Tuesday, February 22, 2011

മാള ചരിത്രമായി, പുതിയ മുഖത്തില്‍ കൊടുങ്ങല്ലൂര്‍

തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ എറെ ശ്രദ്ധേയമായിരുന്ന മാള ഇക്കുറിയില്ല. പേരു നിലനിര്‍ത്തി കൊടുങ്ങല്ലൂര്‍ മണ്ഡലം പുതിയ രൂപം കൈവരിക്കുകയും ചെയ്തു. മാള മണ്ഡലത്തിലുണ്ടായിരുന്ന ഏഴ് പഞ്ചായത്തുകളില്‍ ആറും കൊടുങ്ങല്ലൂര്‍ നഗരസഭാ പ്രദേശവും ഉള്‍പ്പെട്ടതാണ് പുതിയ കൊടുങ്ങല്ലൂര്‍ മണ്ഡലം. മാള ചരിത്രമാവുമ്പോള്‍, എട്ടു തവണ മാളയെ പ്രതിനിധീകരിച്ച കെ കരുണാകരന്‍ ഇല്ലാത്ത ആദ്യ നിയമസഭാ തെരഞ്ഞെടുപ്പുമാണിത്.

മാള മണ്ഡലം ഇല്ലാതായി, പഞ്ചായത്തുകള്‍ കൊടുങ്ങല്ലൂരിന്റെ ഭാഗമാകുന്നത് ഇടതുപക്ഷത്തിന് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതാണ്. എഴുപതുകളില്‍ രൂപീകൃതമായതുമുതല്‍ ഇടതുപക്ഷം ഭരിക്കുന്ന നഗരസഭയാണ് കൊടുങ്ങല്ലൂര്‍. കൊടുങ്ങല്ലൂര്‍ മണ്ഡലത്തിലെ അഞ്ച് പഞ്ചായത്ത് പുതുതായി രൂപീകരിച്ച കയ്പമംഗലം മണ്ഡലത്തിലായപ്പോള്‍, മേത്തല പഞ്ചായത്ത് നഗരസഭയില്‍ ലയിക്കുകയും ചെയ്തു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍, പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പുതിയ കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ നില മെച്ചപ്പെടുത്താനും എല്‍ഡിഎഫിന് കഴിഞ്ഞിട്ടുണ്ട്.

കൊടുങ്ങല്ലൂര്‍ നഗരസഭ കൂടാതെ വെള്ളാങ്കല്ലൂര്‍, പുത്തന്‍ചിറ, മാള, പൊയ്യ, അന്നമനട, കുഴൂര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് പുതിയ കൊടുങ്ങല്ലൂര്‍. നേരത്തേ മാളയിലുണ്ടായിരുന്ന ആളൂര്‍ പഞ്ചായത്ത് ഇരിങ്ങാലക്കുട മണ്ഡലത്തിന്റെ ഭാഗമായി. രാജ്യത്തെ ആദ്യത്തെ കമൂണിസ്റ്റ് എംഎല്‍എയെ സംഭാവന ചെയ്തതടക്കമുള്ള പാരമ്പര്യമുള്ള മണ്ണാണ് കൊടുങ്ങല്ലൂര്‍. നിലവില്‍ മന്ത്രി കെ പി രാജേന്ദ്രനാണ് കൊടുങ്ങല്ലൂരിന്റെ ജനപ്രതിനിധി.

പുതിയ കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ മൊത്തം വോട്ടര്‍മാര്‍ 1,66,522 ആണ്. ഇതില്‍ 79,808 പുരുഷന്മാരും 86,714 സ്ത്രീകളും.

ചരിത്രത്തിലേക്ക് പിന്‍വാങ്ങുന്ന മാള 1965ലാണ് രൂപീകൃതമായത്. 1957ലെ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ പരാജയപ്പെട്ട കെ കരുണാകരന്‍ മാള രൂപീകൃതമായതു മുതല്‍ മത്സരിക്കാന്‍ മാള തെരഞ്ഞെടുക്കുകയായിരുന്നു. 1996ല്‍ എല്‍ഡിഎഫിലെ വി കെ രാജന്‍ (സിപിഐ) മാള തിരിച്ചുപിടിച്ച് പുതിയ ചരിത്രമെഴുതി.

കൃഷിമന്ത്രിയായിരിക്കെ '97ല്‍ വി കെ രാജന്‍ നിര്യാതനായതിനെത്തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് വിജയം ആവര്‍ത്തിച്ചു. സിപിഐയിലെ യു എസ് ശശിയാണ് വിജയിച്ചത്. നിലവില്‍ സിപിഐയിലെ എ കെ ചന്ദ്രനാണ് എംഎല്‍എ.

deshabhimani 220211

1 comment:

  1. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ എറെ ശ്രദ്ധേയമായിരുന്ന മാള ഇക്കുറിയില്ല. പേരു നിലനിര്‍ത്തി കൊടുങ്ങല്ലൂര്‍ മണ്ഡലം പുതിയ രൂപം കൈവരിക്കുകയും ചെയ്തു. മാള മണ്ഡലത്തിലുണ്ടായിരുന്ന ഏഴ് പഞ്ചായത്തുകളില്‍ ആറും കൊടുങ്ങല്ലൂര്‍ നഗരസഭാ പ്രദേശവും ഉള്‍പ്പെട്ടതാണ് പുതിയ കൊടുങ്ങല്ലൂര്‍ മണ്ഡലം. മാള ചരിത്രമാവുമ്പോള്‍, എട്ടു തവണ മാളയെ പ്രതിനിധീകരിച്ച കെ കരുണാകരന്‍ ഇല്ലാത്ത ആദ്യ നിയമസഭാ തെരഞ്ഞെടുപ്പുമാണിത്.

    ReplyDelete