ന്യൂഡല്‍ഹി: എട്ട് ട്രേഡ് യൂണിയനുകള്‍ക്കുകീഴില്‍ പത്ത് ലക്ഷം തൊഴിലാളികള്‍ അണിനിരക്കുന്ന ബുധനാഴ്ചത്തെ പാര്‍ലമെന്റ് മാര്‍ച്ച് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ പോരാട്ടത്തിന്റെ പുതിയ അധ്യായം എഴുതിച്ചേര്‍ക്കും. യുപിഎയുടെ ജനദ്രോഹനയങ്ങള്‍ക്ക് ശക്തമായ താക്കീതായി മഹാറാലിയെ മാറ്റാനുള്ള അവസാന ഒരുക്കങ്ങള്‍ ഡല്‍ഹിയില്‍ പൂര്‍ത്തിയായി. രാവിലെ ഒമ്പതരയ്ക്ക് രാംലീല മൈതാനിയില്‍നിന്ന് സിഐടിയു, എഐടിയുസി പ്രവര്‍ത്തകര്‍ ചെമ്പതാകയേന്തി പുറപ്പെടുന്നതോടെയാണ് റാലി മാര്‍ച്ച് ആരംഭിക്കുക. ഐഎന്‍ടിയുസി അടക്കമുള്ള മറ്റ് സംഘടനകള്‍ മൂന്ന് കേന്ദ്രങ്ങളില്‍ നിന്ന് മാര്‍ച്ചില്‍അണിചേരും.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് എല്ലാ തൊഴിലാളി സംഘടനകളും ഒറ്റക്കെട്ടായി പ്രക്ഷോഭത്തിനിറങ്ങുന്നത്. കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായ നയം പിന്തുടരുകയും പാവങ്ങളെ ദുരിതക്കയത്തിലെറിയുകയും ചെയ്യുന്ന രണ്ടാം യുപിഎ സര്‍ക്കാരിന്റെ ചെയ്തികളെ പ്രക്ഷോഭകര്‍ ചോദ്യം ചെയ്യും. വിലക്കയറ്റം തടയാനും തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും നടപടിയെടുത്തില്ലെങ്കില്‍ സംയുക്ത പ്രക്ഷോഭത്തിന്റെ ഭാഗാമായി ഏതറ്റം വരെയും പോകാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസിന്റെ തൊഴിലാളി സംഘടനയായ ഐഎന്‍ടിയുസിയുടെ പ്രസിഡന്റ് സഞ്ജീവ റെഡ്ഡി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
വിലക്കയറ്റം തടയാന്‍ അടിയന്തിര നടപടി സ്വീകരിക്കുക, തൊഴില്‍നിയമം കര്‍ശനമായി നടപ്പാക്കുക, അസംഘടിത തൊഴിലാളികളുടെ സാമൂഹ്യസുരക്ഷ ഉറപ്പാക്കുക, പൊതുമേഖലാസ്ഥാപനങ്ങള്‍ വിറ്റഴിക്കുന്ന നയം ഉപേക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് തൊഴിലാളികള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച്ചെയ്യുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നടന്ന പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയായാണ് പാര്‍ലമെന്റ് മാര്‍ച്ച്.
എട്ട് ലക്ഷത്തോളം തൊഴിലാളികള്‍ എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും എന്നാലിത് പത്ത് ലക്ഷം വരെയാകുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തലെന്നും സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭന്‍ പറഞ്ഞു. ആയിരക്കണക്കിന് സ്ത്രീകളടക്കം ലക്ഷക്കണക്കിന് തൊഴിലാളികള്‍ ചൊവ്വാഴ്ച വൈകിട്ടോടെ തന്നെ ഡല്‍ഹിയിലെത്തി. ഡല്‍ഹിയുടെ വിവിധ കേന്ദ്രങ്ങളില്‍നിന്നുള്ള തൊഴിലാളികള്‍ വിവിധ വഴികളിലൂടെ പ്രകടനമായെത്തി റാലിയില്‍ അണിചേരും. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ദേശീയ ആരോഗ്യമിഷന്‍, ഭാരത്നിര്‍മാ, ഉച്ചഭക്ഷണ പദ്ധതി, അംഗന്‍വാടി, ആശാ ജീവനക്കാര്‍, ബീഡി, മത്സ്യം, കൃഷി തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളില്‍നിന്നുള്ളവര്‍ ചരിത്രമാകുന്ന റാലിയുടെ ഭാഗമാകും. ബാങ്കിങ്, ഇന്‍ഷുറന്‍സ്, ട്രാന്‍സ്പോര്‍ട്ട്, ടെക്സ്റൈല്‍സ്, കൈത്തറി, പെട്രോളിയം, ഉരുക്ക് തുടങ്ങിയ മേഖലയിലെ സംഘടിത തൊഴിലാളിപ്രസ്ഥാനങ്ങളും മാര്‍ച്ചിന് കരുത്തേകും.
(വിജേഷ് ചൂടല്‍)
പാര്‍ലമെന്റ് സ്ട്രീറ്റില്‍ പ്രതിഷേധജ്വാല
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ദുര്‍നയങ്ങള്‍ക്കെതിരായ തൊഴിലാളികളുടെ മഹാപ്രക്ഷോഭത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ തൊഴിലാളികളുടെയും ജീവനക്കാരുടെയും പ്രതിഷേധം അലയടിച്ചു. വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച നടന്ന പ്രതിഷേധപരിപാടികള്‍ പാര്‍ലമെന്റ് സ്ട്രീറ്റിനെ പോരാട്ടഭൂമിയാക്കി. ആയിരക്കണക്കിന് തൊഴിലാളികളും ജീവനക്കാരും സമരത്തില്‍ പങ്കെടുത്തു. മത്സ്യത്തൊഴിലാളികള്‍ ഓള്‍ ഇന്ത്യ ഫിഷേഴ്സ് ആന്‍ഡ് ഫിഷറീസ് വര്‍ക്കേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ നടന്ന പാര്‍ലമെന്റ് മാര്‍ച്ച് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള ഉദ്ഘാടനംചെയ്തു. രാജ്യസഭയിലെ സിപിഐ എം നേതാക്കളായ സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട്, സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭന്‍, ജനറല്‍ സെക്രട്ടറി തപന്‍ സെന്‍, പി കരുണാകരന്‍ എംപി, ഹേമലത തുടങ്ങിയവര്‍ അഭിവാദ്യംചെയ്തു.
മത്സ്യമേഖലയുടെ വികസനത്തിനായി സമഗ്രനിയമം നടപ്പാക്കുക, കേന്ദ്ര ബജറ്റില്‍ ആവശ്യമായ തുക നീക്കിവയ്ക്കുക, മത്സ്യബന്ധന തൊഴിലാളികളുടെ സുരക്ഷയ്ക്ക് അയല്‍ രാജ്യങ്ങളുമായി കരാര്‍ ഉണ്ടാക്കുക, സര്‍ക്കാര്‍ പദ്ധതികളിലൂടെ ജീവനോപാധി നഷ്ടമായ തൊഴിലാളികള്‍ക്ക് പുനരധിവാസപദ്ധതി നടപ്പാക്കുക, മത്സ്യമേഖലയ്ക്ക് കേന്ദ്ര മന്ത്രാലയം രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്. എല്‍ഐസി ഏജന്റുമാര്‍ ഇന്‍ഷുറന്‍സ് ബില്‍ പിന്‍വലിക്കുക, വിലക്കയറ്റം തടയുക, ഇന്ധനവില കുറയ്ക്കുക, എല്‍ഐസി ഏജന്റുമാരുടെ ക്ഷേമത്തിന് നിയമനിര്‍മാണം നടത്തുക, ഏജന്റുമാരെ സെയില്‍സ് എക്സിക്യൂട്ടീവുമാരാക്കുക, 1972ലെ ഏജന്റ്സ് റൂളിലെ ഭേദഗതികള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എല്‍ഐസി ഏജന്റ്സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് സ്ട്രീറ്റില്‍ ധര്‍ണ നടത്തി. കേരളമടക്കം വിവിധ സംസ്ഥാനങ്ങളില്‍നിന്ന് നൂറുകണക്കിന് ഏജന്റുമാര്‍ പങ്കെടുത്തു. സിഐടിയു വൈസ്പ്രസിഡന്റ് എം കെ പന്ഥെ ഉദ്ഘാടനംചെയ്തു. സിപിഐ എം ലോക്സഭാനേതാവ് ബാസുദേവ് ആചാര്യ, ഓര്‍ഗനൈസേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് എസ് എസ് പോറ്റി, സെക്രട്ടറി പി ജി ദിലീപ്, ഇ എ മോഹനന്‍, എ ഡി ജോയ്, സി കൃഷ്ണന്‍കുട്ടി, വി ജോയിക്കുട്ടി, പി ആര്‍ നടരാജന്‍, എ വി ബെല്ലാര്‍മിന്‍, സി എ ജോസഫ്, എല്‍ മഞ്ജുനാഥ്, സോമനാഥ് ഭട്ടാചാര്യ, സെല്‍വരാജ് എന്നിവര്‍ സംസാരിച്ചു.
പ്രതിരോധ വ്യവസായ മേഖലയെ തകര്‍ക്കുന്ന സര്‍ക്കാര്‍നയത്തിനെതിരെ ആയിരക്കണക്കിന് പ്രതിരോധജീവനക്കാര്‍ ജീവനക്കാര്‍ പാര്‍ലമെന്റിനുമുന്നില്‍ പ്രതിഷേധമുയര്‍ത്തി. ഓള്‍ ഇന്ത്യ ഡിഫന്‍സ് എംപ്ളോയീസ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രകടനത്തില്‍ ആയിരക്കണക്കിന് ജീവനക്കാര്‍ അണിചേര്‍ന്നു. എം കെ പന്ഥെ ഉദ്ഘാടനംചെയ്തു. കെ ബാലകൃഷ്ണന്‍, ടി ശശിധരന്‍നായര്‍, കെ കെ ബാലചന്ദ്രന്‍, കെ ജയചന്ദ്രന്‍നായര്‍, ജോസി ചിറപ്പുറം, സതീഷ്, എസ് പ്രദീപ് രാഘവന്‍ എന്നിവര്‍ നേതൃത്വംനല്‍കി. റെയില്‍വേ ജീവനക്കാര്‍ ദക്ഷിണ റെയില്‍വേ എംപ്ളോയീസ് യൂണിയന്‍ (ഡിആര്‍ഇയു) ധര്‍ണ ബാസുദേവ് ആചാര്യ ഉദ്ഘാടനംചെയ്തു. സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭന്‍, ജനറല്‍ സെക്രട്ടറി തപന്‍ സെന്‍, യൂണിയന്‍ നേതാക്കളായ ആര്‍ ഇളങ്കോവന്‍, എ ജാനകിരാമന്‍, വി ഹരിലാല്‍, മുത്തുസുന്ദരം, പി വി രാംദാസ് എന്നിവര്‍ സംസാരിച്ചു. എംപിമാരായ പി കരുണാകരന്‍, പി രാജീവ്, കെ എന്‍ ബാലഗോപാല്‍, ടി എന്‍ സീമ, എ സമ്പത്ത്, എം ബി രാജേഷ്, പി കെ ബിജു എന്നിവര്‍ അഭിവാദ്യംചെയ്തു.
ദേശാഭിമാനി 230211
എട്ട് ട്രേഡ് യൂണിയനുകള്‍ക്കുകീഴില്‍ പത്ത് ലക്ഷം തൊഴിലാളികള്‍ അണിനിരക്കുന്ന ബുധനാഴ്ചത്തെ പാര്‍ലമെന്റ് മാര്‍ച്ച് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ പോരാട്ടത്തിന്റെ പുതിയ അധ്യായം എഴുതിച്ചേര്‍ക്കും. യുപിഎയുടെ ജനദ്രോഹനയങ്ങള്‍ക്ക് ശക്തമായ താക്കീതായി മഹാറാലിയെ മാറ്റാനുള്ള അവസാന ഒരുക്കങ്ങള്‍ ഡല്‍ഹിയില്‍ പൂര്‍ത്തിയായി. രാവിലെ ഒമ്പതരയ്ക്ക് രാംലീല മൈതാനിയില്‍നിന്ന് സിഐടിയു, എഐടിയുസി പ്രവര്‍ത്തകര്‍ ചെമ്പതാകയേന്തി പുറപ്പെടുന്നതോടെയാണ് റാലി മാര്‍ച്ച് ആരംഭിക്കുക. ഐഎന്‍ടിയുസി അടക്കമുള്ള മറ്റ് സംഘടനകള്‍ മൂന്ന് കേന്ദ്രങ്ങളില്‍ നിന്ന് മാര്‍ച്ചില്‍അണിചേരും.
ReplyDeleteസ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് എല്ലാ തൊഴിലാളി സംഘടനകളും ഒറ്റക്കെട്ടായി പ്രക്ഷോഭത്തിനിറങ്ങുന്നത്.