ദീര്‍ഘകാലം വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കെ ഗോപാലകൃഷ്ണന്‍ എ ഐ എസ് എഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ അറിഞ്ഞിരുന്നത് ''സ്റ്റുഡന്റ് ഗോപാലകൃഷ്ണന്‍'' എന്നായിരുന്നു. 1948 ലെ ബി ടി രണദിവെയുടെ കല്‍ക്കത്ത തീസിസിനെത്തുടര്‍ന്ന് സായുധ വിപ്ലവത്തിന്റെ മാര്‍ഗം പിന്തുടര്‍ന്ന ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടിരുന്ന കാലം. ഒട്ടേറെ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ അറസ്റ്റു ചെയ്യപ്പെട്ടിരുന്നു. നിരവധി പേര്‍ ജയിലിലുമായി. എവിടെയും പൊലീസ് തേര്‍വാഴ്ച. കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരും അനുയായികളും വേട്ടയാടപ്പെടുന്ന ആ കാലഘട്ടത്തിലാണ് ഗോപാലകൃഷ്ണന്‍ പാര്‍ട്ടിയിലേയ്ക്കും പ്രസ്ഥാനത്തിലേയ്ക്കും ആകര്‍ഷിക്കപ്പെട്ടത്.
ആലുവ യു സി കോളജില്‍ നിന്നദ്ദേഹം പുറത്താക്കപ്പെട്ടു. തുടര്‍ന്ന് തിരുവനന്തപുരത്തു പഠനം തുടര്‍ന്നെങ്കിലും വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ ആകൃഷ്ടനായ അദ്ദേഹത്തിനു പഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ആ ചെറുപ്പക്കാരന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും വിദ്യാര്‍ഥി ഫെഡറേഷന്റെയും നേതൃത്വത്തിലേയ്ക്കുയര്‍ത്തപ്പെട്ടു.
ഗോപാലകൃഷ്ണനെ കല്‍ക്കത്തയില്‍ അന്ന് പ്രവര്‍ത്തിച്ചിരുന്ന അഖിലേന്ത്യാ വിദ്യാര്‍ഥി ഫെഡറേഷന്റെ (എ ഐ എസ് എഫ്) കേന്ദ്ര ഓഫീസില്‍ പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി നിയോഗിച്ചു. പ്രയാസകരവും അപകടകരവുമായ ആ ചുമതല അദ്ദേഹം ഏറ്റെടുത്തു. എ ഐ എസ് എഫിന്റെ മുഖപത്രമായ സ്റ്റുഡന്റ് എന്ന മാസികയുടെ പത്രാധിപത്യം അവിടെ അദ്ദേഹം ഏറ്റെടുത്തു. സ്തുത്യര്‍ഹമായ വിധത്തില്‍ ആ ചുമതല നിര്‍വഹിച്ച ഗോപാലകൃഷ്ണന്‍ ''സ്റ്റുഡന്റ് ഗോപാലകൃഷ്ണ''നായി അറിയപ്പെട്ടു.
ഞാന്‍ 1950 കളുടെ ആരംഭത്തില്‍ എറണാകുളത്ത് മഹാരാജാസ് കോളജില്‍ പഠിക്കുമ്പോള്‍, ഞങ്ങളോടു പറഞ്ഞു; കല്‍ക്കത്തയില്‍ നിന്നു സ്റ്റുഡന്റ് ഗോപാലകൃഷ്ണന്‍ വരുന്നുവെന്ന്. ഞങ്ങള്‍ അദ്ദേഹത്തെ കാണാന്‍ കാത്തിരുന്നു. ഞങ്ങളെ അദ്ഭുതപ്പെടുത്തുമാറ് വലിയൊരു നേതാവിന്റെ ഹാവഭാവാദികളൊന്നുമില്ലാതെ അദ്ദേഹം വന്നുചേര്‍ന്നു. ഞങ്ങള്‍ക്കൊക്കെ ഇഷ്ടപ്പെട്ടു. ഹോസ്റ്റലില്‍ അദ്ദേഹം ഞങ്ങളോടൊപ്പം താമസിച്ചു. ഞങ്ങളോടോപ്പം ഭക്ഷണം കഴിച്ചു.
അദ്ദേഹം ഞങ്ങളോടഭ്യര്‍ഥിച്ചത് സ്റ്റുഡന്റിന് കുറെ വരിക്കാരെയുണ്ടാക്കണമെന്നായിരുന്നു. അദ്ദേഹം വിദ്യാര്‍ഥി രാഷ്ട്രീയത്തെക്കുറിച്ച് ഞങ്ങളോടു സംസാരിക്കുകയും ചെയ്തു. ഞങ്ങള്‍ അന്നു രാത്രി തന്നെ സ്റ്റുഡന്റിനു കുറെയധികം വരിക്കാരെ ചേര്‍ത്തുകൊടുത്തു. ഞങ്ങള്‍ക്കദ്ദേഹത്തെ ഇഷ്ടപ്പെട്ടു; അദ്ദേഹത്തിനു ഞങ്ങളെയും. അന്നു തുടങ്ങിയ ആ ബന്ധം ജീവിതകാലമത്രയും തുടര്‍ന്നു. നല്ല ബന്ധമായിരുന്നു. ഗോപാലകൃഷ്ണന്‍ ഡല്‍ഹിയില്‍ സോവിയറ്റ് എംബസിയില്‍ ജോലി ചെയ്യുമ്പോഴും മോസ്‌കോവില്‍ പ്രോഗ്രസ് പബ്ലിക്കേഷനില്‍ വര്‍ക്ക് ചെയ്യുമ്പോഴും ആ ബന്ധം തുടര്‍ന്നു.
ആലുവാ സബ് ജയിലിനടുത്തുള്ള ഗോപാലകൃഷ്ണന്റെ തറവാട്ടില്‍ അദ്ദേഹം കേരളത്തില്‍ വരുമ്പോഴൊക്കെ ഞങ്ങളൊക്കെ ഒത്തുകൂടുമായിരുന്നു. അത് പിന്നീട് ഡല്‍ഹിയിലും മോസ്‌കോവിലും അവസാനം തിരുവനന്തപുരത്തുംതുടര്‍ന്നു. ഗോപാലകൃഷ്ണന്റെ ഭാര്യ ഓമനയും ഞങ്ങളുടെ കൂട്ടുകാരിയായി. അവരുടെ എല്ലാ താമസ സ്ഥലങ്ങളിലും ആ കുടുംബം ഞങ്ങള്‍ക്ക് എന്നും ആതിഥ്യമേകി.
മോസ്‌കോവിലെ ഇന്ത്യക്കാരുടെ കൂട്ടായ്മയിലെ പ്രമുഖരിലൊരാളായിരുന്നു ഗോപാലകൃഷ്ണന്‍. അദ്ദേഹം ഞങ്ങളെ അവിടെവച്ചു കാണുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയവും കേരള കാര്യങ്ങളുമൊക്കെ ഒരുപാട് ചര്‍ച്ച ചെയ്യുമായിരുന്നു.
1960 കളില്‍ നടന്ന ലോക യുവജനോത്സവത്തില്‍ മോസ്‌കോവില്‍ നിന്നു പങ്കെടുത്ത ഇന്ത്യക്കാരായ യുവാക്കളുടെ കൂടെ ഗോപാലകൃഷ്ണനുമുണ്ടായിരുന്നു. വിദ്യാര്‍ഥി-യുവജന രാഷ്ട്രീയം എന്നും അദ്ദേഹത്തെ ആകര്‍ഷിച്ചിരുന്നു.
ഇന്ത്യയില്‍ തിരിച്ചെത്തിയ ഗോപാലകൃഷ്ണന്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ഒരുപാടു പ്രവര്‍ത്തനങ്ങള്‍ ചെയ്തിരുന്നു. അദ്ദേഹം ''നവയുഗ''ത്തിന്റെ പത്രാധിപസമിതിയില്‍ അംഗമായിരുന്നു.
ഏതാനും വര്‍ഷം മുമ്പ് അദ്ദേഹത്തിന്റെ സഹധര്‍മിണി ഓമനയുടെ അകാല നിര്യാണം ഗോപാലകൃഷ്ണനെ അപാരമായ ഏകാന്തതയിലേയ്ക്കും അടങ്ങാത്ത ദുഃഖത്തിലേയ്ക്കും തള്ളിനീക്കി. ഭാര്യ എന്നതിലുപരി ഓമന ഗോപാലകൃഷ്ണന്റെ നല്ല കൂട്ടുകാരിയും സഹപ്രവര്‍ത്തകയുമായിരുന്നു. അവര്‍ ഒന്നാംതരമായി സോവിയറ്റ് സാഹിത്യകൃതികള്‍, പ്രത്യേകിച്ചും ബാലസാഹിത്യം മലയാളത്തിലേയ്ക്കു വിവര്‍ത്തനം ചെയ്യുമായിരുന്നു. ഓമനയുടെ നിര്യാണത്തിനുശേഷം ഗോപാലകൃഷ്ണന്‍ ഒരുപാടു മാറിയിരുന്നു. ഇന്നദ്ദേഹവും വിട്ടുപിരിഞ്ഞിരിക്കുന്നു. ത്യാഗോജ്വലനായ ഒരു കമ്മ്യൂണിസ്റ്റ് ബുദ്ധിജീവിയും നല്ലൊരു മനുഷ്യസ്‌നേഹിയും സ്നേഹമുള്ള ഒരു കൂട്ടുകാരനുമായിരുന്നു ഗോപാലകൃഷ്ണന്‍.
അദ്ദേഹത്തിന്റെ നിര്യാണം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു വലിയൊരു നഷ്ടമാണ്. ഗോപാലകൃഷ്ണന്റെ സ്മരണകള്‍ അദ്ദേഹത്തെ അടുത്തറിഞ്ഞവര്‍ക്കിടയില്‍ എക്കാലും നിലനില്‍ക്കും.
സി കെ ചന്ദ്രപ്പന്‍ janayugom 220211
ദീര്‍ഘകാലം വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കെ ഗോപാലകൃഷ്ണന്‍ എ ഐ എസ് എഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ അറിഞ്ഞിരുന്നത് ''സ്റ്റുഡന്റ് ഗോപാലകൃഷ്ണന്‍'' എന്നായിരുന്നു. 1948 ലെ ബി ടി രണദിവെയുടെ കല്‍ക്കത്ത തീസിസിനെത്തുടര്‍ന്ന് സായുധ വിപ്ലവത്തിന്റെ മാര്‍ഗം പിന്തുടര്‍ന്ന ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടിരുന്ന കാലം. ഒട്ടേറെ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ അറസ്റ്റു ചെയ്യപ്പെട്ടിരുന്നു. നിരവധി പേര്‍ ജയിലിലുമായി. എവിടെയും പൊലീസ് തേര്‍വാഴ്ച. കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരും അനുയായികളും വേട്ടയാടപ്പെടുന്ന ആ കാലഘട്ടത്തിലാണ് ഗോപാലകൃഷ്ണന്‍ പാര്‍ട്ടിയിലേയ്ക്കും പ്രസ്ഥാനത്തിലേയ്ക്കും ആകര്‍ഷിക്കപ്പെട്ടത്.
ReplyDelete