Thursday, February 24, 2011

ജോര്‍ജ് മേഴ്സിയര്‍, ഗണേശ് കുമാര്‍ - ഒരു കേസ്, ഒരു പരാതി

ജോര്‍ജ് മേഴ്സിയര്‍ വരവില്‍കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് കേസ്

കോണ്‍ഗ്രസ് നേതാവ് ജോര്‍ജ് മേഴ്സിയര്‍ എംഎല്‍എ വരവില്‍കവിഞ്ഞ് കോടിക്കണക്കിന് രൂപയുടെ സ്വത്ത് സമ്പാദിച്ചത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം എന്‍ക്വയറി കമീഷണര്‍ ആന്‍ഡ് സ്പെഷല്‍ ജഡ്ജസ് വിജിലന്‍സ് കോടതിയില്‍ പരാതി. പാച്ചല്ലൂര്‍ സ്വദേശി സിറാജുദീന്‍ നല്‍കിയ പരാതി ഫയലില്‍ സ്വീകരിച്ച് കൂടുതല്‍ വാദംകേള്‍ക്കുന്നതിനായി മാറ്റി.

തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങളാണ് നല്‍കിയത്. എംഎല്‍എ ആയശേഷം അഞ്ച്കോടി രൂപയുടെ വസ്തുക്കള്‍ എംഎല്‍എയുടെയും ഭാര്യയുടെയും പേരില്‍ വാങ്ങിയിട്ടുണ്ടെന്നാണ് ആരോപണം. ഇതേക്കുറിച്ച് ഗവര്‍ണര്‍ക്ക് നല്‍കുന്ന സ്വത്തുവിവരകണക്കില്‍ പറഞ്ഞിട്ടില്ല. ഭാര്യയുടെ പേരില്‍ ആഴിമല ബീച്ച് റിസോര്‍ട്ട് 1.70 കോടി രൂപയ്ക്കാണ് വാങ്ങിയത്. 50 സെന്റിലേറെയുള്ള ഈ റിസോര്‍ട്ടിന് അഞ്ച് കോടിയിലേറെ വിലമതിക്കും. ഭാര്യ പി പ്രസന്നകുമാരി മൌസുമി റിസോര്‍ട്ട്സ് മാനേജിങ് ഡയറക്ടറായിട്ടും ഇത് ഗവര്‍ണര്‍ക്ക് നല്‍കിയ വസ്തുവിവരകണക്കില്‍ പറഞ്ഞിട്ടില്ല. ഇതുകൂടാതെ എംഎല്‍എയായി ആറുമാസത്തിനുശേഷം വഞ്ചിയൂര്‍ വില്ലേജില്‍ 13 സെന്റ് സ്ഥലം വാങ്ങി. 40 ലക്ഷം രൂപമാത്രമാണ് പ്രമാണത്തില്‍വച്ചത്. എംഎല്‍എയുടെയും ഭാര്യയുടെയും പേരില്‍ വാങ്ങിയ ഈ വസ്തു 1.3 കോടി രൂപ വില മതിക്കും. ബാക്കി തുക സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിച്ചു. 1996ല്‍ തിരുനെല്‍വേലിയില്‍ 12 ഏക്കര്‍ വസ്തു 60 ലക്ഷം രൂപയ്ക്ക് വാങ്ങി. വഞ്ചിയൂര്‍ വില്ലേജില്‍ ആറുലക്ഷം രൂപയ്ക്ക് നാല് സെന്റും പത്തുലക്ഷം രൂപയ്ക്ക് 1.75 സെന്റ്സ്ഥലവും ഇരുനില കെട്ടിടവും വാങ്ങി. പ്രമാണങ്ങളില്‍ വച്ച തുകയേക്കാള്‍ വിലമതിക്കുന്ന വസ്തുവാണിത്. ഇതില്‍നിന്നെല്ലാം നികുതിവെട്ടിക്കുകയും ചെയ്തു. ഭാര്യയുടെ പേരില്‍ സ്കോഡാ ഒക്ടോവിയ, മാരുതി ഓള്‍ട്ടാ, ടവേറ കാറുകള്‍ വാങ്ങി. വായ്പ എടുത്താണ് ഇത് വാങ്ങിയതെന്ന് ഗവര്‍ണര്‍ക്ക് നല്‍കിയ സ്റ്റേറ്റ്മെന്റില്‍ പറയുന്നുണ്ടെങ്കിലും കണക്കുകള്‍ പരസ്പരം തിട്ടപ്പെടുത്താനാകാത്തതാണ്.

മേഴ്സിയര്‍ക്ക് 55,000 രൂപയും ഭാര്യയ്ക്ക് 11,000 രൂപയും മാസവരുമാനമുണ്ടെന്നാണ് കാണിച്ചിട്ടുള്ളത്. ഈ കണക്കുപ്രകാരം അഞ്ചുവര്‍ഷത്തേക്ക് 45,60,000 രൂപ വരുമാനം വരുമെന്നാണ് കണക്ക്. എന്നാല്‍, അഞ്ച് വര്‍ഷത്തിനുള്ളില്‍ മേഴ്സിയര്‍ അഞ്ചുകോടി രൂപയുടെ സ്വത്ത് സ്വരൂപിച്ചു. 30 ലക്ഷം രൂപ വായ്പ എടുത്തെന്ന് മാത്രമേ കാണിച്ചിട്ടുള്ളൂ. സത്യവാങ്മൂലത്തിലെയും ഗവര്‍ണര്‍ക്ക് എംഎല്‍എ എന്ന നിലയില്‍ നല്‍കുന്ന സത്യവാങ്മൂലത്തിലെയും കണക്കുകള്‍ തമ്മില്‍ വ്യത്യാസമുണ്ട്. വസ്തുക്കള്‍ സ്വരൂപിച്ചിട്ട് കൃത്യമായി കണക്ക് നല്‍കാന്‍ ജോര്‍ജ് മേഴ്സിയര്‍ക്ക് ആകാത്തതിനാല്‍ അഴിമതി നിരോധനനിയമപ്രകാരം വിജിലന്‍സ് അന്വേഷണം നടത്തണ മെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിട്ടുള്ളത്. വാദിക്കുവേണ്ടി അഡ്വ. എന്‍ ബിനു ഹാജരായി. കേസില്‍ കൂടുതല്‍ വാദംകേള്‍ക്കാനായി വിജലന്‍സ് ജഡ്ജി എസ് ജഗദീശ് മാര്‍ച്ച് ഏഴിലേക്ക് മാറ്റി.
(വിജയ്)

വില്‍പ്പത്രം നടപ്പാക്കിയില്ല; ഗണേശ്കുമാറിനെതിരെ ശ്രീവിദ്യയുടെ സഹോദരന്റെ പരാതി


നടി ശ്രീവിദ്യയുടെ വില്‍പ്പത്രപ്രകാരം ബന്ധുക്കള്‍ക്ക് നല്‍കേണ്ട 10 ലക്ഷം രൂപ കെ ബി ഗണേശ്കുമാര്‍ എംഎല്‍എ നല്‍കുന്നില്ലെന്ന് പരാതി. വില്‍പ്പത്രമനുസരിച്ച് തന്റെ രണ്ട് മക്കള്‍ക്കായി ഗണേശ്കുമാര്‍ നല്‍കേണ്ട 10 ലക്ഷം രൂപ ലഭ്യമാക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ശ്രീവിദ്യയുടെ ഏക സഹോദരന്‍ കെ ശങ്കര്‍രാമന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

മരിക്കുന്നതിന് രണ്ടുമാസം മുമ്പ് 2006 ആഗസ്ത് 17ന് ശാസ്തമംഗലം സബ്രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത വില്‍പ്പത്രം അനുസരിച്ച് ശ്രീവിദ്യയുടെ സ്വത്തുക്കള്‍ കൈകാര്യംചെയ്യാന്‍ കെ ബി ഗണേശ്കുമാറിനെ അധികാരപ്പെടുത്തിയിരുന്നു. സ്വത്തുക്കള്‍ ഉപയോഗിച്ച് എന്തൊക്കെ ചെയ്യണമെന്നും അതില്‍നിന്ന് ആര്‍ക്കൊക്കെ പണം നല്‍കണമെന്നുമുള്ള കാര്യങ്ങളും വില്‍പ്പത്രത്തില്‍ പറയുന്നുണ്ട്. സഹോദരന്‍ കെ ശങ്കര്‍രാമന്റെ രണ്ട് മക്കള്‍ക്ക് ഓരോരുത്തര്‍ക്കും അഞ്ച് ലക്ഷം വീതം ആകെ 10 ലക്ഷം രൂപ നല്‍കണമെന്ന് പറഞ്ഞിട്ടുണ്ട്. 2006 ഒക്ടോബര്‍ 19ന് ശ്രീവിദ്യ അന്തരിച്ചു. ഇതിനുശേഷം 2007 ജനുവരി മൂന്നിന് വില്‍പ്പത്രത്തില്‍ പറയുന്ന പ്രകാരമുള്ള പണം നല്‍കണമെന്നാവശ്യപ്പെട്ട് ശ്രീവിദ്യയുടെ സഹോദരപുത്രന്‍ നാഗപ്രസന്ന ഗണേശ്കുമാറിന് കത്തയച്ചു. ശ്രീവിദ്യയുടെ സ്വത്തുമായി ബന്ധപ്പെട്ട് ആദായനികുതി സംബന്ധിച്ച മൂന്ന് കേസ് ചെന്നൈയിലുണ്ടെന്നും വീട്, വാഹനവായ്പകളുമായി ബന്ധപ്പെട്ട ബാധ്യതകളുണ്ടെന്നും ഇതൊക്കെ പരിഹരിക്കാന്‍ സാവകാശം വേണമെന്നതുകൊണ്ട് വില്‍പ്പത്രം അനുസരിച്ചുള്ള 10 ലക്ഷം നല്‍കാന്‍ കുറച്ചുകൂടി സമയം വേണമെന്നും കാണിച്ച് 2007 ജനുവരി 17 ന് ഗണേശ്കുമാര്‍ മറുപടി നല്‍കി. ഇതിനുശേഷം നാലുവര്‍ഷം കഴിഞ്ഞിട്ടും പണം നല്‍കുന്നില്ലെന്ന് ശങ്കര്‍രാമന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

ഇതിനിടയില്‍ പലതവണ ടെലിഫോണിലും വക്കീല്‍ നോട്ടീസ് മുഖേനയും പണം നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഗണേശ്കുമാര്‍ തയ്യാറായില്ല. എന്നുമാത്രമല്ല, തങ്ങള്‍ എന്തോ കുഴപ്പക്കാരാണെന്ന മട്ടില്‍ ഗണേശ്കുമാര്‍ സംസാരിച്ചതായും പരാതിയില്‍ പറയുന്നു. ചെന്നൈയില്‍ സ്ഥിരതാമസക്കാരായ തങ്ങള്‍ക്ക് കേരളത്തില്‍ വേരുകളൊന്നുമില്ലാത്തതുകാരണം ഗണേശ്കുമാറിനെപ്പോലെ ഉന്നതസ്ഥാനത്തിരിക്കുന്ന ഒരാളില്‍നിന്ന് ഇത്രയും വലിയ തുക വാങ്ങിയെടുക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അതുകൊണ്ട് മുഖ്യമന്ത്രി ഇടപെട്ട് പണം ലഭ്യമാക്കാന്‍ നടപടിയെടുക്കണമെന്നുമാണ് പരാതിയില്‍ പറയുന്നത്.

ശ്രീവിദ്യയുടെ മരണശേഷം നാലരവര്‍ഷത്തോളമായിട്ടും വില്‍പ്പത്രം അനുസരിച്ചുള്ള ഒരു കാര്യവും ചെയ്യാതെ കോടികള്‍ വിലമതിക്കുന്ന സ്വത്തുവകകള്‍ ഗണേശ്കുമാര്‍ സ്വന്തമായി കൈവശപ്പെടുത്തി വച്ചിരിക്കുകയാണെന്ന് ശങ്കര്‍രാമന്‍ ദേശാഭിമാനിയോട് പറഞ്ഞു. വട്ടിയൂര്‍ക്കാവ് വില്ലേജിലെ എട്ട് സെന്റ് സ്ഥലവും കെട്ടിടവും, ചെന്നൈ അഭിരാമപുരം സുബ്രഹ്മണ്യ അയ്യര്‍ റോഡിലെ സ്ഥലം, മൈലാപ്പൂര്‍ സബ്ജില്ലയിലെ 1250 ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടം, 15.5 ലക്ഷത്തിന്റെ ബാങ്ക് നിക്ഷേപം, 580 ഗ്രാം സ്വര്‍ണം, 1.5 കിലോഗ്രാം വെള്ളി, സാന്‍ട്രോ കാര്‍, മൂന്ന് ലക്ഷത്തിന്റെ രണ്ട് പോസ്റ്റ് ഓഫീസ് നിക്ഷേപം, മറ്റ് വീട്ടു സാധനങ്ങള്‍ എന്നിവയാണ് സ്വത്തുക്കളായി വില്‍പ്പത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ സഹോദരന്റെ മക്കള്‍ക്കുള്ള 10 ലക്ഷം കൂടാതെ ശ്രീവിദ്യയുടെ ജോലിക്കാരനായിരുന്ന സഹദേവനും ഭാര്യ സിദ്ധമ്മാളിനും ഓരോ ലക്ഷം വീതം നല്‍കണമെന്നും വില്‍പ്പത്രത്തില്‍ പറഞ്ഞിട്ടുണ്ട്. ഈ രണ്ട് തുകയും നല്‍കിയതിന് ശേഷമുള്ള സ്വത്ത് തന്റെ ചിരകാലാഭിലാഷമായ സംഗീത-നൃത്ത വിദ്യാലയം ആരംഭിക്കാന്‍ വിനിയോഗിക്കണമെന്നാണ് പറഞ്ഞിട്ടുള്ളത്. പ്രഗത്ഭമതികളെ ഉള്‍പ്പെടുത്തി ചാരിറ്റബിള്‍ സൊസൈറ്റി ആക്ടനുസരിച്ച് ഇതിനായി സംഘടന രൂപീകരിക്കണമെന്നും വില്‍പ്പത്രത്തില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍, നാലരവര്‍ഷം കഴിഞ്ഞിട്ടും ഈ ദിശയില്‍ ഒരു നടപടിയും ഗണേശ്കുമാര്‍ എടുത്തിട്ടില്ലെന്നും സഹോദരന്‍ പറയുന്നു

ദേശാഭിമാനി 240211

1 comment:

  1. കോണ്‍ഗ്രസ് നേതാവ് ജോര്‍ജ് മേഴ്സിയര്‍ എംഎല്‍എ വരവില്‍കവിഞ്ഞ് കോടിക്കണക്കിന് രൂപയുടെ സ്വത്ത് സമ്പാദിച്ചത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം എന്‍ക്വയറി കമീഷണര്‍ ആന്‍ഡ് സ്പെഷല്‍ ജഡ്ജസ് വിജിലന്‍സ് കോടതിയില്‍ പരാതി.

    നടി ശ്രീവിദ്യയുടെ വില്‍പ്പത്രപ്രകാരം ബന്ധുക്കള്‍ക്ക് നല്‍കേണ്ട 10 ലക്ഷം രൂപ കെ ബി ഗണേശ്കുമാര്‍ എംഎല്‍എ നല്‍കുന്നില്ലെന്ന് പരാതി. വില്‍പ്പത്രമനുസരിച്ച് തന്റെ രണ്ട് മക്കള്‍ക്കായി ഗണേശ്കുമാര്‍ നല്‍കേണ്ട 10 ലക്ഷം രൂപ ലഭ്യമാക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ശ്രീവിദ്യയുടെ ഏക സഹോദരന്‍ കെ ശങ്കര്‍രാമന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

    ReplyDelete