Thursday, February 24, 2011

എല്ലാവര്‍ക്കും 2 രൂപയ്ക്ക് അരി

കേരളത്തില്‍ പട്ടിണികിടക്കുന്ന ഒരു കുടുംബവുമില്ലെന്ന് ഉറപ്പാക്കുന്നതിന് എപിഎല്‍- ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാകാര്‍ഡുടമകള്‍ക്കും കിലോയ്ക്ക് രണ്ടുരൂപ നിരക്കില്‍ അരി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രതിമാസം 10 കിലോ അരിയും രണ്ടു കിലോ ഗോതമ്പുമാണ് 14,235 റേഷന്‍കടകളിലൂടെ വിതരണം ചെയ്യുക. നിബന്ധനകള്‍ക്ക് വിധേയമായാണ് പദ്ധതി നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

70 ലക്ഷത്തിലേറെ കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. പ്രതിമാസം 27 കോടിയുടെ അധിക ബാധ്യതയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. 25000 രൂപയില്‍ കൂടുതല്‍ മാസവരുമാനമോ അഞ്ചേക്കറില്‍ കൂടുതല്‍ സ്ഥലമോഉള്ളവര്‍ക്ക് ഈ ആനുകൂല്യമില്ല. രണ്ടുലക്ഷത്തില്‍ താഴെ കാര്‍ഡുടമകളേ ഈ വിഭാഗങ്ങളില്‍ ഉള്‍പ്പെടൂ. ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ മറവില്‍ പൊതുവിതരണ ശൃംഖലയില്‍നിന്ന് കൂടുതല്‍ പേരെ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് സംസ്ഥാനം മുഴുവന്‍ കുടുംബങ്ങള്‍ക്കും രണ്ടു രൂപാ നിരക്കില്‍ അരി നല്‍കുന്നത്.

40 ലക്ഷം കുടുംബങ്ങള്‍ക്ക് കിലോയ്ക്ക് രണ്ടുരൂപാ നിരക്കില്‍ ഇപ്പോള്‍ അരി വിതരണംചെയ്യുന്നുണ്ട്. കേന്ദ്രം 6.20 രൂപയ്ക്ക് നല്‍കുന്ന ബിപിഎല്‍ അരി രണ്ടു രൂപയ്ക്ക് വിതരണം ചെയ്യുമ്പോള്‍ കിലോയ്ക്ക് 4.20 രൂപ നിരക്കില്‍ സംസ്ഥാന സര്‍ക്കാര്‍ മുടക്കുന്നു. എപിഎല്‍ കുടുംബങ്ങള്‍ക്കായി 8.90 രൂപയ്ക്ക് കിട്ടുന്ന അരിയും 6.70 രൂപയ്ക്ക് തരുന്ന ഗോതമ്പും രണ്ടു രൂപാ നിരക്കില്‍ ജനങ്ങളിലെത്തിക്കാന്‍ യഥാക്രമം 6.90 രൂപയും 4.70 രൂപയും സബ്സിഡി നല്‍കുന്നു. മുഴുവന്‍ കുടുംബങ്ങളിലേക്കും രണ്ടു രൂപയുടെ അരി എത്തുന്നത് സംസ്ഥാനത്തെ വിലക്കയറ്റം തടയുന്നതില്‍ നിര്‍ണായകമാകും. രണ്ടു രൂപാ അരി പദ്ധതി ദുരുപയോഗിക്കപ്പെടാതിരിക്കാന്‍ കര്‍ശനമായ മുന്‍കരുതലുകള്‍ സ്വീകരിക്കും.

ദേശാഭിമാനി 240211

1 comment:

  1. കേരളത്തില്‍ പട്ടിണികിടക്കുന്ന ഒരു കുടുംബവുമില്ലെന്ന് ഉറപ്പാക്കുന്നതിന് എപിഎല്‍- ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാകാര്‍ഡുടമകള്‍ക്കും കിലോയ്ക്ക് രണ്ടുരൂപ നിരക്കില്‍ അരി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രതിമാസം 10 കിലോ അരിയും രണ്ടു കിലോ ഗോതമ്പുമാണ് 14,235 റേഷന്‍കടകളിലൂടെ വിതരണം ചെയ്യുക. നിബന്ധനകള്‍ക്ക് വിധേയമായാണ് പദ്ധതി നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

    ReplyDelete