Friday, October 22, 2010

ഇല കൊയ്യാന്‍ കൈപ്പത്തി കൈ മറയ്ക്കാന്‍ രണ്ടില

കോട്ടയം: ഉടഞ്ഞുപോയ മുന്നണിസംവിധാനമാണ് കോട്ടയം ജില്ലയിലെ യുഡിഎഫിന്. ഉമ്മന്‍ചാണ്ടിയുടെയും കെ എം മാണിയുടെയും ഒളിഞ്ഞും തെളിഞ്ഞുമുള്ള യുദ്ധമുറകളുമാണ് വേദിയില്‍. ഘടകകക്ഷികളുടെ വാശിക്കുപുറമെ വിമതപ്പടയും. പുതുപ്പള്ളി പഞ്ചായത്തില്‍ ഉമ്മന്‍ചാണ്ടിയുടെ സ്വന്തം വാര്‍ഡിലെ സ്ഥാനാര്‍ഥിക്ക് റിബല്‍ മുന്‍ മണ്ഡലം സെക്രട്ടറിയുടെ മകള്‍. ജില്ലാപഞ്ചായത്തില്‍ സിഎംപിക്ക് സീറ്റ് കൊടുത്തിട്ടും ലീഗിനെ പരിഗണിച്ചില്ല. ഫലം വെള്ളൂര്‍ ഡിവിഷനില്‍ ലീഗ് സ്ഥാനാര്‍ഥി റിബല്‍. പുതുപ്പള്ളി പഞ്ചായത്തില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കാണ്. വിമതനെ ഇറക്കി മാണിയും രംഗത്തുണ്ട്. പാമ്പാടി ബ്ളോക്കിലെ മാലം ഡിവിഷനിലടക്കം നാല് റിബലുകളാണ് പ്രതിപക്ഷനേതാവിന്റെ തട്ടകത്തില്‍. മാണിയുടെ ജന്മസ്ഥലം ഉള്‍പ്പെടുന്ന മരങ്ങാട്ടുപള്ളി പഞ്ചായത്തില്‍ വിമതരെക്കൊണ്ട് കോണ്‍ഗ്രസിന്റെ മറുപടി. ഉഴവൂര്‍ ബ്ളോക്കിലെ രാമപുരത്തും പഴമലയിലും 'കൈപ്പത്തിയും രണ്ടില'യും വോട്ടുതേടുന്നു.

യുഡിഎഫിന്റെ രണ്ട് പ്രമുഖ നേതാക്കളുടെ ജന്മനാട്ടില്‍ പരസ്പരം കൊമ്പുകോര്‍ക്കുകയാണ് . ജില്ലാ പഞ്ചായത്തില്‍ 11 വീതം സീറ്റുകളില്‍ ചേരിതിരിഞ്ഞാണ് മത്സരം. രണ്ട് കക്ഷികളും തുല്യശക്തികളാണെന്ന് കോണ്‍ഗ്രസ് സമ്മതിച്ചെന്നാണ് മാണിയുടെ വാദം. "യഥാര്‍ഥത്തില്‍ ഞങ്ങള്‍തന്നെയാണ് ജില്ലയിലെ പ്രമുഖ കക്ഷി. ആറ് എംഎല്‍എമാരും എംപിയും ഞങ്ങള്‍ക്കുണ്ട്. ഇക്കാര്യം നെറ്റിയില്‍ എഴുതി ഒട്ടിക്കണോ? കോണ്‍ഗ്രസിനാകട്ടെ ഉമ്മന്‍ചാണ്ടി മാത്രം.'' മാണി പറയുന്നു. ഞങ്ങളില്ലെങ്കില്‍ കേരള കോണ്‍ഗ്രസ് ഉണ്ടോ? എന്നിട്ട് വലിപ്പം പറയുന്നു, എന്ന മട്ടിലായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനും ഡിസിസി പ്രസിഡന്റുമായ കെ സി ജോസഫിന്റെ മറുപടി. മാണി ചിലകാര്യം മറക്കരുതെന്നാണ് കോണ്‍ഗ്രസ് പ്രചാരണം.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാണിയുടെ മകന്റെ സ്ഥാനാര്‍ഥിത്വം ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആദ്യംമടിച്ചിരുന്നു. അന്ന് ഉമ്മന്‍ചാണ്ടിയാണ് പാര്‍ടിക്കാരെ സമാധാനിപ്പിച്ചത്. ഈ ത്യാഗം ചെയ്തിട്ടും വിമതരെ ഇറക്കി കളിക്കുന്ന മാണിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ രോഷം അണപൊട്ടുകയാണ്. പുതുപ്പള്ളിയില്‍ കഴിഞ്ഞതവണ ഒരു സീറ്റ് മാണിക്ക് നല്‍കിയിരുന്നു. ഇത്തവണ പാടെ അവഗണിച്ചു. ഉമ്മന്‍ചാണ്ടിയുടെ തട്ടകമായ മണര്‍കാട്, പാമ്പാടി, മീനടം, അകലക്കുന്നം, വിജയപുരം തുടങ്ങിയ പഞ്ചായത്തുകളിലെല്ലാം 'കൈപ്പത്തി മറയ്ക്കാന്‍ രണ്ടില'യെ നിര്‍ത്തിയാണ് മാണി മറുവെട്ട് വെട്ടിയത്.

പുതുപ്പള്ളി നിയമസഭാമണ്ഡലത്തിലെ പഞ്ചായത്തുകളില്‍ മാത്രം മുപ്പത് റിബലുകള്‍ കോണ്‍ഗ്രസിനെതിരെ രംഗത്തുണ്ട്. ഇതിനുപുറമെയാണ് ബ്ളോക്ക് പഞ്ചായത്തുകളിലെ വിമതര്‍. മാണിക്കെതിരെ മേഘാലയ മുന്‍ ഗവര്‍ണറും മുതിര്‍ന്ന നേതാവുമായ എം എം ജേക്കബ്ബിനെ ഇറക്കിയാണ് കോണ്‍ഗ്രസ് കളിക്കുന്നത്. ജേക്കബ്ബിന്റെ തട്ടകമായ രാമപുരം പഞ്ചായത്തില്‍ 18 വാര്‍ഡിലും മാണിയുടെ സ്ഥാനാര്‍ഥികള്‍ക്കെതിരെ കോണ്‍ഗ്രസ് മത്സരിക്കുന്നു. ജെഎസ്എസും വീരന്‍ ദളും ഇവിടെ നിര്‍ജീവമായി. മാണി ഗ്രൂപ്പില്‍ ലയിച്ച പി ജെ ജോസഫും കൂട്ടരും വലിയ പ്രതിസന്ധിയിലാണ്. ഏറ്റുമാനൂര്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അടക്കം മുപ്പതോളം അംഗങ്ങള്‍ കഴിഞ്ഞതവണ ജോസഫ് ഗ്രൂപ്പിനുണ്ടായിരുന്നു. ഇത്തവണ ബഹുഭൂരിപക്ഷത്തിനും സീറ്റ് കിട്ടിയില്ല. കിട്ടിയതാകട്ടെ തോല്‍ക്കുന്നവയും. കോട്ടയം നഗരസഭയില്‍ 52 വാര്‍ഡില്‍ 30ലും വിമതരുണ്ട്. ചങ്ങനാശേരി, വൈക്കം, പാലാ നഗരസഭകളിലുമുണ്ട് വിമതര്‍.

ചിട്ടയായ പ്രവര്‍ത്തനങ്ങളുമായാണ് എല്‍ഡിഎഫ് മുന്നേറുന്നത്. വികസനപ്രവര്‍ത്തനങ്ങളാണ് മുന്നണിയുടെ പ്രചാരണായുധം. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ ജില്ലയിലെത്തി പ്രചാരണം നടത്തി.
(എസ് മനോജ്)

1 comment:

  1. കോട്ടയം: ഉടഞ്ഞുപോയ മുന്നണിസംവിധാനമാണ് കോട്ടയം ജില്ലയിലെ യുഡിഎഫിന്. ഉമ്മന്‍ചാണ്ടിയുടെയും കെ എം മാണിയുടെയും ഒളിഞ്ഞും തെളിഞ്ഞുമുള്ള യുദ്ധമുറകളുമാണ് വേദിയില്‍. ഘടകകക്ഷികളുടെ വാശിക്കുപുറമെ വിമതപ്പടയും. പുതുപ്പള്ളി പഞ്ചായത്തില്‍ ഉമ്മന്‍ചാണ്ടിയുടെ സ്വന്തം വാര്‍ഡിലെ സ്ഥാനാര്‍ഥിക്ക് റിബല്‍ മുന്‍ മണ്ഡലം സെക്രട്ടറിയുടെ മകള്‍. ജില്ലാപഞ്ചായത്തില്‍ സിഎംപിക്ക് സീറ്റ് കൊടുത്തിട്ടും ലീഗിനെ പരിഗണിച്ചില്ല. ഫലം വെള്ളൂര്‍ ഡിവിഷനില്‍ ലീഗ് സ്ഥാനാര്‍ഥി റിബല്‍. പുതുപ്പള്ളി പഞ്ചായത്തില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കാണ്. വിമതനെ ഇറക്കി മാണിയും രംഗത്തുണ്ട്. പാമ്പാടി ബ്ളോക്കിലെ മാലം ഡിവിഷനിലടക്കം നാല് റിബലുകളാണ് പ്രതിപക്ഷനേതാവിന്റെ തട്ടകത്തില്‍. മാണിയുടെ ജന്മസ്ഥലം ഉള്‍പ്പെടുന്ന മരങ്ങാട്ടുപള്ളി പഞ്ചായത്തില്‍ വിമതരെക്കൊണ്ട് കോണ്‍ഗ്രസിന്റെ മറുപടി. ഉഴവൂര്‍ ബ്ളോക്കിലെ രാമപുരത്തും പഴമലയിലും 'കൈപ്പത്തിയും രണ്ടില'യും വോട്ടുതേടുന്നു.

    ReplyDelete