെന്നാണ് മാണി എറണാകുളത്ത് നടത്തിയ പത്രസമ്മേളനത്തില്‍ ഏറ്റുപറഞ്ഞത്. ഇടയലേഖനത്തിന് അതിന്റേതായ പ്രസക്തിയുണ്ടെന്നും വൈദികരും പൗരന്‍മാരാണെന്നും പറഞ്ഞ മാണി രാഷ്ട്രീയ നിലപാട് ഉയര്‍ത്തി പിടിക്കാന്‍ ബിഷപ്പുമാര്‍ക്ക് അവകാശമുണ്ടെന്നും പ്രസ്താവിച്ചു.

    ReplyDelete
  2. താങ്കളുടെ തന്നെ ബ്ലോഗിലെ ഈ വാര്‍ത്തകൂടി കൂട്ടി വായിക്കുക ....


    യഥാര്‍ഥ വിശ്വാസികള്‍ ഇടതുപക്ഷത്തോട് ചേര്‍ന്നു നില്‍ക്കേണ്ടവരാണെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാ തൃശൂര്‍ ഭദ്രാസനാധിപന്‍ യുഹാനോന്‍ മോര്‍ മിലിത്തിയോസ് മെത്രാപോലീത്ത പറഞ്ഞു.

    http://jagrathablog.blogspot.com/2010/09/blog-post_9720.html

    ReplyDelete