Wednesday, February 23, 2011

ഇന്ത്യാവിഷന്‍: കുഞ്ഞാലിക്കുട്ടിക്ക് മുനീറിന്റെ വെല്ലുവിളി

ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് തുടരാനും ചീഫ് എഡിറ്ററായി ഡോ. സെബാസ്റ്റ്യന്‍ പോളിനെ നിയമിക്കാനുമുള്ള ഡോ. എം കെ മുനീറിന്റെ തീരുമാനം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയോടുള്ള വെല്ലുവിളിയായി പാര്‍ടിയിലെ ഒരു വിഭാഗം കാണുന്നു. ടിവി ചാനലിന്റെ ചെയര്‍മാന്‍ സ്ഥാനം മുനീര്‍ ഒഴിയണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെടുമ്പോഴാണ് ചാനലില്‍ പിടിമുറുക്കാനുള്ള നീക്കം അദ്ദേഹം നടത്തുന്നത്. ഇന്ത്യാവിഷന്‍ ഡയരക്ടര്‍ ബോര്‍ഡ് യോഗമാണ് തീരുമാനങ്ങള്‍ എടുത്തതെങ്കിലും എല്ലാം മുനീറിന്റെ തിരക്കഥയാണെന്ന് പാര്‍ടി നേതൃത്വത്തിന് ബോധ്യമുണ്ട്. ഇന്ത്യാവിഷനിലെ ചലനങ്ങള്‍ വരുംദിനങ്ങളില്‍ ലീഗിലെ ഉള്‍പോര് ശക്തമാക്കും. ബുധനാഴ്ച കോഴിക്കോട്ട് ചേരുന്ന ലീഗ് പ്രവര്‍ത്തകസമിതി യോഗത്തിലും പ്രശ്നം ഉയരും.

എഡിറ്റോറിയല്‍ ബോര്‍ഡിന് സ്വതന്ത്രമായ പ്രവര്‍ത്തനാധികാരം ആവര്‍ത്തിച്ച് പ്രഖ്യാപിച്ചാണ് മുനീര്‍ പുതിയ ചീഫ് എഡിറ്ററെ നിയമിച്ചത്. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് അട്ടിമറിക്കാന്‍ കുഞ്ഞാലിക്കുട്ടി ജഡ്ജിമാരെ സ്വാധീനിച്ചെന്ന വാര്‍ത്ത പുറത്തുവിട്ടതിനെ തുടര്‍ന്ന് മുനീര്‍ ചാനലില്‍ നിന്നൊഴിയണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടിരുന്നു. ഇതിനായി പാണക്കാട്ടും ലീഗ് നേതാക്കളിലും സമ്മര്‍ദം ചെലുത്തി. ലീഗിന്റെ പോഷകസംഘടന കെഎംസിസിയെക്കൊണ്ട് ചാനലിനും മുനീറിനുമെതിരെ പടയിളക്കി. പാര്‍ടി സെക്രട്ടറി സ്ഥാനം രാജിവയ്ക്കാന്‍ സന്നദ്ധത അറിയിച്ച് പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍ക്ക് മൂനീര്‍ കത്ത് നല്‍കിയതോടെ കുഞ്ഞാലിക്കുട്ടിയും സംഘവും പ്രതിരോധത്തിലായി. തുടര്‍ന്ന് മുനീറും ഇന്ത്യാവിഷനും തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് മനോരമ ചാനലിലൂടെ കുഞ്ഞാലിക്കുട്ടി തുറന്നടിച്ചു. പിന്നീട് ചേര്‍ന്ന പാര്‍ടി സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിലും ചാനലിനെ കൈവിടില്ലെന്ന് മുനീര്‍ വ്യക്തമാക്കി. കുഞ്ഞാലിക്കുട്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് ഇന്ത്യാവിഷനെ മുനീര്‍ വിലക്കിയിട്ടില്ല.
(പി വി ജീജോ)

ദേശാഭിമാനി 230211

2 comments:

  1. ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് തുടരാനും ചീഫ് എഡിറ്ററായി ഡോ. സെബാസ്റ്റ്യന്‍ പോളിനെ നിയമിക്കാനുമുള്ള ഡോ. എം കെ മുനീറിന്റെ തീരുമാനം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയോടുള്ള വെല്ലുവിളിയായി പാര്‍ടിയിലെ ഒരു വിഭാഗം കാണുന്നു. ടിവി ചാനലിന്റെ ചെയര്‍മാന്‍ സ്ഥാനം മുനീര്‍ ഒഴിയണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെടുമ്പോഴാണ് ചാനലില്‍ പിടിമുറുക്കാനുള്ള നീക്കം അദ്ദേഹം നടത്തുന്നത്. ഇന്ത്യാവിഷന്‍ ഡയരക്ടര്‍ ബോര്‍ഡ് യോഗമാണ് തീരുമാനങ്ങള്‍ എടുത്തതെങ്കിലും എല്ലാം മുനീറിന്റെ തിരക്കഥയാണെന്ന് പാര്‍ടി നേതൃത്വത്തിന് ബോധ്യമുണ്ട്. ഇന്ത്യാവിഷനിലെ ചലനങ്ങള്‍ വരുംദിനങ്ങളില്‍ ലീഗിലെ ഉള്‍പോര് ശക്തമാക്കും. ബുധനാഴ്ച കോഴിക്കോട്ട് ചേരുന്ന ലീഗ് പ്രവര്‍ത്തകസമിതി യോഗത്തിലും പ്രശ്നം ഉയരും.

    ReplyDelete
  2. ഐസ്‌ക്രീം കേസില്‍ ഹൈക്കോടതിയിലെ രണ്ടു മുന്‍ ജഡ്ജിമാരെ സ്വാധീനിച്ചതുമായി ബന്ധപ്പെട്ട ഹര്‍ജിയിലെ തുടര്‍ നടപടികളില്‍നിന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് ഒഴിവായി. കേസ് പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബഞ്ചില്‍ ആന്റണി ഡൊമിനിക് ഉണ്ടാവില്ലെന്നും പകരം മറ്റൊരു ജഡ്ജിയാണ് ഉണ്ടാവുകയെന്നും ഹൈക്കോടതി അറിയിച്ചു.
    ജഡ്ജിമാരുടെയും മറ്റു രാഷ്ട്രീയ നേതാക്കളുടെയും ഇടപെടല്‍ ഉണ്ടായെന്ന് മാധ്യമങ്ങള്‍ വെളിപ്പെടുത്തിയിട്ടും ജഡ്ജിമാരെക്കുറിച്ച് അന്വേഷിക്കുന്നില്ലെന്ന് ആരോപിച്ചു ഏറ്റുമാനൂര്‍ ആസ്ഥാനമായുള്ള നവോത്ഥാനവേദിയാണ് ഹര്‍ജി നല്‍കിയത്.

    മുന്‍ ജഡ്ജിമാരുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. ഇടപെടലുകളെക്കുറിച്ച് സെന്‍ട്രല്‍ വിജിലന്‍സ് അനേ്വഷിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.

    ReplyDelete