Monday, October 25, 2010

നിര്‍ഭയരായി വോട്ടവകാശം വിനിയോഗിക്കുക

രണ്ടാംഘട്ട വോട്ടെടുപ്പ്: നിര്‍ഭയരായി വോട്ടവകാശം വിനിയോഗിക്കുക

സംസ്ഥാനത്തെ ഏഴുജില്ലയില്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച. കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളിലെ 1.23 കോടി വോട്ടര്‍മാരാണ് തിങ്കളാഴ്ച സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. 12,374 വാര്‍ഡിലേക്കാണ് രണ്ടാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ്. കൊച്ചി, തൃശൂര്‍ കോര്‍പറേഷനുകള്‍കൂടി ഉള്‍പ്പെടുന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ എല്‍ഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഒരുമാസം നീണ്ട പരസ്യപ്രചാരണവും ഒരുദിവസത്തെ നിശബ്ദ പ്രചാരണവും പിന്നിടുമ്പോള്‍ എല്‍ഡിഎഫിന് വ്യക്തമായ ആധിപത്യം.
 
രണ്ടാംഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറത്താണ്. 23.25ലക്ഷം. കുറവ് ഇടുക്കിയിലും. 8.24ലക്ഷം. തെരഞ്ഞെടുപ്പില്‍ ഗ്രാമ, ബ്ളോക്ക്, ജില്ലാപഞ്ചായത്തുകളിലേക്ക് ബാലറ്റുപേപ്പറുകളും മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രവുമാണ്. ഗ്രാമപഞ്ചായത്തില്‍ വെള്ള, ബ്ളോക്കില്‍ പിങ്ക്, ജില്ലാപഞ്ചായത്തില്‍ നീല നിറങ്ങളിലാണ് ബാലറ്റ്. രണ്ടാംഘട്ടവോട്ടെടുപ്പില്‍ 20,843 ബൂത്താണ് സജ്ജീകരിച്ചിട്ടുള്ളത്. 896 ബൂത്തുകള്‍ പ്രശ്നസാധ്യതയുള്ളവയാണ്. ഈ ബൂത്തുകളില്‍ അധികസുരക്ഷ ഏര്‍പ്പെടുത്തി. രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുവരെയാണ് പോളിങ്. വൈകിട്ട് അഞ്ചിനും ക്യൂവിലുള്ളവര്‍ക്ക് ടോക്ക നല്‍കി വോട്ടുചെയ്യാന്‍ അവസരമൊരുക്കും.

വോട്ടുചെയ്യാന്‍ തിരിച്ചറിയല്‍കാര്‍ഡ് നിര്‍ബന്ധമില്ല. എന്നാല്‍, പോളിങ് ഉദ്യോഗസ്ഥര്‍ക്ക് സംശയമുണ്ടായാല്‍ തിരിച്ചറിയല്‍രേഖ ആവശ്യപ്പെടാം. ഇതിനായി കേന്ദ്ര തെരഞ്ഞെടുപ്പുകമീഷന്‍ നല്‍കിയ ഫോട്ടോ പതിച്ച തിരിച്ചറിയല്‍കാര്‍ഡ്, റേഷന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്പോര്‍ട്ട്, പാന്‍കാര്‍ഡ്, ഒരുവര്‍ഷം മുന്‍പ് തുടങ്ങിയതും ഇപ്പോള്‍ നിലവിലുള്ളതുമായ പ്രാഥമിക സഹകരണസംഘങ്ങള്‍ ഒഴികെയുള്ള ബാങ്കുകളുടെ ഫോട്ടോ പതിച്ച പാസ്ബുക്ക് എന്നിവ ഉപയോഗിക്കാം.

ദേശാഭിമാനി 251010

1 comment:

  1. രണ്ടാംഘട്ട വോട്ടെടുപ്പ്: നിര്‍ഭയരായി വോട്ടവകാശം വിനിയോഗിക്കുക

    ReplyDelete