കായിക താരങ്ങള്‍ ഇടിക്കൂട്ടിലും വെടിപ്പുരയിലും ഓട്ടപ്പാതകളിലും കൈവരിച്ച വിജയങ്ങള്‍ സംഘാടനത്തില്‍ ഇന്ത്യക്കേറ്റ മാനക്കേട് കഴുകിക്കളയുമോ- കോമണ്‍വെല്‍ത്ത് ഗെയിംസിന് ആരവമടങ്ങുമ്പോള്‍ ഉയരുന്ന ചോദ്യമിതാണ്.
കായിക ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിക്ക് കളമൊരുക്കിയ കുപ്രസിദ്ധിയുമായാണ് ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിയത്. പന്ത്രണ്ട് ദിനരാത്രങ്ങള്‍ നീണ്ട കായികമാമാങ്കത്തിന് അരങ്ങൊഴിയുമ്പോള്‍ അഴിമതിയും പിടിപ്പുകേടും വീണ്ടും ചര്‍ച്ചാവിഷയമാവുന്നു.
ഇതറിഞ്ഞാവണം വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരു നിമിഷം പോലും അനുവദിക്കാതെ സാക്ഷാല്‍ സുരേഷ് കല്‍മാഡി മുങ്ങിയത്. പിന്നീട് അദ്ദേഹം പൊങ്ങിയത് പ്രധാനമന്ത്രിക്കൊപ്പം ഗെയിംസ് വേദിയില്‍. 'ഞങ്ങളിതൊന്ന് നടത്തി തീര്‍ത്തോട്ടെ, പിന്നീട് എല്ലാം സമഗ്രമായി അന്വേഷിക്കാം'- അഴിമതിയില്‍ മുങ്ങി ഗെയിംസ് വഴിമുട്ടിയപ്പോള്‍ പ്രധാനമന്ത്രിയടക്കമുള്ളവര്‍ നല്‍കിയ ഈ ഉറപ്പ് പാലിക്കപ്പെടുമോ?
ലണ്ടനിലെ ബക്കിങ്ഹാം കൊട്ടാരത്തില്‍ ബ്രിട്ടീഷ് രാജ്ഞിയില്‍നിന്ന് ബാറ്റ ഏറ്റുവാങ്ങിയതുമുതല്‍ അരങ്ങുവാണ അഴിമതി വരും നാളുകളില്‍ വീണ്ടും ചര്‍ച്ചയാകുമെന്നുറപ്പ്. നവംബറില്‍ തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇക്കാര്യം പ്രതിപക്ഷം ശക്തമായ ആയുധമാക്കും. അഴിമതിയെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യമുയര്‍ത്തിക്കഴിഞ്ഞു. കളികഴിഞ്ഞാല്‍ അന്വേഷിക്കാമെന്ന സര്‍ക്കാരിന്റെ ഉറപ്പ് അവര്‍ അംഗീകരിക്കുകയും ചെയ്തു. അതിനാല്‍ അന്വേഷണത്തിന് ഉത്തരവിടാതെ കേന്ദ്രത്തിന് മാര്‍ഗമില്ല. എന്നാല്‍, പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം ഒഴിവാക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതിനാല്‍ പാര്‍ലമെന്റ് സമ്മേളനത്തിനുമുമ്പ് മറ്റേതെങ്കിലും അന്വേഷണത്തിന് ഉത്തരവിടാനാണ് നീക്കമെന്ന് സൂചനയുണ്ട്.
ലോകകായിക ചരിത്രത്തില്‍ സമാനതയില്ലാത്ത അഴിമതിയാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഉണ്ടായത്. 2003ലാണ് ഗെയിംസ് വേദി ഇന്ത്യക്ക് കിട്ടിയത്. 2008 വരെ തയാറെടുപ്പ് നടന്നില്ലെങ്കിലും കോടികള്‍ സംഘാടകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഒഴുകി. വിദേശയാത്രകള്‍ക്കായി പൊടിച്ചത് 45 കോടി രൂപ. 2009 ഒക്ടോബറില്‍ ബക്കിങ്ഹാം പാലസില്‍ ബ്രിട്ടീഷ് രാജ്ഞിയുടെയും രാഷ്ട്രപതി പ്രതിഭ പാട്ടീലിന്റെയും സാന്നിദ്ധ്യത്തില്‍ നടന്ന ഗെയിംസ് ക്യൂന്‍സ് ബാറ്റണ്‍ റിലേയുടെ ഉദ്ഘാടനചടങ്ങുകളുടെ പേരില്‍ ബ്രിട്ടനിലെ എ എം ഫിലിംസ് യുകെ ലിമിറ്റഡ് എന്ന കമ്പനിയുടെ അക്കൌണ്ടിലേക്ക് രേഖകളോ മാനദണ്ഡങ്ങളോ ഇല്ലാതെ ഏകദേശം നാലര ലക്ഷം പൌണ്ട് (ഏകദേശം 3.06 കോടി രൂപ) സുരേഷ് കല്‍മാഡിയുടെ നേതൃത്വത്തിലുള്ള സംഘാടകസമിതി നല്‍കി. അഴിമതിക്കു പിന്നാലെ സ്റ്റേഡിയങ്ങളുടെ ഭാഗങ്ങളും പാലങ്ങളും ഇടിഞ്ഞുവീണതും അപഹാസ്യമായി. ഡല്‍ഹിയിലെ വെടിവയ്പ്പും സ്ഫോടനവും സുരക്ഷാഭീഷണി ഉയര്‍ത്തി.
നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര വിജിലന്‍സ് കമീഷന്‍ വന്‍ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ഗെയിംസിനായി നടപ്പാക്കുന്ന പദ്ധതികളില്‍ വിജിലന്‍സ് കമീഷന്‍ പരിശോധിച്ച പതിനാറെണ്ണത്തിനും ക്വാളിറ്റി സര്‍ട്ടിഫിക്കറ്റ് വാങ്ങിയത് കൃത്രിമമായാണെന്നും കരാറുകാര്‍ക്കും ഇടനിലക്കാര്‍ക്കും വന്‍ നേട്ടമുണ്ടായെന്നുമാണ് കണ്ടെത്തല്‍. വിജിലന്‍സ് കമീഷനും സിഎജിക്കും പുറമെ സുപ്രീംകോടതിവരെ ഗെയിംസ് അഴിമതിയുടെ പേരില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചു.
(വിജേഷ് ചൂടല്‍)
ദേശാഭിമാനി 151010
കായിക താരങ്ങള്‍ ഇടിക്കൂട്ടിലും വെടിപ്പുരയിലും ഓട്ടപ്പാതകളിലും കൈവരിച്ച വിജയങ്ങള്‍ സംഘാടനത്തില്‍ ഇന്ത്യക്കേറ്റ മാനക്കേട് കഴുകിക്കളയുമോ- കോമണ്‍വെല്‍ത്ത് ഗെയിംസിന് ആരവമടങ്ങുമ്പോള്‍ ഉയരുന്ന ചോദ്യമിതാണ്.
ReplyDelete