Friday, February 25, 2011

യുഡിഎഫ് ഹര്‍ത്താലില്‍ വ്യാപക അക്രമം

യുഡിഎഫ് ഹര്‍ത്താലില്‍ വ്യാപക അക്രമം; കല്ലേറില്‍ വിദ്യാര്‍ഥിനിയുടെ കണ്ണിനു പരിക്ക്

പുതുപ്പള്ളി: പുതുപ്പള്ളിയില്‍ യുഡിഎഫ് ഹര്‍ത്താലില്‍ വ്യാപക അക്രമം. യുഡിഎഫ് പ്രവര്‍ത്തകര്‍ സ്വകാര്യബസിന് നേരെ നടത്തിയ കല്ലേറില്‍ പ്ളസ്വ വിദ്യാര്‍ഥിനിയുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു. സര്‍ക്കാര്‍ ഓഫീസുകളും കെഎസ്ആര്‍ടിസി ബസുകളും അക്രമികള്‍ എറിഞ്ഞുതകര്‍ത്തു. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുടെ പി എ നിബു ജോണിന്റെ നേതൃത്വത്തിലാണ് വ്യാഴാഴ്ച പുതുപ്പള്ളി നഗരത്തില്‍ അക്രമം അരങ്ങേറിയത്. മൂന്നുമണിക്കൂര്‍ അക്രമികള്‍ നഗരത്തില്‍ അഴിഞ്ഞാടി. 10ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. പൊതുമുതല്‍ നശിപ്പിച്ചതിന് കണ്ടാലറിയാവുന്ന 50ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തു.

വ്യാഴാഴ്ച രാവിലെ ഒമ്പതിന് പുതുപ്പള്ളി അങ്ങാടിക്കുസമീപം കോട്ടയം- ചങ്ങനാശേരി റൂട്ടില്‍ ഓടുന്ന 'സാന്‍ജോസ്‘ എന്ന സ്വകാര്യ ബസ് ബൈക്കിലെത്തിയ യൂത്ത് കോണ്‍ഗ്രസ് പുതുപ്പള്ളി മണ്ഡലം സെക്രട്ടറി പെരുവേലില്‍ ജെയിസണും മറ്റൊരാളും തടഞ്ഞു. ബസിന്റെ മുന്‍വശത്തെ ചില്ല് ഇവര്‍ കല്ലെറിഞ്ഞ് തകര്‍ത്തു. ചില്ല് തെറിച്ച് വീണ് മന്ദിരം വേലുപറമ്പില്‍ ഓമനയുടെ മകള്‍ വി എസ് അഞ്ജുമോളുടെ (16) ഇടതുകണ്ണിന് പരിക്കേറ്റു. മാങ്ങാനം മന്ദിരം ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ജുവിനെ കൃഷ്ണമണി മുറിഞ്ഞെന്ന സംശയത്താല്‍ കോട്ടയം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വാകത്താനം തൃക്കോതമംഗലം വിഎച്ച്എസ്എസിലെ ഒന്നാംവര്‍ഷ കൊമേഴ്സ് വിദ്യാര്‍ഥിനിയാണ്. പിന്നീട് നിബു ജോണ്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് ചെറിയാന്‍, പള്ളം ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോണി ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ പുതുപ്പള്ളിയില്‍ പ്രകടനം നടത്തി. ഇവര്‍ പുതുപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫീസിന്റെ ജനല്‍ചില്ലുകള്‍ എറിഞ്ഞ് തകര്‍ക്കുകയും ബോര്‍ഡ് നശിപ്പിക്കുകയും ചെയ്തു. ഓഫീസില്‍ കയറി ജീവനക്കാരനെ കൈയേറ്റം ചെയ്തു. പുതുപ്പള്ളി വൈദ്യുതി ബോര്‍ഡ് ഓഫീസും അക്രമികള്‍ എറിഞ്ഞുതകര്‍ത്തു. കല്ലേറില്‍ വികലാംഗയായ ടെലിഫോ ഓപ്പറേറ്റര്‍ എസ് മായക്ക് പരിക്കേറ്റു. പി ആന്‍ഡ് ടി ഓഫീസിനു നേരെയും കല്ലേറുണ്ടായി.

പുതുപ്പള്ളി കവലയിലെ നിരവധി വ്യാപാര സ്ഥാപനങ്ങള്‍ക്കുനേരെയും സ്വകാര്യവാഹനങ്ങള്‍ക്കുനേരെയും യുഡിഎഫുകാര്‍ കല്ലെറിഞ്ഞു. പ്രാദേശിക ചാനലായ വിസിവിയുടെ ക്യാമറാമാന്‍ ജോനിഷിനെ സബ് രജിസ്ട്രാര്‍ ഓഫീസ് തകര്‍ക്കുന്ന ദൃശ്യം പകര്‍ത്തുന്നതിനിടെ അക്രമകള്‍ മര്‍ദ്ദിച്ചു. എല്‍ഡിഎഫ് വികസനമുന്നേറ്റ ജാഥയ്ക്ക് ബുധനാഴ്ച പുതുപ്പള്ളിയില്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്ത അങ്കണവാടി ടീച്ചറെ കോണ്‍ഗ്രസ് പഞ്ചായത്തംഗം ബിനോയി ഐപ്പ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെ സിപിഐ എം പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു. ഇതിനെ തുടര്‍ന്നാണ് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

deshabhimani 250211

1 comment:

  1. തുപ്പള്ളിയില്‍ യുഡിഎഫ് ഹര്‍ത്താലില്‍ വ്യാപക അക്രമം. യുഡിഎഫ് പ്രവര്‍ത്തകര്‍ സ്വകാര്യബസിന് നേരെ നടത്തിയ കല്ലേറില്‍ പ്ളസ്വ വിദ്യാര്‍ഥിനിയുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു. സര്‍ക്കാര്‍ ഓഫീസുകളും കെഎസ്ആര്‍ടിസി ബസുകളും അക്രമികള്‍ എറിഞ്ഞുതകര്‍ത്തു. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുടെ പി എ നിബു ജോണിന്റെ നേതൃത്വത്തിലാണ് വ്യാഴാഴ്ച പുതുപ്പള്ളി നഗരത്തില്‍ അക്രമം അരങ്ങേറിയത്. മൂന്നുമണിക്കൂര്‍ അക്രമികള്‍ നഗരത്തില്‍ അഴിഞ്ഞാടി. 10ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. പൊതുമുതല്‍ നശിപ്പിച്ചതിന് കണ്ടാലറിയാവുന്ന 50ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തു.

    ReplyDelete