Saturday, October 23, 2010

എണ്ണ വില്‍ക്കുന്നത് യഥാര്‍ഥ വിലയുടെ അഞ്ചുമടങ്ങിന്

എണ്ണമേഖലയെ കറവപ്പശുവാക്കരുത്: സിപിഐ എം

വരുമാനം കൂട്ടാനുള്ള കറവപ്പശുവായി എണ്ണമേഖലയെ ഉപയോഗിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കാന്‍ സിപിഐ എം ആഹ്വാനംചെയ്തു. എണ്ണവില അടിക്കടി വര്‍ധിപ്പിച്ച് സാധാരണക്കാരെ പിഴിഞ്ഞാണ് കേന്ദ്രസര്‍ക്കാരും എണ്ണക്കമ്പനികളും കോടികള്‍ കൊയ്യുന്നതെന്ന് 'പീപ്പിള്‍സ് ഡെമോക്രസി'യുടെ മുഖപ്രസംഗത്തില്‍ സിപിഐ എം പറഞ്ഞു.

രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പെട്രോളിന് ലിറ്റിന് 7.44 പൈസയാണ് വര്‍ധിപ്പിച്ചത്. ഈ കാലയളവില്‍ രാജ്യാന്തര കമ്പോളത്തില്‍ അസംസ്കൃത എണ്ണയുടെ വില വീപ്പയ്ക്ക് 70 ഡോളറില്‍നിന്ന് 84 ഡോളറായി മാത്രമാണ് ഉയര്‍ന്നത്. അതായത് ലിറ്ററിന് മൂന്ന് രൂപ മാത്രം. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചതാകട്ടെ ഇതിന്റെ ഇരട്ടിയിലേറെ. കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിലാണ് എണ്ണക്കമ്പനികള്‍ പെട്രോളിന് ലിറ്ററിന് ഒരു രൂപ വര്‍ധിപ്പിച്ചത്. കേന്ദ്രം വിലനിയന്ത്രണത്തില്‍നിന്ന് പിന്മാറിയതോടെയാണിത്. അതിനാല്‍ വിലനിയന്ത്രണം പുനഃസ്ഥാപിക്കണം. ഡീസലിന്റെയും മണ്ണെണ്ണയുടെയും പാചകവാതകത്തിന്റെയും വിലനിയന്ത്രണവും എടുത്തുകളയാനുള്ള നീക്കവും ഉപേക്ഷിക്കണം. അല്ലാത്തപക്ഷം കമ്പോളശക്തികള്‍ അവയുടെ വിലയും തോന്നിയപോലെ വര്‍ധിപ്പിക്കും.

കേന്ദ്ര സര്‍ക്കാരിന്റെ യുക്തിരഹിതമായ നികുതിസമ്പ്രദായവും വിലക്കയറ്റം സൃഷ്ടിക്കുന്നുണ്ട്. ഇറക്കുമതി ചെയ്യുന്ന അസംസ്കൃത എണ്ണയ്ക്കുമേല്‍ വന്‍നികുതിയാണ് സര്‍ക്കാര്‍ ചുമത്തുന്നത്. രാജ്യാന്തരവിലയ്ക്കനുസരിച്ച് പെട്രോളിന്റെ വില വര്‍ധിപ്പിച്ചാല്‍ സര്‍ക്കാരിന്റെ വരുമാനവും വര്‍ധിക്കും. ഒരു ലിറ്റര്‍ പെട്രോളിന്റെ യഥാര്‍ഥ വില 16.50 പൈസയാണ്. ബാക്കി വ്യത്യസ്ത നികുതികളാണ്. മാത്രമല്ല സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡിയേക്കാള്‍ മൂന്നിരട്ടി ലാഭമാണ് പെട്രോളിയം മേഖലയില്‍ നിന്ന് സര്‍ക്കാര്‍ ഉണ്ടാക്കുന്നത്. ഈ നികുതി യുക്തിപരമാക്കിയാല്‍ത്തന്നെ പെട്രോളിന്റെ വില കുറയ്ക്കാന്‍ കഴിയും.

വിമാനത്തിന് ഉപയോഗിക്കുന്ന ഇന്ധനത്തിന് പെട്രോളിന് ചുമത്തിയ നികുതിയുടെ മൂന്നിലൊന്ന് മാത്രമാണുള്ളത്. ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ഉപയോഗിക്കുന്ന ഡീസലിനേക്കാളും കുറവാണിത്. വിമാന ഇന്ധനത്തിനുള്ള നികുതി കുറവ് വന്‍കിടക്കാര്‍ക്കുള്ള സബ്സിഡിയാണ്. വിലനിയന്ത്രണം എടുത്തുകളഞ്ഞതോടെ രണ്ടാഴ്ച കൂടുമ്പോള്‍ പെട്രോള്‍വില വര്‍ധിക്കും. ഇതുവഴി സര്‍ക്കാരിന്റെ വരുമാനവും വര്‍ധിക്കും. അതുകൊണ്ട് പെട്രോള്‍പോലെ ഡീസലിന്റെയും മണ്ണെണ്ണയുടെയും വിലനിയന്ത്രണവും സര്‍ക്കാര്‍ ഉടന്‍ എടുത്തുകളയും- സിപിഐ എം ചൂണ്ടിക്കാട്ടി

എണ്ണ വില്‍ക്കുന്നത് യഥാര്‍ഥ വിലയുടെ അഞ്ചുമടങ്ങിന്

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ യഥാര്‍ഥ വിലയേക്കാളും എത്രയോ അധികമാണ് ഉപയോക്താക്കളില്‍ നിന്ന് ഈടാക്കുന്നതെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം തന്നെ സമ്മതിക്കുന്നു. എണ്ണ ശുദ്ധീകരണത്തില്‍ ഏര്‍പ്പെട്ട പൊതുമേഖലാ സ്ഥാപനമായ ഒഎന്‍ജിസിക്ക് ഒരു വീപ്പ എണ്ണ ശുദ്ധീകരിക്കാനുള്ള മൊത്തം ചെലവ് (അസംസ്കൃത എണ്ണ വാങ്ങുന്നതിനുള്ള വില ഉള്‍പ്പെടെ) 35.94 ഡോളറാണ്. അതായത് ഒരു ലിറ്റര്‍ പെട്രോള്‍ ഉല്‍പാദിപ്പിക്കാനുള്ള ചെലവ് പത്തു രൂപയോളം മാത്രം. കമ്പോളത്തില്‍ വില്‍ക്കുന്നതാകട്ടെ 55.50 രൂപയ്ക്ക്. ഒരു വീപ്പ എണ്ണ ശുദ്ധീകരിക്കാനുള്ള ചെലവ് 2005-06 ല്‍ 24.11 ഡോളറായിരുന്നു. അഞ്ചു വര്‍ഷത്തിനുള്ളില്‍ 10 ഡോളറിന്റെ മാത്രം വര്‍ധനയാണ് ഉണ്ടായതെന്ന് രാജ്യസഭയിലെ സിപിഐ എം അംഗം കെ എന്‍ ബാലഗോപാലിനു നല്‍കിയ മറുപടിയില്‍ എണ്ണ പ്രകൃതിവാതക മന്ത്രി മുരളിദേവ്റ അറിയിച്ചിരുന്നു.

പൊതുമേഖലാ എണ്ണക്കമ്പനികള്‍ നഷ്ടത്തിലാണെന്നും അതു പരിഹരിക്കാനാണ് പെട്രോളിയം വില നിയന്ത്രണം ഒഴിവാക്കിയതെന്നുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദവും തെറ്റാണെന്ന് എണ്ണ പ്രകൃതി വാതക മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷവും ഒഎന്‍ജിസി ലാഭം വര്‍ധിപ്പിക്കുകയായിരുന്നു. 2005-06ല്‍ 14,431 കോടി രൂപയായിരുന്ന ലാഭം 2009-10ല്‍ 16,768 കോടി രൂപയായി ഉയര്‍ന്നു. അഞ്ചു വര്‍ഷവും തുടര്‍ച്ചയായ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

deshabhimani 231010

2 comments:

  1. വിമാനത്തിന് ഉപയോഗിക്കുന്ന ഇന്ധനത്തിന് പെട്രോളിന് ചുമത്തിയ നികുതിയുടെ മൂന്നിലൊന്ന് മാത്രമാണുള്ളത്. ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ഉപയോഗിക്കുന്ന ഡീസലിനേക്കാളും കുറവാണിത്. വിമാന ഇന്ധനത്തിനുള്ള നികുതി കുറവ് വന്‍കിടക്കാര്‍ക്കുള്ള സബ്സിഡിയാണ്. വിലനിയന്ത്രണം എടുത്തുകളഞ്ഞതോടെ രണ്ടാഴ്ച കൂടുമ്പോള്‍ പെട്രോള്‍വില വര്‍ധിക്കും.

    ReplyDelete
  2. ഹോ!
    എന്തൊരു ചതി!

    ReplyDelete