Monday, February 28, 2011

ബേപ്പൂര്‍: ഇടതുമുന്നണിക്കൊപ്പം അടിയുറച്ച്

ഇന്ത്യ സ്വതന്ത്രമാവുന്നതിന് മുമ്പുതന്നെ ലോകപ്രശസ്തമാണ് ബേപ്പൂര്‍. പ്രകൃതിദത്തമായ തുറമുഖം, ഉരുനിര്‍മാണത്തിലെ കരവിരുത് എന്നിവ ബേപ്പൂരിന്റെ യശസ്സ് ഉയര്‍ത്തി. ഖലാസിമാരുടെ അധ്വാനമഹത്വവും ഓടുനിര്‍മാണരംഗത്തെ പ്രാഗത്ഭ്യവും ബേപ്പൂരിന്റെ തൊപ്പിയില്‍ പൊന്‍തൂവലായി. ഇതോടൊപ്പം നാടിന്റെ ഇടതുപക്ഷ മനസ്സൂകൂടി ചേര്‍ന്നതോടെ ബേപ്പൂര്‍ എല്ലാ രംഗത്തും തിളങ്ങി. 1965ല്‍ നിയോജകമണ്ഡലം രൂപീകരിച്ചശേഷം രണ്ട്തവണ കൈവിട്ടതൊഴിച്ചാല്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും വിജയം കൊയ്ത പാരമ്പര്യമാണ് ബേപ്പൂര്‍ നിയോജകമണ്ഡലത്തിനുള്ളത്. കോഴിക്കോട് നഗരസഭയിലേക്ക് ഈയിടെ കൂട്ടിച്ചേര്‍ത്ത ചെറുവണ്ണൂര്‍-നല്ലളം, ബേപ്പൂര്‍ പ ഞ്ചായത്തുകളും ചേര്‍ന്നതാണ് ബേപ്പൂര്‍ മണ്ഡലം. നേരത്തെ ബേപ്പൂരിനൊപ്പാമായിരുന്ന ഒളവണ്ണ ഗ്രാമപഞ്ചായത്ത് പുനര്‍നിര്‍ണയത്തില്‍ കുന്നമംഗലം നിയോജകമണ്ഡലത്തിലായി. ഇതില്‍ രാമനാട്ടുകര ഒഴികെയുള്ള മുഴുവന്‍ ഭാഗങ്ങളും എല്‍ഡിഎഫാണ് ഭരിക്കുന്നത്.

ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ അഞ്ച് വര്‍ഷം സര്‍ക്കാര്‍ചെയ്ത വികസനപ്രവര്‍ത്തനങ്ങളാണ് പ്രധാനമായും എല്‍ഡിഎഫ് ജനങ്ങളിലെത്തിക്കുക. യുഡിഎഫ് ഭരണകാലത്ത് അടച്ചുപൂട്ടാന്‍ ഉത്തരവിട്ട സ്റ്റീല്‍കോംപ്ളക്സ് ഇന്ത്യയിലെ വന്‍കിട സ്ഥാപനമാക്കിയത്, ബേപ്പൂര്‍ ഹാര്‍ബര്‍-പോര്‍ട്ട് എന്നിവയുടെ വികസനം, നല്ലളത്തെ ബാംബൂ തറയോട് ഫാക്ടറി, രാമനാട്ടുകരയില്‍ നോളേജ്പാര്‍ക്ക്, ബേപ്പൂര്‍ മറൈന്‍പാര്‍ക്ക്, മാറാട് സ്പര്‍ശം പദ്ധതി, ഉരു പൈതൃകപഠനകേന്ദ്രം, ബേപ്പൂരില്‍ ഗവ. ഐടിഐ തുറന്നത്, ചാലിയത്തെ കപ്പല്‍രൂപകല്‍പ്പന ഗവേഷണകേന്ദ്രം തുടങ്ങി വികസനങ്ങളുടെ നീണ്ട പട്ടികതന്നെ മുന്നണിക്ക് നിരത്താനുണ്ട്. ബേപ്പൂരിന്റെ പഴയ പ്രതാപം വീണ്ടെടുത്ത് എല്‍ഡിഎഫ് സര്‍ക്കാരാണെന്ന പ്രഖ്യാപനം ജനമനസ്സുകളില്‍ ഇതിനകംതന്നെ പതിഞ്ഞിട്ടുണ്ട്.

ചാലിയാറും അറബിക്കടലും അതിര്‍ത്തി പങ്കിടുന്ന ഈ മണ്ഡലത്തില്‍ 84,019 സ്ത്രീ വോട്ടര്‍മാരും 78,578 പുരുഷവോട്ടര്‍മാരുമുണ്ട്. (അന്തിമ പട്ടികയില്‍ അല്പം മാറ്റങ്ങളുണ്ടാവും). എല്‍ഡിഎഫിന്റെ 29 വര്‍ഷത്തെ തുടര്‍ച്ചയായ വിജയപട്ടികയില്‍ ചരിത്രഭൂരിപക്ഷം ലഭിച്ചത് 2006ല്‍ എളമരം കരീമിനാണ് -19424 വോട്ടിന്റെ ഭൂരിപക്ഷം. കേരളരാഷ്ട്രീയത്തിന് കളങ്കം ചാര്‍ത്തിയ കോ-ലീ-ബി സഖ്യത്തിന്റെ പിറവിയിലും ഈ നിയോജകമണ്ഡലത്തില്‍നിന്നാണ്. 1991ല്‍ ഡോ. കെ മാധവന്‍കുട്ടിയെയാണ് ബിജെപി-യുഡിഎഫ്സഖ്യം പിന്തുണച്ചത്. എന്നിട്ടും ഇടതിന്റെ കരുത്തുറ്റ സ്ഥാനാര്‍ഥി ടി കെ ഹംസ 6270 വോട്ടുകള്‍ക്ക് കോ-ലീ-ബി മുന്നണിയെ മലര്‍ത്തിയടിച്ചു. പ്രശസ്ത നോവലിസ്റ്റ് പുനത്തില്‍ കുഞ്ഞബ്ദുള്ള ബിജെപി സ്ഥാനാര്‍ഥിയായി ഇവിടെ മത്സരിച്ചതും ജനങ്ങള്‍ മറന്നിട്ടില്ല. ഒമ്പത് ജീവനുകള്‍ പൊലിഞ്ഞ മാറാട് കലാപവും കഴിഞ്ഞ യുഡിഎഫ് ഭരണകാലത്താണ് നടന്നത്. മനഃസാക്ഷിയെ ഞെട്ടിച്ച വര്‍ഗീയലഹളകളിലൂടെ ബേപ്പൂരുകാരുടെ മനസ്സിലേറ്റ മുറിവുകള്‍ മായ്ക്കാന്‍ ജനകീയമായ ഇടപെടലുകള്‍ നടത്തിയത് ഇടതുമുന്നണിയാണ്. അഞ്ച് വര്‍ഷത്തിനിടെ ഈ പ്രദേശത്തെ മതസൌഹാര്‍ദം വീണ്ടെടുക്കുന്നതിനും സ്നേഹവും സൌഹൃദവും ഊട്ടിയുറപ്പിക്കുന്നതിനും എല്‍ഡിഎഫ് ഗവമെന്റ് ഒറ്റക്കെട്ടായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഈ തെരഞ്ഞെടുപ്പിലും മുതല്‍ക്കൂട്ടായി മാറും.

(ടി കെ സബീന)

deshabhimani 280211

1 comment:

  1. ഇന്ത്യ സ്വതന്ത്രമാവുന്നതിന് മുമ്പുതന്നെ ലോകപ്രശസ്തമാണ് ബേപ്പൂര്‍. പ്രകൃതിദത്തമായ തുറമുഖം, ഉരുനിര്‍മാണത്തിലെ കരവിരുത് എന്നിവ ബേപ്പൂരിന്റെ യശസ്സ് ഉയര്‍ത്തി. ഖലാസിമാരുടെ അധ്വാനമഹത്വവും ഓടുനിര്‍മാണരംഗത്തെ പ്രാഗത്ഭ്യവും ബേപ്പൂരിന്റെ തൊപ്പിയില്‍ പൊന്‍തൂവലായി. ഇതോടൊപ്പം നാടിന്റെ ഇടതുപക്ഷ മനസ്സൂകൂടി ചേര്‍ന്നതോടെ ബേപ്പൂര്‍ എല്ലാ രംഗത്തും തിളങ്ങി. 1965ല്‍ നിയോജകമണ്ഡലം രൂപീകരിച്ചശേഷം രണ്ട്തവണ കൈവിട്ടതൊഴിച്ചാല്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും വിജയം കൊയ്ത പാരമ്പര്യമാണ് ബേപ്പൂര്‍ നിയോജകമണ്ഡലത്തിനുള്ളത്. കോഴിക്കോട് നഗരസഭയിലേക്ക് ഈയിടെ കൂട്ടിച്ചേര്‍ത്ത ചെറുവണ്ണൂര്‍-നല്ലളം, ബേപ്പൂര്‍ പ ഞ്ചായത്തുകളും ചേര്‍ന്നതാണ് ബേപ്പൂര്‍ മണ്ഡലം. നേരത്തെ ബേപ്പൂരിനൊപ്പാമായിരുന്ന ഒളവണ്ണ ഗ്രാമപഞ്ചായത്ത് പുനര്‍നിര്‍ണയത്തില്‍ കുന്നമംഗലം നിയോജകമണ്ഡലത്തിലായി. ഇതില്‍ രാമനാട്ടുകര ഒഴികെയുള്ള മുഴുവന്‍ ഭാഗങ്ങളും എല്‍ഡിഎഫാണ് ഭരിക്കുന്നത്.

    ReplyDelete