Wednesday, October 13, 2010

ജനാധിപത്യത്തെ അപഹസിക്കുന്ന പ്രവൃത്തികള്‍

കര്‍ണാടക, രാഷ്ട്രീയകോമാളിത്തരങ്ങളുടെയും കുതിരക്കച്ചവടത്തിന്റെയും പ്രധാന കേന്ദ്രമായി മാറിതീര്‍ന്നിട്ട് കാലം കുറച്ചേറെയായി. ആ അവസ്ഥാവിശേഷത്തിന്റെ ഏറ്റവും വികൃതമായ സ്ഥിതിവിശേഷങ്ങളാണ് ഇപ്പോള്‍ കര്‍ണാടകയില്‍ നടമാടിക്കൊണ്ടിരിക്കുന്നത്. ഭരണകക്ഷിയുടെ ഭാഗമായ നിയമസഭാ സാമാജികര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതായി ഗവര്‍ണറെ അറിയിക്കുകയും അന്യ സംസ്ഥാനങ്ങളില്‍ ഒളിവില്‍ പാര്‍ക്കുകയും ചെയ്യുക, യദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാരിന് കേവല ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്ന് ബോധ്യമായ ഗവര്‍ണര്‍ വിശ്വാസവോട്ടു നേടാന്‍ നിര്‍ദ്ദേശിക്കുക, അതിനെ തുടര്‍ന്ന് രാഷ്ട്രീയ കുതിരക്കച്ചവടത്തിന് ഭരണ-പ്രതിപക്ഷഭേദമന്യേ കക്ഷി നേതാക്കള്‍ നേതൃത്വം നല്‍കുക, ജനാധിപത്യ വ്യവസ്ഥിതിയ്ക്ക് അപമാനകരമായ സംഭവ വികാസങ്ങളാണ് ഇവയൊക്കെയും. ഒടുവില്‍ കൂറുമാറിയ സ്വതന്ത്ര എം എല്‍ എമാരെയടക്കം അയോഗ്യരായി പ്രഖ്യാപിച്ചുകൊണ്ട് കേട്ടുകേള്‍വിയില്ലാത്ത വിധം ശബ്ദവോട്ടോടെ വിശ്വാസ പ്രമേയം അംഗീകരിക്കപ്പെട്ടതായി പ്രഖ്യാപിക്കുകയും ചെയ്തു. സ്പീക്കര്‍ രാഷ്ട്രീയം കളിച്ചതുവഴി യദ്യൂരപ്പ സര്‍ക്കാര്‍ തല്‍ക്കാലത്തേയ്ക്ക് രക്ഷപ്പെട്ടു. പക്ഷേ ആ രക്ഷപ്പെടലിന്റെ ആയുസ്സ് എത്രയെന്ന് കണ്ടറിയുക തന്നെവേണം. അത്യന്തം വിചിത്രവും നാടകീയവും അസംബന്ധത നിറഞ്ഞതുമായ നിലയില്‍ വിശ്വാസ വോട്ടുനേടിയെന്നു വരുത്തിതീര്‍ത്ത യദ്യൂരപ്പ സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് കര്‍ണാടക ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് ശുപാര്‍ശ ചെയ്തുവെന്നാണ് ഇന്നലെ പുറത്തുവന്ന വാര്‍ത്ത. എന്നാല്‍ വ്യാഴാഴ്ച യദ്യൂരപ്പ സര്‍ക്കാര്‍ വീണ്ടും വിശ്വാസവോട്ട് തേടണമെന്ന് ഗവര്‍ണര്‍ ഇന്നലെ നിര്‍ദ്ദേശിച്ചിരിക്കുന്നു. താന്‍ പറയുന്നതൊന്നും ചെവിക്കൊള്ളാന്‍ യദ്യൂരപ്പ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്ന് ഗവര്‍ണര്‍ പത്രപ്രവര്‍ത്തകരോട് പരാതി പറയുന്നു. ഗവര്‍ണറെ മുഖ്യമന്ത്രി യദ്യൂരപ്പയും ബി ജെ പി നേതൃത്വവും പരസ്യമായി പുലഭ്യം പറയുന്നു. ഭരണഘടനാ തത്വങ്ങളെയും ഭരണ
നടപടികളെയും അധിക്ഷേപിക്കുകയാണ് ഇത്തരം പ്രവണതകള്‍ പ്രകടമാക്കുന്നതിലൂടെ ചെയ്യുന്നത്.

കൂറുമാറ്റ നിരോധന നിയമപ്രകാരം എം എല്‍ എമാര്‍ക്ക് അയോഗ്യത കല്‍പ്പിക്കണമെങ്കില്‍ അവര്‍ സ്വന്തം കക്ഷി നല്‍കുന്ന വിപ്പ് ലംഘിച്ചു വോട്ടു ചെയ്യണം. കര്‍ണാടകയില്‍ അങ്ങനെയൊന്നുണ്ടാവുന്നതിനു മുമ്പുതന്നെ വിമത എം എല്‍ എമാര്‍ക്ക് അയോഗ്യത കല്‍പിക്കുവാന്‍ സ്പീക്കര്‍ മുതിര്‍ന്നു. അദ്ദേഹം അയോഗ്യത കല്‍പിച്ചത് ബി ജെ പി എം എല്‍ എമാര്‍ക്ക് മാത്രമല്ല, സ്വതന്ത്ര എം എല്‍ എമാര്‍ക്കു കൂടി കൂറുമാറ്റ നിരോധന നിയമപ്രകാരം വഴി അയോഗ്യത കല്‍പിക്കുകയായിരുന്നൂ.

സ്പീക്കര്‍ പദവി നിഷ്പക്ഷ പ്രവര്‍ത്തനത്തിന്റെയും ഭരണഘടനാനുസൃതമായി നിലകൊള്ളേണ്ടതിന്റെയും ഉദാത്ത സ്ഥാനമാണ്. ആ സ്ഥാനത്തെ വിലകുറഞ്ഞ രാഷ്ട്രീയകളിയുടെയും കുതിരക്കച്ചവടത്തിന്റെയും ഉപാധിയാക്കുകയാണ് കര്‍ണാടക നിയമസഭാ സ്പീക്കര്‍ ചെയ്തത്.

അയോഗ്യരാക്കപ്പെട്ട നിയമസഭാ സാമാജികര്‍ നിയമസഭാ ഹാളിലേക്ക് തള്ളിക്കയറുക, ജനാലകള്‍ തകര്‍ന്നു വീഴുക, സുരക്ഷാ ഉദ്യോഗസ്ഥന്‍മാര്‍ക്ക് പരിക്കേല്‍ക്കുക, പ്രതിപക്ഷ നേതാവിനെ പൊലീസ് ഓഫീസര്‍ നിയമസഭാ കവാടത്തില്‍ തടഞ്ഞുവെയ്ക്കുക എന്നിങ്ങനെ തീര്‍ത്തും വിചിത്രമായ രംഗങ്ങളാണ് വിശ്വാസ പ്രമേയ വോട്ടെടുപ്പ് വേളയില്‍ കര്‍ണാടക നിയമസഭയില്‍ അരങ്ങേറിയത്.

അമ്പത് കോടി രൂപയും മന്ത്രിപദവിയുമൊക്കെ വിമതരെ വശത്താക്കാന്‍ വാഗ്ദാനം ചെയ്യപ്പെട്ടുവത്രേ. ഇതൊക്കെ ജനാധിപത്യത്തെ അവഹേളിക്കലാണ്. വിലപേശി അടിപ്പെടുത്തുവാനുള്ള കേവലം ഒന്നായി ജനാധിപത്യത്തെ അധപ്പതിപ്പിക്കുവാനുള്ള ശ്രമം ഇന്ത്യയുടെ ശ്ലാഘനീയമായ ജനാധിപത്യ വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തും. അതിന്റെ ആഘാത പ്രത്യാഘാതങ്ങള്‍ ചെറുതായിരിക്കില്ലെന്ന് ഇതിനു നേതൃത്വം നല്‍കുന്ന രാഷ്ട്രീയകക്ഷികള്‍ തിരിച്ചറിയണം.

ദേശീയതലത്തിലും സംസ്ഥാന തലത്തിലും പണമെറിഞ്ഞും പദവികള്‍ വാഗ്ദാനം ചെയ്തും 'ആയാറാം ഗയാറാം'മാരെ സൃഷ്ടിക്കുന്ന പ്രവണത ശക്തിപ്പെട്ടുവരുന്നുണ്ട്. ആദര്‍ശ സ്ഥൈര്യമില്ലാത്ത, വാണിഭ രാഷ്ട്രീയത്തിന്റെ പ്രതിനിധികളായ ഇത്തരക്കാര്‍ ജനാധിപത്യ വ്യവസ്ഥിതിയുടെ ശത്രുക്കളാണ്.

ജനയുഗം മുഖപ്രസംഗം 131010

1 comment:

  1. കര്‍ണാടക, രാഷ്ട്രീയകോമാളിത്തരങ്ങളുടെയും കുതിരക്കച്ചവടത്തിന്റെയും പ്രധാന കേന്ദ്രമായി മാറിതീര്‍ന്നിട്ട് കാലം കുറച്ചേറെയായി. ആ അവസ്ഥാവിശേഷത്തിന്റെ ഏറ്റവും വികൃതമായ സ്ഥിതിവിശേഷങ്ങളാണ് ഇപ്പോള്‍ കര്‍ണാടകയില്‍ നടമാടിക്കൊണ്ടിരിക്കുന്നത്. ഭരണകക്ഷിയുടെ ഭാഗമായ നിയമസഭാ സാമാജികര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതായി ഗവര്‍ണറെ അറിയിക്കുകയും അന്യ സംസ്ഥാനങ്ങളില്‍ ഒളിവില്‍ പാര്‍ക്കുകയും ചെയ്യുക, യദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാരിന് കേവല ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്ന് ബോധ്യമായ ഗവര്‍ണര്‍ വിശ്വാസവോട്ടു നേടാന്‍ നിര്‍ദ്ദേശിക്കുക, അതിനെ തുടര്‍ന്ന് രാഷ്ട്രീയ കുതിരക്കച്ചവടത്തിന് ഭരണ-പ്രതിപക്ഷഭേദമന്യേ കക്ഷി നേതാക്കള്‍ നേതൃത്വം നല്‍കുക, ജനാധിപത്യ വ്യവസ്ഥിതിയ്ക്ക് അപമാനകരമായ സംഭവ വികാസങ്ങളാണ് ഇവയൊക്കെയും. ഒടുവില്‍ കൂറുമാറിയ സ്വതന്ത്ര എം എല്‍ എമാരെയടക്കം അയോഗ്യരായി പ്രഖ്യാപിച്ചുകൊണ്ട് കേട്ടുകേള്‍വിയില്ലാത്ത വിധം ശബ്ദവോട്ടോടെ വിശ്വാസ പ്രമേയം അംഗീകരിക്കപ്പെട്ടതായി പ്രഖ്യാപിക്കുകയും ചെയ്തു. സ്പീക്കര്‍ രാഷ്ട്രീയം കളിച്ചതുവഴി യദ്യൂരപ്പ സര്‍ക്കാര്‍ തല്‍ക്കാലത്തേയ്ക്ക് രക്ഷപ്പെട്ടു.

    ReplyDelete