ബാഗ്ദാദ്: ഇറാഖില്‍ സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ ജനങ്ങള്‍ തെരുവിലിറങ്ങി. രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ നടന്ന പ്രകടനങ്ങളില്‍ പതിനായിരക്കണക്കിനുപേര്‍ അണിനിരന്നു. ഹവിജാ നഗരത്തില്‍ സര്‍ക്കാര്‍ സൈന്യം പ്രക്ഷോഭകാരികള്‍ക്കു നേരേ നടത്തിയ ആക്രമണത്തില്‍ രണ്ടു പേര്‍ മരിച്ചു. മറ്റനേകം നഗരങ്ങളില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
ലിബിയ, ഈജിപ്ത്, ടുണീഷ്യ എന്നിവിടങ്ങളിലെ ജനകീയ മുന്നേറ്റത്തില്‍ ആവേശം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഇറാഖിലും ജനങ്ങള്‍ സമരരംഗത്തിറങ്ങിയത്. ബാഗ്ദാദിലെ ലിബറേഷന്‍ സ്‌ക്വയറില്‍ തടിച്ചുകൂടിയ പ്രകടനക്കാര്‍ ദേശീയ പതാക ഉയര്‍ത്തിപ്പിടിക്കുകയും സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. പ്രക്ഷോഭകരെ നേരിടാന്‍ സര്‍ക്കാര്‍ കനത്ത തോതിലുളള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിയിരുന്നു. നഗരത്തിലേയ്ക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നത് സൈന്യം നിരോധിച്ചിരുന്നു.
ലിബിയയിലെ സ്ഥിതിഗതികള്‍ ആശങ്കാജനകമെന്ന് ഐക്യരാഷ്ട്രസഭ
ട്രിപ്പോളി: ലിബിയയില്‍ നിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അത്യധികം ആശങ്കാജനകമാണെന്ന് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ സമിതി വിലയിരുത്തി. ആയിരക്കണക്കിനുപേര്‍ കൊല്ലപ്പെടുകയും രണ്ടായിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് പ്രാഥമിക നിഗമനമെന്ന് മനുഷ്യാവകാശസമിതി അധ്യക്ഷ നവി പിളള അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയായി സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭകര്‍ക്കുനേരേ ഗദ്ദാഫി അനുകൂല സൈന്യം കനത്ത ആക്രമണമാണ് നടത്തിയത്. ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ സമിതി അംഗത്വത്തില്‍ നിന്നും ലിബിയയെ പുറത്താക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു.
തലസ്ഥാനമായ ട്രിപ്പോളിയില്‍ ഗദ്ദാഫി അനുകൂലസൈന്യം പ്രക്ഷോഭകര്‍ക്കു നേരേ യാതൊരു പ്രകോപനവും കൂടാതെ തലങ്ങും വിലങ്ങും വെടിയുതിര്‍ത്തതില്‍ ഏറെപ്പേര്‍ കൊല്ലപ്പെട്ടുവെന്ന് ദൃക്‌സാക്ഷികള്‍ സമിതിയ്ക്ക് മുന്നില്‍ വെളിപ്പെടുത്തി. ലിബിയയിലെ സംഘര്‍ഷത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നാറ്റോ രാജ്യങ്ങളിലെ പ്രതിനിധികള്‍ അടിയന്തരചര്‍ച്ചകള്‍ ആരംഭിച്ചു.
ഇതിനിടയില്‍ ട്രിപ്പോളിയില്‍ മാര്‍ച്ചു നടത്തിയ ജനങ്ങള്‍ക്കുനേരേ ഇന്നലെ സൈന്യം നടത്തിയ വെടിവയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതായി അല്‍ജസീറ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
ട്രിപ്പോളിയില്‍ സൈനിക മുന്നേറ്റത്തിന് നേതൃത്വം കൊടുക്കുന്നത് കേണല്‍ ഗദ്ദാഫിയുടെ മകനായ ഖമീസാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ലിബിയയില്‍ പ്രക്ഷോഭകാരികള്‍ക്കുനേരേ വെടിവയ്ക്കരുതെന്നും സൈനികനടപടികളെക്കുറിച്ചന്വേഷിക്കണമെന്നും ബ്രിട്ടനും ഫ്രാന്‍സും ഗദ്ദാഫിയോടാവശ്യപ്പെട്ടു. ലിബിയയില്‍ നിന്നും സ്വന്തം പൗരന്‍മാരെ നാട്ടിലെത്തിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്ക, ബ്രിട്ടന്‍ അടക്കമുളള പാശ്ചാത്യരാജ്യങ്ങളും ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രതികൂലമായ കാലാവസ്ഥ ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ലോകരാഷ്ട്രങ്ങളിലെ വിവിധ എംബസികള്‍ക്കു മുന്നില്‍ ലിബിയന്‍ വംശജര്‍ പ്രകടനം നടത്തി.
ഇതിനിടെ ജനപ്രിയ നടപടികള്‍ പ്രഖ്യാപിച്ച് പ്രക്ഷോഭം തണുപ്പിക്കാന്‍ ഗദ്ദാഫി സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. വര്‍ധിച്ചുവരുന്ന ഭക്ഷ്യവില തരണം ചെയ്യാന്‍ ഓരോ കുടുംബത്തിനും 400 ഡോളര്‍ ധനസഹായം ലഭ്യമാക്കാനും പൊതുമേഖലാ ജീവനക്കാര്‍ക്ക് 150 ശതമാനം ശമ്പള വര്‍ധനവ് നിലവില്‍ വരുത്താനും തീരുമാനിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ 42 വര്‍ഷമായിത്തുടരുന്ന മുവമ്മര്‍ ഗദ്ദാഫിയുടെ ഏകാധിപത്യഭരണത്തിന് അന്ത്യം കാണാതെ പിന്‍വാങ്ങില്ലെന്ന് പ്രക്ഷോഭകര്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ പല നഗരങ്ങളും പ്രക്ഷോഭകാരികള്‍ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്.
janayugom 260211
No comments:
Post a Comment