Friday, February 25, 2011

30 അംഗ ജെപിസിയായി

ഒന്നേമുക്കാല്‍ലക്ഷം കോടി രൂപയുടെ 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ സംയുക്ത പാര്‍ലമെന്ററിസമിതി (ജെപിസി) അന്വേഷണത്തിനുള്ള പ്രമേയം ലോക്സഭയില്‍ അവതരിപ്പിച്ചു. ലോക്സഭാ നേതാവും ധനമന്ത്രിയുമായ പ്രണബ് മുഖര്‍ജിയാണ് പ്രമേയം അവതരിപ്പിച്ചത്. എന്‍ഡിഎ ഭരണകാലംമുതലുള്ള സ്പെക്ട്രം ലൈസന്‍സ് നടപടികള്‍ പരിശോധിക്കും. '98 മുതല്‍ 2009 വരെയുള്ള നയപരമായ തീരുമാനങ്ങളും മാറിമാറിവന്ന സര്‍ക്കാരുകള്‍ അതിന് നല്‍കിയ വ്യാഖ്യാനങ്ങളുമാണ് പരിഗണനാവിഷയങ്ങളില്‍ പ്രധാനം. സര്‍ക്കാര്‍നയം നടപ്പാക്കുമ്പോള്‍ നിയമവിരുദ്ധമായി എന്തെങ്കിലും നടന്നോ എന്നും സമിതി പരിശോധിക്കും. ടെലികോം ലൈസന്‍സ് നല്‍കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കാനും ജെപിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വര്‍ഷകാലസമ്മേളനത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സഭയില്‍ വയ്ക്കുന്ന റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യുമെന്നും പ്രണബ് മുഖര്‍ജി അറിയിച്ചു.

മുപ്പതംഗ ജെപിസിക്കാണ് രൂപംനല്‍കിയത്. 20 അംഗങ്ങള്‍ ലോക്സഭയില്‍നിന്നും 10 അംഗങ്ങള്‍ രാജ്യസഭയില്‍നിന്നുമാണ്. ഇവരില്‍നിന്ന് സ്പീക്കര്‍ ചെയര്‍മാനെ തെരഞ്ഞെടുക്കും. പി സി ചാക്കോയായിരിക്കും ചെയര്‍മാനെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. ലോക്സഭയില്‍നിന്ന് ചാക്കോയെ കൂടാതെ ഏഴംഗങ്ങളാണ് കോണ്‍ഗ്രസില്‍നിന്നുള്ളത്. കിഷോര്‍ ചന്ദ്രദേവ്, പബന്‍സിങ് ഘട്ടോവാര്‍, ജയ്പ്രകാശ് അഗര്‍വാള്‍, ദീപീന്ദര്‍സിങ് ഹൂഡ, മനീഷ് തിവാരി, നിര്‍മല്‍ ഖത്രി, അഹിര്‍രഞ്ജന്‍ചൌധരി എന്നിവരാണവര്‍. ടി ആര്‍ ബാലു (ഡിഎംകെ), കല്യാബാനര്‍ജി (തൃണമൂല്‍), ഗുരുദാസ്ദാസ്ഗുപ്ത (സിപിഐ), തമ്പിദുരൈ (എഐഎഡിഎംകെ), ജസ്വന്ത്സിങ്, യശ്വന്ത് സിന്‍ഹ, ഹരിന്‍പാഠക്, ഗോപിനാഥ് മുണ്ടെ (ബിജെപി), ശരദ്യാദവ് (ജെഡി യു), ദാരാസിങ് ചൌഹാന്‍ (ബിഎസ്പി), അഖിലേഷ് യാദവ് (എസ്പി), അര്‍ജുന്‍ ചര സേഥി (ബിജെഡി) എന്നിവരാണ് മറ്റ് അംഗങ്ങള്‍. രാജ്യസഭയില്‍നിന്നുള്ള പത്തംഗങ്ങളുടെ പേരുകൂടി ലഭിച്ചാല്‍ ചെയര്‍മാനെ സ്പീക്കര്‍ പ്രഖ്യാപിക്കും. അതോടെ ജെപിസി പ്രവര്‍ത്തനം ആരംഭിക്കും.

രാജ്യസഭയില്‍നിന്ന് സിപിഐ എമ്മിനെ പ്രതിനിധാനംചെയ്ത് സീതാറാം യെച്ചൂരിയാണ് ജെപിസിയില്‍ അംഗമാകുക. വ്യാഴാഴ്ച ചേര്‍ന്ന ഇടതുപക്ഷപാര്‍ടികളുടെ യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഇടതുപക്ഷ ഐക്യത്തിനുവേണ്ടിയാണ് ലോക്സഭയില്‍ ജെപിസി അംഗത്വം സിപിഐക്ക് നല്‍കിയതെന്നും യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സ്പെക്ട്രം അഴിമതിയെക്കുറിച്ച് പിഎസിയും സിബിഐയും ശിവരാജ്പാട്ടീല്‍ കമീഷനും അന്വേഷണം നടത്തുന്നതിനാലാണ് ജെപിസി അന്വേഷണം നേരത്തെ അനുവദിക്കാതിരുന്നതെന്ന് പ്രമേയം അവതരിപ്പിച്ച് പ്രണബ് മുഖര്‍ജി പറഞ്ഞു. പ്രതിപക്ഷത്തിന്റെ യഥാര്‍ഥ ആവശ്യം വിലയിരുത്തുന്നതില്‍ വീഴ്ചപറ്റിയെന്ന് മുഖര്‍ജി തുറന്നുസമ്മതിക്കുകയും ചെയ്തു. പാര്‍ലമെന്റ് പൂര്‍ണമായും തടസ്സപ്പെട്ടാല്‍ മറ്റ്് സ്ഥാപനങ്ങള്‍ പാര്‍ലമെന്റിന്റെ കടമകൂടി ഏറ്റെടുത്ത് നടത്തുന്ന അപകടം ഉണ്ടാകുമെന്ന് മുഖര്‍ജി പറഞ്ഞു. പ്രതിപക്ഷത്തെ മാവോയിസ്റുകളായി ചിത്രീകരിച്ച മുഖര്‍ജിയുടെ നടപടിയെ പ്രതിപക്ഷനേതാവ് സുഷമ സ്വരാജ് രൂക്ഷമായി വിമര്‍ശിച്ചു. സ്പെക്ട്രം വില്‍പ്പനയില്‍ കേന്ദ്രഖജനാവിന് ഒരു പൈസയും നഷ്ടപ്പെട്ടിട്ടില്ലെന്ന വാദം കപില്‍ സിബല്‍ ആവര്‍ത്തിച്ചത് ലോക്സഭയെ പ്രക്ഷുബ്ധമാക്കി. മന്ത്രിക്ക് ജെപിസിക്കുമുമ്പില്‍ ഹാജരായി കാര്യങ്ങള്‍ വിശദീകരിക്കാമെന്ന് ബിജെപിയിലെ ജസ്വന്ത്സിങ് കളിയാക്കി.
(വി ബി പരമേശ്വരന്‍)

deshabhimani 250211

1 comment:

  1. ഒന്നേമുക്കാല്‍ലക്ഷം കോടി രൂപയുടെ 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ സംയുക്ത പാര്‍ലമെന്ററിസമിതി (ജെപിസി) അന്വേഷണത്തിനുള്ള പ്രമേയം ലോക്സഭയില്‍ അവതരിപ്പിച്ചു. ലോക്സഭാ നേതാവും ധനമന്ത്രിയുമായ പ്രണബ് മുഖര്‍ജിയാണ് പ്രമേയം അവതരിപ്പിച്ചത്. എന്‍ഡിഎ ഭരണകാലംമുതലുള്ള സ്പെക്ട്രം ലൈസന്‍സ് നടപടികള്‍ പരിശോധിക്കും. '98 മുതല്‍ 2009 വരെയുള്ള നയപരമായ തീരുമാനങ്ങളും മാറിമാറിവന്ന സര്‍ക്കാരുകള്‍ അതിന് നല്‍കിയ വ്യാഖ്യാനങ്ങളുമാണ് പരിഗണനാവിഷയങ്ങളില്‍ പ്രധാനം. സര്‍ക്കാര്‍നയം നടപ്പാക്കുമ്പോള്‍ നിയമവിരുദ്ധമായി എന്തെങ്കിലും നടന്നോ എന്നും സമിതി പരിശോധിക്കും. ടെലികോം ലൈസന്‍സ് നല്‍കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കാനും ജെപിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വര്‍ഷകാലസമ്മേളനത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സഭയില്‍ വയ്ക്കുന്ന റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യുമെന്നും പ്രണബ് മുഖര്‍ജി അറിയിച്ചു.

    ReplyDelete